ADVERTISEMENT

ചെറുധാന്യങ്ങളുടെ മൂല്യവർധനയിൽ വർഷങ്ങൾ മുൻപേ എത്തിയ വനിതയാണ് കോയമ്പത്തൂരിൽ സ്ഥിരതാമസമാക്കിയ പാലക്കാട് ഒറ്റപ്പാലം സ്വദേശി മിനി ശ്രീനിവാസൻ. മില്ലറ്റിന്റെ മേന്മകളെക്കുറിച്ചും മൂല്യവർധനയെ സംബന്ധിച്ചും ക്ലാസുകളും പരിശീലനങ്ങളും നൽകുന്ന മിനി സ്വന്തം സംരംഭത്തിലും മികച്ച നേട്ടമുണ്ടാക്കുന്നുണ്ട്. മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ മേഖലയിൽ വർഷങ്ങൾ ജോലിചെയ്ത ശേഷമാണ് മിനി സ്വന്തം സംരംഭത്തിലെത്തുന്നത്. പ്രകൃതിദത്ത ഭക്ഷ്യവിഭവങ്ങളുടെ വിപണനത്തിൽ തുടങ്ങി ചെറുധാന്യങ്ങളിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ധാന്യങ്ങൾ പൊടിക്കാനുള്ള പൾവറൈസറും വറുക്കാനുളള റോസ്റ്ററും വാങ്ങി സംരംഭം തുടങ്ങിയ മിനിയിന്ന് പത്തിലേറെ തൊഴിലാളികളുമായി കോയമ്പത്തൂരിൽ വിപുലമായിത്തന്നെ ചെറുധാന്യ മൂല്യവർധന യൂണിറ്റ് നടത്തുന്നു. മേജർ മില്ലറ്റുകൾ എന്നു വിശേഷിപ്പിക്കുന്ന റാഗി, കമ്പ്, ചോളം, മൈനർ മില്ലറ്റുകളിൽപടുന്ന വരക്, തിന, ചാമ, കുതിരവാലി, ബ്രൗൺടോപ്പ് എന്നിങ്ങനെ 8 ഇനങ്ങൾ ചേർത്ത് മിൽഎയ്റ്റ് (Mil8) എന്ന ബ്രാൻഡിലാണ് മിനിയുടെ വിഭവങ്ങൾ വിപണിയിലെത്തുന്നത്.

mini-2

‘ഓരോ മില്ലറ്റിനും സവിശേഷമായ ഗുണമേന്മകളുണ്ട്. ഉദാഹരണത്തിന്, ചാമ സ്ത്രീകൾക്കു കൂടുതൽ ഗുണകരമായ ഇനമാണ്. ശരീരഭാരം നിയന്ത്രിക്കാൻ ഏറെ ഫലപ്രദം. രക്തശുദ്ധിക്ക് കുതിരവാലി ഗുണം ചെയ്യും. മേജർ മില്ലറ്റുകളെക്കാൾ ഒരു പടി ഔഷധ,പോഷകഗുണങ്ങൾ കൂടുതലുണ്ട് മൈനർ മില്ലറ്റുകൾക്ക്. എന്നാലവ മില്ലിൽ കുത്തിയെടുക്കണം എന്ന കടമ്പയുണ്ട്. ഓരോ ദിവസവും ഓരോ മില്ലറ്റ് ഇനങ്ങൾ ആഹാരത്തിന്റെ ഭാഗമാക്കാം’, മിനി പറയുന്നു. മലയാളിക്കു ചോറിനോട് അഡിക്‌ഷനുണ്ടെന്നും മിനി. പലർക്കും ചോറു കഴിച്ചില്ലെങ്കിൽ ഭക്ഷണം തന്നെ കഴിച്ചില്ല എന്ന തോന്നലുണ്ട്. അത്താഴത്തിനു ചോറു കഴിച്ചില്ലെങ്കിൽ ഉറക്കം വരാത്തവരുമുണ്ട്. ക്രമേണ അതു മാറ്റിയെടുത്ത് ഭക്ഷണക്രമത്തിൽ ചെറുധാന്യങ്ങൾക്കു കൂടുതൽ ഇടം നൽകാമെന്നു മിനി ഓർമിപ്പിക്കുന്നു. ‘മില്ലറ്റോളജി’ എന്ന പേരിൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി മാറുകയാണ് ഇവരുടെ സംരംഭം..

ഫോൺ: 7598313568

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com