ADVERTISEMENT

വിദേശജോലി അവസാനിപ്പിച്ചശേഷം നാട്ടിൽ മില്ലറ്റ് കപ്പ് സംരംഭം തുടങ്ങിയപ്പോൾ മില്ലറ്റ് ഇത്ര വലിയ ചർച്ചയാകുമെന്നു കരുതിയില്ലെന്നു വർഗീസ് ഇലവത്തിങ്കൽ. തൃശൂർ മാള സ്വദേശിയായ വർഗീസ് യാദൃച്ഛികമായാണ് ചെറുധാന്യ സംരംഭത്തിലെത്തുന്നത്. കഴിക്കാവുന്ന കപ്പിനെക്കുറിച്ചു വായിച്ച പരസ്യമായിരുന്നു പ്രചോദനം. അതായത്, ചായയ്ക്കൊപ്പം ബിസ്കറ്റു പോലെ കപ്പും അൽപാൽപം കടിച്ചു തിന്നാം. സംഗതി കൊള്ളാമെന്നു തോന്നിയതുകൊണ്ട് കപ്പു സംഘടിപ്പിച്ച് അതിന്റെ ചേരുവ പരിശോധിപ്പിച്ചു. നിലക്കടലയുടെ തൊണ്ടാണ് പ്രധാന ഘടകം. ഭക്ഷ്യയോഗ്യമെങ്കിലും കപ് കടിച്ചു പൊട്ടിക്കാൻ കഷ്ടപ്പാടുണ്ട്. ഏതായാലും കപ്പിൽ പരീക്ഷണങ്ങൾ തുടരാൻ തീരുമാനിച്ചു. 

vargese-cup-2

കപ്പ് നിർമാണത്തിനുള്ള യന്ത്രം സംഘടിപ്പിച്ച് വിവിധ ചേരുവകൾ ഉപയോഗിച്ചു പരീക്ഷണം തുടങ്ങി. ചൂടു ചായ ഒഴിച്ചാൽ 15–20 മിനിറ്റെങ്കിലും കപ്പു തകരാതെ നിൽക്കണം, ബിസ്കറ്റ് പോലെ കടിച്ചു പൊട്ടിക്കാൻ കഴിയണം, രുചിയുണ്ടാവണം: ഈ 3 ഗുണങ്ങൾ ലഭിക്കുന്ന ചേരുവകൾക്കായി ഏറെ തിരഞ്ഞ് ഒടുവിൽ എത്തിയത് റാഗിയിലെന്ന് വർഗീസ്.

ആഗ്രഹിച്ച 3 ഗുണങ്ങൾ മാത്രമല്ല, മികച്ച പോഷകമൂല്യം കൂടി റാഗിക്കുണ്ടെന്നത് ഇരട്ടി നേട്ടമായി. അതോടെ, അങ്കമാലി അത്താണിയിൽ നിർമാണ യൂണിറ്റ് സ്ഥാപിച്ചു. വനില, ഏലയ്ക്ക, ബിസ്കറ്റ്, ചോക‌ലേറ്റ് എന്നീ 4 ഫ്ലേവറുകളിൽ നിർമിക്കുന്ന കപ്പുകളുടെ ചേരുവയിൽ 80 ശതമാനവും റാഗി തന്നെയെന്ന് വർഗീസ്. നിലവിൽ വർഷം 10 ടൺ റാഗി ഇതിനായി സംഭരിക്കുന്നുണ്ട്.

ഐസ്ക്രീം മില്ലറ്റ് കപ്പ്
ഐസ്ക്രീം മില്ലറ്റ് കപ്പ്

സംസ്ഥാനത്ത് ‘റോസ്മ’ എന്ന പേരിലും കർണാടയിൽ ‘ഇഞ്ചി ക്രഞ്ചി’ എന്ന പേരിലുമാണ് കപ്പ് വിപണിയിലെത്തുന്നത്. ഗൾഫ് രാജ്യങ്ങളിലേക്കും കയറ്റുമതിയുണ്ട്. ‘2023 മില്ലറ്റ് ഇയർ’ പ്രഖ്യാപനം വന്നതോടെ കപ്പിനു ഡിമാൻഡ് കൂടിയെന്നു വർഗീസ്. കേന്ദ്രസർക്കാരിന്റെ മില്ലറ്റ് മേളയിലേക്ക് ക്ഷണവും ലഭിച്ചു.

ഫോൺ: 8289891783    

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com