ADVERTISEMENT

ഒട്ടേറെ പ്രതീകഷയോടെയാണ് ഓരോ കർഷകനും മണ്ണിൽ വിത്തിടുന്നത്. അവ വളരുന്നതും വിളവേകുന്നതും സ്വപ്നംകണ്ട് നട്ടു നനച്ച് വളർത്തുന്ന ഓരോ കർഷകനെയും മുൻപോട്ടു നയിക്കുന്നത് പ്രതീക്ഷകളാണ്. എന്നാൽ ആ പ്രതീക്ഷകൾ പലപ്പോഴും തകിടംമറിയുന്നത് കാലാവസ്ഥയുടെയോ രോഗങ്ങളുടെയോ കീടബാധയുടെയോ വന്യജീവികളുടെയോ രൂപത്തിലായിരിക്കും. അത്രയും നാളത്തെ അധ്വാനവും പ്രതീക്ഷയും പണവും നഷ്ടപ്പെടുന്ന ഒരു കർഷകന്റെ വേദന മറ്റൊരു കർഷകനു മാത്രമേ മനസിലാകൂ. അത്തരത്തിലൊരു നഷ്ടപ്പെടലിന്റെ വേദന പങ്കുവയ്ക്കുകയാണ് കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ സനിൽ ജോസഫ് എന്ന കർഷകൻ. സീസൺ അനുസരിച്ച് പയർ, പാവൽ, സാലഡ് വെള്ളരി തുടങ്ങിയവ കൃഷി ചെയ്യുന്ന അദ്ദേഹം 8000 മുതൽമുടക്കി അടുത്തിടെ ചെയ്ത തണ്ണിമത്തൻ കൃഷിയെക്കുറിച്ച് കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ഒടുവിൽ കർഷകന്റെ പ്രാർഥന ഈശ്വരൻ പോലും കേട്ടില്ല എന്ന സ്ഥിതിയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. സനിൽ ജോസഫ് പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം ചുവടെ,

ഇത്തവണ തണ്ണിമത്തൻ കൃഷി ചെയ്തു നോക്കി. കേരളത്തിൽ പലയിടങ്ങളിലും തണ്ണിമത്തൻ സുലഭമായി വിളയുന്നുണ്ട് എന്ന വാർത്തയായിരുന്നു പ്രചോദനം നൽകിയത്. ചില യൂട്യൂബ് വ്ളോഗർമാരുടെ തണ്ണിമത്തൻ കൃഷിയേക്കുറിച്ചുള്ള വാചാലമായ വിവരണവും, കർഷകസംബന്ധമായ മാസികകളിലെ ആകർഷകമായ അഭിമുഖങ്ങളും എന്നെ ആവേശഭരിതനാക്കി. പിന്നെ ഒന്നും നോക്കിയില്ല, തൃശൂരിൽ നിന്നും "ഷുഗർ ബേബി" ഇനത്തിൽപ്പെട്ട വിത്ത് വാങ്ങി 50 തടം നട്ടു. എല്ലുപൊടിയും വേപ്പിൻ പിണ്ണാക്കും ചാണകപ്പൊടിയും വേണ്ടുവോളം ചേർത്തു. ഏകദേശം 8000 രൂപയോളം മുടക്കി. രാവിലെയും വൈകുന്നേരവും നല്ല രീതിയിൽ നനച്ചു. ചെടി വളരുന്നത് വളരെ പ്രതീക്ഷയോടെ ഞാൻ നിരീക്ഷിച്ചു. ഏകദേശം 50 ദിവസമെത്തിയപ്പോൾ ആദ്യത്തെ പെൺപൂവ് വിരിഞ്ഞു. ഈച്ച കുത്താതിരിക്കാൻ വാഴക്കച്ചി ഇട്ടു മൂടി സംരക്ഷിച്ചു. വളരെ ആകാംക്ഷയായിരുന്നു പിന്നീടുള്ള ദിനങ്ങളിൽ. ഞാൻ ചെടികൾക്കു വേണ്ട സൂക്ഷ്മ മൂലകങ്ങളും പ്രാഥമിക മൂലകങ്ങളും ആവശ്യത്തിന് നൽകി. ചെടികൾ അവയെല്ലാം സ്വീകരിച്ച്, പിന്നീടുള്ള  ദിനങ്ങളിൽ മത്സരിച്ചു പൂവിടാൻ തുടങ്ങി... പൂവുകൾ കായ ആകാനും തുടങ്ങി.

Read also: വർഷം 30 ടൺ പച്ചക്കറി, ചെലവ് 2 ലക്ഷം, വരുമാനം 9 ലക്ഷം: പച്ചക്കറി വിപണനത്തിലുണ്ട് ഉണ്ണിക്കൃഷ്ണതന്ത്രം

ആദ്യത്തെ കായ ഒരു തേങ്ങയുടെ വലിപ്പമെത്തിയപ്പോൾ ആ തടത്തിലെ ഒരു ചെടിക്ക് മുരടിപ്പ് (വൈറസ്)വന്നു. ഉടൻ തന്നെ അത് പറിച്ചു നശിപ്പിച്ചു. അടുത്ത ഒരു ചെടിക്കും വരരുതേ എന്ന് ദൈവത്തോട് മുട്ടിപ്പായി പ്രാർഥിച്ചു. എന്തായാലും കർഷകന്റെ പ്രാർഥന ഈശ്വരൻ പോലും കേട്ടില്ല എന്നു തന്നെ പറയേണ്ടിവരും. തുടർന്നുള്ള ദിനങ്ങളിൽ ചെടികൾ ഓരോന്നോയി വൈറസ് രോഗത്തിനു മുന്നിൽ കീഴടങ്ങി. വൈറസ് രോഗത്തിന് ഫലപ്രദമായ മരുന്നില്ല എന്ന സത്യം മനസിലാക്കിയതോടെ ഞാൻ അവയ്ക്കെല്ലാം ദയാവധവും നൽകി.

ഇതിനിടെ ചില ചെടികൾ മരണത്തിനു കീഴടങ്ങും മുൻപ് കുറച്ചു കായകൾ എനിക്ക് തന്നു... ഈ കായകൾ എനിക്കുള്ള പ്രതീക്ഷയാണ്... വരും വർഷങ്ങളിൽ ഇനിയും ഈ പണി തുടരാനുള്ള പ്രചോദനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com