ADVERTISEMENT

പാവൽ കൃഷിയിലൂടെയാണ് പാറശാല ചെങ്കൽ പഞ്ചായത്തിലെ വ്ലാത്താങ്കര ഗ്രാമം പണ്ട് അറിയപ്പെട്ടിരുന്നത്. എന്നാൽ, കഴിഞ്ഞ കാൽനൂറ്റാണ്ടായി ചീരയുടെ പേരിലാണു ഗ്രാമം അറിയപ്പെടുന്നത്. ചീരക്കൃഷിയെ പറ്റി പറഞ്ഞാൽ വ്ലാത്താങ്കര ചീരയെയും വ്ലാത്തങ്കര തങ്കയ്യനെയും (ഡി.തങ്കയ്യൻ നാടാർ–70) മറന്നൊന്നും പറഞ്ഞുകൂടാ.

തുടക്കം അരുൺ

പാട്ടക്കൃഷിയായിരുന്നു തങ്കയ്യന്. വെള്ളായണി കാർഷിക കോളജിൽനിന്നു ലഭിച്ച അരുൺ എന്ന ചീര വിത്താണ് ആദ്യം പരീക്ഷിച്ചത്. ഒരിക്കൽ ഉദിയൻകുളങ്ങര മാർക്കറ്റിൽ വിൽപനയ്ക്കെത്തിയ ചീരക്കെട്ടിൽ ചുവപ്പു നിറം കൂടുതലുള്ള ചീരത്തൈ കണ്ടു കൗതുകമായി. ഒരു തൈ വീട്ടിലെത്തിച്ചു നട്ടു. തഴച്ചു വളർന്നപ്പോൾ അരുൺ എന്ന ഇനത്തേക്കാൾ മേന്മ തോന്നി. വിത്തെടുത്തു വീണ്ടും പാകി. ആവശ്യക്കാർ കൂടിയതോടെ തങ്കയ്യൻ പുതിയയിനം വ്യാപകമായി കൃഷിചെയ്തു. അന്നു ചെങ്കൽ കൃഷിഭവനിലെ കൃഷി അസിസ്റ്റന്റ് എസ്.കെ.ഷിനുവാണ് പട്ടു ചുവപ്പായ അദ്ഭുത ചീരയ്ക്ക് വ്ലാത്താങ്കര ചീരയെന്നു പേരിട്ടത്. 

വ്ളാത്താങ്കര ചീരത്തോട്ടം
വ്ളാത്താങ്കര ചീരത്തോട്ടം

വ്ലാത്താങ്കര ചീര

തീക്ഷ്ണമായ ചുവപ്പു നിറം. മാംസളമായ ഇലകളും തണ്ടുകളും. ദീർഘകാലം വിളവു നൽകും. ചുവടെ പിഴുതെടുത്തല്ല വിൽപന. കാരണം വ്ലാത്താങ്കര ചീര വേഗം പൂക്കില്ല. ധാരാളം ശിഖരങ്ങളുണ്ടാകും. ഈ ശിഖരങ്ങൾ മുറിച്ചാണു വിൽപന. ഒരാൾ പൊക്കത്തിൽ വളരുന്ന ചീരയിൽ നിന്ന് ഒരു വർഷം മുഴുവനും വിളവെടുക്കാം. നട്ട് 6 മാസമാകുമ്പോഴെ വിത്തു പാകമാകുകയുള്ളൂ. അപ്പോഴേക്കും ചീര ഒരാൾ പൊക്കത്തിൽ വളരും. നല്ല വളർച്ചയെത്തിയ ഒരു ചീരയിൽ നിന്ന് 250 ഗ്രാം വരെ വിത്തു ലഭിക്കാം. 

തങ്കയ്യന്റെ കൃഷി രീതി

വ്ലാത്താങ്കരയിലെ മണ്ണിനു പശിമ കൂടുതലാണ്. വേഗം ഉറയ്ക്കുന്ന പ്രകൃതവും. വാരം കോരി വെയിൽ കൊള്ളിച്ചു കൊത്തിക്കിളയ്ക്കും. തുടർന്നു മണ്ണു പൊടിയാക്കിയാണു കൃഷിക്കു തുടക്കമിടുക. കനാലു വഴിയെത്തുന്ന വെള്ളം വാരങ്ങൾക്കിടയിലെ ചെറു തോടുകളിലേക്ക് ഒഴുകിയെത്തും. കോരിയാണു നന. അടിവളമായി കോഴി വളവും കപ്പലണ്ടിയും വേപ്പിൻ പിണ്ണാക്കും യോജിപ്പിച്ചു വിതറും. കോഴിവളം പൊടിച്ചതിനൊപ്പം ചീര വിത്തു ചേർത്തു തടങ്ങളിൽ വിതറിയുമാണു വിത്തു പാകുന്നത്. ഇത്തരത്തിൽ വിതറിയാൽ തൈകൾക്ക് ഒരേ അകലം ലഭിക്കും. വിത്തു വിതയ്ക്കുമ്പോൾ തൈകൾ തമ്മിൽ അകലമുണ്ടെങ്കിൽ പറിച്ചു നടില്ല. 

മുപ്പതാം ദിവസം ആദ്യ വിളവെടുക്കാം. 10 ദിവസത്തിനു ശേഷം രണ്ടാം വിളയും. പിന്നീടു  തുടർച്ചയായി വിളവെടുക്കാം. ഒരു ചെടിയിൽ നിന്ന് 10–15 കിലോ വരെ വിളവു ലഭിക്കും. ഫാക്ടംഫോസും കോഴി വളവും കലർത്തി, മാസത്തിൽ 2 തവണ  വളപ്രയോഗം നടത്തും.  മറ്റു ചീരകളെ അപേക്ഷിച്ച് ഇലപ്പുള്ളി രോഗത്തെ അതിജീവിക്കാനുള്ള കഴിവും വ്ലാത്താങ്കര ചീരയ്ക്കുണ്ട്.  രാവിലെ മാത്രമാണു  നനയ്ക്കുക. വൈകിട്ടാണു വളപ്രയോഗം. ഇലകളിൽ ഈർപ്പമില്ലാത്ത സമയത്തു വളപ്രയോഗം നടത്തുന്നതാണ് ഉചിതം. ആദ്യ വിളവെടുപ്പിനു ശേഷം യൂറിയ, പൊട്ടാഷ്, കടലപ്പിണ്ണാക്ക് എന്നിവ കോഴിവളവുമായി കലർത്തി വിതറും. കള പറിച്ച ശേഷം 10 ദിവസം ഇടവിട്ടു വിളവെടുക്കാം.

Vlathankara-cheera-2

ലാഭമാണ്; ഉറപ്പ്

ചീര വിൽപനയിലൂടെ ഒരു ദിവസത്തെ വിറ്റുവരവ് 4,000 രൂപയാണെന്നു തങ്കയ്യൻ. സീസണിൽ ഇത് 5,000 മുതൽ 7,000 രൂപ വരെയാകും. ഒരു കിലോയുടെ വ്ലാത്താങ്കര ചീര കെട്ടിന് 50 രൂപയ്ക്കാണു വിൽപന. 

വിത്ത് 100 ഗ്രാമിന് 350 രൂപ. ഏഴേക്കറിലാണ് കൃഷി. ചീരക്കൃഷിക്കായി ഒരേക്കർ എപ്പോഴും മാറ്റിയിടും. ഒന്നുമില്ലാതെയാണു കൃഷി തുടങ്ങിയത്. കാൽ നൂറ്റാണ്ടായി വ്ലാത്താങ്കര ചീര കൃഷി ചെയ്യുന്നു. 

സ്വന്തമായി വീടു വച്ചു. കൃഷി ഭൂമിയും കരഭൂമിയും വാങ്ങി. സാമ്പത്തിക ഭദ്രതയുണ്ടായി. ഇതെല്ലാം വ്ലാത്താങ്കര ചീര നൽകിയ ഐശ്വര്യമാണ്– തങ്കയ്യന്റെ വാക്കുകൾ. കൃഷിത്തിരക്കിൽ അല്ലെങ്കിൽ തങ്കയ്യൻ ഫോണെടുക്കും.

നമ്പർ: 9895301567

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com