ADVERTISEMENT

ചെടികളെ കുള്ളൻമരങ്ങളായി വളർത്തിയെടുക്കുന്ന ബോൺസായ് എന്ന കലാവൈഭവം നമുക്കു പരിചിതമാണ്. നൂറ്റാണ്ടുകളുടെ പ്രായം തോന്നുന്ന കുള്ളൻ ആൽമരം ഉൾപ്പെടെ ഒട്ടേറെ ബോൺസായ് സൃഷ്ടികൾ പലരുടെയും പൂന്തോട്ടങ്ങളെ അലങ്കരിക്കുന്നുണ്ട്. വർഷങ്ങൾ പിന്നിടുംതോറും ഓരോ ബോൺസായ് മരത്തിന്റെയും ഭംഗിയും മൂല്യവും വർധിച്ചുവരും. അത്രയെളുപ്പമല്ല ബോൺസായ് ഒരുക്കൽ. കലയും കരവിരുതും ഒപ്പം ക്ഷമയും ഒത്തുചേരുമ്പോഴാണ് ഒന്നാന്തരം ബോൺസായ് രൂപപ്പെടുന്നത്. തൃശൂർ ചേർപ്പ് വട്ടക്കുഴി വീട്ടിൽ ദീപക് ജോണിന്റെ ബോൺസായ് സൃഷ്ടികൾ ഒരോന്നും ഇങ്ങനെ ദീർഘകാലത്തെ ക്ഷമാപൂർവമായ കലാവിരുതിന്റെ സാക്ഷ്യങ്ങള്‍. 

deepak-bonsai-3

ഫിസിക്കൽ എജ്യുക്കേഷനിൽ ബിരുദാനന്തര ബിരുദമുള്ള ദീപക്കിന്റെ മുഖ്യ കർമരംഗം സ്വന്തം ജിംനേഷ്യമാണ്. പിതാവിനൊപ്പം ബിസിനസിലും സജീവം. തിരക്കുകൾ കഴിഞ്ഞ് ബാക്കി സമയമത്രയും ദീപക് ചെലവിടുന്നത് ബോൺസായ് രൂപകൽപനയിലാണ്. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ബോൺസായിയെക്കുറിച്ച് ആദ്യം കേൾക്കുന്നതെന്നു ദീപക്. അന്നു ലഭിച്ച പരിമിതമായ അറിവും, കൈമുതലായ കലാഭിരുചിയും പ്രയോഗിച്ച് ഒരു ആൽച്ചെടിയെ ബോൺസായ് രീതിയിൽ വളർത്താൻ തുടങ്ങി. ഒപ്പം, പുസ്തകങ്ങൾ വായിച്ച് ബോൺസായ് വളർത്തലിനെപ്പറ്റിയുള്ള അറിവുകൾ വിശാലമാക്കി. പതിവു ബോൺസായ് ശൈലികളിൽനിന്നു വ്യത്യസ്തമാകാനുള്ള ശ്രമങ്ങളും അന്നേ തുടങ്ങി. ശിൽപങ്ങളും ഇതര ഘടകങ്ങളും ഉൾപ്പെടുത്തി ഓരോ ബോൺസായിയെയും വേറിട്ട കാഴ്ചകളാക്കി. തീം (വിഷയം) അടിസ്ഥാനത്തിൽ ബോൺസായ്കൾ രൂപപ്പെടുത്താനും ആരംഭിച്ചു. വിനോദത്തിൽനിന്നു വിപണനത്തിലേക്കും വരുമാനത്തിലേക്കും വളരുന്നത് അതോടെയെന്നു ദീപക്.

deepak-bonsai-4

കലയും കരവിരുതും 

മരങ്ങൾ ഉൾപ്പെട്ട ഒരു പ്രകൃതിദൃശ്യം കണ്ട് ഇഷ്ടപ്പെട്ടാൽ അതിന്റെ ബോൺസായ് രൂപം അപ്പോഴേ മനസ്സിൽ കാണും. ഭാവനയിൽ കണ്ട സൃഷ്ടിക്കു യോജിക്കുന്ന സവിശേഷാകൃതിയും വലുപ്പവുമുള്ള ചെടിച്ചട്ടി ആദ്യം നിർമിക്കും. വെട്ടുകല്ലോ വെള്ളാരങ്കല്ലോ അല്ലെങ്കിൽ കരിങ്കല്ലോ കൊത്തിയെടുത്താണ് ഇതു തയാറാക്കുക. ആഴം കുറഞ്ഞതും നല്ല വിസ്താരമുള്ളതുമായ ഈ ചട്ടിയുടെ അടിഭാഗത്ത്, വെള്ളം ആവശ്യാനുസരണം വാർന്നുപോകാൻ ദ്വാരങ്ങളുണ്ടാകും. അതിനു മുകളിൽ, വെള്ളം വാർന്നിറങ്ങുംവിധം ചെറിയ കല്ലുകൾ നിരത്തും. തുടർന്ന് നടീൽമിശ്രിതം നിറയ്ക്കുന്നു. മണ്ണും പൊടിഞ്ഞ ആട്ടിൻകാഷ്ഠവും ചേരുന്നതാണു നടീൽമിശ്രിതം. 

deepak-bonsai-2

പിന്നീട്, മനസ്സിൽ കാണുന്ന ലാൻഡ്സ്കേപ്പിനു യോജിച്ച ബോൺസായ് ചെടി തിരഞ്ഞെടുത്ത് കമ്പു കോതി മിശ്രിതത്തിലേക്കു നടും. ചുറ്റും ആകർഷകമായ രൂപത്തിൽ കൊത്തിയെടുത്ത കല്ലുകൾ വിരിക്കും. ലോഹത്തിലോ മാർബിളിലോ തീർത്ത ചെറുശിൽപങ്ങളും ലാൻഡ്സ്കേപ്പിങ്ങിന്റെ ഭാഗമാക്കും. ഉണ്ണിക്കണ്ണനും ധ്യാന ബുദ്ധനും ഗണപതിയും കന്യാമറിയവുമൊക്കെ ദീപക്കിന്റെ ബോൺസായ് സൃഷ്ടികളെ സുന്ദരമാക്കുന്നു. അമ്പലക്കുളവും ആൽത്തറയും ഊഞ്ഞാലാടുന്ന ഉണ്ണിക്കണ്ണനും ചേരുന്ന ബോൺസായിക്കാണ് ഏറ്റവും ഡിമാൻഡ് എന്ന് ദീപക്. ചില്ലകൾക്കിടയിൽ ഏറുമാടം വച്ചിട്ടുള്ള ബോൺസായ് മരവും ആരെയും മോഹിപ്പിക്കും. ആകർഷകമായ ലാൻഡ്സ്കേപ്പിങ് പശ്ചാത്തലത്തിൽ അവതരിപ്പിക്കുക വഴി ബോൺസായ് മരങ്ങളെ കൂടുതൽ ജനകീയമാക്കാൻ കഴിയുന്നുണ്ടെന്നും ദീപക് പറയുന്നു. 

ഫോൺ: 8714443515

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com