ADVERTISEMENT

ഇന്ന് (സെപ്റ്റംബർ 2) പേവിഷനിർമാർജന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കൊല്ലത്ത് നടക്കുകയാണ്. സംസ്ഥാനത്തെ എല്ലാ വളർത്തു നായ്ക്കൾക്കും തെരുവ് നായ്ക്കൾക്കും പേ വിഷപ്രതിരോധ വാക്സീൻ ഒരു മാസം കൊണ്ട് നൽകുകയാണ് ലക്ഷ്യം. കഴിഞ്ഞ വർഷം 2.9 ലക്ഷം തെരുവ് നായ്ക്കൾക്ക് വാക്സീൻ നൽകാൻ പദ്ധതിയിട്ട് 35,000 നായ്ക്കൾക്ക് മാത്രം നൽകി പദ്ധതി അവസാനിപ്പിച്ചു. 2019‌ലെ സെൻസസ് പ്രകാരമുള്ള കണക്കാണ് 2.9 ലക്ഷം തെരുവുനായ്ക്കൾ എന്നാൽ കഴിഞ്ഞ നാലു വർഷമായി അതിന്റെ എത്രയോ ഇരട്ടിയായി നായ്ക്കൾ പെറ്റുപെരുകിയിട്ടുണ്ടാകും?

ഈ വർഷം പദ്ധതി നടപ്പിലാക്കുന്നതിനും സാങ്കേതിക സഹായം നൽകുന്നതിനുമായി സർക്കാർ ഒരു ഏജൻസിയെ നിയോഗിച്ചിട്ടുണ്ട്. അവരുടെ നിർദേശമാണ് വാക്സീൻ നൽകിയ തെരുവുനായ്ക്കൾക്ക് പച്ച പെയിന്റടിക്കണമെന്ന്. ഇതല്ലാതെ നിലവില്‍ എത്ര നായ്ക്കളുണ്ടന്നോ ഏതു രീതിയിൽ വാക്സിനേഷൻ പൂർത്തീകരിക്കണമെന്നോ യാതൊരു നിർദേശങ്ങളും ഗ്രാമപഞ്ചായത്ത് തലത്തിൽ നൽകിയിട്ടില്ല. നിലവിലെ നായ്ക്കളുടെ എണ്ണം കണക്കാക്കിയിട്ടില്ല. കന്നിമാസം പൊതുവേ നായ്ക്കളുടെ പ്രജനന മാസമായാണ് അറിയപ്പെടുന്നത്. ആ സീസണിൽ പൊതുവേ നായ്ക്കളിൽ ആക്രമണസ്വഭാവവും ഉയരും. കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു കേരളത്തിൽ വ്യാപകമായ രീതിയിൽ തെരുവുനായാക്രമണങ്ങൾ ഉണ്ടായത്. ABC സെന്ററുകൾ തുറക്കുന്നു എന്ന് ഇടയ്ക്കിടയ്ക്ക് പ്രസ്താവനകൾ വരുന്നതല്ലാതെ കാര്യക്ഷമമായ ഒരു പ്രവർത്തനവും നടക്കുന്നില്ല. ഒക്ടോബർ–നവംബർ മാസങ്ങളാകുമ്പോൾ വീണ്ടും നായ്ക്കൾ പെറ്റു പെരുകും. പെൺ നായ്ക്കളെ വന്ധ്യംകരിക്കുന്നതിനേക്കാൾ എളുപ്പവും ചെലവു കുറഞ്ഞതുമാണ് ആൺ നായ്ക്കളെ വന്ധ്യംകരിക്കുന്നത്. വാക്സീനേഷനോടൊപ്പം ആൺനായ്ക്കളെ വന്ധ്യം കരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാവുന്നതേയുള്ളൂ. എന്നാൽ, പേവിഷ പ്രതിരോധ കുത്തിവയ്പ്പിനൊപ്പം വന്ധ്യംകരണം നടത്താമെന്ന് എവിടെയും ആരും പറഞ്ഞുകണ്ടില്ല, നിർദേശവും ഉണ്ടായില്ല.

പട്ടി കടിച്ച് മനുഷ്യജീവൻ നഷ്ടമായപ്പോൾ സടകുടഞ്ഞെഴുന്നേറ്റ മനുഷ്യസ്നേഹികളെയാരെയും ഇപ്പോൾ കാണാനില്ല. പട്ടിയെ കൊല്ലാൻ നിയമം അനുവദിക്കുന്നില്ല എന്നറിയാമായിരുന്നിട്ടും സുപ്രീംകോടതിയിൽ അതിനു വേണ്ടി കേസ് കൊടുത്ത് എന്നെങ്കിലും വരുന്ന വിധിക്കായി കാത്തിരിക്കണം. ജനരോഷം ശമിപ്പിക്കാനും ജനശ്രദ്ധ തിരിച്ചുവിടാനുമാണോയെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. 

നിലവിൽ പട്ടിശല്യം പരിഹരിക്കുന്നതിനായി യാതൊരു പദ്ധതികളും പഞ്ചായത്ത് തലത്തിലോ സംസ്ഥാന തലത്തിലോ ഇല്ലെന്നുള്ളതാണ് വാസ്തവം. വളർത്തു നായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പ് RFKVC എന്ന പദ്ധതിപ്രകാരം വർഷാവർഷം നടത്തുന്നതാണ്. തെരുവുനായ്ക്കളുടെ വംശവർധന തടയുകയും അക്രമകാരികളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്യുകയാണ് വേണ്ടത്. അല്ലാത്തപക്ഷം, മറ്റൊരു തെരുവുനായ ആക്രമണ വാർത്ത വരുന്നത് വരെ നമുക്ക് വിശ്രമിക്കാം.

Read also: ശരീരത്തിലേറ്റാൽ വെടിയുണ്ടയേക്കാൾ മാരകം: വെറും പുല്ലല്ല ഈ വൈറസ് 

നീലം കലക്കി പ്ലാസ്റ്റിക് കുപ്പിയിൽ വച്ചാൽ നായ്ക്കൾ വരില്ല, പേയുള്ള നായ്ക്കൾക്ക് നീലം, നാരങ്ങ തുടങ്ങിയവ നൽകിയാൽ പേയിളകി ചാവും, അതുവഴി പേവിഷബാധ മനസ്സിലാക്കാൻ കഴിയും തുടങ്ങിയ വിശ്വാസങ്ങൾ ചിലരെങ്കിലും വച്ചു പുലർത്തുന്നുണ്ട്. ഇതിൽ എന്തെങ്കിലും വാസ്തവമുണ്ടോ ?

ഇതിൽ യാതൊരു വാസ്തവവുമില്ല. പേവിഷബാധയും, നാരങ്ങയും, നീലവും തമ്മിൽ ഒരു ബന്ധവുമില്ല. ഇതിന് ശാസ്ത്രീയ അടിത്തറയുമില്ല. നായ്ക്കൾക്ക് പേവിഷബാധയുണ്ടെന്ന്  സംശയം തോന്നിയാലോ, മനുഷ്യരെയോ, മൃഗങ്ങളെയോ കടിക്കുകയോ ചെയ്താൽ, കടിച്ച നായയെ പത്ത് ദിവസം കെട്ടിയിട്ട് സാധാരണ ഭക്ഷണം കൊടുത്ത് നിരീക്ഷിക്കണം. പേയുണ്ടെങ്കിൽ പത്ത് ദിവസത്തിനുള്ളിൽ നായ ചാവും. ഈ കാലയളവിൽ നീലം പോലുള്ള വസ്തുക്കൾ നൽകരുത്.  ചിലപ്പോൾ ഇത് മൂലം നായ്ക്കൾ മരണപ്പെട്ടേക്കാം. അതുവഴി പേയുണ്ടെന്ന് തെറ്റായ നിഗമനത്തിൽ എത്തും. പേവിഷബാധയ്ക്കെതിരായി പ്രതിരോധ വാക്സീൻ എടുക്കുമ്പോഴും നാരങ്ങ കഴിക്കുന്നതുകൊണ്ട് യാതൊരു കുഴപ്പവുമില്ല. 

English summary: Lemon juice after antirabies vaccine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com