ADVERTISEMENT

ഇക്കഴിഞ്ഞ ദിവസം കണ്ണൂർ ജില്ലയിലെ ചാലയിൽ പേവിഷബാധയേറ്റു പശു മരണപ്പെട്ടതിനെ പറ്റി പ്രമുഖ മാധ്യമങ്ങളുടെ ഓൺലൈൻ പേജുകളിൽ പ്രചരിച്ച വാർത്ത പൊതുജനങ്ങളെ അങ്ങേയറ്റം തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നു. വാർത്ത ഇങ്ങനെ- 'ചത്ത പശുവിന് പേവിഷബാധ സ്ഥിരീകരിച്ചെങ്കിലും

പട്ടി കടിച്ചതായുള്ള ലക്ഷണങ്ങളോ മുറിവുകളോ പശുവിന്റെ ശരീരത്തിൽ പ്രത്യക്ഷത്തിൽ കാണുന്നില്ല, അതിനാൽ പുല്ലിൽ നിന്നോ മറ്റോ ആയിരിക്കാം പേവിഷ ഏറ്റതെന്നാണത്രേ പ്രാഥമിക നിഗമനം '.

ഈ പ്രാഥമിക നിഗമനം നടത്തിയത് ആരാണെന്ന് വാർത്തകളിൽ പരാമർശിക്കുന്നില്ലെങ്കിലും പേവിഷബാധയ്ക്ക് കാരണമായ റാബീസ് ലിസ വൈറസുകളെ പറ്റി അടിസ്ഥാനധാരണയല്ലാത്തവരുടെതാണ് ഈ നിഗമനം എന്നത് ഉറപ്പാണ്. കാരണം ശരീരത്തിനുള്ളിലെത്തിയാൽ പ്രശ്നക്കാരാണങ്കിലും പുല്ലിലും പൂവിലും മണ്ണിലുമൊന്നും മിനിറ്റുകൾ പോലും  മറഞ്ഞിരിക്കാൻ റാബീസ് വൈറസിനാവില്ല എന്നതാണ് ശരിയായ ശാസ്ത്രവസ്തുത. ആളുകളിൽ ആശങ്കയുണ്ടാക്കുന്ന വിധം അവാസ്തവങ്ങൾ മുഖ്യധാരമാധ്യമങ്ങളിൽ പോലും ഇടംപിടിച്ച് വൈറലാവുന്ന ഈ സമയത്ത് റാബീസ് വൈറസുമായി ബന്ധപെട്ട് പൊതുസമൂഹം അറിയേണ്ട ചില ശാസ്ത്രസത്യങ്ങളുണ്ട്.

രൂപം ഗൺ ബുള്ളറ്റിന് സമാനം

ഒരു ഇലക്‌ട്രോൺ മൈക്രോസ്‌കോപ്പിലൂടെ നോക്കിയാൽ തല തുളച്ചുകയറാൻ തക്ക ശേഷിയുള്ള ഒരു വെടിയുണ്ടയ്ക്ക് (ബുള്ളറ്റ്) സമാനമായ ആകൃതിയിലാണ് പേവിഷബാധയ്ക്ക് കാരണമായ റാബീസ് ലിസ്സാ വൈറസുകൾ കാണപ്പെടുക. എന്നാൽ നാഡികളിലൂടെ ശരീരത്തിൽ തുളച്ചുകയറിയാൽ വെടിയുണ്ടയേക്കാൾ അപകടകാരികളാണ് പേവിഷബാധ വൈറസുകൾ. നാഡീവ്യൂഹത്തെയും മസ്തിഷ്‌കത്തെയും ഗുരുതരമായി ബാധിച്ച്, ഒടുവിൽ രോഗലക്ഷണങ്ങൾ പ്രകടമായി തുടങ്ങിയാൽ മരണം നൂറു ശതമാനം ഉറപ്പ്. 

വൈറസുകളിലെ വില്ലനാണങ്കിലും ജീവന്റെ തുടിപ്പ് നഷ്ടപ്പെട്ട ശരീരത്തിലോ, പുറത്തോ വരണ്ട പ്രതലങ്ങളിലോ വസ്തുക്കളിലോ അൽപസമയം പോലും നിലനിൽക്കാൻ കഴിയാത്ത ദുർബലന്മാരാണ് റാബീസ് വൈറസുകൾ. സൂര്യപ്രകാശമേറ്റാൽ വൈറസുകൾ മിനിറ്റുകൾക്കകം നിഷ്ക്രിയരായി മാറും. ബ്ലീച്ച് ലായനി ഉൾപ്പെടെയുള്ള അണുനാശിനികൾ ഉപയോഗിച്ചാലും എളുപ്പത്തിൽ വൈറസ് നശിക്കും. പുല്ലിലൂടെ പശുവിന് പേവിഷബാധയേറ്റെന്ന വാദമൊക്കെ അതുകൊണ്ട് തന്നെ നിരർഥകമാണ്. ജീവിതചക്രം നിലനിർത്തണമെങ്കിൽ രോഗം ബാധിച്ച മൃഗമോ മനുഷ്യനോ മരിക്കുന്നതിന് മുൻപ് ഉഷ്ണരക്തമുള്ള മറ്റൊരു സസ്തനി ശരീരത്തിൽ വൈറസിന് കടന്നുകയറിയേ തീരൂ. അല്ലെങ്കിൽ നിലനിൽപ്പ് അപകടത്തിലാവും. റാബീസ് ബാധയേറ്റ മനുഷ്യരും മൃഗങ്ങളുമെല്ലാം രോഗാവസാനത്തിൽ കാണിക്കുന്ന പരാക്രമങ്ങൾ വൈറസിന്റെ മറ്റൊരു ശരീരത്തിലേയ്ക്കു കടന്നുകയറാൻ വേണ്ടിയുള്ള അടങ്ങാത്ത പരിശ്രമത്തിന്റെ പ്രതിഫലനമാണെന്ന് വേണമെങ്കിൽ പറയാം.

ശരീരത്തിൽ പ്രത്യക്ഷത്തിൽ മുറിവില്ലാഞ്ഞിട്ടും പശുവിന് എങ്ങനെ പേവിഷബാധയേറ്റു?

ആക്രമിക്കാൻ പാഞ്ഞെടുക്കുന്ന പേ മൃഗങ്ങളിൽനിന്നും പശുക്കള്‍ക്കും ആടുകള്‍ക്കുമെല്ലാം കഴുത്തിന് മുകളില്‍ പ്രത്യേകിച്ച് ചെവിയിലും കണ്ണിനോട്‌ ചേർന്നും മൂക്കിലുമെല്ലാം കടിയേല്‍ക്കാനാണ് കൂടുതല്‍ സാധ്യത. നായ്ക്കളിൽ നിന്നോ പൂച്ചകളിൽ നിന്നോ മാത്രമല്ല കടിയേൽക്കുന്നത് കുറുക്കന്മാരിൽ നിന്നോ കീരികളിൽ നിന്നോ ഒക്കെയാകാം. കടിയെന്ന് പറയുമ്പോൾ മാംസം പറിച്ചെടുത്ത് ചോര വാർന്നൊഴുകുന്ന കടി മാത്രമല്ല, പേവിഷബാധയുള്ള മൃഗത്തിന്റെ പല്ലുകൊണ്ടുള്ള ഒരു കുഞ്ഞുപോറലായാലും മതി. വളർത്തുമൃഗങ്ങളുടെ രോമകൂപങ്ങൾക്കിടയിൽ മറഞ്ഞിരിക്കുന്ന അത്തരം ചെറുമുറിവും പോറലും പലപ്പോഴും കർഷകരുടെ ശ്രദ്ധയിൽ പെടില്ല. കടിയേറ്റ കാര്യം ഉടമയോട് പറയാൻ മിണ്ടാപ്രാണികൾക്കുമാവില്ല. എന്നാൽ റാബീസ് വൈറസിന് ശരീരത്തിനുള്ളിൽ കയറി പെരുകാൻ അത്തരം കുഞ്ഞുമുറിവുകൾ മാത്രം മതി. പേവിഷബാധയുള്ള മൃഗങ്ങളുടെ കടിയേറ്റ് പശുക്കളിലും, ആടുകളിലും രോഗം പ്രകടമാകാന്‍ രണ്ട് മുതല്‍ പന്ത്രണ്ട് ആഴ്ചവരെയെടുക്കും. അപ്പോഴേക്കും മുറിവ് തിരിച്ചറിയാൻ കഴിയാത്ത വിധം ഉണങ്ങിയിട്ടുണ്ടാവും. എന്നാൽ വൈറസാവട്ടെ നാഡികളിലൂടെ മസ്തിഷ്കത്തിലെത്തി പതിന്മടങ്ങ് പെരുകുന്നുമുണ്ടാവും. വസ്തുതകൾ ഇതായതിനാൽ ശരീരത്തിൽ പ്രത്യക്ഷത്തിൽ മുറിവുകൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് കരുതി പുല്ലിലൂടെ വൈറസ് പടർന്നു എന്നതു പോലുള്ള അടിസ്ഥാനരഹിതമായ നിഗമനങ്ങളിലെത്തരുത്.

മൃഗങ്ങളിൽ റാബീസ് വൈറസിന്റെ രോഗപാത ഇങ്ങനെ

വളർത്തുമൃഗങ്ങളെ പേവിഷബാധയേറ്റ മൃഗങ്ങൾ കടിക്കുമ്പോൾ അവയുടെ ഉമിനീരിൽ നിന്നുള്ള റാബിസ് വൈറസ് മുറിവിലേക്ക് പ്രവേശിക്കുന്നു. മുറിവേറ്റ ഭാഗത്തെ നാഡീതന്തുക്കളിലൂടെ വൈറസ് സുഷുമ്നാനാഡിയിലേക്കും ക്രമേണ തലച്ചോറിലേക്കും കടന്നുകയറുന്നു. ഈ പ്രക്രിയ ഏകദേശം 3 മുതൽ 12 ആഴ്ച വരെ നീണ്ടുനിൽക്കും. ഈ സമയത്ത് മൃഗങ്ങളിൽ രോഗലക്ഷണങ്ങളൊന്നുമുണ്ടാവില്ല. ലക്ഷ്യകേന്ദ്രമായ തലച്ചോറിൽ എത്തുമ്പോൾ വൈറസ് അതിവേഗം പെരുകുകയും പിന്നീട് ഉമിനീർ ഗ്രന്ഥികളിലേക്ക് പുറന്തള്ളുകയും ചെയ്യും. അതോടെ മൃഗങ്ങൾ രോഗത്തിന്റെ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങുന്നു. ശരാശരി മൂന്നു മുതൽ എട്ട് ആഴ്ചകൾക്കുള്ളിൽ വൈറസ് ബാധിച്ച നായ്ക്കളിലും നാലുമുതൽ ആറ് ആഴ്ചകൾക്കുള്ളിൽ പൂച്ചകളിലും രോഗലക്ഷണങ്ങള്‍ പ്രകടമാകും. 

അക്രമണ സ്വഭാവമുള്ള ക്രുദ്ധരൂപത്തിൽ മാത്രമല്ല ക്രമേണയുള്ള ശരീരതളര്‍ച്ച കാണിക്കുന്ന തരത്തില്‍ മൂകരൂപത്തിലും പേവിഷബാധ നായ്ക്കളിൽ പ്രകടമാകാം. വേച്ചുവേച്ചുള്ള നടത്തം, കീഴ്ത്താടിയുടെ തളർച്ച എന്നിവ നായ്ക്കളിൽ മൂകരൂപത്തിലുള്ള പേവിഷബാധയുടെ പ്രധാനലക്ഷണങ്ങളാണ്. ക്രുദ്ധരൂപത്തിലുള്ള രോഗലക്ഷണങ്ങളാണ് പൂച്ചകളിൽ കൂടുതലായി കാണാറുള്ളത്. രോഗബാധിതമായി 5-7 ദിവസത്തിനുള്ളിൽ ചാകും. പശുക്കളുടെ തുടര്‍ച്ചയായ കരച്ചില്‍ കാരണം മദിയുടെ ലക്ഷണമായും, തീറ്റയിറക്കാന്‍ പ്രയാസപ്പെടുന്നതിനാല്‍ അന്നനാളത്തിലെ തടസ്സമായും ക്ഷീരകര്‍ഷകര്‍ പശുക്കളിലെ പേവിഷബാധയെ പലപ്പോഴും  തെറ്റിദ്ധരിക്കാറുണ്ട്. ഇങ്ങനെ കാണിക്കുന്ന പശുക്കളുടെ വായ്ക്കുള്ളിൽ ഡോക്ടറുടെ ഉപദേശമൊന്നും തേടാതെ സ്വയമേവ കൈകടത്തി പരിശോധിച്ച് ചില ക്ഷീരകർഷകർ അപകടസാഹചര്യം  ചോദിച്ചുവാങ്ങാറുണ്ട്. 

ഏത് സസ്തനിയും രോഗബാധിതമാകാം

ഏത് സസ്തനി ജീവിയെയും രോഗബാധിതമാക്കാനുള്ള ശേഷം റാബീസ് വൈറസിനുണ്ട്. എന്നാൽ  വൈറസുകളെ ശരീരത്തിൽ ദീർഘകാലം വഹിക്കാനോ മറ്റുള്ളവയിലേക്കു നിരന്തരം പടർത്താനോ  റാബീസ് വൈറസിന്റെ കാര്യത്തിൽ സസ്തനി മൃഗങ്ങൾക്ക് കഴിയില്ല. ഉദാഹരണത്തിന് നായ്ക്കളിലും പൂച്ചകളിലും പേവിഷ വൈറസ് അവയുടെ ശരീരത്തിലെത്തി ലക്ഷണങ്ങൾ പ്രകടമാകുന്നതിന് പരമാവധി അഞ്ചു ദിവസങ്ങൾക്ക് മുന്നെ മാത്രമാണ് ഉമിനീരിൽ വൈറസ് സാന്നിധ്യമുണ്ടാകുക. അതല്ലാതെ കടിയേറ്റതിനും ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നതിനും ഇടയിലുള്ള ഏതാനും ആഴ്ചകൾ മുതൽ മാസങ്ങൾ വരെ നീളാവുന്ന കാലയളവായ ഇൻകുബേഷൻ പിരിയഡിൽ അവയുടെ ഉമിനീരിൽ വൈറസ് സാന്നിധ്യമുണ്ടാകില്ല. ഇൻകുബേഷൻ കാലയളവിൽ മൃഗം കടിച്ചാൽ പേവിഷബാധ ഉണ്ടാകില്ല, കാരണം വൈറസ് ഇതുവരെ ഉമിനീരിൽ എത്തിയിട്ടില്ല. പൂച്ചകളിലും നായ്ക്കളിലും കന്നുകാലികൾ ഉൾപ്പെടെ മറ്റ് വളർത്തുമൃഗങ്ങളിലും ലക്ഷണങ്ങൾ പ്രകടമായാൽ പരാമാവധി അഞ്ച് - ഏഴ് ദിവസത്തിനകം മരണവും സംഭവിക്കും.  ഇങ്ങനെയല്ലാതെ വൈറസിന്റെ നിത്യവാഹകരോ, സംഭരണികൾ അഥവാ റിസർവോയറുകളോ ആകാൻ ഇവയ്ക്കാവില്ല. രോഗബാധയേറ്റവയുടെ ഉമിനീരിൽ മാത്രമാണ് വൈറസ് സാന്നിധ്യമുണ്ടാവുക. മരണപ്പെടുന്നതിന് മുൻപ് പേ പിടിച്ച നായ മറ്റൊരു ജീവിയെ കടിച്ചാൽ മാത്രമേ വൈറസിന് മറ്റൊന്നിലേക്കു പകരാനാകൂ. അങ്ങനെ സംഭവിച്ചില്ലങ്കിൽ പേ പിടിച്ച നായയുടെ മരണത്തോടെ വൈറസിന്റെ വ്യാപനചക്രവും നിലയ്ക്കും. നായ്ക്കൾ, പൂച്ചകൾ, ഫെററ്റുകൾ എന്നിവയിൽ നടത്തിയ നിരവധി പഠനങ്ങളിൽ നിന്ന് ഈ വസ്തുതകൾ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്

അപൂർവം ചില വന്യജീവി സ്പീഷീസുകളെ മാത്രമേ റാബീസ് വൈറസിന്റെ റിസർവോയറുകൾ അഥവാ വൈറസ് സംഭരണികളും സ്രോതസ്സുകളുമായി കണക്കാക്കുന്നുള്ളൂ. വവ്വാലുകൾ, റാക്കൂണുകൾ, സ്കങ്കുകൾ, കീരികൾ എന്നിവ റിസോർവോയറുകളായി പരിഗണിക്കപ്പെടുന്നു. ഇവയിൽ റാബിസ് വൈറസിന്റെ വ്യത്യസ്‌തമായ സ്‌ട്രെയിനുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്.  അമേരിക്കയിലെ ആളുകളിൽ പേവിഷബാധയേറ്റ് മരണത്തിന് കാരണമാകുന്നത് വവ്വാലുകളാണ്. കേരളത്തിൽ ഗ്രാമ നഗര ഭേദമന്യേ കീരികളുടെ എണ്ണം ഇപ്പോൾ കൂടി വരുന്ന സാഹചര്യം ഗൗരവത്തോടെ പരിഗണിക്കേണ്ടതും നാടൻ കീരികളിൽ റാബീസ് വൈറസ് സാന്നിധ്യം ഉണ്ടോയെന്നതിനെ പറ്റിയും അവ വൈറസിന്റെ സംഭരണികളാണോ എന്നതിനെ കുറിച്ചും ഗൗരവമായ പഠനങ്ങൾ നടക്കേണ്ടതുമുണ്ട്. 

ഈയിടെ വയനാട്ടിൽ കാപ്പിത്തോട്ടത്തോട് ചേർന്നുള്ള ഒരു വീട്ടിലെ വളർത്തുനായയ്ക്ക് പേവിഷബാധയേറ്റത് തോട്ടത്തിൽ അതിക്രമിച്ച് കയറിയ കീരികളിൽ ഒന്നിനെ കടിച്ചുകുടഞ്ഞ് കൊന്നതിലൂടെയായിരുന്നു. പേവിഷ വൈറസ് അവയുടെ ഉറവിടങ്ങളിൽ നിന്നും അരുമകളിൽ കയറിക്കൂടുന്ന വഴി ഇങ്ങനെ പലതാവാം. തെരുവുനായ്ക്കളിലെന്നത് പോലെ കീരികളുടെ പെരുപ്പത്തിന്റെയും അടിസ്ഥാന കാരണം നിരത്തുകളിൽ സുലഭമായി ലഭ്യമായ

കോഴിഫാമുകളും അറവുശാലകളും അശാസ്ത്രീയമായി കൈകാര്യം ചെയ്യുന്ന മാലിന്യം, ഹോട്ടൽ മാലിന്യം, വീടുകളിൽ നിന്നും പുറത്തേക്ക് എറിയുന്ന ഭക്ഷണമാലിന്യം, ആഘോഷാവസരങ്ങളിൽ ഉണ്ടാകുന്ന ഭക്ഷണാവശിഷ്ടങ്ങൾ തുടങ്ങിയവ തന്നെയാണ് എന്നതും മനസ്സിലാക്കേണ്ടതുണ്ട്.

പേപ്പട്ടിയെ തൊട്ടുപോയെന്നു കരുതി വാക്സീൻ വേണ്ട

കടിയേൽക്കുമ്പോൾ വൈറസ് ബാധിതമായ ഒരു മൃഗത്തിന്റെ ഉമിനീർ മുറിവുകളിലോ പോറലുകളിലോ പുരളുമ്പോൾ മാത്രമാണ് വൈറസ് ഒരാളിലെത്തുന്നത്. കണ്ണിലേയോ മൂക്കിലേയോ വായിലേയോ ശ്ലേഷ്മസ്ഥരങ്ങളിൽ പുരണ്ടാലും അപകടമാണ്. രോഗമുള്ള മൃഗത്തിന്റെ മസ്തിഷ്കം/നാഡീവ്യൂഹം  എന്നിവയും അതീവ കരുതലോടെ കൈകാര്യം ചെയ്യേണ്ടതാണ്. വൈറസ് ബാധിതമായ മൃഗത്തിന്റെ കടിയേൽക്കുന്നത് തന്നെയാണ് വൈറസ് ബാധയേൽക്കുന്നതിന്റെ പ്രധാന കാരണം. പോറലുകൾ, ഉരച്ചിലുകൾ തുടങ്ങി കടിയേറ്റിട്ടില്ലാത്ത എക്സ്പോഷറുകളിൽ നിന്ന് ആളുകൾക്ക് പേവിഷബാധ ഉണ്ടാകുന്നത് സാധ്യമാണ്, എന്നാൽ അത്തരം കേസുകൾ  അപൂർവമാണ്. പേവിഷബാധ തിരിച്ചറിഞ്ഞ മൃഗത്തെ ലാളിച്ചു പോയതു കൊണ്ടോ തൊട്ടതുകൊണ്ടോ അവയ്ക്ക് അരികെ നിന്നതുകൊണ്ടോ അല്ലെങ്കിൽ അവയുടെ രക്തം, മൂത്രം  മലം എന്നിവയുമായി സമ്പർക്കമുണ്ടായത് കൊണ്ടോ പേടിക്കേണ്ടതല്ല, വാക്സിനേഷനും വേണ്ട, കാരണം ഉമിനീരിൽ മാത്രമേ വൈറസ് സാന്നിധ്യമുണ്ടാവൂ. മറ്റ് ശരീരസ്രവങ്ങളെല്ലാം റാബീസ് വൈറസ് ഫ്രീ ആയിരിക്കും. മാത്രമല്ല എല്ലാ മൃഗങ്ങളും റാബീസ് വാഹകരല്ല, അതിനാൽ മൃഗങ്ങളിൽ നിന്നേൽക്കുന്ന കടികളെല്ലാം രോഗത്തിന് കാരണമാവുകയുമില്ല.

മുറിവിൽ സോപ്പ് പതപ്പിച്ച് കഴുകണം

മൃഗങ്ങളിൽ നിന്നും കടിയോ പോറലോ ഏല്‍ക്കുകയോ ഉമിനീര്‍ മുറിവില്‍ പുരളുകയോ ചെയ്യുമ്പോൾ ആദ്യമിനിറ്റുകളിൽ  പെപ്പിൽ നിന്നും വെള്ളം മുറിവിൽ നേരിട്ട് പതിപ്പിച്ച് സോപ്പ് ഉപയോഗിച്ച് നന്നായി പതപ്പിച്ച് പത്ത്-പതിനഞ്ച് മിനിറ്റെങ്കിലും സമയമെടുത്ത് കഴുകണം എന്ന് പറയുന്നത്  മുറിവ് വൃത്തിയാക്കാൻ വേണ്ടിയല്ല, മറിച്ച്  മുറിവിൽ പുരണ്ട ഉമിനീരിൽ മറഞ്ഞിരിക്കുന്ന അതിസൂക്ഷ്മവൈറസുകളെ നിർവീര്യമാക്കാൻ വേണ്ടിയാണ്. റാബീസ് വൈറസിന് പുറത്ത് കൊഴുപ്പ് മാത്രകൾ ചേർത്തുണ്ടാക്കിയ ഒരിരട്ട സ്ഥരമുണ്ട്. കൊഴുപ്പ് തന്മാത്രകൾ ചേര്‍ന്ന ഇരട്ട ആവരണത്തെ അലിയിപ്പിച്ചുകളഞ്ഞ് മുറിവിൽ നിക്ഷേപിക്കപ്പെട്ട 90 - 95 ശതമാനത്തോളം വൈറസുകളെ നിര്‍വീര്യമാക്കാനുള്ള ശേഷി സോപ്പിന്‍റെ രാസഗുണത്തിലുണ്ട്. ഈ രീതിയിൽ യഥാസമയത്ത് ചെയ്യേണ്ട പ്രഥമശുശ്രൂഷയുടെ അഭാവമാവാം ഒരുപക്ഷേ പേവിഷ പ്രതിരോധ വാക്സിൻ സ്വീകരിച്ച ചിലരിൽ രോഗബാധയുണ്ടാകാൻ ഇടയാക്കിയത്. പലപ്പോഴും തല, കൺപോള, ചെവി പോലുള്ള ഭാഗങ്ങളിൽ കടിയേറ്റാൽ പലരും പേടികാരണം കൃത്യമായി കഴുകാറില്ല, ഇത് അപകടം വിളിച്ചു വരുത്തും. പേവിഷ വൈറസിന്റെ ലക്ഷ്യസ്ഥാനമായ മസ്തിഷ്ക്കത്തോട് അടുത്തുകിടക്കുന്ന തല, മുഖം, കഴുത്ത് എന്നിവിടങ്ങളിൽ കടിയേറ്റാൽ അഞ്ച് മിനിറ്റിനകം തന്നെ പരമാവധി സമയം സോപ്പുപയോഗിച്ച് കഴുകണം.

English summary: How is rabies transmitted? 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com