ADVERTISEMENT

തൃശ്ശൂര്‍ മണ്ണുത്തി സ്വദേശിയും അധ്യാപകനുമായ മനോജിന്റെ ആടുഫാമിലേക്ക് ആളുകൾ എത്തുന്നത് നല്ലയിനം ആട്ടിൻകുഞ്ഞുങ്ങളെ തേടിയാണ്. ആടുകളെ തേടിയെത്തുന്നവർക്കെല്ലാം വേണ്ടത് നീളത്തില്‍ താഴോട്ട് തൂങ്ങുന്ന പിരിവുകളുള്ള ചെവികളും കരിവര്‍ണ്ണത്തിന്റെ മാറ്റുമുള്ള ബീറ്റൽ ആട്ടിൻകുഞ്ഞുങ്ങളെയാണ്. അജലോകത്ത് ഗജപ്രൗഢിയുള്ള പഞ്ചാബി ബീറ്റല്‍ ആടുകളുടെ നല്ല ഒരു ശേഖരം തന്നെ അദ്ദേഹത്തിന് സ്വന്തമായുണ്ട്. മൂന്നു മാസം പ്രായമെത്തിയ ആട്ടിന്‍കുഞ്ഞുങ്ങളെ മനോജിന്റെ ഫാമിൽനിന്നും വിപണനം ചെയ്യും. മൂന്നു മാസം  പ്രായമെത്തിയ 15 - 20 കിലോഗ്രാമിനിടയിൽ ശരീരതൂക്കമുള്ള കുഞ്ഞിന് 15,000 രൂപയോളം വിപണിയില്‍ വിലയുണ്ട്. തൂക്കവിലയേക്കാൾ ബീറ്റൽ ആടുകൾക്ക് മോഹവിലയാണ് കണക്കാക്കുന്നത്. വിലനിലവാരം കേൾക്കുമ്പോൾ അൽപം അതിശയോക്തി തോന്നാമെങ്കിലും ഇത്രയും പണം മുടക്കി ശുദ്ധജനുസ്സ് ബീറ്റല്‍ ആടുകളെ സ്വന്തമാക്കാന്‍ താൽപര്യപ്പെടുന്നവർ ഏറെയുണ്ടെന്നാണ് മനോജിന്റെ അനുഭവം. ആദ്യ ഗഡു തുക മുന്‍കൂറായി അടച്ച്  മനോജിന്റെ ഫാമില്‍നിന്നുള്ള ആട്ടിൻകുഞ്ഞുങ്ങളെ ബുക്ക് ചെയ്ത് കാത്തിരിക്കുന്നവരും ഉണ്ട്.  

goat-manoj
മനോജ്

കോട്ടയം മുണ്ടക്കയം പുലിക്കുന്ന് തുണ്ടിയില്‍ സോജന്‍ ജോര്‍ജിന്റെ ഗോട്ട്സ് വില്ലയെന്നു പേരിട്ട ഫാമിൽ കർഷകർ നിത്യേനയെത്തുന്നത് നല്ലയിനം മലബാറി ആട്ടിൻകുട്ടികളെ തേടിയാണ്. മലബാറി ആടുകൾക്ക് വേണ്ടി മാത്രമായുള്ളതും സംസ്ഥാന സർക്കാരിന്റെ പുരസ്കാരമടക്കം നേടിയതുമായ സംസ്ഥാനത്തെ പേരുകേട്ട ഫാമുകളിൽ ഒന്നാണ് സോജന്റെ മുണ്ടക്കയത്തുള്ള മലബാറി ഗോട്ട്സ് വില്ല. ആറു മാസം പ്രായമായ കുഞ്ഞുങ്ങളുടെ വില്‍പ്പനയാണ് സോജന്റെ പ്രധാനവരുമാനം. 100 ആടുകളില്‍നിന്നായി വര്‍ഷം തോറും ഇരുന്നൂറോളം കുട്ടികളെ ലഭിക്കും. ആറു മാസം പ്രായമായ മലബാറി ആട്ടിൻകുട്ടിക്ക് ഏകദേശം 15 കിലോഗ്രാമോളം തൂക്കം വരും. കിലോയ്ക്ക് 350 രൂപ നിരക്കിലാണ് ഇവയെ വില്‍ക്കുന്നത്. ഇങ്ങനെ 3000 കിലോയോളം വരുന്ന ആടുകളെ ഒരു വർഷം വിൽപന നടത്തുമ്പോൾ 10 ലക്ഷത്തോളം രൂപ വരുമാനമായി സോജന്റെ പോക്കറ്റിലെത്തും.

സോജൻ
സോജൻ

പാലക്കാട് ജില്ലയിൽ മണ്ണാർക്കാടിനടുത്ത് പാലക്കയത്ത് ആട് ഫാം നടത്തുന്ന ആന്റണി തോമസ് എന്ന യുവസംരംഭകന്റെ ആന്റൺസ് മലബാറി ഗോട്ട് ഫാമിലും പ്രധാന ആദായ വഴി ആട്ടിൻകുട്ടികൾ തന്നെ. അഞ്ചു മുതല്‍ ആറു വരെ മാസം പ്രായമുള്ള കുഞ്ഞുങ്ങളെയാണ് വില്‍പ്പന നടത്തുക. അഞ്ചു മാസം വരെ പ്രായമെത്തിയ ക്രോസ്ബ്രീഡ് ഇനത്തില്‍പ്പെട്ട പെണ്ണാടുകള്‍ക്ക്  20 കിലോവരെ തൂക്കമുണ്ടാകും. തൂക്കത്തിനനുസരിച്ചാണ് കുഞ്ഞുങ്ങളുടെ വിലനിര്‍ണയം. പെണ്ണാട്ടിൻകുട്ടികൾക്ക് കിലോയ്ക്ക് 450 രൂപയും ആണാട്ടിൻകുട്ടികൾക്ക് കിലോയ്ക്ക് 400 രൂപയുമാണ് വിലയീടാക്കുന്നത്. ഫാമിലെ മികച്ച പേരന്റ് സ്റ്റോക്കിൽ നിന്നും ശാസ്ത്രീയമായ രീതിയിൽ ബ്രീഡിങ് നടത്തിയുണ്ടാകുന്ന ഗുണമേന്മയുള്ള കുഞ്ഞുങ്ങൾ ആയതിനാൽ ആട്ടിൻകുഞ്ഞുങ്ങൾക്ക് എപ്പോഴും ആവശ്യക്കാരുണ്ട്. ഇപ്പോൾ പ്രധാനമായും ഫെയ്സ്ബുക്ക്, വാട്‌സാപ് തുടങ്ങിയ നവമാധ്യമങ്ങള്‍ വഴിയാണ് ആട്ടിന്‍കുഞ്ഞുങ്ങളുടെ വില്‍പ്പന. ഒപ്പം കുഞ്ഞുങ്ങളില്‍ ഏറ്റവും വളർച്ചനിരക്കുള്ളവയെ തിരഞ്ഞെടുത്ത് അടുത്ത ബ്രീഡിങ് സ്റ്റോക്കായി വളർത്തുകയും ചെയ്യും.

goat-antony-2
ആന്റണി

ആലപ്പുഴ കറ്റാനം പത്മനിവാസിൽ  വെറ്ററിനറി ഡോക്ടർ ദമ്പതിമാരായ ഡോ. സന്തോഷിനും ഡോ. മഞ്ജുവിനും പങ്കുവയ്ക്കാനുള്ളത് വർഷത്തിൽ 30 ആട്ടിൻകുട്ടികളെ വിൽപന നടത്തി 1.8 ലക്ഷത്തോളം വരുമാനമുണ്ടാക്കുന്ന ആദായ വഴിയാണ്. ഓരോ വർഷവും ശരാശരി 30 കുട്ടികളെ വിൽക്കാൻ കഴിയും വിധം, പ്രജനനത്തിനായി സ്ഥിരമായി 30–35 ആടുകളെയാണ് ഫാമിൽ വളർത്തുന്നത്. ഒരു കുട്ടിക്ക് 6000 രൂപ നിരക്കിലാണ് വിൽപന. 

വെറ്ററിനറി ഡോക്ടർ ദമ്പതിമാരായ ഡോ. സന്തോഷും ഡോ. മഞ്ജുവും
വെറ്ററിനറി ഡോക്ടർ ദമ്പതിമാരായ ഡോ. സന്തോഷും ഡോ. മഞ്ജുവും

മികച്ച ആട്ടിൻകുഞ്ഞുങ്ങൾക്ക് എപ്പോഴും ആവശ്യക്കാരുള്ളതിനാൽ നല്ലയിനം ആട്ടിൻകുഞ്ഞുങ്ങളെ ലഭ്യമാക്കുന്ന പ്രജനനയൂണിറ്റുകൾക്ക് സംരംഭകസാധ്യതകൾ ഏറെയുണ്ട്. സോജനും ആന്റണിയും മനോജും ഡോ. സന്തോഷുമെല്ലാം ആടുകൃഷിയുടെ ഈ സാധ്യത തിരിച്ചറിഞ്ഞ് മികച്ചരീതിയിൽ പ്രയോജനപ്പെടുത്തി വരുമാനം നേടുന്ന സംരംഭകരിൽ ചിലർ മാത്രമാണ്. 

മാംസാവശ്യങ്ങള്‍ക്കായി ശരീരതൂക്കമനുസരിച്ചാണ് ആടുകളെ വിറ്റഴിക്കുന്നതെങ്കില്‍ കുഞ്ഞുങ്ങളെ വിറ്റഴിക്കുന്നത് പലപ്പോഴും മോഹവിലയ്ക്കാണ്. ജനുസ്സിന്റെ ഗുണങ്ങളെല്ലാം തികഞ്ഞ ആടുകളുടെ വിപണി വില നിശ്ചയിക്കുന്നത്  ശരീരതൂക്കത്തെക്കാൾ ബ്രീഡ് മേന്മ അടിസ്ഥാനപ്പെടുത്തിയാണ്.

goat-3

ആട്ടിൻകുഞ്ഞുങ്ങളുടെ പരിപാലനത്തിൽ ശ്രദ്ധിക്കാൻ
ആടുകളുടെ പ്രജനനതന്ത്രങ്ങളിൽ പിഴച്ചാൽ  നിരാശയായിരിക്കും ഫലം. വളർത്താനായുള്ള വർഗഗുണമുള്ള കുഞ്ഞുങ്ങളുടെ വിപണനമാണ് ലക്ഷ്യമെങ്കിൽ ഒരേ ജനുസ്സ് ആടുകൾ തമ്മിലുള്ള ശുദ്ധപ്രജനനം ആണ് വേണ്ടത്. മാംസാവശ്യത്തിനായി കൂടുതൽ വളർച്ച നിരക്കുള്ള ആട്ടിൻകുട്ടികളെയാണ് വേണ്ടതെങ്കിൽ രണ്ട് ജനുസ്സുകൾ തമ്മിലുള്ള ശാസ്ത്രീയ സങ്കരപ്രജനനരീതി സ്വീകരിക്കാവുന്നതാണ്.

ആട്ടിൻ കുഞ്ഞുങ്ങളിൽ ടെറ്റനസ് വരുന്നത് തടയാൻ ഗർഭിണികളായ ആടുകൾക്ക് അവയുടെ അഞ്ചു മാസം നീളുന്ന ഗർഭകാലത്തിന്റെ മൂന്ന്, നാല് മാസങ്ങളില്‍ ഓരോ ഡോസ് വീതം ടെറ്റനസ് പ്രതിരോധകുത്തിവയ്പ് നല്‍കണം. കൃത്യമായി വാക്സീൻ നൽകിയ തള്ളയാടിൽ നിന്നും കന്നിപ്പാൽ വഴി കുഞ്ഞുങ്ങളിലേക്ക് പകരുന്ന ടെറ്റനസ് പ്രതിരോധശേഷി മൂന്നു മാസം പ്രായമെത്തുന്നത് വരെ കുഞ്ഞുങ്ങളെ രോഗാണുവിൽ നിന്ന് സംരക്ഷിക്കും. അതിനാൽ പ്രതിരോധകുത്തിവയ്പ് നൽകിയ തള്ളയാടുകളിൽ നിന്ന് ജനിക്കുന്ന ആട്ടിൻകുഞ്ഞുങ്ങൾക്ക് മൂന്നു മാസം പ്രായമെത്തുമ്പോൾ മാത്രം അടുത്ത ടെറ്റനസ് പ്രതിരോധകുത്തിവയ്പ് നൽകിയാൽ മതി. ആദ്യ കുത്തിവയ്പ്പെടുത്തതിന് നാലാഴ്ച കഴിഞ്ഞ് ബൂസ്റ്റർ വാക്സീൻ നൽകണം.

malabari-goat

ജനിച്ചയുടന്‍ ആട്ടിൻകുട്ടികളുടെ പൊക്കിള്‍ക്കൊടിയുടെ ഭാഗം നേർപ്പിച്ച പൊട്ടാസ്യം പെർമാൻഗനേറ്റ് ലായനിയിട്ട് കഴുകി അയഡിന്‍ ലായനിയില്‍ മുക്കി അണുവിമുക്തമാക്കണം. പ്രസവ മുറിയിൽ വൈക്കോൽ വിരിച്ച് ശുചിത്വമുറപ്പാക്കേണ്ടതും പ്രധാനം. ആട്ടിൻകുഞ്ഞുങ്ങളുടെ ശരീരത്തില്‍ നിന്ന് പൊക്കിള്‍കൊടി പൂര്‍ണ്ണമായി വേര്‍പ്പെട്ടിട്ടില്ലെങ്കില്‍ പൊക്കിളിന് ഒരിഞ്ച് താഴെ അയഡിൻ ലായനിയിൽ ഇട്ട് അണുവിമുക്തമാക്കിയ ഒരു ചരട്  ഉപയോഗിച്ച് കെട്ടിയതിന്  ശേഷം  പൊക്കിള്‍കൊടി  ബാക്കി ഭാഗം കെട്ടിന് ചുവടെ അരയിഞ്ച് മാറി അണുവിമുക്തമാക്കിയ കത്രികയോ ബ്ലേഡോ ഉപയോഗിച്ച്  മുറിച്ച് മാറ്റണം. പൊക്കിൾ കൊടിയിലെ മുറിവ് ഉണങ്ങുന്നത് വരെ ദിവസവും രണ്ടോ മൂന്നോ  തവണ അയഡിന്‍ ലായനിയില്‍ മുക്കി അണുവിമുക്തമാക്കി പരിപാലിക്കണം

ആട്ടിൻകുഞ്ഞുങ്ങൾക്ക് നൽകാവുന്ന മൃതസഞ്‌ജീവനിയാണ് കന്നിപ്പാൽ. തള്ളയാടിന്റെ ശരീരത്തിൽ നിന്നും കന്നിപ്പാൽ വഴി പുറത്തുവരുന്ന പ്രതിരോധ ഘടകങ്ങൾ ടെറ്റനസ്, വയറിളക്കം, കോളിഫോം പോലുള്ള ബാക്ടീരിയ അണുബാധകൾ ഉൾപ്പെടെയുള്ള രോഗങ്ങളിൽ നിന്ന് കുഞ്ഞിന് പ്രതിരോധകവചം തീർക്കും. ജനിച്ചതിന് ആദ്യ രണ്ടു മണിക്കൂറിനുള്ളില്‍ തന്നെ ശരീരതൂക്കത്തിന്റെ 10% എന്ന അളവിൽ കന്നിപ്പാല്‍ ആട്ടിന്‍ കുഞ്ഞുങ്ങള്‍ക്ക് ഉറപ്പാക്കണം. ഉദാഹരണത്തിന് രണ്ടര കിലോഗ്രാം ശരീരതൂക്കത്തോടെ ജനിച്ച ആട്ടിന്‍കുട്ടിക്ക് 250-300 മില്ലിലീറ്റര്‍ കന്നിപ്പാല്‍ ആദ്യ രണ്ട് മണിക്കൂറിനുള്ളില്‍ ഉറപ്പാക്കണം. ഈ അളവ് കന്നിപ്പാലിന്റെ ആദ്യഘഡു (ശരീര തൂക്കത്തിന്റെ 5 % ) പ്രസവിച്ച് അരമണിക്കൂറിനുള്ളിൽ തന്നെ ഉറപ്പാക്കണം. തള്ളയാടിൽ  നിന്ന് കന്നിപ്പാൽ പരമാവധി കുടിക്കാൻ കുഞ്ഞുങ്ങളെ പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാം. കുഞ്ഞുങ്ങളെ പാൽ കുടിപ്പിക്കാൻ തള്ളയാട് മടിക്കുന്ന സാഹചര്യത്തിൽ ഗർഭാശയത്തിൽ നിന്നും പ്രസവസമയത്ത് പുറംതള്ളുന്ന ദ്രാവകം അൽപം കുഞ്ഞിന്റെ മേനിയിൽ പുരട്ടി തള്ളയാടിനെ ആകർഷിക്കാം. അല്ലെങ്കിൽ ആവശ്യമായ കന്നിപ്പാൽ കറന്നെടുത്ത് ഒരു മിൽക്ക് ഫീഡിങ് ബോട്ടിലിലോ നിപ്പിളിലോ നിറച്ച് കുഞ്ഞുങ്ങൾക്ക്  നൽകാം. കന്നിപ്പാൽ അധികമുണ്ടെങ്കിൽ കറന്നെടുത്ത് തണുപ്പിച്ച് സൂക്ഷിച്ച് തുടർന്നുള്ള ദിവസങ്ങളിലും നൽകാം.

ആട്ടിന്‍കുട്ടികള്‍ക്ക് മൂന്നാഴ്ച പ്രായമെത്തുമ്പോള്‍ ആദ്യ ഡോസ് വിരമരുന്ന്  നല്‍കണം. ഇതിനായി ആല്‍ബന്‍ഡസോള്‍, ഫെന്‍ബന്‍ഡസോള്‍, പൈറാന്റൽ  തുടങ്ങിയ ഘടകങ്ങള്‍ അടങ്ങിയ ആല്‍ബോമര്‍, പനാകുര്‍, നിമോസിഡ് തുടങ്ങിയ തുള്ളി മരുന്നുകള്‍ ഉപയോഗിക്കാം. തുടര്‍ന്ന് ആറ് മാസം പ്രായമെത്തുന്നത് വരെ മാസത്തില്‍ ഒരിക്കലും ശേഷം ഒരു വയസു തികയുന്നത് വരെ രണ്ടു മാസത്തിൽ ഒരിക്കലും വിരമരുന്ന് നല്‍കണം. 

ആട്ടിന്‍ കുഞ്ഞുങ്ങളെ ബാധിക്കുന്ന പരാദ രോഗങ്ങളില്‍ പ്രധാനമാണ് രക്താതിസാരം അഥവാ കോക്സീഡിയ രോഗം. കുടലിന്റെ ഭിത്തികള്‍ കാര്‍ന്ന് നശിപ്പിക്കുന്ന പ്രോട്ടോസോവല്‍ പരാദങ്ങളാണ് രോഗഹേതു. അപൂര്‍വമായി വലിയ ആടുകളിലും രോഗം കാണാറുണ്ട്. രക്തവും, കഫവും കലര്‍ന്ന വയറിളക്കം, വയറുവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. രോഗം മൂര്‍ച്ഛിക്കുന്നതോടെ ആട്ടിന്‍ കുഞ്ഞുങ്ങള്‍ തളര്‍ന്ന് കിടപ്പിലാവുകയും മരണം സംഭവിക്കുകയും ചെയ്യും. പെട്ടെന്ന് പടര്‍ന്നു പിടിക്കുന്നതിനാല്‍  പലപ്പോഴും ആട്ടിന്‍  കുട്ടികളുടെ കൂട്ടമരണത്തിന് കോക്സീഡിയ വഴിയൊരുക്കും. രോഗം തടയുന്നതിനായി കുഞ്ഞുങ്ങളെ പാർപ്പിച്ചിരിക്കുന്ന കൂടുകൾ നനവില്ലാതെ എപ്പോഴും ഉണക്കമുള്ളതായി സൂക്ഷിക്കണം. ആവശ്യമെങ്കിൽ കൂടിന്റെ തറയിൽ വൈക്കോൽ വിരിപ്പ് ഒരുക്കാം. കുഞ്ഞുങ്ങൾക്ക് നൽകുന്ന തീറ്റയിലും കുടിവെള്ളത്തിലും മുതിർന്ന ആടുകളുടെ കാഷ്ടം കലരാതെ ശ്രദ്ധിക്കണം. ഒരു കൂട്ടിൽ കൂടുതൽ കുഞ്ഞുങ്ങളെ തിങ്ങി പാർപ്പിക്കുന്നത് ഒഴിവാക്കണം. 

മൂന്ന് മാസം പ്രായം വരെ പാൽ തന്നെയാണ് ആട്ടിൻ കുട്ടിയുടെ പ്രധാന തീറ്റ. രണ്ടാഴ്ച പ്രായം മുതൽ കിഡ് സ്റ്റാർട്ടർ തീറ്റ നൽകാം. മാംസ്യത്തിന്റെ അളവുയര്‍ന്ന (കൂടുതല്‍ പിണ്ണാക്ക്) തീറ്റയാണ് കിഡ് സ്റ്റാർട്ടർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com