ADVERTISEMENT

10 ലീറ്ററോളമാണ് കേരളത്തിലെ സങ്കരയിനം പശുക്കളുടെ ശരാശരി ഉൽപാദനമെന്നാണ് കണക്ക്. ഒരു പശുവിനെ വാങ്ങി തൊഴുത്തിലെത്തിച്ചു കഴിയുമ്പോൾ പ്രതീക്ഷിച്ച അളവിൽ പാൽ കിട്ടുന്നില്ലെന്നോ അല്ലെങ്കിൽ നല്ല രീതിയിൽ പാൽ തന്നുകൊണ്ടിരുന്ന പശുവിന്റെ പാൽ പെട്ടെന്ന് കുറഞ്ഞു പോയതായോ പരാതികൾ കേൾക്കാറുണ്ട്. ഇതിന്റെ കാരണം കണ്ടെത്താൻ ശ്രമിക്കുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ അറിയുക

1. പശുവിന്റെ പാലളവ് അതിന്റെ ജനിതക ശേഷിയെ ആശ്രയിച്ചിരിക്കുന്നു. നല്ല ജനിതകഗുണമുള്ളവയ്ക്ക് ആവശ്യമായ മെച്ചപ്പെട്ട പരിപാലനം നൽകിയാൽ അവർ പരമാവധി പാൽ ചുരത്തും. ജനിതകശേഷിയില്ലാത്തവയ്ക്ക് എത്ര നല്ല പരിചരണം നൽകിയാലും ഉൽപാദനം പരിമിതമാകുന്നു. ശുദ്ധ ജനുസ്സുകളിൽ നിന്നു വ്യത്യസ്തമായി സങ്കരയിനം പശുക്കളുടെ ജനിതകശേഷി മുൻകൂറായി ഉറപ്പിക്കാൻ പ്രയാസമുണ്ട്. അതിനാൽ പാൽ കുറയുന്നതിൽ ആദ്യം സംശയിക്കേണ്ടത് ഉരുവി‌ന്റെ ജനിതക ശേഷിയേയാണ്. കിടാവുകളെയോ കിടാരികളെയോ ഫാമിൽ വളർത്തി ഗർഭവതിയാക്കി പ്രസവിപ്പിച്ചാലും, ഗർഭിണിയായ പശുവിനെ വില കൊടുത്തു വാങ്ങുമ്പോഴും പാൽ കറന്നെടുത്ത് പാലിന്റെ അളവറിയാൻ കഴിയില്ല

2. പ്രസവശേഷമുള്ള പശുവിനെയാണ് വാങ്ങുന്നതെങ്കിൽ പാൽ കറന്ന് അളവറിയാൻ കഴിഞ്ഞേക്കാം. അപ്പോഴും പശു കറവയുടെ ഏതു ഘട്ടത്തിലാണെന്നത് പലപ്പോഴും അറിയാൻ പറ്റാറില്ല. കറവക്കാലത്തിന്റെ വിവിധ ഘട്ടങ്ങളിൽ പാലളവിൽ വ്യത്യാസമുണ്ടെന്നറിയണം.

പത്തു മാസത്തോളം നീളുന്ന പശുവിന്റെ കറവക്കാലം പല ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. പ്രസവശേഷം പാലുൽപാദനം ക്രമമായി  ഉയരുകയും 6-8  ആഴ്ചയില്‍ ഏറ്റവും ഉയര്‍ന്ന ഉൽപാദനത്തിലെത്തുകയും ചെയ്യുന്നു. പിന്നീട് പാലുൽപാദനം പ്രതിമാസം 8-10 ശതമാനം എന്ന നിരക്കില്‍ കുറഞ്ഞു വരികയും ചെയ്യുന്നു. അടുത്ത പ്രസവത്തിനു രണ്ടു മാസം മുമ്പ് കറവ അവസാനിപ്പിക്കുകയും, പശുക്കള്‍ക്ക് വറ്റുകാല വിശ്രമം നല്‍കുകയുമാണ് നടപ്പു രീതി. പരമാവധി ഉൽപാദനം ലഭിക്കുന്ന ഘട്ടത്തില്‍  ഒരു ലീറ്റര്‍ കുറവുണ്ടായാല്‍ ആ കറവക്കാലത്തെ  പാലിന്റെ അളവ് 200 ലീറ്ററോളം കുറവായിരിക്കുമെന്ന് കണക്കുകള്‍ പറയുന്നു. അതിനാല്‍ കറവയുടെ ഓരോ ഘട്ടത്തിലും കൃത്യമായ പരിപാലനം നല്‍കുകയും ഉൽപാദനത്തില്‍ കുറവുണ്ടായാല്‍  ഒരു വെറ്ററിനറി ഡോക്ടറുടെ സഹായത്തോടെ കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കുകയും വേണം.  

3. പ്രസവത്തിനു മുമ്പ് രണ്ടു മാസം പശുക്കള്‍ക്ക് വറ്റുകാലം നല്‍കിയിരിക്കണം. കറവയുടെ അവസാനകാലത്തും വറ്റുകാലത്തും അമിതമായ തീറ്റ നല്‍കി പശുവിനെ വണ്ണം വയ്പ്പിക്കുന്നത് പ്രസവശേഷം തീറ്റയുടെ അളവ് കുറയ്ക്കുകയും പരമാവധി ഉൽപാദനത്തിലെത്താൻ തടസ്സമാവുകയും ചെയ്യും. വറ്റുകാലത്തില്‍ നിന്ന് പ്രസവത്തോടടുക്കുന്ന സമയത്ത് നല്‍കുന്ന തീറ്റ ഏറെ പ്രധാനമാണ്.

4. പ്രസവശേഷം ആദ്യത്തെ 2 മാസം വരെ പശുവിനു കാര്യമായ അളവിൽ തീറ്റയെടുക്കാൻ കഴിയാത്തതിനാൽ നൽകുന്ന തീറ്റ പോഷക സാന്ദ്രമാവണം. പ്രസവശേഷം നല്‍കേണ്ട തീറ്റ പ്രസവത്തിനു മുമ്പേ തന്നെ നല്‍കി തുടങ്ങി പരിചയപ്പെടുത്തണം. ഊര്‍ജവും ധാന്യങ്ങളും കൂടുതല്‍ അടങ്ങിയ സാന്ദ്രിത തീറ്റ കറവയുടെ തുടക്കത്തില്‍ നല്‍കിയില്ലെങ്കില്‍ ഉയര്‍ന്ന ഉൽപാദനത്തിലെത്താന്‍ പശുക്കള്‍ക്ക് കഴിയില്ല. എന്നാൽ ഇതോടൊപ്പം തീറ്റയിൽ കൃത്യമായ അളവിൽ ഫലപ്രദമായ നാരിന്റെ അളവ് ഉറപ്പാക്കിയില്ലെങ്കിൽ അസിഡോസിസ് ഉണ്ടായി പാൽ കുറയും. ഒപ്പം മറ്റ് ആരോഗ്യ പ്രശ്നങ്ങളുമുണ്ടാകാം. പ്രസവശേഷം തീറ്റതിന്നു തുടങ്ങുമ്പോൾ തീറ്റയുടെ അളവ് ഓരോ 4 ദിവസം കൂടുമ്പോഴും അരക്കിലോഗ്രാം കൂട്ടിക്കൊടുക്കുന്ന 'ചലഞ്ച് ഫീഡിങ്' രീതി പരീക്ഷിച്ചാല്‍ പരമാവധി  ഉത്പാദനത്തിലെത്താൻ എത്ര തീറ്റ വേണമെന്നറിയാം. പാലിന്റെ ഉൽപാദനം കൂടുന്നില്ലെങ്കില്‍ തീറ്റയുടെ അളവ് പര്യാപ്തമായെന്ന് മനസിലാക്കി, അതേ അളവ് നിലനിർത്തുക.

dairy-farm-jins-4

5. തീറ്റപ്പുല്ലില്‍ നിന്നു കിട്ടേണ്ട  ശുഷ്‌കാഹാരഭാഗം (ഡ്രൈ മാറ്റര്‍), ഫലപ്രദമായ  നാരുകളുടെ അളവ് എന്നിവയിലുണ്ടാകുന്ന കുറവ് പശുവിന്റെ ദഹനത്തെ ബാധിക്കുകയും ഉൽപാദനം ഉയര്‍ന്ന അളവിലെത്തുന്നത് തടയുകയും ചെയ്യുന്നു. ശരീരഭാരത്തിന്റെ 1.5 ശതമാനം എന്ന നിരക്കില്‍  (20-30 കിലോഗ്രാം പച്ചപ്പുല്ല്) തീറ്റപ്പുല്ലില്‍ നിന്നുള്ള ശുഷ്‌ക പദാർഥങ്ങള്‍ കിട്ടുന്നുണ്ടെന്നു ഉറപ്പാക്കണം.

6. കറവയുടെ വിവിധ ഘട്ടങ്ങളിൽ ഊർജം, മാംസ്യം, കാത്സ്യം, ഫോസ്ഫറസ്,  മഗ്നീഷ്യം, സള്‍ഫര്‍, ഉപ്പ് എന്നിവയുടെ അളവും പാലുൽ‌പാദനത്തെ ബാധിക്കും.

7. കറവയുള്ള പശുവിന് യഥേഷ്ടം ശുദ്ധജലം ലഭ്യമാക്കിയാൽ പാലളവിൽ 10% വരെ വർധനയുണ്ടാകും. ശുദ്ധമായ ജലം ആവശ്യത്തിനും  സമയത്തും ലഭ്യമാക്കുന്നുവെന്ന് ഉറപ്പുവരുത്തണം. കുടിവെള്ളം ഓട്ടോമാറ്റിക് സംവിധാനത്തിലാക്കുന്നത് ഉത്തമം.

8. പ്രസവത്തിനു ശേഷം കറവയുടെ ആദ്യഘട്ടത്തിൽ പാൽ കൂടുതൽ ലഭിക്കുമെന്നു കരുതി അമിതമായി നല്‍കുന്ന കൊഴുപ്പ്, ധാന്യഭക്ഷണം, എളുപ്പം ദഹിപ്പിക്കാവുന്ന അന്നജം എന്നിവ നല്‍കുന്നത് ദഹനത്തെ ബാധിക്കുകയും ദീര്‍ഘകാലം നിലനില്‍ക്കുന്ന അസിഡോസിസ് വരുത്തി വയ്ക്കുകയും ചെയ്യുന്നു. പാല്‍ പെട്ടെന്നു കുറയാനിടയുള്ള ഏറ്റവും പ്രധാന കാരണങ്ങളിലൊന്നാണിത്. സാന്ദ്രാഹാരത്തിന്റെയും, പരുഷാഹാരത്തിന്റെയും അനുപാതം കൃത്യമല്ലാത്തതാണ് കാരണം. ഉയര്‍ന്ന ഉൽപാദനത്തില്‍ ഖരാഹാരവും പരുഷാഹാരവും തമ്മിലുള്ള അനുപാതം 60:40 എന്ന വിധത്തിലും പിന്നീട്  50:50 അല്ലെങ്കില്‍ 40:60 എന്ന രീതിയിലും ആയിരിക്കണം. ഉയര്‍ന്ന ഉൽപാദന ശേഷം കറവയുടെ അടുത്ത ഘട്ടത്തിലെത്തുമ്പോള്‍ തീറ്റയില്‍ സാന്ദ്രാഹാരത്തിന്റെ അളവ് കുറഞ്ഞാല്‍ അതും കറവക്കാലത്തിന്റെ ദൈർഘ്യം കുറയ്ക്കും. മാംസ്യം, അയണ്‍, കോപ്പര്‍, കൊബാള്‍ട്ട്, സെലീനിയം എന്നിവയുടെ കുറവും, വിരബാധയും വിളര്‍ച്ചയിലേക്കും ഉൽപാദന നഷ്ടത്തിലേക്കും വഴിതെളിയിക്കുന്നു. വിഷസസ്യങ്ങള്‍, പൂപ്പല്‍ബാധ എന്നിവ തീറ്റയെടുക്കുന്നത് കുറയ്ക്കുകയും, പാല്‍ പെട്ടെന്ന്  വലിയ അളവില്‍ കുറയാന്‍ ഇടയാക്കുകയും ചെയ്യുന്നു

dairy-farming-cow

9. അകിടുവീക്കമാണ് പശുവിന്റെ പാലുൽപാദനത്തിന്റെ മുഖ്യ ശത്രു. വ്യക്തമായ ലക്ഷണങ്ങളുള്ള അകിടുവീക്കവും, ലക്ഷണരഹിതമായ സബ് ക്ലിനിക്കല്‍ അകിടുവീക്കവും പാലുൽപാദനത്തില്‍ 25-50 ശതമാനം വരെ കുറവു വരുത്താം. ഇതിൽ സബ് ക്ലിനിക്കൽ അകിടു വീക്കത്തിന് പ്രത്യേക ലക്ഷണങ്ങളുണ്ടാവില്ല. എന്നാൽ പാലിൽ കുറവുണ്ടാകും. ഉൽപാദനത്തില്‍ കുറവ് കണ്ടാല്‍ പാല്‍ പരിശോധിച്ച് ലക്ഷണരഹിത അകിടുവീക്കം നിര്‍ണയ കിറ്റ് ( CMT) മൃഗാശുപത്രികളില്‍  ലഭ്യമാണ്. മുലക്കാമ്പുകളില്‍ വ്രണങ്ങളോ മുറിവുകളോ ഉണ്ടോയെന്നും പരിശോധിക്കാം. കറവ സമയത്തുണ്ടാകുന്ന വേദന പാൽ കുറവിന് കാരണമാകും.

10. കറവയന്ത്രം ഉപയോഗിക്കുമ്പോൾ അവയുടെ പ്രവര്‍ത്തനം കൃത്യമാണെന്ന് ഉറപ്പുവരുത്തണം. കൃത്യ സമയത്ത് യന്ത്രം ഘടിപ്പിക്കാനും  മാറ്റാനും ശ്രദ്ധിക്കണം. കറവസമയത്ത് കുത്തിവയ്പുകള്‍ നല്‍കുന്നതും വെറളി പിടിപ്പിക്കുന്ന അസുഖകരമായ വേദനയുണ്ടാക്കുന്ന  സാഹചര്യങ്ങള്‍ ഉണ്ടാകുന്നതും ഒഴിവാക്കണം.

11. പ്രസവ സമയത്തോ ശേഷമോ പ്രത്യക്ഷപ്പെടുന്ന ആരോഗ്യപ്രശ്‌നങ്ങളായ അകിടുവീക്കം, ഗര്‍ഭാശയ വീക്കം, കീറ്റോണ്‍ രോഗം, ആമാശയ സ്ഥാനഭ്രംശം, മറുപിള്ള വീഴാതിരിക്കൽ എന്നിവ ഉയര്‍ന്ന ഉൽപാദനത്തെ തടസപ്പെടുത്തുന്നു..  ശ്വാസകോശ, ആമാശയ പ്രശ്‌നങ്ങള്‍, ആന്തരബാഹ്യ പരാദബാധ എന്നിവ പാലുൽപാദനം കുറയ്ക്കുന്ന പ്രധാന കാരണങ്ങളാണ്. ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍, ഗര്‍ഭമലസല്‍,  സമയമെത്തും മുമ്പേയുള്ള പ്രസവം എന്നിവ  പാല്‍ കുറയുന്നതിന് കാരണമാകും. ഉയര്‍ന്ന പനിയുണ്ടാക്കുന്ന സാംക്രമിക രോഗങ്ങള്‍ പാല്‍ പെട്ടെന്ന് താഴ്ന്നു പോകുന്നതിന് കാരണമാകും. പാദത്തിന്റെയും, കുളമ്പിന്റെയും അനാരോഗ്യം പാലുൽപാദനത്തെ ബാധിക്കുന്നു. കുളമ്പ് ഹൃദയം പോലെ പ്രധാനമാണ് പശുക്കളിലെന്ന് ഓർമിക്കുക

12. ഉയര്‍ന്ന ചൂടും, അന്തരീക്ഷ ആര്‍ദ്രതയും പാലുൽപാദനത്തിന്റെ പ്രധാന ശത്രുക്കളാണ്. തീറ്റയെടുക്കുന്നതിലുണ്ടാകുന്ന കുറവ് പാലുൽപാദനം കുറയ്ക്കുന്നു. അതിനാല്‍ കാലാവസ്ഥയുടെ ആക്രമണത്തിൽനിന്ന് സംരക്ഷണം നല്‍കുന്ന വിധത്തില്‍ തൊഴുത്തിലും ക്രമീകരണങ്ങളുണ്ടെന്ന് ഉറപ്പാക്കണം. ആവശ്യത്തിന്  സ്ഥല സൗകര്യമില്ലാത്ത തൊഴുത്തില്‍ പശുക്കള്‍ക്ക് കിടക്കാന്‍ കഴിയാതെ  വരുന്നതും ദീര്‍ഘ സമയം നില്‍ക്കേണ്ടിവരുന്നതും അവയെ സമ്മര്‍ദ്ദത്തിലാക്കുകയും പാല്‍ ചുരത്താന്‍ മടിക്കുന്ന അവസ്ഥയെത്തുകയും ചെയ്യുന്നു. പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റങ്ങള്‍ പാല്‍ അളവ് കുറയാന്‍ ഇടയാക്കുന്നു. 8 മണിക്കൂറെങ്കിലും കിടന്നു കൊണ്ട് അയവെട്ടാൻ സാധിക്കുന്ന വിധത്തിൽ സ്ഥലസൗകര്യം തൊഴുത്തിൽ ഉറപ്പാക്കണം. തൊഴുത്തിനുള്ളിലെ ഊഷ്മാവും ആർദ്രതയും ചേരുന്ന സൂചകം ( Temperature Humidity Index - THI) പശുക്കളുടെ ക്ഷേമത്തിനുതകുന്ന അളവിലാണോയെന്നതും പരിശോധിക്കേണ്ടതുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com