ADVERTISEMENT

സ്പാനിഷ് കലാകാരനായ സാന്റിയാഗോ സിയറയുടെ സാമ്രാജ്യത്വ വിരുദ്ധ കലാസൃഷ്ടിയായ യൂണിയൻ ജാക്ക്, വിവാദങ്ങളുടെ പശ്ചാത്തലത്തിൽ 2021 ഡാർക്ക് മോഫോ ഫെസ്റ്റിവലിൽ നിന്ന് പിൻവലിച്ചു. ബ്രിട്ടീഷ് കോളനിവൽക്കരണത്തിന്റെ ഇരകളുടെ രക്തത്തിൽ പതാക നനയ്ക്കുക എന്നതായിരുന്നു കലാസൃഷ്ടിയുടെ പദ്ധതി. ബ്രിട്ടൻ കോളനിവൽക്കരിച്ച ദേശങ്ങളിലെ ആദിവാസികൾ ഉൾപ്പെടെയുള്ള ഗ്രൂപ്പുകളെ പദ്ധതിയിലേക്ക് രക്തം ദാനം ചെയ്യാൻ സിയറ ക്ഷണിച്ചു. കൃത്യമായും കൊളോണിയൽ വിരുദ്ധമായ ഈ നീക്കം വ്യാപകമായി വിമർശിക്കപ്പെട്ടു. സിയറ വംശീയവാദിയാണെന്നും അദ്ദേഹത്തിന്റെ കലാസൃഷ്ടി കോളനിവൽക്കരണത്തിന്റെ പ്രയോഗരൂപമാണെന്നുമെല്ലാം വിമർശിക്കപ്പെട്ടു. ആദിവാസിശരീരങ്ങൾ വെള്ളക്കാരന്റെ കുറ്റബോധത്തെ മറയ്ക്കുന്ന കലയ്ക്കായുള്ള ഉപകരണങ്ങളല്ലെന്നും അതിനാൽത്തന്നെ സിയറയുടെ സൃഷ്ടി കൊളോണിയലിസത്തിന്റെ ഹിംസയെ മഹത്വവൽകരിക്കുന്ന ഒന്നാണ് എന്നുമായിരുന്നു വിമർശകരുടെ വാദം. ടാസ്മാനിയൻ അബോറിജിനൽ ലാൻഡ് കൗൺസിലിന്റെ ചെയർമാൻ മൈക്കൽ മാൻസെൽ ഉൾപ്പെടെയുള്ള ചുരുക്കം ചിലർ ഈ വീക്ഷണങ്ങളോട് വിയോജിച്ചു. ആദിമനിവാസികളുടെ ഭൂമി സമാധാനപരമായാണോ അക്രമാസക്തമായാണോ കൈക്കലാക്കിയത് എന്ന ചോദ്യമാണ് സിയറയുടെ സൃഷ്ടി ഉയർത്തുന്നത് എന്ന് അവർ വാദിച്ചു. ആധുനികസ്വത്വരാഷ്ട്രീയത്തിന്റെ പരിമിതികളെ സംബന്ധിക്കുന്ന സംവാദങ്ങളിലെ ഒരു സവിശേഷസന്ദർഭമായി ഈ സംഭവത്തെ സാറാ ഗർണാം നിരീക്ഷിക്കുന്നുണ്ട്.     

ഏതാണ്ട് ഇതേകാലത്ത് കേരളത്തിന്റെ കലാചരിത്രസംവാദത്തിന്റെ മണ്ഡലത്തിൽ ഒരു സംഭാഷണത്തിന് ആരംഭം കുറിക്കപ്പെട്ടു. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പരമ്പരയായി ആരംഭിച്ച ആ സംഭാഷണം 'കലാകാരി; ദൃശ്യകലയിലെ ജെൻഡർ രാഷ്ട്രീയം' എന്ന പുസ്തമായി ഇപ്പോൾ വായനക്കാരിലേക്ക് പുറപ്പെടാനൊരുങ്ങുകയാണ് (ലേഖനം എന്നതിന് പകരം സംഭാഷണം എന്ന വാക്ക് ബോധപൂർവം തന്നെ ഉപയോഗിക്കുന്നതാണ്). ദൃശ്യകലാചരിത്രത്തിന്റെ അടിയടരുകളിൽ നിന്ന് അദൃശ്യരാക്കപ്പെട്ട മനുഷ്യരുടെ ഭാഷണം കണ്ടെടുക്കാനുള്ള വിപുലമായ പരിശ്രമമാണ് ഈ പുസ്തകം. അദൃശ്യതയുടെ ജീവചരിത്രമെഴുതാനുള്ള പരിശ്രമങ്ങൾ ഏത് സാഹിത്യത്തെയും കൂടുതൽ നീതിബോധമുള്ള വ്യവഹാരമാക്കി മാറ്റുന്നുണ്ട്. ബഷീറിന്റെ ജനകീയതയെക്കുറിച്ചെഴുതുമ്പോൾ രാഷ്ട്രഭാവന ഓരങ്ങളിലേക്ക് തള്ളിമാറ്റിയ പുറമ്പോക്കുകളുടെ ചരിത്രമാണ് ബഷീർ എഴുതുന്നതെന്നും അതിനാൽ അതിനെ പുറമ്പോക്ക് സാഹിത്യം (MINOR LITERATURE) എന്ന് വിളിക്കാനാവുമെന്നും നിരീക്ഷിക്കുന്നുണ്ട് റഫീഖ് ഇബ്രാഹിം. കവിതാ ബാലകൃഷ്ണന്റെ പുസ്തകവും ആ അദൃശ്യതയിലാണ് കേന്ദ്രീകരിക്കുന്നത്. ദൃശ്യകലാചരിത്രപാഠങ്ങൾ അദൃശ്യമാക്കിയ ചില പുറമ്പോക്കിലേക്കാണ് കവിത നോക്കുന്നത്. മറ്റൊരർഥത്തിൽ ദൃശ്യകലയിലെ 'മൈനർ' ജീവിതങ്ങളും അവരുടെ വേദനകളും സമരങ്ങളുമാണ് കവിതയുടെ പുസ്തകത്തിന്റെ കേന്ദ്രപ്രമേയമാവുന്നത്.

കലയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും 'സമഗ്രവീക്ഷണങ്ങൾ' ആണ് വേണ്ടതെന്ന പൊതുബോധം ശക്തമായതിനാൽ ചരിത്രത്തിൽനിന്നും സ്ത്രീകളെ അടർത്തിയെടുത്ത് പഠിക്കുന്നത് പക്ഷപാതിത്വമാണ് എന്ന വിമർശനം ഇങ്ങനെയൊരു പുസ്തകത്തിന് നേരെ ഉയർത്തപ്പെടാം എന്ന് ആമുഖത്തിൽ എഴുതുന്നുണ്ട് കവിത. ചരിത്രപരമായി ലോകത്തെ മഹാഭൂരിപക്ഷം മനുഷ്യർക്കും യഥാർഥത്തിൽ ഇടപാടില്ലാത്ത സങ്കുചിതമായ ഉയർന്ന കലയുടെ അധികാരമേഖലയെ ആണ് പൊതുബോധം 'സമഗ്രം' എന്നു കാണുന്നത് എന്ന പ്രതിആഖ്യാനം കൊണ്ടാണ് പുസ്തകം അതിനെ നേരിടുന്നത്. അപ്പോഴും ഒരു ചോദ്യം ബാക്കിയാവുന്നുണ്ട്. വിഭാഗീയമായ ഒരു ചരിത്രത്തെ നിർമ്മിക്കാൻ ഉപയോഗിച്ച ഉപകരണം മാത്രമാണ് സമഗ്രതയെങ്കിൽ അതിനെ മറ്റൊരു തരം വിഭാഗീയത കൊണ്ട് നേരിട്ടിട്ട് എന്തു കാര്യം എന്നതാണത്. വളരെയെളുപ്പം സ്വത്വരാഷ്ട്രീയപ്രമേയത്തിലേക്ക് വഴുതിവീഴാവുന്ന ഒരു ആലോചനയെ ആണ് കവിത ഇവിടെ രാഷ്ട്രീയജാഗ്രതയോടെ നേരിടുന്നത്. കലാകാരൻ എന്ന പുല്ലിംഗത്തിന്റെ സ്ത്രീലിംഗപരിഭാഷയല്ല കലാകാരി എന്ന് അവർ എഴുതുന്നുണ്ട്. ശിൽപ്പകല, ഫോട്ടോഗ്രഫി, ഇൻസ്റ്റലേഷൻ, മ്യൂറൽ പെയിന്റിങ്, ഫാബ്രിക് പെയിന്റിങ് തുടങ്ങിയ ഏതെങ്കിലും പ്രവൃത്തിയിൽ ഏർപ്പെടുന്ന ഒരു സ്ത്രീ എന്നു കേവലാർഥത്തിൽ എടുക്കാവുന്ന ഒന്നായിട്ടുമല്ല കവിത ബാലകൃഷ്ണൻ 'കലാകാരി' എന്ന വാക്ക് പ്രയോഗിക്കുന്നത്. കലാകാരി ഇവിടെ ഒരാളല്ല, സാമൂഹികമായ അനേകം അടരുകളുള്ള ഒരാശയമാണ്.

'ചരിത്രത്തിൽ കലാകാരികൾ ഉണ്ടായത് എങ്ങനെ?' എന്നൊരു ചോദ്യം പരിഗണിച്ചുകൊണ്ട്  ഭാവനയുടെ ചരിത്രത്തിലെ ചില സാമൂഹികാധികാരഘടനകളിൽ അപ്രസക്തരായിരുന്ന മനുഷ്യരെയും അവർ നിർമ്മിച്ചിരുന്ന കലാഭാഷകളേയും വ്യക്തമായി കാണാനാണ് പുസ്തകം ശ്രമിക്കുന്നത്. അതിനാൽത്തന്നെ കവിത ബാലകൃഷ്ണന്റേത് കേവലമായ സ്ത്രീപക്ഷവിചാരമല്ല. അതിനകമേയുള്ള മൂലധനതാൽപര്യങ്ങളെക്കുറിച്ചുള്ള ആലോചനകളിലേക്ക് കൂടി വികസിപ്പിക്കാവുന്ന ഒരു പ്രമേയമാണ്. ചരിത്രത്തിൽ എല്ലാക്കാലത്തും കലാകാരികൾ ഉണ്ടായിരുന്നെങ്കിലും പ്രസക്തിയും അനശ്വരതയും കൽപ്പിക്കപ്പെട്ടത് പുരുഷാധിപത്യത്തിനും അതിനെ പരിപാലിക്കുന്ന മൂലധനതാൽപര്യങ്ങൾക്കുമായിരുന്നു. മൂലധനചൂഷണത്തിന്റെ ആ ബൃഹദാഖ്യാനത്തെ കവിത കാണാതിരിക്കുന്നില്ല. കവിതയുടെ കലാകാരികളിൽ നെയ്ത്തുകാരും വീട് മെനഞ്ഞവരും തുണികൾ തുന്നിയെടുത്തവരും പലതരം ഇടങ്ങളും വിഭവങ്ങളും പണിതവരുമുണ്ട്.  അതുകൊണ്ട് 'കലാഭാഷ' എന്നത് ഇവിടെ ഒരു 'സ്റ്റുഡിയോഭാഷ' മാത്രമല്ല. അത് പുറമ്പോക്കിന്റെ കൂടി ഭാഷയാണ്. 

ദൃശ്യകല തന്നെ ഏറെക്കുറെ സങ്കീർണമായ ഒരു വ്യവഹാരമായിരിക്കെ അതിനകമേ നടക്കുന്ന ഇത്തരമൊരു സംഭാഷണം കൊണ്ട് വായനക്കാർക്കെന്ത് കിട്ടും എന്നൊരു ചോദ്യം ഈ പുസ്തകം പുറത്തുവരുന്നതോടെ ഉയർന്നു വന്നേക്കും. ഈ പുസ്തകത്തിനൊപ്പം ഏറെക്കാലമായി സഞ്ചരിക്കുന്ന ഒരാളെന്ന നിലയിൽ വ്യക്തിപരമായ തോന്നൽ ഇവിടെ പങ്കുവയ്ക്കാം. മംഗളാഭായി തമ്പുരാട്ടിയേയും പത്മിനിയേയും പോലെയുള്ള വളരെ കുറച്ചു കലാകാരികളുടെ പേരുകൾ മാത്രമേ ചിത്രകലയിൽ താൽപ്പര്യമുള്ളവരുടെ പോലും ഓർമ്മയിലുണ്ടാവൂ. അങ്ങനെയൊരിടത്ത് സത്യഭാമ (വിഷ്ണുപ്രിയന്റെ അമ്മായി) എന്നൊരു തൊഴിലാളിസ്ത്രീയും (മറ്റനേകം സ്ത്രീകളും) അവരുടെ ദൈനംദിനജീവിതം പ്രമേയമായി ആവിഷ്‌കരിക്കുന്ന കലയും ചർച്ചയുടെ കേന്ദ്രമാവുന്നത്. കലയെയും ജീവിതത്തെത്തന്നെയും സംബന്ധിക്കുന്ന പൊതുബോധത്തെ അത് അസ്വസ്ഥമാക്കും എന്നുറപ്പാണ്. കവിതാ ബാലകൃഷ്ണന്റെ പുസ്തകത്തെക്കുറിച്ചെഴുതാനിരിക്കുമ്പോൾ സിയറയുടെ കലാസൃഷ്ടി വഴിതുറന്ന സംവാദങ്ങളെക്കുറിച്ചോർക്കുന്നതും അതുകൊണ്ടാണ്.

Content Summary: Malayalam Book 'Drishyakalayile Gender Rashtreeyam' by Kavitha Balakrishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com