ADVERTISEMENT

ഒരു വർഷം കൊണ്ട് അയ്യായിരം കോപ്പികളുമായി വായനക്കാരിലേക്ക് കടന്ന് ചെല്ലുന്ന ബാലസാഹിത്യ പുസ്തകങ്ങൾ ഇന്ന് മലയാളത്തിൽ അപൂർവമായി മാത്രമാണ് ഉണ്ടാകുന്നത്. ദേവലാൽ ചെറുകര രചിച്ച മായൻ കടുവ എന്ന ബാലസാഹിത്യ നോവൽ അഞ്ചാം പതിപ്പിലെത്തി ആ നേട്ടം കൈവരിച്ചിരിക്കുന്നു. ‘‘പ്രകൃതിയെ മെരുക്കാനുള്ള ഏറ്റവും നല്ല മാർഗം അതിനെ കീഴ്പ്പെടുത്തുകയല്ല, മനസ്സിലാക്കുകയാണ് എന്ന തത്വം ഇത്ര മനോഹരവും ആത്മാർഥവുമായി പകർന്ന് നൽകിയ മറ്റൊരു രചന അടുത്ത കാലത്തൊന്നും വായിച്ചിട്ടില്ല. കുട്ടികൾക്ക് മാത്രമല്ല എല്ലാ പ്രായക്കാർക്കും വേണ്ടിയുള്ള പുസ്തകമാണ് ഇതെന്ന് ഞാൻ വിശ്വസിക്കുന്നു. മൃഗങ്ങളേയും കാടിനേയും കുറിച്ച് ആഴത്തിലുള്ള പഠനത്തിന് ശേഷമാണ് ഈ നോവൽ എഴുതിയിരിക്കുന്നത്.’’ എന്ന് എഴുത്തുകാരി കെ.ആർ.മീര അവതാരികയിൽ എഴുതിയത് കുട്ടികളും മുതിർന്നവരും ഒരു പോലെ ഈ നോവൽ സ്വീകരിക്കും എന്ന വിശ്വാസത്തിലാണ്. അത് സത്യമായിരിക്കുന്നു, ഈ നോവൽ പ്രായഭേദങ്ങളില്ലാതെ മലയാളി ഏറ്റെടുത്തിരിക്കുന്നു.

വായന കുറഞ്ഞു പോയ ഈ കാലത്ത് അതിവേഗമാണ് അയ്യായിരം കോപ്പികൾ എന്ന വലിയ വിജയത്തിലേക്ക് ഈ പുസ്തകം എത്തിയത്. വനവും മനുഷ്യ പ്രകൃതിയും തമ്മിലുള്ള നാഭീ - നാള ബന്ധം ലളിതവും മനോഹരവുമായി വരച്ചിടുന്ന ഉൾക്കാമ്പു നിറഞ്ഞ ഉദാത്തമായ നോവലാണിത്. കാടില്ലെങ്കിൽ മനുഷ്യനില്ല, ജീവാമൃതബിന്ദുവും ആരംഭവും അവസാനവും കാടു തന്നെയാണ്. ഈ ഭൂമി ആർത്തി പൂണ്ട മനുഷ്യനു മാത്രമുള്ളതല്ല, പക്ഷികളും മൃഗങ്ങളും പുഴുവും പല്ലിയും പറവകളും ഹരിതസമൃദ്ധിയുടെ കാടകങ്ങളും ഉൾച്ചേർന്ന ജൈവസ്ഥലികളുടെ വെറും വിളവെടുപ്പുകാരനാണ് മനുഷ്യൻ എന്ന് ഈ കൃതി പറഞ്ഞു വയ്ക്കുന്നു. മാതാപിതാക്കളെ സ്നേഹിക്കണമെന്നും ഒരിക്കലും ലഹരി ഉപയോഗിക്കരുതെന്നും ചില കഥാപാത്രങ്ങൾ അവരുടെ ജീവിതം കൊണ്ടാണ് നമ്മോട് പറയുന്നത്. വായനക്കാർക്ക് ഉപദേശമെന്നു തോന്നാത്ത രീതിയിൽ അവർ പോലുമറിയാതെ മനോഹര ഭാഷയിൽ കഥാകാരൻ നന്മയുടെ പാത തെളിച്ചു കൊടുത്തിരിക്കുന്നു.

ഈ പുസ്തകം വീണ്ടും വായിക്കാൻ കുട്ടികൾ രക്ഷിതാക്കളെ നിർബന്ധിക്കുന്നത് അവർ ഇതിലെ കഥാപാത്രങ്ങളെ അത്രമേൽ സ്നേഹിക്കുന്നത് കൊണ്ടാണ്. ആനയുടെയും കടുവയുടേയുമൊക്കെ അതിശയം കലർന്ന ജീവിതം അധികമാരും പറഞ്ഞു കേട്ടിട്ടില്ല. കാട്ടിലെ ജീവികളെക്കുറിച്ച് നന്നായി പഠിച്ച് ആധികാരികമായി എഴുതിയിരിക്കുന്നതിനാൽ മുതിർന്നവർക്കും ഈ പുസ്തകം പുതിയ അറിവുകൾ സമ്മാനിക്കും. വായനയ്ക്കിടയിൽ ചിലപ്പോൾ കണ്ണുകൾ നിറയും, ചിലപ്പോൾ അതിശയം കൊണ്ട് രോമം എഴുന്നേറ്റ് നിൽക്കും. യുദ്ധവും സ്നേഹവും അതിശയവും നിറച്ച്  കാട്ടിലൂടെയുള്ള ഒരു യാത്രയാണ് മായൻ കടുവ.

തേനീച്ചയും കടുവയും ആനയും ഗ്രാമത്തിലെ കൂട്ടുകാരുമൊക്കെ നമ്മുടെ കൺമുന്നിലൂടെ കഥ പറഞ്ഞ് നടന്ന് പോകുന്ന ഒരനുഭവമാണ് ഈ പുസ്തക വായന നമുക്ക് സമ്മാനിക്കുന്നത്. മണ്ണു മര്യാദകളുടെ സഹജാവബോധം മുതിർന്നവരിലും കുട്ടികളിലും നിറയ്ക്കുന്ന, ഏവരെയും ആർദ്രയുള്ള സഹജീവിയാകാൻ നിർബന്ധിക്കുന്ന

ഉദാത്തമായ കൃതിയാണിത്. ഈ പുസ്തകം മലയാളത്തിനു സമ്മാനിച്ചതിന് എഴുത്തുകാരനോട് നന്ദി പറയാതിരിക്കാനാവില്ല. അഞ്ച് പതിപ്പിൽ നിന്ന് നിരവധി പതിപ്പുകൾ പിന്നിടാനുള്ള ശക്തി ഈ പുസ്തകത്തിനുണ്ട്. മാത്യു എം. കുഴിവേലി ബാലസാഹിത്യ പുരസ്കാരം നേടിയ ഈ കൃതി ഇനിയും നിരവധി വലിയ പുരസ്കാരങ്ങൾ കരസ്ഥമാക്കും എന്നതിൽ സംശയമില്ല.

തയാറാക്കിയത്: എറണാകുളം മഹാരാജാസ് കോളജിലെയും ലോ കോളജിലെയും പ്രഫസറായിരുന്ന ഡോ. തോമസ് വി. പുളിക്കൻ.

Content Summary: Malayalam Book 'Mayan Kaduva' by Devalal Cherukara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com