ADVERTISEMENT

ദുരിതങ്ങൾ സഹിക്കുന്നവർ എന്നും ഒറ്റയ്ക്കാണ്. ദുരിതത്തിലും അതിനു ശേഷവും എന്തായാലും തനിച്ചാണ്. ആ തനിച്ചാവലോളം വരില്ല മരണത്തിന്റെ ഏതു നഷ്ടപ്പെടലും. ദുരിതങ്ങൾ സഹിക്കുന്നവർക്ക് എന്നും മരിച്ചുജീവിക്കണം. കനലിലൂടെ നടക്കണം. നിങ്ങൾക്ക് ഒക്കെ മറന്ന് സുഖമായി ജീവിച്ചൂടേ എന്നു കേട്ടുകൊണ്ടു വേണം അവരുടെ ദിവസങ്ങൾ അവസാനിക്കാൻ. ഒരുപക്ഷേ മരണം പോലും മരിച്ചു ജീവിക്കുന്നവരുടെ മുന്നിൽ ഒറ്റയടിക്കു വരില്ല. പതുക്കെ... പതുക്കെ... മാത്രമേ വരൂ. 

വിശ്വസിച്ചവരിൽ നിന്നും ആശ്രയിച്ചവരിൽ നിന്നും നേരിടേണ്ടിവന്ന മരണത്തേക്കാൾ മാരകമായ അനുഭവങ്ങളാണ് എച്ച്മുക്കുട്ടിയെ അറിയപ്പെടുന്ന എഴുത്തുകാരിയാക്കിയത്. സഹിച്ചും ക്ഷമിച്ചും പോരാടിയും ദുരിതക്കടൽ നീന്തിയ അവർ അനുഭവങ്ങൾ മറയില്ലാതെ എഴുതിയതോടെ ഞെട്ടിപ്പിക്കുന്ന അധ്യായങ്ങൾ വായിക്കാൻ മലയാളം നിർബന്ധിതമായി. പല ധാരണകളും അബദ്ധമാണെന്നു മനസ്സിലാക്കി തിരുത്തേണ്ടിവന്നു. ആരാധനാ പാത്രങ്ങളിൽ നിന്നു പലരെയും ഒഴിവാക്കേണ്ടിവന്നു. പെണ്ണിന് ആണ് നരകമാകാത്ത ഒരു ലോകം ഇനിയും ഉരുത്തിരിയേണ്ടതുണ്ടെന്ന തിരിച്ചറിവ് ചിലരിലെങ്കിലും സൃഷ്ടിക്കാനും പ്രാപ്തമായി. അനുഭവങ്ങൾക്കും ഓർമകൾക്കും എച്ച്മുക്കുട്ടി പകർന്ന അക്ഷരക്കൂട്ട് പ്രത്യേകിച്ചാരുടെയും പിന്തുണയും പ്രോത്സാഹനവുമില്ലാതെ വായിക്കപ്പെട്ടു. അതിന്റെ തെളിവാണല്ലോ പുതിയ പതിപ്പുകളും പുതിയ പുസ്തകങ്ങളും. 

ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക, അമ്മച്ചീന്തുകൾ... എച്ച്മുക്കുട്ടി എഴുത്തിലൂടെ സൃഷ്ടിച്ച ലോകം അലസ വായനയ്ക്കുള്ളതല്ല. ഉച്ചമയക്കത്തിനു മുന്നോടിയല്ല. ഭാവനയ്ക്കോ സ്വപ്നങ്ങൾക്കോ കടം കൊടുക്കാനുമല്ല. നാം ഓരോരുത്തരും ഉൾപ്പെട്ട ലോകം എത്ര ക്രൂരമായിരുന്നു എന്നു തിരിച്ചറിയാനുള്ളത്. നമ്മുടെ അവകാശവാദങ്ങൾ എത്ര വ്യാജമായിരുന്നു എന്ന ബോധം ഉദിക്കാൻ.  ഇനിയും മാറേണ്ടതുണ്ടെന്ന വെളിപാടിലേക്ക്. നിസ്സഹായയായി, നിരാധാരയായി ചൊരിയുന്ന ഒരു കണ്ണുനീർത്തുള്ളിക്കുപോലും മനഃസാക്ഷിയുടെ കോടതിയിൽ കണക്ക് ബോധിപ്പിക്കേണ്ടിവരും എന്ന ആത്യന്തിക അറിവിലേക്ക്... ശേഷം ഞാൻ എന്ന കുറിപ്പുകളുടെ സമാഹാരത്തിൽ ഒന്നും മറന്നുകൊണ്ടല്ലെങ്കിലും ക്രൂരകാലത്തിനു ശേഷമെത്തിയ ആശ്വാസത്തുരുത്തിൽ നിന്ന് എച്ച്മുക്കുട്ടി മുന്നിൽ നീളുന്ന പോരാട്ടപാതയിലേക്കു നോക്കുകയാണ്. 

പുറത്തുവരാത്തതു കൊണ്ടുമാത്രം നിലവിളികൾ അതല്ലാവുന്നില്ല. കാണാത്തതുകൊണ്ടു മാത്രം ആരും കരയുന്നില്ലെന്നു ധരിക്കരുത്. പുറമേ കാണുന്നതല്ലാം യാഥാർഥ്യമെന്നും കേൾക്കുന്നവ മാത്രമാണു സത്യമെന്നും കരുതി ജീവിക്കാനും കഴിയില്ല. അപ്രിയ സത്യങ്ങളുണ്ട്. ദുഷ്കര കാഴ്ചകളുണ്ട്. അവ കൂടി പറയുമ്പോൾ, വായിക്കുമ്പോൾ, അറിയുമ്പോൾ മാത്രമാണു ജീവിതം പൂർണമാകുന്നത്.  

എച്ച്മുക്കുട്ടിയുടെ അനുഭവങ്ങൾക്കു നേരെ മുഖം തിരിക്കുന്നവരും വിചാരണ ചെയ്യുന്നവരും വിധി പറയുന്നവരും ഒട്ടേറെയാണ്. അവർക്കുള്ള മറുപടി കൂടിയാണ് പുതിയ പുസ്തകം. ചില പേരുകൾ തുറന്നുപറയാത്തത് പേടി കൊണ്ടാണെന്നും നിയമ നടപടിയെ ഭയന്നിട്ടാണെന്നുമുള്ള ആരോപണങ്ങൾക്കുള്ള മറുപടിയും ഈ പുസ്തകത്തിലുണ്ട്. 

ഏതാനും വിദ്യാർഥികളുമായി എച്ച്മുക്കുട്ടി അടുത്തിടെ സംസാരിച്ചിരുന്നു. ചടുലമായ ചോദ്യങ്ങൾ ചോദിച്ച കുട്ടികൾ തന്നെ അവസാനം എഴുത്തുകാരിയെ കെട്ടിപ്പിടിച്ചു കര‍ഞ്ഞു. അവർക്കുമുണ്ടായിരുന്നു കാലം മായ്ക്കാത്ത മുറിവുകൾ. ഭയവും പേടിയും പരിഭ്രമവൂം ആധിയുമെല്ലാം ചേർന്ന് തീയിൽ വാട്ടിക്കളഞ്ഞ കുട്ടികൾ. പൊട്ടിയും അടർന്നും തേഞ്ഞുമുള്ള വാക്കുകളിൽ അവർ പലതും പറഞ്ഞപ്പോൾ ചങ്ക് കടയുന്ന അനുഭവമായി. 

നമ്മൾ അനുഭവിച്ച വേദനകൾ മറ്റൊരാൾ അനുഭവിക്കുന്നത് നിസ്സഹായതയോടെ നോക്കിനിൽക്കേണ്ടിവരുന്നത് കഠിനദണ്ഡമാണ്. കാലം സ്ത്രീകളുടെ സഹനങ്ങളിൽ നിന്നിടത്തുതന്നെ നിൽക്കുന്നു എന്നറിയുന്നതും സങ്കടകരമാണ്... എച്ച്മുക്കുട്ടിയുടെ എഴുത്തിന്റെ പ്രസക്തിയും ഇതുതന്നെയാണ്. എന്നാൽ, മുഖ്യധാര സമൂഹത്തിൽ നിന്ന് വലിയ പിന്തുണ ലഭിച്ചില്ലെങ്കിലും ഒറ്റപ്പെട്ടവരും മുൻവിധികളില്ലാത്ത വായനക്കരുടെ വലിയൊരു സമൂഹവും എഴുത്തിനൊപ്പം നിന്നതിന്റെ ആശ്വാസം  അക്ഷരങ്ങൾക്കു മൂർച്ച കൂട്ടിയിരിക്കുന്നു. ഇതൊക്കെ സഹിക്കേണ്ടതുതന്നെയല്ലേ.. ഇനിയും മറക്കരുതോ... പൊറുത്തു ജീവിക്കൂ.. പുതിയ തലവേദനകൾ സൃഷ്ടിക്കാതിരിക്കൂ... എല്ലാ തെറ്റും ചെയ്തിട്ടും സമാധാനത്തിന്റെ മുഖംമൂടിയണിഞ്ഞെത്തുന്ന കപടനാട്യക്കാരോട് പൊറുക്കാൻ എച്ച്മുക്കുട്ടി തയാറല്ല. അനുഭവിച്ചതൊന്നും മറക്കാനുള്ളതല്ലെന്നും ആരാണ് പൊറുക്കേണ്ടതെന്നുമുള്ള ചോദ്യമുയർത്തുന്നു. ഇപ്പോഴെങ്കിലും തുറന്നുപറയാൻ തയാറായില്ലെങ്കിൽ എങ്ങനെ മനഃസമാധനത്തോടെ ജീവിക്കുമെന്ന ചോദ്യത്തിന് ആരും ഉത്തരം പറയാത്തിടത്തോളം വായിക്കേണ്ടത് കടമ തന്നെയാണ്. 

ഇതൊക്കെയാണ് എന്റെ അനുഭവങ്ങൾ. ഇതൊക്കെയാണ് ഞാൻ. എന്നെ ഞാനല്ലാതാക്കാൻ മനുഷ്യന്റെ മുഖവും പിശാചിന്റെ മുഖംമൂടിയുമായി ആക്രമിച്ചവർ ഇവരാണ്. കരയാതിരിക്കാൻ എനിക്കു കഴിയില്ല. പറയാതിരിക്കാനും. ഒർമിക്കാതിരിക്കാൻ കഴിയില്ല; എഴുതാതിരിക്കാനും. 

സങ്കടത്തിന്റെ ന‌‌ടുക്കടലിനു നടുവിൽ ഒറ്റയ്ക്കു നിന്ന ഒരാളെയാണ് മുൻ പുസ്തകങ്ങളിൽ കണ്ടതെങ്കിൽ ഇതാദ്യമായി എച്ച്മുക്കുട്ടിയുടെ എഴുത്തിൽ പ്രത്യാശ നിറയുന്നു. അതിനു പ്രധാന കാരണമായ പ്രണയവും സൗഹൃദങ്ങളും പുതിയ പുസ്തകത്തിലെ ഒട്ടേറെ അധ്യായങ്ങളിൽ ഇടംപിടിക്കുന്നു. ക്രൂര കാലത്തിനു ശേഷവും കാത്തിരിക്കുന്ന വെളിച്ചത്തിന്റെ കിരണങ്ങളെക്കുറിച്ച് ഉറപ്പുതരുന്നു. നിലവിളിക്ക് കാതു കൊടുക്കാൻ, തളരുന്ന കൈ താങ്ങിപ്പിടിക്കാൻ, കരയുന്ന കണ്ണുകൾ തോരാൻ വേണ്ടി കാത്തുനിൽക്കാൻ ഇനിയും ചിലരുണ്ടെന്ന ഓർമപ്പെടുത്തൽ. അഭിമാനത്തോടെ ആ മനുഷ്യച്ചങ്ങലയിൽ അണി ചേരാനുള്ള പ്രാർഥനയും. 

യുഗങ്ങളായി നിലനിൽക്കുന്ന പുരുഷാധിപത്യമൂല്യങ്ങളെ ഒരു ആട്ടുകൊണ്ടോ ഒരു തുപ്പു കൊണ്ടോ ഒരു വെളിപ്പെടുത്തൽ കൊണ്ടോ ഒരു സമരം കൊണ്ടോ എന്തിന് ഒരു നോട്ടം കൊണ്ടു പോലുമോ പ്രതിരോധിക്കുന്നത് ശരിയായ രാഷ്ട്രീയമാണ്. പെണ്ണുങ്ങൾ സെലക്ടീവായ പിന്തുണ പിൻവലിക്കുന്നതും പീഡകനൊപ്പം തണലോരത്തൂടെ മറുയാത്ര നടത്തുന്നതും കാലക്രമേണ അവസാനിക്കുമായിരിക്കും. നല്ലതു പ്രതീക്ഷിച്ച്, ഏറ്റവും മോശമായതിനു തയാറെടുത്തുവേണമല്ലോ പെണ്ണുങ്ങളെ, നമ്മൾ സമരം ചെയ്യാൻ.. കാരണം നമ്മുടെ സമരം യുഗങ്ങളായി പുലരുന്ന അനീതിയോടാണല്ലോ. 

Content Summary: Malayalam Book ' Sesham Nhan ' by Echmukkutty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com