ADVERTISEMENT

ലോകത്തിലെ ഏതൊക്കെ പ്രസ്ഥാനങ്ങൾക്കും ആശയങ്ങൾക്കും വ്യക്തികൾക്കും പിഴവ് പറ്റിയിട്ടുണ്ട് എന്നറിയാൻ കെ. വേണുവിനോട് ചോദിച്ചാൽ മതി. പക്ഷേ, വേണുവിന് എന്തു തെറ്റാണു പറ്റിയതെന്ന് ലോകത്തിൽ ആരോടു ചോദിച്ചാലും ഉത്തരം ലഭിക്കാൻ സാധ്യതയില്ല. നക്സലൈറ്റായിരുന്ന കവിയൂർ ബാലൻ പറഞ്ഞത് വെറും വാക്കല്ല. ഒരു കാലഘട്ടത്തിന്റെ സത്യമാണ്. 45 വർഷമായി ആവർത്തിച്ചു പറഞ്ഞിട്ടും എഴുതിയിട്ടും വിശകലനം ചെയ്തിട്ടും വ്യാഖ്യാനിച്ചിട്ടും ഇന്നും ഉത്തരം കിട്ടാത്ത സമസ്യയാണ് വേണുവിന്റെ പരാജയം. കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ദയനീയ തോൽവിയും. 

ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ ഉദ്യോഗസ്ഥനെ ഇന്ത്യയെ അടക്കിഭരിച്ച രാജ്യത്തു പിന്തുടർന്നുചെന്ന് വെടിവച്ചു കൊല്ലുന്നതിൽ വിജയിച്ചവരാണ് നമ്മൾ ഇന്ത്യക്കാർ. സ്വന്തം നാട്ടിലെ ചെറുപ്പക്കാരെ ഉരുട്ടിക്കൊന്ന, വസ്ത്രം അഴിച്ചും അഴിക്കാതെയും പീഡിപ്പിച്ച, ഒരു തലമുറയെ ആഴത്തിൽ വേദനിപ്പിച്ച അടിയന്തരാവസ്ഥക്കാലത്തെ പീഡനത്തിന്റെ ഉത്തരവാദികളുടെ സമീപത്തു ചെല്ലാൻ പോലും നക്സലൈറ്റുകൾക്കു കഴിഞ്ഞിട്ടില്ല. ജയറാം പടിക്കലിനു വധശിക്ഷ വിധിച്ച് അദ്ദേഹത്തെ കൊല്ലാൻ ആയുധവുമായി പുറപ്പെട്ട സംഘത്തിലെ ഒന്നാമൻ കുറ്റബോധവും പശ്ചാത്താപവും സഹിക്കാതെ നാടുവിട്ടത്രേ. അധികാരി വർഗത്തിനെതിരെ ആയുധമെടുത്ത കൈകൾക്ക് പിൽക്കാലത്തു സംഭവിച്ച പരിണാമം ഒരേസമയം വിചിത്രവും രസകരവും എന്നാൽ ദുരന്തപൂർണവുമാണ്.

കൃഷിയിലേക്കു തിരിഞ്ഞവർ. നാടു വിട്ടവർ. ഭക്തിപ്രസ്ഥാനത്തിൽ അഭയം തേടിയവർ. (പീഡനക്കേസിൽ ഉൾപ്പെട്ടവരുമുണ്ട്). കനു സന്യാലിനെപ്പോലെ  ജീവനൊടുക്കിയവർ. ചിലർ വീരകൃത്യങ്ങൾ വീണ്ടും വീണ്ടും അയവിറക്കി, നൂറ്റൊന്നല്ല ആയിരത്തൊന്ന് ആവർത്തിച്ചിട്ടും മതിവരാതെ വീണ്ടും രസകരമായി കഥകൾ പറഞ്ഞു നേരം പോക്കുന്നു. കേൾക്കാൻ ഇന്നുമുണ്ട് ഒട്ടേറെപ്പേർ. വായിക്കാൻ കാത്തിരിക്കുന്നുണ്ട് കണ്ണുകൾ. അടിയന്തരാവസ്ഥയും അതിനെതിരെ നക്സലൈറ്റുകൾ നടത്തിയ ചെറുത്തുനിൽപ്പും പാടിപ്പതിഞ്ഞ കാൽപനിക കഥയായി, ഇതിഹാസമായി, പുരാണമായി, രക്തം പുരണ്ട ഏടായി അവശേഷിക്കുന്നു. എന്നാൽ, യാഥാർഥ്യം എന്താണ്. എന്താണ് അക്കാലത്ത് യഥാർഥത്തിൽ സംഭവിച്ചത്. ആ 21 മാസങ്ങളിൽ. അതിനുശേഷമുള്ള ശിഥിലീകരണത്തിന്റെ കാലത്ത്. ഉത്തരം തരുന്നുണ്ട് രാത്രി മുതൽ രാത്രി വരെ എന്ന നോവൽ. 

ഭീകര രൂപികളായ നിശാശലഭങ്ങൾ പൂർവാധികം ശക്തിയോടെ വീണ്ടും നരകനൃത്തം അടിത്തിമിർക്കുന്നു. പ്രവാഹങ്ങളെ അണകെട്ടി നിർത്താനുള്ള അഭിവാഞ്ഛകൾ അന്യം നിന്നുപോകുന്നു. അഞ്ചു വർഷത്തോളം ചരിത്രം ഭീതിയിലേക്കു വഴിച്ചിഴയ്ക്കുന്ന അവസ്ഥ വേട്ടയാടിയ പി.കെ.ശ്രീനിവാസൻ ആ ഇരുണ്ട കാലത്തിൽ നിന്നു പുറത്തുവന്നത് ഒരു പുസ്തകവുമായാണ്. അതാണ് രാത്രി മുതൽ രാത്രി വരെ. 21 മാസത്തെ തീഷ്ണവും തീവ്രവുമായ മാനസിക ഭാവങ്ങൾ സൃഷ്ടിച്ച കെട്ടുകാഴ്ചകൾ ഇനിയും വിസ്മരിക്കാനാവാത്തതിന്റെ തിരുശേഷിപ്പ്. കൊടിതോരണങ്ങൾ കൊണ്ടലങ്കരിച്ച്, ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് പതുക്കെപ്പതുക്കെ കടന്നുപോകുന്ന ശവപ്പെട്ടിയാണ് അത്തരം ഓർമകൾ. എന്നാൽ, ആ ഭീകരതയുടെ നിഴൽച്ചിത്രങ്ങൾ ഇന്നും വേട്ടയാടുന്നു. അവ ധൂമകേതുക്കളെപ്പോലെ ചുറ്റുമതിലുകൾ തീർക്കാൻ വ്യഗ്രത കാണിക്കുന്നു. 

ഓർമകളിൽ മുഞ്ഞ പടരുന്ന കാലത്ത് മനഃസാക്ഷിയെ പണയംവച്ചതെവിടെ എന്ന അന്വേഷണമാണ് ഈ നോവൽ. എന്നാൽ, നോവലുകളിൽ വായിച്ചു പരിചയിച്ച കഥയുടെ അടരുകളല്ല ഈ താളുകളിലുള്ളത്. കഥയേക്കാൾ സംഭവബഹുലമായ വർത്തമാനങ്ങളാണ്. 1974 ഏപ്രിലിൽ തുടങ്ങുന്ന ചരിത്രത്തിന്റെ കളങ്കമില്ലാത്ത ഓർമപ്പെടുത്തൽ. അടിയന്തരാവസ്ഥക്കാലത്തെ അതിജീവിക്കാൻ കിണഞ്ഞു പരിശ്രമിച്ച മാധ്യമസ്ഥാപനത്തിന്റെ റിപ്പോർട്ടറിലൂടെ, അയാൾ നടത്തിയ അന്വേഷണങ്ങളിലൂടെ, പല പക്ഷങ്ങൾ ചേർന്നു നടന്ന കഥകളുടെ അലങ്കാരങ്ങൾ അഴിച്ചുവയ്ക്കുകയാണിവിടെ. സ്വർണപ്പാത്രത്തിന്റെ മൂടി എടുത്തുമാറ്റി സത്യത്തോട് മുഖാമുഖം നിൽക്കുകയാണ്. രാത്രിയിൽ നിന്നു തുടങ്ങിയ യാത്ര സ്വാഭാവികമായും രാവിലെ ഇ‌ടത്താവളത്തിലെങ്കിലും എത്തേണ്ടതാണ്. എന്നാൽ 45 വർഷത്തിനു ശേഷം എത്തിച്ചേർന്നത് കൂരിരുട്ടിലാണ് എന്ന തിരിച്ചറിവാണ് ഇന്നത്തെ യാഥാർഥ്യം. 

നോവൽ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നതെങ്കിലും വസ്തുനിഷ്ഠമായ ചരിത്രമാണ് ഈ പുസ്തകം പറയുന്നത്. അടിയന്തരാവസ്ഥയ്ക്കു വർഷങ്ങൾക്കു ശേഷം വ്യാപകമായ അന്വേഷണത്തിനൊടുവിൽ രേഖപ്പെടുത്തിയ പുതു ചരിത്രം. ഡോക്യുമെന്റേഷൻ. ഭാവനയല്ല ഇവിടെ നോവലിസ്റ്റിനെ നയിക്കുന്നത്. ചരിത്രത്തിന്റെ ഇരുണ്ട കാലവും വർത്തമാനം വീണ്ടുമുയർത്തുന്ന ഭീഷണിയുമാണ്. ദുരന്തം വീണ്ടും വരികയാണോ എന്ന ഭീതിയാണ്. മുന്നറിയിപ്പാണ്. ഒരിക്കൽ ഇരുട്ടിൽ മൗനമായിരുന്നതുപോലെ ആകരുത് ഇനി വരുന്ന കാലം എന്ന ഓർമപ്പെടുത്തലാണ്. അടിയന്തരാവസ്ഥയെക്കുറിച്ചുള്ള എണ്ണമറ്റ പുസ്തകങ്ങളിൽ നിന്ന് ഈ നോവലിനെ വ്യത്യസ്തമാക്കുന്നതും ഈ സവിശേഷത തന്നെയാണ്. നോവലിന്റെ പതിവു ഭാവുകത്വമല്ലാത്തത് പരിമിതിയായി ചൂണ്ടിക്കാട്ടാമെങ്കിലും അതു തന്നെയാണ് മൗലികതയും.

‌എല്ലാം മറക്കാൻ ശ്രമിക്കുന്തോറും ദിനം തോറും കടന്നുവരുന്ന ദുരന്തങ്ങൾ നീറ്റലുകളെ കൂടുതൽ തീവ്രമാക്കുന്നു. ചുറ്റും മുഖംമൂടികൾ നിരന്നുനിൽക്കുകയാണ്. എന്തു ചെയ്യുന്നു, എന്തു ഭക്ഷിക്കുന്നു, ആരോടൊപ്പം ശയിക്കുന്നു, എന്തു പണിയെടുക്കുന്നു, ആരൊക്കെയുമായി ബന്ധപ്പെടുന്നു, ജാതിയെന്താണ്, മതമെന്താണ്, ഏതു ഗോത്രത്തിൽ പിറന്നവനാണ് തുടങ്ങിയ ചെറുതല്ലാത്ത കാര്യങ്ങൾ കണ്ടെത്താൻ ചാരൻമാരും യന്ത്രങ്ങളും ഒളിക്യാമറകളും ചുറ്റിനും കാത്തുനിൽക്കുന്നു. വ്യക്തിത്വങ്ങൾ ശൂന്യമാകുന്നു. 

75 വർഷം മുമ്പ് ഡൽഹി ബിർളാ ഹൗസിൽ നിന്ന് സഞ്ചാരം തുടങ്ങിയ വെടിയുണ്ട ഇപ്പോഴും ഇന്ത്യയിലുടനീളം ചീറിപ്പായുന്നു. ആരാണ് അടുത്ത ഇര ? ഞാനോ നിങ്ങളോ..... 

Content Summary: Malayalam Book ' Rathri Muthal Rathri Vare ' by P. K. Sreenivasan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com