ADVERTISEMENT

ഹിമാലയത്തിലേക്ക് അയാൾ പോകുകയല്ല, ഹിമവാൻ അയാളെ കൂട്ടിക്കൊണ്ടു പോകുകയാണ്, ഒന്നല്ല പലവട്ടം! സി. ജെ. തോമസും പതിനാല് സഹയാത്രികരും ചേർന്നുള്ള സ്പിതി താഴ്‍വരയിലെ യാത്രയെ ഒറ്റ വാചകത്തിൽ ഇങ്ങനെ വിവരിക്കാം. യുപി സ്കൂളിൽ കേട്ടു പഠിച്ച പഞ്ച നദികളായ രാവി, ബിയാസ്, സത്‍ലൂജ്, ‍‍ഝലം, ചിനാർ ഇവയൊക്കെ പിറക്കുന്ന ആദി ശൈലങ്ങളിലേക്കുള്ള യാത്രയിൽ ഉടനീളം ബുദ്ധന്റെ ധ്യാന ശുദ്ധിയുടെ ചിരിയും ഇവർക്കൊപ്പം നിശബ്ദ സഹയാത്രികരാണ്. ചന്ദ്രതാൽ തടാകത്തിന്റെ ജല നീലിമയിൽ നിന്നു തന്നെ, പെറുക്കാതെ വിട്ട ഫോസിലുകൾ പേലെ, പക്ഷേ അദ്ദേഹം പെറുക്കിയത് ഓർമ്മകളും അക്ഷരങ്ങളുമായിരുന്നു. വെൺ ശിലാ സമാനമായ വിശുദ്ധിയോടെ അത് വേറിട്ട് നിൽക്കുന്നു.

ഓരോ യാത്രയുടെയും ആരംഭം പതിവുപോലെ മൂടൽ മഞ്ഞുതിരുന്ന ഓർമകളുടെ ഘനശ്യാമ മേഘമായി, പെയ്യാനുണരുന്ന വർഷമായി മനസ്സ് നിറയുകയാണ് എഴുത്തുകാരന്റെ ഭാഷയിൽ. പ്രിയങ്കരങ്ങളായ നിരവധി പ്രണയ പാശങ്ങളിൽ നിന്നുള്ള വേർപാടുകൾ തീർക്കുന്ന നനവാർന്ന സ്മൃതി മുകിലുകൾ, ഗൃഹാതുരമായ നാട്ടു ശീലങ്ങൾ.

ഫലഫൂയിഷ്ടമായ ഹൈമതടങ്ങളും മലഞ്ചരിവുകളും കൃഷിയിടങ്ങളാക്കി മാറ്റിയ കാലുഷ്യമറിയാത്ത ഗ്രാമീണരിലൂടെ യാത്ര കടന്നു പോകുന്നത്. ഓരോ മുഖങ്ങളിലെയും ശൈശവ തുല്യമായ നിഷ്കളങ്കത അദ്ദേഹം സഹയാത്രികനായ ക്യാമറിൽ പകർത്തുന്നുമുണ്ട്. പുലർച്ചെ 4 മണിയോടെ ഹിമാലയത്തിൽ സൂര്യനുദിക്കും. കിഴക്കു നിന്നുള്ള സുവർണ്ണ രാജികൾ ഹിമഗിരി ശൃംഗങ്ങളിൽ പ്രതിഫലിക്കും. അതിനൊപ്പം ലഭിക്കുന്ന ആന്തരിക സൗഖ്യം അതൊരിക്കലെങ്കിലും അനുഭവിച്ചവർക്കേ ഉള്ളിൽ അറിയാനാവൂ. അത്തരം കാഴ്ചകൾ രണ്ടാഴ്ച നീണ്ട ഈ യാത്രയിൽ നിമിഷങ്ങൾ കൊണ്ട് മിന്നിമായുന്നുണ്ട്. ചഞ്ചല ചിത്തമായ ഹിമാലയൻ പ്രകൃതി പോലെ. 

ഹീനയാനവും മഹായാനവും കടന്ന് ബുദ്ധിസത്തിന്റെ അടരുകളിലേക്ക് കൗതുകത്തോടെ നടന്നു കയറുന്നയാൾ ഒരു ഭിക്ഷുവിനെപ്പോലെ, കുമ്പിളിൽ അത് ആവോളം കുടിച്ച് വയറും മനസ്സും നിറയ്ക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കുറവുള്ള ജില്ലകളിലൊന്നായ കൽപയും ഇന്ത്യയുടെ അതിർത്തിയിലെ അവസാന ഗ്രാമവും അവസാന കടയും ഒക്കെ അയാളുടെ കാഴ്ചയിലെ അടയാളപ്പെടുത്തലുകളാണ്. അവസാന ഗ്രാമം, കട എന്നൊക്കെയുള്ളത് വെറും ആപേക്ഷികമായ അറിവുകൾ മാത്രമാകുന്നു. അതിനപ്പുറവും ഇപ്പുറവും ഒരേ വായുവും വെള്ളവും ജീവനാഡികളായി ഒഴുകുന്നു. 

മലമുകളിൽ ഇൻഡോ – ടിബറ്റൻ സംസ്കൃതിയിൽ ജീവിക്കുന്ന ഏഴോളം വ്യത്യസ്ത ഭാഷകൾ സംസാരിച്ച് മോമോയും തുപ്കയും ചൗമീനും ഭക്ഷിച്ച് ഇറച്ചിയും ബാർലിയിൽ നിന്ന് വാറ്റിയെടുത്ത ഛാങ് എന്ന നാടൻ മദ്യവും ഭക്ഷിച്ച്, ഒരു വേള അരക്ഷിതത്വം തോന്നിയാൽ പർവ്വതങ്ങളിൽ നിന്ന് പർവ്വതങ്ങളിലേക്ക് കയറിപ്പോകുന്ന സദാ പ്രസരിപ്പിന്റെ മുഖമുള്ള ലളിതവും പരുക്കനുമായ ജീവിതം നയിക്കുന്ന ഗ്രാമീണരിൽ ഓരാളെപ്പോലെ ഓരേ സമയം സഞ്ചാരിയായും നാട്ടുകാരനായും ഫൊട്ടോഗ്രാഫറായും കണ്ടും കേട്ടും സി.ജെ. തോമസ് ഹിമാലയത്തിലേക്ക് നടന്നു കയറുകയാണ്. പരിഭ്രമിച്ച് പായുന്ന വെൺമേഘശകലങ്ങൾക്ക് കീഴിലൂടെ അയാൾ നാക്കോ, ടാബോ, ഗിയു, ധങ്കർ, കോമിക്, ലാങ്സാ എന്നിവിടങ്ങളിലെല്ലാം കടന്നു ചെല്ലുന്നു. ഷിസിലിങ് എന്ന ചെറിയ ഗ്രാമം ദിവസത്തിലൊരു നേരം ബസോടുന്ന, ചെറിയ കടകൾ, യാത്രികരുടെ തിരക്കില്ല, ആരും ആരെയും പ്രതീക്ഷിക്കുന്നില്ല. ധ്യാന മൂകമായി ഓരോ പ്രവൃത്തിയും..

ഇരുന്നൂറിലധികം വർഷങ്ങൾക്കിപ്പുറം പുരാതന കടൽ ജീവികൾ വസിച്ചിരുന്ന പുരാതന തെത്തിസ് മഹാ സമുദ്രത്തിന്റെ അടിത്തട്ടുകളായിരുന്നു സ്പിതി. പിന്നീട് 50 മില്യൺ വർഷങ്ങൾക്കിപ്പുറം ഗോണ്ട്വാന – ലോറേഷ്യ ഭൂഖണ്ഡങ്ങൾ കൂട്ടിയിടിച്ച് ഹിമാലയൻ പർവ്വതം ഉയർന്നു. ആ സമുദ്രത്തിൽ ദിനോസറിനു തുല്യരായി വാണിരുന്ന കൂറ്റൻ അമോണോയ്ഡിസ് എന്ന കടൽ ജീവിയുടെ ഫോസിലുകൾ (ചാദുവ) മലമടക്കുകളിലെ പാറകളിൽ നിന്നൊക്കെ പെറുക്കി വിൽക്കുകയാണ് കുട്ടികൾ. ‘ചാദുവ’ വില പേശിയും പേശാതെയും ഓരോ യാത്രികനും കൗതുകത്തിന് സ്വന്തമാക്കുന്നത് സ്പിതിയുടെ പൂർവ സ്മൃതികളെയാണ്. അവരുടെ ചരിത്രത്തിന്റെ വിശുദ്ധ ലിഖിതങ്ങൾ നഷ്ടപ്പെടാതിരിക്കട്ടെ.

മണ്ണും കല്ലും വില്ലോ മരങ്ങളിലും പണിത പർവത ചതുര വീടുകൾ, എന്നാൽ ആ വീടുകളൊന്നും ചതുരങ്ങളിൽ അടയ്ക്കപ്പെടുന്നില്ല. ജീവിതത്തിന്റെ ചതുരങ്ങളിൽ അവർ ഒതുങ്ങിപ്പോകുന്നില്ല. സ്ഥാനാർഥിയെ കാണാത്ത മണ്ഡി പാർലമെന്റ് മണ്ഡലത്തിലെ വോട്ടർന്മാർ, താമസിക്കുന്ന ഹിക്കിം ഗ്രാമം. ഒരു ശിശിരകാലത്ത് മണ്ഡിയിൽ ബിയാസ് നദിക്കരയിലെ സായാഹ്നത്തിൽ സുഹൃത്തുക്കളുമൊത്ത് ഇരുന്നത് ഓർമ്മയിലെത്തി. ഒരിക്കൽ രാജ്യത്തെ ഉയരമേറിയ പോളിങ് സ്‍റ്റേഷനായിരുന്നു ഹിക്കിം. ബുദ്ധനെ മനുഷ്യ രൂപം പൂണ്ട അവതാരമായി കാണുന്ന മഹായാനവും ഓരോ ആളുടെ ഉള്ളിലെ ബോധ ഞ്ജാനത്തിന്റെ തലത്തിൽ അറിയുന്നതാണ് ബുദ്ധനെന്ന് ഹീനയാനവും വിശ്വസിച്ചു. മഹാ മൗനങ്ങളിലൂടെ സംവദിക്കുന്ന ബുദ്ധനെ അറിയാനുള്ള യാത്രയാണ് സി.ജെ. തോമസിന്റെ ചന്ദ്രതാൽ ജല നീലിമയിൽ... യുമാ സമോങ് എന്ന ഹിമ ദേവതയുടെ വാസസ്ഥലമാണ് കാഞ്ചൻ ജംഗ എന്ന് ടിബറ്റുകാർ വിശ്വസിക്കുന്നു. 

പഞ്ച കേദാര യാത്രയും ആദി കൈലാസ യാത്രയും സെൻ ബുദ്ധിസത്തിന്റെ താഴ്‍വരയായ ലോകത്തിലെ ഏറ്റവും ഉയരമേറിയ യാത്രാ വഴിയായ കോമിക് താഴ്‍വരയിലിരുന്ന്, സമതലങ്ങളായി മാറിയ ബാർലി വയലുകളിലൂടെ മ‍ഞ്ഞപ്പൂക്കൾ ചിരിക്കുന്ന കടുക് പാടങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ കാറ്റ് മന്ത്രിക്കുന്നു ‘‘ഓം മണി പത്മേ ഹൂം..’’ അവിടെ വളരെ ഉയരത്തിൽ നീല നിറമുള്ള വാതിലുള്ള ഒരു ഒറ്റ മുറിയുടെ ചുവരിൽ തൂങ്ങുന്ന തപാൽപ്പെട്ടിയിൽ എഴുതിയ ആറക്ക അടയാളം ഇതാണ് – 172 114.  അപൂർവമായൊരു യാത്രാനുഭവത്തിന്റെ സ്മാരകമായി നിക്ഷേപിക്കുന്ന ചിത്രവർണ്ണ കാർഡുകൾ താഴെ ദക്ഷിണ സമുദ്ര തീരത്തെ നിങ്ങളുടെ ഗ്രാമത്തിലെ ഊടുവഴികൾ താണ്ടി പ്രിയപ്പെട്ടവരുടെ വീട്ടു പടിക്കലെത്തുന്നതും കാത്തിരിക്കാം. 

ലോകത്തിലെ മുന്തിയ മല കയറ്റക്കാരായ ചാമൂർത്തി കുതിരകളുടെ വിശേഷങ്ങൾ അറിഞ്ഞും മണ്ണിൽ നിന്നു പറിച്ചെടുക്കുന്ന പയറും കിഴങ്ങും പഴങ്ങളും ഭക്ഷിച്ച് 6 മാസം അതിശൈത്യത്തിന്റെ മേലാപ്പിനുള്ളിൽ ഗാഢ നിദ്രയിലാഴുന്ന മണ്ണിലൂടെ നടന്ന് പലക അടിച്ചു മറച്ച ചെറിയ അടുക്കളകളിലെ ലളിതമായ ടിബറ്റൻ ഭക്ഷണം കഴിച്ച് യാക്കുകളെയും ഒരിക്കലും കാണാതെ പോയ ഹിമപ്പുലികളെയും കാത്തിരിക്കാം. ‘‘The mountains are calling i must go...’’

Content Summary: Malayalam Book 'Chandrathal Jala Neelimayil' Written by C. J. Thomas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com