ADVERTISEMENT

നിന്നോളമൊരു നിഴലുമെന്നെ അലട്ടിയിട്ടില്ല. നിന്നോളം ഒരു വസന്തവും എന്നിൽ വേരിട്ടിട്ടുമില്ല'. കൃഷ്ണയുടെ ആദ്യ കവിതാ സമാഹാരം ആണിത്.  24 കവിതകളും കുറെയധികം കുറുങ്കവിതകളും ചേർന്നതാണ് ധ്വനി ബുക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം. നൗഫൽ എൻ. ന്റെ ഒരു ചെറു കുറിപ്പും ആമുഖമായി നൽകിയിട്ടുണ്ട്. ഒറ്റയിരുപ്പിൽ വായിച്ചു തീർക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന വരികൾ. പ്രണയം കൊണ്ട് മുറിവേറ്റവനെയും ഉന്മാദിയെയും മരണത്തോട് ആസക്തനായ ഒരുവനെയും വിഷാദിയെയും ഈ കവിതകളിൽ കാണാൻ പറ്റും. തന്റെ കവിതകൾക്ക് അടച്ചുറപ്പില്ല എന്ന് ആമുഖത്തിൽ കവി വ്യക്തമാക്കുന്നുണ്ട്. ഭദ്രമാക്കി വെക്കാത്തതുകൊണ്ട് തന്നെ ഈ കവിതകൾ ഓരോ വായനക്കാരന്റെയും സ്വന്തമാകുന്നു.

ഈ സമാഹാരത്തിലെ കവിതകൾ വായിക്കുമ്പോൾ ഉള്ളിൽ നിന്ന് ചോര പൊടിയും. സ്നേഹരാഹിത്യത്താൽ ശ്വാസം മുട്ടുന്ന പോലെ തോന്നും. എത്ര അടച്ചു കെട്ടി വച്ചതായാലും പിരിഞ്ഞു പോയവരുടെ ഓർമ പൂട്ട് തകർത്ത് പുറത്തു വരും. ഒരിക്കൽ മുറിവേറ്റവരാണെങ്കിൽ വീണ്ടും വീണ്ടും ആ മുറിവിൽ നിന്ന് രക്തമിറ്റും. കൃഷ്ണ എഴുതുന്നത് ഹൃദയം കൊണ്ടാണ്. സ്നേഹം മാത്രം ഉള്ളിൽ ഉള്ള ഒരു മനുഷ്യന്റെ ഭ്രാന്തമായ ചിന്തകളും ഉന്മാദത്തോളമെത്തുന്ന പ്രണയവും പ്രണയത്തകർച്ചയും സ്വയം അവസാനിപ്പിക്കാൻ വെമ്പുന്ന മനസും ഈ കവിതകളിൽ തെളിയുന്നു.

'ജെസീക്ക' എന്ന കവിത, പാകമാകാത്ത ശരീരത്തിനുള്ളിൽ തന്റെ സ്വത്വം വെളിവാക്കാൻ ശ്രമിച്ചു പരാജയപ്പെട്ട് ഒടുവിൽ മരണത്തിലേക്ക് നടന്നു കയറേണ്ടിവന്ന ട്രാൻസ് വ്യക്തികളെ കുറിച്ചാണ്.

'എന്നെ നോക്കി

അവളൊന്നു ചിരിച്ചു.

കട്ടി മീശയ്ക്ക് പിന്നിൽ

നാണിച്ചൊരു പെണ്ണിനെ

ഞാൻ കണ്ടു.'

'നിറഞ്ഞൊഴുകുന്ന

ചന്ദ്രനെ പോലെ

അവളിലെ പെണ്ണ്

എന്നിൽ

നിലാവ് ചൊരിഞ്ഞു.'  

'ആണും പെണ്ണും കെട്ടതാണോ?

ആണും പെണ്ണും തെളിഞ്ഞതെന്ന്

അവൾ തിരുത്തി'  ഇതാണ് ജെസീക്ക.

അവൾ പ്രണയിച്ചിരുന്നു എന്നതിന് സാക്ഷിയായി ഒരു കവിത പോലുമില്ല. ഭൂമിയിലാർക്കും അവളെ അറിയുക പോലുമില്ല.

മരണത്തെ കവി മനോഹരമായി വരച്ചിടുന്നു.

'ഞരമ്പിൽ

അവളിലേക്കുള്ള

വഴി വരയ്ക്കുമ്പോഴാണ്

ചന്ദ്രനിൽ നിന്നൊരു

നൂല്

മുറിയിലെക്കൂർന്നിറങ്ങിയത്.

ഞാനതിന്റെ അറ്റം ചുംബിച്ചു.

ശ്വാസം മുട്ടുമാറ്

അവൾ എന്നെ തിരിച്ചും ചുംബിച്ചു.'

എഴുത്ത് കവിക്ക് ജീവിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ്. ഏറ്റവും ആത്മബന്ധമുള്ള ഭാഷ മൗനമാണെന്ന ബോധ്യം കവിക്കുണ്ട്. മനുഷ്യർക്ക് മാത്രമേ മനുഷ്യനെ മുറിവേൽപ്പിക്കാൻ പറ്റൂ എന്ന് കവി തിരിച്ചറിയുന്നു. 'തമാശകൾ 'എന്ന് പേരിട്ട കവിത മനോനില തെറ്റിയവരുടെ ജീവിതമാണ്. ഓരോരുത്തരും ഓരോ കഥകളാണ്... പൂർത്തിയാവാത്ത ആഗ്രഹങ്ങളുമായി ജീവിക്കുന്നവർ.

'കാൻസർ വാർഡ്

കണ്ടവരാരും

സൈക്യാട്രി വാർഡ് കൂടി

കാണാത്തത് കൊണ്ടാണ്

അവനെ വല്ല

ഊളമ്പാറയിലും കൊണ്ടിട്

എന്ന തമാശയ്ക്ക്

ഇന്നും നമ്മൾ ചിരിക്കുന്നത്.'

എന്ന് വായിക്കുമ്പോൾ നെഞ്ചിലെവിടെയോ ഒരു മുള്ളു വന്നു തറയ്ക്കുന്നു. പ്രണയത്തിൽ നിന്ന് പുറത്തു കടന്നു എന്ന് പറയുമ്പോഴും അവന്റെ / അവളുടെ ഓർമ്മകളിൽ നിന്ന് മോചനമില്ല എന്ന് ' നിരർഥകം' എന്ന കവിതയിൽ കൃഷ്ണ പറഞ്ഞു വയ്ക്കുന്നു.

'എന്നോ വിട്ടുപോയൊരു

സ്ത്രീയുടെ ലക്ഷ്മണരേഖയിൽ

ഇന്നും ബന്ദിയാക്കപ്പെട്ട്

കെണിയിൽ പെട്ട

പന്നിയെ പോലെ

കുതറും തോറും

പിന്നെയും മുള്ളു കുത്തുന്ന

നിസ്സഹായതയിൽ

നിങ്ങളെന്റെയാണെന്ന

പണ്ടെങ്ങോ പറഞ്ഞ

വാക്കിന്റെ ചാലക ശക്തിയിൽ

അവളുടെ ഗുരുത്വാകർഷണത്തിൽ 'പ്പെട്ടു വിധേയരാകുന്ന കാമുകരെപ്പറ്റി എഴുതുന്നു കവി.

ഏതോ ഒരാളിന്റെ ശൂന്യതയിൽ മറ്റൊരു സാന്നിധ്യവും നിറയില്ല എന്ന തിരിച്ചറിവ് കവിത നൽകുന്നു. സ്നേഹത്തിനു വേണ്ടി യാചിക്കുന്നവരെ ''മരണക്കിണർ" എന്ന കവിതയിൽ കാണാം. ആത്മാഭിമാനം നഷ്ടപ്പെട്ട് ഒരിക്കൽ സ്നേഹം കൊണ്ട് നിങ്ങളെ പൊതിഞ്ഞ മനുഷ്യരോട് ഒരൽപ്പമെങ്കിലും എന്നെയൊന്ന് പരിഗണിക്കണേ എന്ന് പറയേണ്ടി വരുക.. അയാളില്ലാതെ നിലനിൽപ്പില്ലെന്ന തിരിച്ചറിവിൽ ശ്വാസം മുട്ടുന്ന മനുഷ്യരുടെ അവസാന പിടച്ചിൽ നമ്മൾ അനുഭവിക്കുന്നു. സ്നേഹത്തിന്റെ അസാന്നിധ്യത്തിൽ ഒരൽപ്പം പോലും ജീവിക്കാൻ കഴിയാത്ത ആളാണ് നിങ്ങളും എങ്കിൽ കൃഷ്ണയുടെ കവിതകൾ നിങ്ങൾക്കുള്ളതാണ്.

'പട്ടിണി കിടക്കുന്നവന്

പൊതിച്ചോറെന്ന പോലെയാണ്

നഗ്നയാക്കപ്പെട്ടവൾക്ക്

കൊടും തണുപ്പിൽ

കമ്പളമെന്ന പോലെയാണ്

ഒറ്റയായിപോയവർക്ക് സ്നേഹം'

പരിക്ക് പറ്റുമെന്നറിഞ്ഞിട്ടും കവി സ്നേഹത്തിൽ വിശ്വസിക്കുന്നു. ഓരോ മനുഷ്യനും സ്നേഹിക്കപ്പെടേണ്ട ഭൂപ്രദേശമാണെന്നത് പറഞ്ഞു വയ്ക്കുന്നു. സ്നേഹം നഷ്ടമാകുന്നതിനെപ്പറ്റി കൃഷ്ണ എഴുതുന്നു.

"സ്നേഹത്തിന് ശ്വാസം മുട്ടുമ്പോൾ

അത് പിടയില്ല

ഒച്ച വയ്ക്കില്ല 

നമ്മളറിയാതെ അടർന്ന്

പോവുകയെ ഉള്ളൂ

ഇല കൊഴിയുന്ന പോലെ

മുറിവുണങ്ങുന്ന പോലെ

നമ്മളാരും അറിയില്ല'

ഒരു പ്രണയം മരിക്കുമ്പോൾ രണ്ട് പേർ തമ്മിൽ മാത്രമറിയാവുന്ന ഒരു ഭാഷ കൂടിയാണ് ഭൂമിയിൽ നിന്നും ഇല്ലാതാവുന്നത്. എന്നും സ്നേഹം നിഷേധിക്കപ്പെട്ട മനുഷ്യരോളം കലാപകാരികൾ ഭൂമിയിൽ വേറെയില്ല എന്നും സ്നേഹത്താൽ മുറിവേറ്റ കവിത നമ്മോട് പറയുന്നു. ഭൂമിയിലെ ഏറ്റവും വലിയ വേദന പ്രണയനൈരാശ്യമായത് വിശക്കുന്നവന് കവിത എഴുതാൻ സമയമില്ലാത്തത് കൊണ്ട് മാത്രമാണ് എന്ന് കവി ആശ്വസിക്കുന്നു. പല കവിതകളിലും മരണം കടന്നു വരുന്നു. ഒരു മനുഷ്യൻ നഷ്ടപ്പെട്ടു പോകുന്നതിൽ വേദനിക്കുമ്പോഴും ഒരാളുടെ പേരോർക്കുമ്പോൾ, ഒരു പാട്ടു കേൾക്കുമ്പോൾ എങ്ങനെ കണ്ണുകൾ നിറയുന്നു എന്ന് അതിശയിക്കുന്നു.

ചിരി ഒരു രാസപ്രക്രിയയാണ് എന്നെഴുതുമ്പോഴും ചിരിക്കാതെ, കരയാനാകാതെ തിരക്കിൽ ഒറ്റക്കായി പോകുന്നവരെ ഈ കവിതകളിൽ കാണാനാകും. സ്നേഹം കിട്ടിയാൽ മാത്രം ജീവിക്കാൻ കഴിയുന്ന ആളാണ് നിങ്ങളെങ്കിൽ ഈ വരികൾ നിങ്ങൾക്ക് പ്രതീക്ഷയേകും.

"നിങ്ങളുടെ

മുറിവുകളുടെ ആഴമറിയുന്ന

മറുകുകളുടെ എണ്ണമറിയുന്ന

നിശ്വാസങ്ങളുടെ

നീളമറിയുന്ന

ഒരു മനുഷ്യൻ

നിങ്ങളെ തേടി വരും

എവിടെയുമില്ലാത്തൊരു

ചൂട് അയാളുടെ ഹൃദയത്തിൽ

നിന്നും നിങ്ങൾക്ക് അനുഭവപ്പെടും.

അതിന്റെ രഹസ്യം മറ്റൊരാൾക്കും

മനസിലാകാതിരിക്കട്ടെ

അത് നിങ്ങളെ മാത്രം

അനുഗ്രഹിക്കട്ടെ"

അവസാന താളിലെ തലക്കെട്ടില്ലാത്ത കവിത ഇങ്ങനെയാണ്.

"വാൻഗോഗിന്റെ

ഏറ്റവും ഒടുവിലത്തെ

ചിത്രമാണ് ഞാൻ.

റൂമിയുടെ അവസാന

കവിതയാണ് ഞാൻ.

ഉന്മാദങ്ങളിൽ നീതി

പുലർത്തുന്നവർക്കേ

എന്റെ ഹൃദയം

സ്വന്തമാക്കാൻ കഴിയൂ.

അത്രയുമാഴത്തിൽ

നിനക്കെന്നെ

തൊടാനാവുമോ?"

എന്ന് കൃഷ്ണ എഴുതുമ്പോൾ ഉന്മാദിയായ വായനക്കാരൻ കവിയുടെ ഹൃദയത്തെ അത്രയും ആഴത്തിൽ തൊടുക തന്നെയാണ് ചെയ്യുന്നത്.

Content Summary: Malayalam Book 'Ninnolamoru Nizhalumenne Alattiyittilla Ninnolamoru Vasanthavum Ennil Verittittumilla' by Krishna

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com