ADVERTISEMENT

ജാതിയെന്ന ജീവിക്കുന്ന യാഥാർഥ്യത്തെ ഒഴിവാക്കി വർഗ്ഗത്തിനു മേലുള്ള ഏക മനസ്സോടെയുള്ള ശ്രദ്ധയാണ് ഇന്ത്യൻ കമ്മ്യൂണിസത്തിന്റെ ഏറ്റവും വലിയ ന്യൂനത എന്ന കാര്യത്തിൽ അംബേദ്കറിന് ഉറപ്പുണ്ടായിരുന്നു. ജാതി വ്യവസ്ഥ തൊഴിൽ വിഭജനം മാത്രമല്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. മഹാത്മാ ഗാന്ധിയുമായി വിയോജിക്കാനുള്ള പ്രധാന കാരണവും ഇതുതന്നെയായിരുന്നു. ജാതി വ്യവസ്ഥ തൊഴിലാളികളുടെ വിഭജനം കൂട‌ിയാണെന്ന് പലവട്ടം അംബേദ്കർ ഊന്നിപ്പറഞ്ഞു. ജാതി അധികാരം നേടിയത് പണത്തിൽ നിന്നോ സമ്പത്തിൽ നിന്നോ മാത്രമായിരുന്നില്ല; മതത്താൽ വിശുദ്ധമാക്കപ്പെട്ടുകൊണ്ടു കൂടിയായിരുന്നു. സന്യാസിമാർ സാധുക്കളാണെങ്കിലും അവരെ ജനലക്ഷങ്ങൾ ആരാധിക്കുന്നത് ഉദാഹരണമായി ചൂണ്ടിക്കാണിച്ചു. അധികാരത്തിന്റെ ഉറവിടമാണ് മതം. അവിടെ പുരോഹിതർ സാധാരണക്കാരായ മനുഷ്യരുടെമേൽ മജിസ്ട്രേറ്റിനേക്കാൾ വലിയ അധികാരചിഹ്നമാകുന്നു. സമരങ്ങളും തിരഞ്ഞെടുപ്പുകളും പോലും മതപരമായ വഴിത്തിരിവുകൾ ഉണ്ടാക്കുന്നു: അംബേദ്കർ പറഞ്ഞു. 

പൂർണ സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തിൽ ഗാന്ധിജി ഇന്ത്യക്കാരെ ഒരേ മനസ്സോടെ ഒരുമിപ്പിച്ചപ്പോൾ തന്നെയായിരുന്നു അംബേദ്കർ ജാതിക്കെതിരായ പോരാട്ടം കടുപ്പിച്ചതും അസ്പൃശ്യത എന്ന ശാപത്തിനെതിരെ ഒരുമിക്കേണ്ടതിന്റെ ആവശ്യകത ആവർത്തിച്ചതും. പൂർണസ്വാതന്ത്ര്യം എന്ന ലക്ഷ്യത്തിൽ നിന്ന് അസ്പൃശ്യരുടെ ഉന്നമനം എന്നതിലേക്ക് ശ്രദ്ധ തിരിക്കുന്നതിന് ഇഎംഎസും അംബേദ്കറെ കുറ്റപ്പെടുത്തി. എന്നാൽ ജാതി ഉൻമൂലനം തന്നെയാണ് ഏറ്റവും വലിയ ലക്ഷ്യമെന്നും അടിയന്തര ലക്ഷ്യമെന്നുമെന്നതിൽ അംബേദ്കറിന് രണ്ടഭിപ്രായമുണ്ടായിരുന്നില്ല. 

സ്വരാജിനുവേണ്ടിയുള്ള യുദ്ധത്തിൽ നിങ്ങളുടെയൊപ്പം ചേർന്ന് ഒരു രാജ്യം മുഴുവനും യുദ്ധം ചെയ്യുന്നു. ജാതിക്കെതിരെയുള്ള പോരാട്ടത്തിൽ നിങ്ങളുടെ തന്നെ രാജ്യത്തിനു മുഴുവൻ എതിരായി നിങ്ങൾക്കു യുദ്ധം ചെയ്യേണ്ടതുണ്ട്. പക്ഷേ, അതു സ്വരാജിനേക്കാൾ കൂടുതൽ പ്രധാനപ്പെട്ടതാണ്: അദ്ദേഹം വ്യക്തമാക്കി. നഷ്ടപ്പെട്ട അവകാശങ്ങളെ കയ്യേറ്റക്കാരന്റെ മനഃസാക്ഷിക്കുവേണ്ടിയുള്ള അഭ്യർഥനകൊണ്ട് നേടുവാൻ കഴിയില്ല. നിരന്തരമായ പോരാട്ടത്തിലൂടെയേ അതു സാധ്യമാകൂ: ഇഎംഎസിനോട് അദ്ദേഹം പറഞ്ഞു. ‌ജാതിയുടെ ഉൻമൂലനത്തിലൂടെയല്ലാതെ വിജയകരമായ തൊഴിലാളി വർഗ്ഗ സമരം ഉണ്ടാകില്ലെന്ന് അഭിഭാഷകൻ കൂടിയായ അംബേദ്കർ പലവട്ടം വാദിച്ചു. ആ വാദം ശരിയായിരുന്നുവെന്ന് ഒരുപക്ഷേ ഇന്നെങ്കിലും തൊഴിലാളി വർഗ്ഗ പാർട്ടികൾ സമ്മതിക്കേണ്ടതാണ്. 

അംബേദ്കറും അദ്ദേഹത്തിന്റെ മരിക്കാത്ത ആശയങ്ങളും വീണ്ടും ചർച്ചയാകാൻ കാരണം ശശി തരൂർ തയാറാക്കിയ ജീവചരിത്രമാണ്. ആശയ ചരിത്രവും. പരാമ്പരാഗത രീതിയിലോ ശൈലിയിലോ അല്ല തരൂർ അംബേദ്കറിന്റെ ജീവിതം പറയുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളെല്ലാം വിട്ടുപോകാതെ പ്രതിപാദിക്കുന്നുണ്ടെങ്കിലും അതിനേക്കാളും കൂടുതലായി ആശയങ്ങളാണ് ചർച്ച ചെയ്യുന്നത്. ആ ആശയങ്ങൾ എന്തുകൊണ്ട് അംഗീകരിക്കപ്പെട്ടു എന്നും വിയോജിക്കുന്നവരുടെ എണ്ണം കൂട്ടിയെന്നും വസ്തുനിഷ്ടമായി ഈ പുസ്തകം പഠിക്കുന്നു. അസാധാരണമായ ഉൾക്കാഴ്ചയോടെയാണ് തരൂർ എഴുതുന്നത്. മൗലികമായ നിരീക്ഷണങ്ങൾ വായനയെ ആഹ്ലാദകരമാക്കുന്നു. നന്നായി ഗവേഷണം നടത്തി, ആഴത്തിൽ പഠിച്ച്, സഹഭാവത്തോടെ മനസ്സിലാക്കിയാണ് അംബേദ്കറിന്റെ ജീവിതം അക്ഷരങ്ങളിൽ പകർത്തുന്നത്. ബുദ്ധിപരമായ നവോൻമേഷം പകരുന്ന അപൂർവം പുസ്തകങ്ങളുടെ കൂട്ടത്തിൽ തീർച്ചയായും തരൂരിന്റെ പുസ്തകവും ഉൾപ്പെടുത്താൻ മടിക്കേണ്ടതില്ല.

ഇങ്ങനെയൊരു പുസ്തകം എഴുതാനുള്ള അർഹതയെക്കുറിച്ച് അദ്ദേഹം ബോധവാനാണ്. അതദ്ദേഹം വ്യക്തമാക്കുന്നുമുണ്ട്: ജാതിയെക്കുറിച്ച് അറിയാതെയാണ് ഞാൻ വളർന്നത് എന്നതിൽ ഞാൻ പ്രതിഷേധിക്കുന്നില്ല. കാരണം ജാതി അന്ധത പോലും പദവിയുടെ പ്രതിഫലനമാണെന്ന് അംഗീകരിക്കാൻ ഞാൻ പഠിച്ചു. ഒരു ദലിതനും ജാതിയെക്കുറിച്ച് ബോധവാൻമാരാകാതെ രക്ഷപ്പെടാൻ കഴിയില്ല. തുടക്കത്തിൽ എന്റെ സത്വത്തെക്കുറിച്ച് അറിയാതെയാണ് ഞാൻ വളർന്നത്. അംബേദ്കർ എന്ന മനുഷ്യന്റെ നേട്ടങ്ങളോടുള്ള ആരാധനയുടെ, ചരിത്രത്തെ സംബന്ധിച്ച അറിവിന്റെ, സന്ദർഭത്തെക്കുറിച്ചുള്ള ധാരണയുടെയൊക്കെ ബഹുമാനം കൊണ്ടാണ് ഞാൻ ഈ ജീവചരിത്രത്തിലേക്ക് എത്തിപ്പെട്ടത്. 

വ്യാപകമായി വായിക്കപ്പെടേണ്ടതാണ് അംബേദ്കറിനെക്കുറിച്ചുള്ള തരൂരിന്റെ ഈ പുസ്തകം. എന്നാൽ പരിഭാഷ നിലവാരം പുലർത്തിയിട്ടില്ല. ഉചിതമായ വാക്കുകളല്ല പലയിടത്തും ഉപയോഗിച്ചിരിക്കുന്നത്. വാചക ഘടനയിൽ ഗുരുതര പിഴവുകളും അനായാസം ഒഴിവാക്കാമായിരുന്ന തെറ്റുകളുമുണ്ട്. പുതിയ പതിപ്പിൽ അവ കൂടി പരിഹരിക്കാനായാൽ സമൂഹത്തെക്കുറിച്ച് ഉൽക്കണ്ഠയുള്ള ആർക്കും ഈ പുസ്തകം ശുപാർശ ചെയ്യാൻ മടിക്കേണ്ടതില്ല. 

Content Summary: Malayalam Book 'Ambedkar Oru Jeevitham' by Shashi Tharoor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com