ADVERTISEMENT

മലയാള സാഹിത്യത്തിൽ എഴുത്തുകാർ അധികം ശ്രദ്ധ കൊടുക്കാത്ത ഒരു മേഖലയാണ് സ്പൈ ത്രില്ലർ രചന. എന്നാൽ ആഗോള സാഹിത്യത്തിലാകട്ടെ ചാരകഥകൾ എപ്പോഴും ബെസ്റ്റ് സെല്ലറുകളുടെ പട്ടികയിൽ ഇടം പിടിക്കുന്ന ഒരു വിഭാഗവുമാണ്. എന്താണ് സ്പൈ ത്രില്ലർ? മറ്റൊരു രാജ്യത്തിന്റെ രഹസ്യവിവരങ്ങൾ കണ്ടെത്താൻ നിയോഗിക്കപ്പെട്ടിരിക്കുന്ന രഹസ്യ ഏജന്റുമാരും, ചാരവൃത്തിയും, കുറ്റകൃത്യങ്ങളും കൊണ്ട് നിറഞ്ഞ ഒരു കഥാഗതിയെ കേന്ദ്രീകരിച്ചുള്ള, ത്രില്ലർ സാഹിത്യത്തിന്റെ ഒരു വിഭാഗമാണ് സ്പൈ ത്രില്ലർ. ചാര കഥകൾ പലപ്പോഴും ഒരു വലിയ ആക്രമണത്തെ തടയുന്നതിനോ ശത്രുവിന്റെ പദ്ധതികൾ കണ്ടെത്തുന്നതിനോ വേണ്ടി ഓടുന്ന പ്രഗത്ഭരായ രഹസ്യാന്വേഷണ ഏജന്റുമാരുടെ കഥകളായിരിക്കും. 

ടോം ക്ലാൻസിയുടെ ദി ഹണ്ട് ഫോർ റെഡ് ഒക്ടോബർ എന്ന നോവലിൽ അവതരിപ്പിക്കപ്പെട്ട സിഐഎ ഏജന്റായ ജാക്ക് റയാൻ മുതൽ ഇയാൻ ഫ്ലെമിങ്ങിന്റെ ഏറ്റവും പ്രശസ്തനായ രഹസ്യ ഏജന്റ് ജെയിംസ് ബോണ്ട് വരെയുള്ള, ചാരകഥകളിലെ നായകൻമാർ ലോകമെങ്ങും വളരെയധികം ജനപ്രീതി നേടിയവരാണ്. പലപ്പോഴും യഥാർഥ ജീവിത സാഹചര്യങ്ങളെയും അന്താരാഷ്ട്ര ബന്ധങ്ങളെയും അടിസ്ഥാനമാക്കിയാണ് ചാര കഥകൾ രൂപപ്പെടുന്നത്, വിവിധ രാജ്യങ്ങളിലെ ആഭ്യന്തരയുദ്ധങ്ങൾ, ഒന്നാം ലോകമഹായുദ്ധം, രണ്ടാം ലോകമഹായുദ്ധം, വിയറ്റ്നാം യുദ്ധം, യുണൈറ്റഡ് സ്റ്റേറ്റ്സും റഷ്യയും തമ്മിലുള്ള ശീതയുദ്ധം എന്നിവയെല്ലാം തന്നെ ചാരകഥകൾക്ക് പശ്ചാത്തലമായി മാറിയിട്ടുണ്ട്. കെൻ ഫോളറ്റ് എഴുതിയ ഐ ഓഫ് ദ നീഡിൽ (1978) എന്ന ചാര നോവൽ രണ്ടാം ലോകമഹായുദ്ധത്തെ പശ്ചാത്തലമാക്കിയെഴുതിയതാണ്. ആണവയുദ്ധത്തിന്റെയും ഭീകരവാദത്തിന്റെയും ഭീഷണിയോടെ, അവിശ്വാസവും ഭയവും ലോകമെമ്പാടും വ്യാപിക്കുകയും അതിന്റെ ഫലമായി അമേരിക്കയും അതിന്റെ സഖ്യകക്ഷികളും റഷ്യൻ കമ്മ്യൂണിസ്റ്റ് ശക്തികളുമായി നടത്തിയ പോരാട്ടവുമൊക്കെ നിരവധി ചാരക്കഥകൾക്ക് പ്രചോദനമായി തീർന്നിട്ടുണ്ട്.

ലോകത്തിലെ ആദ്യത്തെ ചാര നോവലിസ്റ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ജോൺ ബുക്കനെയാണ്. ഒന്നാം ലോകമഹായുദ്ധത്തോടെ പുറത്തു വന്ന ബുക്കന്റെ ശ്രദ്ധേയമായ നോവലുകളാണ് ദി തേർട്ടി-നൈൻ സ്റ്റെപ്‌സ്, ഗ്രീൻമാന്റിൽ എന്നിവ. സാങ്കൽപ്പിക ചാര കഥാപാത്രമായ റിച്ചാർഡ് ഹാനെയെ അദ്ദേഹം അവതരിപ്പിക്കുന്നത് ഈ നോവലുകളിലാണ്. 1935-ലെ വിഖ്യാതമായ ആൽഫ്രഡ് ഹിച്ച്‌കോക്ക് ചിത്രമായ ദി 39 സ്റ്റെപ്‌സിന്റെ പ്രചോദനവും ഇദ്ദേഹത്തിന്റെ ദി തേർട്ടി-നൈൻ സ്റ്റെപ്‌സ് ആയിരുന്നു. 

സ്പൈ നോവലുകളെ, മനുഷ്യാവസ്ഥയെയും മനുഷ്യന്റെ ധാർമിക പ്രതിസന്ധികളെ കുറിച്ചും പരിവേഷണം ചെയ്യുന്നതിനുള്ള ഒരു വേദിയായി ഉപയോഗിച്ച എഴുത്തുകാരനാണ് ഡേവിഡ് ജോൺ മൂർ കോൺവെൽ. ജോൺ ലെ കാരെ എന്ന അദ്ദേഹത്തിന്റെ തൂലികാനാമമായിരിക്കും വായനക്കാർക്ക് ഏറെ പരിചിതമായിട്ടുള്ളത്. ലെ കാരെയുടെ മിക്ക പുസ്തകങ്ങളും ശീതയുദ്ധകാലത്ത് നടന്ന ചാരക്കഥകളാണ്. ലെ കാരെയുടെ മൂന്നാമത്തെ നോവൽ, ദി സ്പൈ ഹു കെയിം ഇൻ ഫ്രം ദ കോൾഡ് ഒരു അന്താരാഷ്ട്ര ബെസ്റ്റ് സെല്ലറായിരുന്നു. ചാര കഥകളിലെ നായകന്മാരുടെ മാനുഷിക ബലഹീനതയും ധാർമ്മിക അവ്യക്തതയും വ്യക്തമായി വരച്ചു കാട്ടുന്ന അദ്ദേഹം തന്റെ രചനകളിൽ ഗൂഢാലോചന, സൂക്ഷ്മത, സംശയം, ഭീരുത്വം എന്നിവ ഫലപ്രദമായി വിന്യസിച്ചിരുന്നു.

കഴിഞ്ഞ നൂറ്റാണ്ടിലെയും ഈ നൂറ്റാണ്ടിലെയും ലോക രാഷ്ട്രീയത്തോടുള്ള നേരിട്ടുള്ള പ്രതിഫലനവും പ്രതികരണവുമാണ് ചാര പുസ്തകങ്ങൾ. 1991-ൽ ശീതയുദ്ധം അവസാനിച്ചപ്പോൾ, യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഗ്രസ്, സിഐഎയെ പ്രവർത്തനരഹിതമാക്കാൻ ആലോചിച്ചിരുന്നു. അതോടു കൂടി ചാരകഥകളിലെ പ്രധാന വില്ലൻ സ്ഥാനത്തു നിന്നും സി ഐ എ താഴേക്ക് പോയി. ശീതയുദ്ധകാലത്ത് സി ഐ എ യെ വില്ലനായും നായകനാക്കിയും ജനപ്രിയ ചാരകഥകൾ എഴുതിയ എഴുത്തുകാർ അതോടെ പുതിയ ഭീഷണികൾ വിഭാവനം ചെയ്തുകൊണ്ട് തങ്ങളുടെ എഴുത്തു തുടർന്നു. മൊസാദും റോയുമൊക്കെ പ്രധാന സ്ഥാനത്തേക്ക് വന്നു. 

ശീത യുദ്ധത്തിന്റെ അവസാനത്തോടെ ഗ്രാഫ് താഴേക്ക് പോയ സ്പൈ നോവലുകൾക്ക് വീണ്ടും ഉണർവുണ്ടാകുന്നത് 2001 സെപ്തംബർ 11-ന് അമേരിക്കയ്‌ക്കെതിരായ ഭീകരാക്രമണത്തോടു കൂടിയാണ്. ആക്രമണത്തെ തുടർന്നുണ്ടായ ഭീകരവാദ ഭയം അന്താരാഷ്ട്ര രാഷ്ട്രീയത്തിനു ചാരവൃത്തിയോടുള്ള  താൽപ്പര്യം പുനരുജ്ജീവിപ്പിച്ചു. വില്യം ബോയിഡിന്റെ റെസ്റ്റ്‌ലെസ്സ്, ഒലെൻ സ്റ്റെയ്ൻഹോവറിന്റെ ദ ടൂറിസ്റ്റ് എന്നിവയുൾപ്പെടെ നോവലുകൾ പുറത്തു വന്നത് സ്‌പൈ ത്രില്ലർ രചനയിൽ ഒരു പുതിയ തലമുറ ഉയർന്നു വരുന്നതിന് കാരണമായി. 21-ആം നൂറ്റാണ്ടിലെ ചാരവൃത്തി നോവലുകൾ ഭീകരരുടെ ഭീഷണികൾക്കെതിരെ പോരാടുന്ന ചാര സംഘടനകളുടെ സമകാലിക കഥകളാണ്. 

മലയാളത്തിലേക്ക് വന്നാൽ ഇത് വരെ അധികമാരും കൈ വെയ്ക്കാത്ത ഒരു മേഖലയാണ് ചാര കഥകൾ അഥവാ സ്പൈ നോവൽസ്. അധികമാരും കടന്നു ചെന്നിട്ടില്ലാത്ത ആ ഒരു ഇടത്തേക്കാണ് റിജോ ജോർജ് എന്ന എഴുത്തുകാരൻ ഹവാന ക്ലബ് എന്ന തന്റെ നോവലുമായി കടന്നു വന്നത്. കഴിഞ്ഞ ഒന്ന് രണ്ടു വർഷങ്ങൾക്കിടയിൽ അഞ്ഞൂറിന് മുകളിൽ ത്രില്ലർ നോവലുകളാണ് മലയാളത്തിൽ പുറത്തിറങ്ങിയിട്ടുള്ളത്. ഈ ത്രില്ലർ പ്രളയത്തിനിടയിൽ ശ്രദ്ധിക്കപ്പെടണമെങ്കിൽ പുതുമയുള്ളതും അതുല്യവുമായ ഒരു കഥ എഴുത്തുകാരൻ കണ്ടെത്തി കൊണ്ട് വരേണ്ടതുണ്ട്. അതിനു ഏറ്റവും എളുപ്പമുള്ള മാർഗം ത്രില്ലർ വിഭാഗത്തിൽ മറ്റാരും കടന്നു കയറാത്ത മേഖലകൾ കണ്ടെത്തി വായനക്കാരെ ത്രസിപ്പിക്കുന്ന രചനകൾ ഉണ്ടാക്കാൻ ശ്രമിക്കുക എന്നതാണ്. അത്തരമൊരു പരീക്ഷണമായിരുന്നു റിജോ ജോർജിന്റെ ഹവാന ക്ലബ്.

ഐ. എസ്. ആർ. ഓ ശാസ്ത്രജ്ഞൻ ഡോ. അൻസാരി വഖിയുദീന്റെ കൊലപാതകവും അതിനെ തുടർന്നുള്ള അന്വേഷണങ്ങളുമാണ് നോവലിന്റെ ഇതിവൃത്തം.  ഇന്ത്യൻ ചാര സംഘടനയായ റോയുടെ ഏജന്റ്മാരായ ജെയിൻ ഡാരയിലൂടെയും, മിഷിയയിലൂടെയുമാണ് കഥ മുന്നോട്ട് പോകുന്നത്. റെഡ് സ്പാരോയും ദി ബോൺ ഐഡന്റിറ്റിയും പോലുള്ള ആക്ഷൻ സിനിമകൾ തരുന്ന അനുഭവമാണ് ഹവാന ക്ലബും തരുന്നത്. (റെഡ് സ്പാരോയും ദി ബോൺ ഐഡന്റിറ്റിയും ബെസ്റ്റ് സെല്ലിംഗ് സ്പൈ നോവലുകളെ അടിസ്ഥാനമാക്കിയുള്ള സിനിമകളാണ്.)

സ്പൈ ഉപകരണങ്ങൾ, ചാര ക്യാമറകൾ, നിരീക്ഷണ ഉപകരണങ്ങൾ തുടങ്ങി ഡിജിറ്റൽ യുഗത്തിലെ അത്യാധുനികമായ സാങ്കേതികവിദ്യകളെക്കുറിച്ചും സൈബർ ചാരവൃത്തിയുടെ വിവിധ വശങ്ങളെ കുറിച്ചും വ്യക്തമായ ധാരണ ഇല്ലാതെ ഒരാൾക്ക് ഒരു സ്പൈ നോവൽ എഴുതുക എന്നത് അസാധ്യമാണ്. ഹാക്കർമാരും, നിരീക്ഷണ ഗാഡ്‌ജെറ്റുകളും, എൻക്രിപ്റ്റ് ചെയ്‌ത സന്ദേശങ്ങളും ചാര നോവലുകളിലെ അവിഭാജ്യ ഘടകങ്ങളാണ്. ശത്രുവിനെ ട്രാക്ക് ചെയ്യാൻ യഥാർഥ ചാരന്മാർ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയും സാങ്കേതികതകളും എന്തെന്ന് വ്യക്തമാക്കിയും, ഇന്നത്തെ കാലഘട്ടത്തിൽ ചാരപ്രവർത്തനം എങ്ങനെ നടക്കുന്നു എന്നു വ്യക്തമായ ഒരു ധാരണ നൽകിയുമാണ് നോവൽ മുന്നോട്ട് നീങ്ങുന്നത്. സയൻസ് ഫിക്ഷൻ പോലെ തീർത്തും ഭാവനയുടെ ലോകത്തു നിന്ന് മാത്രമല്ല ചാരനോവലുകൾ കഥ പറയുന്നത്. കൂടുതലും യഥാർഥ സംഭവങ്ങളിൽ നിന്നാണ് കഥ ഉയർന്നുവരുന്നത്. ചാരന്മാരുടെ ലോകം നമ്മൾ ജീവിക്കുന്ന ലോകത്തിന്റെ സ്പന്ദനങ്ങളും പുരോഗതിയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.

എടുത്തു പറയേണ്ടത് ഹവാന ക്ലബ് എന്ന ഈ പുസ്തകത്തിനു വേണ്ടി അദ്ദേഹം എടുത്തിട്ടുള്ള എഫർട്ടാണ്. നോവലിലെ പല പ്രധാന കാര്യങ്ങളും സംഭവിക്കുന്നത് ഇന്ത്യയ്ക്ക് വെളിയിലാണ്. പ്രധാനമായും ചൈനയാണ് പശ്ചാത്തലം. ചൈനയിലെ സ്ഥലങ്ങൾ, പേരുകൾ, ഹോട്ടലുകൾ, അവരുടെ രഹസ്യാന്വേഷണ ഏജൻസികൾ, പ്രതിരോധ സംവിധാനങ്ങൾ, രാഷ്ട്രീയം തുടങ്ങി എല്ലാ കാര്യങ്ങളും വളരെ വിശദമായി പഠിച്ചിട്ടാണ് നോവലിസ്റ്റ് ഇതിൽ എഴുതിയിരിക്കുന്നത്. ചൈനയും ഇന്ത്യയും തമ്മിലുള്ള അതിർത്തി സംഘർഷങ്ങൾ ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ബന്ധം പ്രക്ഷുബ്ധമായി തീർത്തിരിക്കുന്ന ഈ സമയത്ത് തിരശ്ശീലയ്ക്ക് പിന്നിൽ എന്താണ് സംഭവിക്കുന്നതെന്ന് ഊഹിക്കാൻ വായനക്കാർക്ക് ഇത്തരം ചാരനോവലുകൾ ഒരു മാർഗമായി മാറുന്നു. ലോകത്തിലെ എല്ലാ ഭാഷകളിലെയും ചാരകഥകളിലെ പ്രധാന കഥാപാത്രങ്ങൾ ആ രാജ്യത്തെയോ അയൽ രാജ്യങ്ങളിലെയോ രഹസ്യാന്വേഷണ ഏജൻസികളായിരിക്കും അത് പോലെ തന്നെ ഈ നോവലിലെയും പ്രധാന കഥാപാത്രങ്ങൾ ഇന്ത്യയുടെയും ചൈനയുടെയും രഹസ്യാന്വേഷണ ഏജൻസികളാണ്.

ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസികളും ചൈനയുടെ രഹസ്യാന്വേഷണ ഏജൻസികളും തമ്മിലുള്ള എലിയും പൂച്ചയും കളിയാണ് ഈ നോവലിന്റെ പ്രധാന ഘടകം. ഡാവിഞ്ചി കോഡ് പോലെ രഹസ്യ കോഡുകളും അവയുടെ ഡി കോഡിങ്ങും ഒക്കെയായി വായനക്കാരെ പിടിച്ചിരുത്തുന്ന ഒരുപാട് ഘടകങ്ങൾ ഈ നോവലിൽ ഉണ്ട്. നോവലിൽ പറയുന്ന ടെക്നോളജിക്കൽ അപ്ഡേഷൻസ് പലതും നമുക്ക് പുതിയ അറിവുകൾ പകരുന്നതാണ്. നോവലിനു വേണ്ടി എന്തെങ്കിലും എഴുതുക എന്നുള്ളതല്ല മറിച്ച് എഴുതുന്ന കാര്യത്തെക്കുറിച്ച് നന്നായി പഠിച്ച് അവതരിപ്പിക്കുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. പ്ലോട്ട് ട്വിസ്റ്റുകൾ, ക്ലിഫ്‌ഹാംഗറുകൾ, നാടകീയമായ ആക്ഷേപഹാസ്യം തുടങ്ങിയവ റിജോ ഈ ചാരനോവലിൽ ഉപയോഗിച്ചിട്ടുണ്ട്.  

മലയാളത്തിലെ ക്രൈം നോവലുകൾ സീരിയൽ കില്ലർ പോലുള്ള ക്ളീഷേ മാതൃകകൾ മാത്രം പിന്തുടരുമ്പോൾ അതിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു ഭൂമികയിൽ കഥ പറയാൻ ശ്രമിക്കുകയാണ് റിജോ ജോർജ്. ചാരകഥകൾ ഒരിക്കലും കേരളത്തിന്റെ ഭൂമി ശാസ്ത്രത്തിനുള്ളിൽ ഒതുങ്ങുവയല്ല. അവ അന്താരാഷ്ട്ര ക്യാൻവാസിൽ വരച്ചിടുന്നവയാണ്. ഒരു വിരൽ തുമ്പിൽ വിവരങ്ങൾ ലഭ്യമാകുന്ന ഈ കാലത്ത് നോവലിൽ എഴുതി വെയ്ക്കുന്ന വിവരങ്ങൾ ഭാവനയ്ക്ക് അപ്പുറം യാഥാർഥ്യമാണോ എന്ന് വായനക്കാർ പരിശോധിക്കും. അത് കൊണ്ട് തന്നെ ഒരു പാട് കഠിനാധ്വാനവും ക്ഷമയും ഉണ്ടെങ്കിൽ മാത്രമേ കുറ്റമറ്റ രീതിയിൽ ഒരു സ്പൈ നോവൽ അല്ലെങ്കിൽ ഒരു ക്രൈം ത്രില്ലർ എഴുതി തീർക്കാൻ സാധിക്കൂ. ആ കാര്യത്തിൽ റിജോ ഒരു പരിധി വരെ വിജയിച്ചിട്ടുണ്ട്. മലയാളത്തിൽ ഇനിയും മികച്ച സ്പൈ ത്രില്ലറുകൾ വരേണ്ടതുണ്ട്. റിജോ ജോർജിനെ പോലുള്ള എഴുത്തുകാരുടെ ഭാവനയിൽ ഇനിയും മികച്ച ത്രില്ലറുകൾ ഉണ്ടാകട്ടെ എന്ന് നമുക്ക് ആശിക്കാം.

Content Summary: Malayalam Book ' Havana Club ' by Rijo George

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com