ADVERTISEMENT

അ‌ടിയന്തരാവസ്ഥക്കാലത്തിന്റെ ഇന്നും നീറുന്ന നോവായ രാജനു വേണ്ടി, സാക്ഷി പറഞ്ഞ ഒരു മനുഷ്യൻ. പേരിന്റെ പേരിൽ തെറ്റിധരിക്കപ്പെട്ട് കസ്റ്റഡിയിലായ വിദ്യാർഥിക്കു വേണ്ടി കക്കയം ക്യാംപിൽ പോകുകയും അവിട‌െക്കണ്ട സത്യം വിളിച്ചു പറയുകയും ചെയ്ത അധ്യാപകൻ. പ്രലോഭനങ്ങളും വാഗ്ദാനങ്ങളുമുണ്ടായിട്ടും കോടതിമുറിയിൽ സത്യം പറഞ്ഞ് മനഃസാക്ഷിക്കുത്തില്ലാതെ ജീവിച്ച പൗരൻ. ഈച്ചര വാരിയരുടെ ആത്മകഥ വായിക്കുമ്പോൾ ഇന്നും കണ്ണുനിറയുന്ന അച്ഛൻ. 

പ്രഫ.കെ.കെ. അബ്ദുൽ ഗഫാറിന്റെ അനുഭവ സാക്ഷ്യം നിസ്സാരമല്ല. ചരിത്ര രേഖയാണ്. പ്രതിബദ്ധതയുടെ ഉറപ്പാണ്. ജീവിതത്തിൽ അവശേഷിക്കുന്നതു മൂല്യങ്ങൾ മാത്രമാണെന്ന തിരിച്ചറിവാണ്. 

കോഴിക്കോട് ആർഇസിയിൽ അബ്ദുൽ ഗഫാർ അധ്യാപകനായിരിക്കെയാണ് രാജൻ പൊലീസ് ക്രൂരതയ്ക്ക് വിധേയനാകുന്നത്. രാജൻ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വിദ്യാർഥിയായിരുന്നു. കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ രാജൻ എന്നൊരാൾ ഉൾപ്പെട്ടിരുന്നു. അയാളെത്തേടി പൊലീസ് ഊർജിത തിരച്ചിലിലായിരുന്നു. പ്രതിയായ രാജനെ കണ്ടെത്താൻ വേണ്ടി നടത്തിയ പൊലീസ് അന്വേഷണം രാജൻ എന്ന പേരുള്ളവരിലേക്കെല്ലാം എത്തി അക്കാലത്ത്. അടിയന്തരാവസ്ഥയുടെ സവിശേഷത. ആരെയും എന്തും ചെയ്യാൻ, എന്തു സംഭവിച്ചാലും ആരും ചോദിക്കാനില്ലാത്ത, പൊലീസ് സർവാധികാരികളായ കാലം. അടിയന്തരാവസ്ഥ ഇന്നും നീറുന്ന ഓർമയാകുന്നതും അതുകൊണ്ടുതന്നെയാണ്. അത്തരമൊരു കാലത്തെക്കുറിച്ചുള്ള നേരിയ സൂചനകൾ പോലും ഇന്നും പേടിപ്പിക്കുന്നുണ്ട്. ഭരണാധികാരികൾ ജനങ്ങളെ പേടിച്ചാൽ എന്തു സംഭവിക്കുമെന്നതിന്റെ ഉദാഹരണം കൂടിയാണത്. 

അവസാന വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥിയായിരുന്നു രാജൻ. അബ്ദുൽ ഗഫാർ വകുപ്പ് അധ്യക്ഷനും. അധ്യാപകരോട് ആദരവായിരുന്നു രാജന്. അവൻ അവരുടെ  പ്രിയപ്പെട്ട വിദ്യാർഥിയും. നന്നായി പാടുമായിരുന്നു. അവന്റെ പാട്ടുകൾക്ക് നല്ല ഈണവും താളവുമുണ്ടായിരുന്നു. പഠനത്തിനും കലയിലും ഒരുപോലെ തിളങ്ങിയ വിദ്യാർഥി. എസ്എഫ്ഐ പാനലിൽ ആർട്സ് ക്ലബ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്. 

അവസാനമായി രാജനെ അബ്ദുൽ ഗഫാർ കാണുന്നത് ഒരു രാത്രിയിലാണ്. ഘോഷയാത്രയായാണ് അന്ന് അവനും കൂട്ടുകാരും ഹോസ്റ്റലിലേക്ക് എത്തിയത്. ഏറ്റവും മുന്നിൽ രാജനായിരുന്നു. ശബ്ദം കേട്ട് ഗഫാർ ഉണർന്നു. ജനാലയുടെ വിരി നീക്കി നോക്കിയപ്പോൾ വിദ്യാർഥികളുടെ ഘോഷയാത്ര കണ്ടു. ബി സോൺ ഫെസ്റ്റിൽ ജേതാക്കളായതിന്റെ ആഘോഷം. രാജനെയും സംഘത്തെയും അദ്ദേഹം അഭിവാദ്യം ചെയ്തു. രാജൻ പ്രത്യഭിവാദ്യം ചെയ്ത് കൂട്ടുകാർക്കൊപ്പം നടന്നുനീങ്ങി. 

അവന്റെ ഇ‌ടതുകൈയിലാണെന്നാണ് ഓർമ ഒരു ബാൻഡേജ് ഉണ്ടായിരുന്നു. ആഘോഷത്തിന്റെ പ്രഭയിലും ഞാനതു കണ്ടു. എന്തു പറ്റിയതാണെന്ന് ആ ബഹളത്തിനിടയിൽ ഞാൻ ചോദിച്ചില്ല. ബാൻഡ് മേളം അകലേക്കു പോകുന്ന ശബ്ദം കേട്ട് ഞാൻ കിടന്നു. പിറ്റേന്ന് പുലർച്ചെ ഉണർന്നത് ഞെട്ടിക്കുന്ന വാർത്ത കേട്ടാണ്. രാജനെയും ചാലിയെയും പൊലീസ് പിടിച്ചുകൊണ്ടുപോയി. 

അതിനുശേഷം പിന്നീടൊരിക്കലും ഞങ്ങൾ ശരിക്കൊന്ന് ഉറങ്ങിയിട്ടില്ല. ശരിക്കൊന്ന് സ്വപ്നം കണ്ടിട്ടില്ല. കണ്ണടയ്ക്കുമ്പോഴും ഇപ്പോഴും ആ സംഭവം മുന്നിൽ വരും. എത്ര ശ്രമിച്ചാലും ജീവിതത്തിലൊരിക്കലും എനിക്കത് മറക്കാനാവില്ലെന്ന സത്യവുമായി പൊരുത്തപ്പെടുകയായിരുന്നു. 

രാജനുമായി ബന്ധപ്പെട്ട് പിന്നീട് നടന്ന സംഭവങ്ങൾ ഒന്നൊന്നായി ഗഫാർ എഴുതുന്നു. 85–ാം വയസ്സിലും മങ്ങാത്ത ഓർമയെ കൂട്ടുപിടിച്ച്. നേരത്തേ പൊലീസിനു മുന്നിലും കോടതിയിലും സത്യം പറഞ്ഞ അതേ ആർജവത്തോടെ. 

രാജനെക്കുറിച്ചെഴുതിയ കവിതയിൽ സച്ചിദാനന്ദൻ എഴുതിയത് ഇന്നും മുഴങ്ങുന്നു: 

‌നീ മരിച്ചതിന് അവർക്ക് തെളിവുകളില്ല. 

പക്ഷേ, നീ ജീവിച്ചിരുന്നതിന് ഞങ്ങൾക്ക് തെളിവുകളുണ്ട്. 

തെളിവുള്ള ആ നാവുകളിൽ ഒന്നാണ് പ്രഫ. അബ്ദുൽ ഗഫാർ.

പുറത്ത് മഴ നനഞ്ഞ് എന്റെ മകൻ നിൽക്കുന്നു. പകയുണ്ടോ എന്ന ചോദ്യത്തിന് ഇപ്പോഴും എനിക്കുത്തരമില്ല. പക്ഷേ, ലോകത്തിനോട് ഒരു ചോദ്യം ഞാനിപ്പോഴും ബാക്കിയാക്കുന്നു. 

എന്റെ നിഷ്കളങ്കനായ കുഞ്ഞിനെ മരിച്ചിട്ടും നിങ്ങളെന്തിനാണ് മഴയത്ത് നിർത്തിയിരിക്കുന്നത്? ഈച്ചര വാരിയരുടെ ചോദ്യത്തിന് ആര് ഉത്തരം പറയും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com