ADVERTISEMENT

ആനന്ദപുരം എന്ന ഗ്രാമത്തിലെ വിചിത്ര വിസ്മയങ്ങളിലൂടെയുള്ള സഞ്ചാരം ആണ് നവീൻ നീലകണ്ഠൻ കുട്ടികൾക്കായി എഴുതിയ മഴവിൽത്താഴത്തെ മഹേന്ദ്ര ജാലക്കാരൻ എന്ന നോവൽ. ആനന്ദപുരം സീരിസിലെ മൂന്നാമത്തെ പുസ്തകമാണിത്. 114 പേജുകളുള്ള നോവൽ വിസ്കാബിൻ പബ്ലിഷേഴ്സ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അച്ഛനോടും അമ്മയോടും ഒപ്പം ആനന്ദപുരം എന്ന ഗ്രാമത്തിൽ എത്തുന്ന അപ്പു എന്ന ബാലനും അവന്റെ കൂട്ടുകാരായ അപ്പക്കടയും അമീഷയും മഹർഷിയും ചേർന്ന് നടത്തുന്ന സാഹസിക സഞ്ചാരങ്ങളും കുട്ടികളിൽ കൗതുകം ഉണർത്തും. നൂറ്റാണ്ടുകൾക്ക് മുൻപ് ആനന്ദപുരത്തു നിന്ന് കാണാതായ സമയരഥം കണ്ടെത്തിയത് അപ്പു ആയിരുന്നു. അത് ഉടമസ്ഥരായ വൈരഭന്മാർക്ക് തിരികെ നൽകിയതിന് ശേഷം സന്തോഷപ്പാടത്ത് തടവിൽ കഴിഞ്ഞിരുന്ന ചിത്രശലഭങ്ങളെ അപ്പു സ്വതന്ത്രരാക്കി. ആനന്ദപുരത്തെ ദൗത്യങ്ങൾ പൂർത്തിയാക്കിയ ശേഷം സമയരഥത്തിൽ കയറി തിരുവനന്തപുരത്തേക്ക് പോകാൻ തയാറായിരിക്കുമ്പോഴാണ് നീലാമ്പൽ ചിറയിൽ വച്ചുള്ള സൽക്കാരത്തിനു അപ്പുവിന് പുരം അധികാരിയുടെ ക്ഷണം കിട്ടുന്നത്.

പുരം അധികാരിയുടെ കൊട്ടാരത്തിനകത്തുള്ള ആമ്പൽ പൂക്കൾ നിറഞ്ഞ ജലാശയമായ നീലാമ്പൽ ചിറ കാണാൻ അപ്പുവും കൂട്ടുകാരും ഏറെ ആഗ്രഹിച്ചിരിക്കുമ്പോഴാണ് അപ്പുവിന് ക്ഷണം കിട്ടുന്നത്. നീലാമ്പൽ ചിറയ്ക്ക് അരികിലുള്ള പുൽത്തകിടിയിൽ വച്ചാണ് അത്താഴവിരുന്ന് എന്നത് അവനേറെ സന്തോഷം നൽകി. വർണമത്സ്യങ്ങൾ ഒഴുകി നടക്കുന്ന തടാകത്തിന്റെ നടുവിൽ ഒരു ഫൗണ്ടൻ ഉണ്ട്. വെള്ളത്തിലേക്കിറങ്ങുന്നവരുടെ മൂഡ് അനുസരിച്ചുള്ള സംഗീതം കേൾക്കും. സംഗീതത്തിനനുസരിച്ച് ഫൗണ്ടനു ചുറ്റുമുള്ള വിളക്കുകൾ തിളങ്ങും.

അത്താഴ വിരുന്നിനിടെ നടന്ന അപ്രതീക്ഷിതസംഭവങ്ങളിലൂടെ പുരോഗമിക്കുന്ന നോവൽ ഏറെ ഉദ്വേഗം ജനിപ്പിക്കുന്നതാണ്. വർഷങ്ങൾക്ക് മുൻപ് ആനന്ദപുരത്തിന്റെ ആസ്ഥാന കലാകാരന്മാരായിരുന്നു വൈരഭന്മാർ. സർക്കസും നാടകവും നൃത്തവും എല്ലാമായി ആനന്ദപുരത്തുള്ളവരെ രസിപ്പിക്കലായിരുന്നു വൈരഭന്മാരുടെ ജോലി. വൈരഭന്മാരെ ആനന്ദപുരത്തേക്ക് തിരിച്ചു കൊണ്ട് വന്നത് പെരിഞ്ചക്കോടൻ പടയെ ചൊടിപ്പിച്ചു. അവർ അത്താഴ വിരുന്ന് തടസപ്പെടുത്തുന്നു. ആനന്ദപുരത്തെ അത്ഭുതകാറ്റാടികൾ നന്നാക്കാനെത്തിയ അപ്പുവിനെ കാത്തിരുന്നത് പുതിയ രഹസ്യങ്ങളായിരുന്നു.

വിസ്മയങ്ങളുടെ ഒരു വിചിത്ര ലോകമാണ് ആനന്ദപുരം. വളരുകയും ചുരുങ്ങുകയും ചെയ്യുന്ന കൊമ്പുകളുള്ള ആനന്ദപുരത്തെ ആളുകൾ. പതിനെട്ടു നിലകളുള്ള അമ്മകാറ്റാടി, ആകാശം മുട്ടെ ഉയരമുള്ള വടവൃക്ഷങ്ങൾ നിറഞ്ഞ താമരത്തോട്ടം, കയറിയിരുന്നു ആകാശത്തേക്ക് പറക്കാനാവുന്ന വിമാനത്തൂമ്പ, പ്രായത്തിനു കീഴ്പ്പെടുത്താൻ കഴിയാത്ത വരാഹി മുത്തശ്ശി, മനുഷ്യന്റെ നീളം വരുന്ന കൈകളുള്ള വൈരഭന്മാർ എന്ന വിചിത്ര മനുഷ്യർ, ആകാശം മുട്ടെയുള്ള കൂടുകളിൽ ഉള്ള വലിയ ചിത്രശലഭങ്ങൾ നിറഞ്ഞ സന്തോഷപ്പാടം, കയറിയിരുന്നു സ്വിച്ചിട്ടാൽ ഉദ്ദിഷ്ട സ്ഥലത്ത് നിമിഷ നേരം കൊണ്ടെത്തിച്ചേരുന്ന സമയരഥം, ആനന്ദപുരത്തിനു ഭീഷണി ഉയർത്തുന്ന പെരിഞ്ചക്കോടൻ പട... അങ്ങനെ അത്ഭുതങ്ങളുടെ ഒരു നീണ്ട നിരയാണ് കുട്ടികളെ കാത്തിരിക്കുന്നത്.

വൈരഭന്മാരുടെ ആസ്ഥാനമാണ് മഴവിൽത്താഴം. അതിമനോഹരമായ മഴവിൽത്താഴത്ത് നിറങ്ങളിൽ കുളിച്ചു നിൽക്കുന്ന മേൽക്കൂരകളാണുള്ളത്. പകൽ വെളിച്ചത്തിൽ പിങ്ക് നിറത്തിൽ തിളങ്ങുന്ന ഇവ രാത്രിയായാൽ ഇളം നീല നിറമാകും. മഴവിൽത്താഴത്തെ മരങ്ങൾക്കുമുണ്ട് പ്രത്യേകത. തായ്ത്തടിയിലും ശിഖരങ്ങളിലും എല്ലാം അതിമനോഹരമായ ചിത്രപ്പണികൾ ഉള്ളവയാണവ. മാത്രമൊ, മഴവിൽത്താഴത്തെ തെരുവുകളിൽ നിന്ന് നോക്കിയാൽ വർഷം മുഴുവനും ആകാശത്ത് ഒരു മഴവില്ല് കാണാം! വിസ്മയങ്ങളുടെ നിര അവസാനിക്കുന്നതേയില്ല. കൊച്ചു കൂട്ടുകാർക്ക് ഭാവനയുടെ ചിറകേറി പറക്കാൻ ഉള്ള അവസരം ആണ് മഴവിൽത്താഴത്തെ മഹേന്ദ്രജാലക്കാരനിലൂടെ നവീൻ നീലകണ്ഠൻ ഒരുക്കുന്നത്.

വരാഹി മുത്തശ്ശിയെ കാണാൻ അപ്പുവും കൂട്ടുകാരും സന്തോഷപ്പാടത്തേക്ക് പോകുന്നുണ്ട്. അത്ഭുതപ്പെടുത്തുന്ന കാഴ്ചകളാണ് അവിടെയുള്ളത്. ആകാശം മുട്ടെ ഉയരുന്ന വട വൃക്ഷങ്ങൾ, മരങ്ങളുടെ ഓരോ ഇലയ്ക്കും ഓരോ വലുപ്പം... പടർന്നു പന്തലിച്ച ശിഖരങ്ങളിലൂടെ ഒരു ബസ് ഓടിച്ചു കയറ്റാം. മരങ്ങൾക്ക് മുകളിലോ തേൻനാരങ്ങകൾ... വിസ്മയങ്ങൾ അവസാനിക്കുന്നതേയില്ല.... പെരിഞ്ചക്കോടൻ പടയിലെ അംഗങ്ങളെ കണ്ടെത്താനും ആക്രമണം ഉണ്ടായാൽ അറിയാനും സന്ദേശം കൈമാറാൻ ഉള്ള സന്ദേശപ്പൂവ്... ഇങ്ങനെ കൊച്ചു കൂട്ടുകാർക്ക് ഭാവനയുടെ ചിറകിലേറി പറക്കാൻ നിരവധി അവസരങ്ങളാണ് മഴവിൽത്താഴം സമ്മാനിക്കുന്നത്. മനുഷ്യന്റെ വലിപ്പമുള്ള വർണമയിലുകളും കൂറ്റൻ ചിത്രശലഭങ്ങളും ഉഗ്രരൂപികളായ കൊമ്പനാനകളും വീരൻ കുതിരയും എല്ലാം  കഥാപാത്രങ്ങളാകുന്നു.

പെരിഞ്ചക്കോടന്റെ പദ്ധതികളെ തകർക്കാൻ അപ്പുവിന് ആകുമോ? ആരാണ് മഴവിൽത്താഴത്തെ മഹേന്ദ്ര ജാലക്കാരൻ? ആനന്ദപുരത്ത് ഒരാൾക്കും അറിയാത്ത രഹസ്യങ്ങൾ അറിയുന്ന വരാഹിമുത്തശ്ശി അപ്പുവിന് രഹസ്യങ്ങൾ കൈമാറുമോ? പെരിഞ്ചാക്കോടന്റെ ഇന്ദ്രജാലക്കെണിയിൽ നിന്നും കൂട്ടുകാരെ രക്ഷിക്കാൻ അപ്പുവിന് കഴിയുമോ? പെരിഞ്ചക്കോടൻ പടയെ കീഴ്പ്പെടുത്തി ആനന്ദപുരത്തെ രക്ഷിക്കാൻ അപ്പു എന്ന ധീര ബാലനു കഴിയുമോ? ഇതിനെല്ലാം ഉള്ള ഉത്തരം ഈ നോവൽ നൽകും. ഫാന്റസി ഇഷ്ടപ്പെടുന്ന, ഇന്ദ്രജാലം ഇഷ്ടപ്പെടുന്ന, സാഹസികത ഇഷ്ടപ്പെടുന്ന കൊച്ചു കൂട്ടുകാർക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന നോവൽ ആണ് മഴവിൽത്താഴത്തെ മഹേന്ദ്ര ജാലക്കാരൻ. ഓരോ വരിയിലും നിറയുന്ന ഉദ്വേഗവും അടുത്ത കാഴ്ചകൾ, സംഭവങ്ങൾ എന്താവും എന്നറിയാനുള്ള ആകാംക്ഷയും വായനക്കാരെ പിടിച്ചിരുത്തും.

ആനന്ദപുരത്തെ കാഴ്ചകൾ അപ്പുവിന്റെയും കൂട്ടരുടെയും കണ്ണിലൂടെ വായനക്കാരനും കാണുന്നു, അനുഭവിക്കുന്നു. നോവലിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷ കൊച്ചു കുട്ടികൾക്ക് പോലും തനിയെ വായിക്കാവുന്നത്ര ലളിതമാണ്. കുട്ടികളെ രസിപ്പിക്കാൻ പറഞ്ഞു തുടങ്ങിയ കഥകളാണ് പുസ്തക രൂപത്തിൽ ആനന്ദപുരത്തെ അത്ഭുതകാറ്റാടികൾ ആയി മാറിയത് എന്ന് പിൻ കുറിപ്പിൽ നോവലിസ്റ്റ് പറയുന്നുണ്ട്.

മലയാള സാഹിത്യത്തെ സംബന്ധിച്ചിടത്തോളം നവീൻ നീലകണ്ഠന്റെ സാന്നിധ്യം ഒരു പുതിയ അനുഭവം ആയിരിക്കും എന്നും നമ്മുടെ സാഹിത്യത്തിന്റെ ചരിത്രം കുറിക്കുന്ന ഘട്ടത്തിൽ ഈ ചെറുപ്പക്കാരന്റെ സംഭാവനകൾ യഥാതഥം വിലയിരുത്തപ്പെടുമെന്ന കാര്യത്തിൽ തനിക്ക് യാതൊരു സന്ദേഹവും ഇല്ല എന്നും നോവലിന്റെ ആദ്യ വായനക്കാരൻ കൂടിയായ ഡോ. ജോർജ് ഓണക്കൂർ അഭിപ്രായപ്പെടുന്നു.

കുട്ടികൾക്കുള്ള നോവലാണ് ഇതെങ്കിലും മുതിർന്ന വായനക്കാർക്കും അപ്പുവിന്റെയും കൂട്ടരുടെയും സാഹസികതകൾ ഇഷ്ടമാവും എന്നത് തീർച്ചയാണ്.

Content Summary: Malayalam Book ' Mazhavilthazhathe Mahendrajalakkaran ' by Naveen Neelakandan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com