ADVERTISEMENT

ഗുരുദത്ത്: സ്വപ്നാടനവും ദുരന്തവും
വേണു വി.ദേശം
മാതൃഭൂമി ബുക്സ് ‌
വില 150 രൂപ

രണ്ടു തവണ ആത്മഹത്യയ്ക്കു ശ്രമിച്ചു പരാജയപ്പെട്ട ഗുരു ദത്ത് മൂന്നാം തവണയെങ്കിലും വിജയിക്കണമെന്ന് ആഗ്രഹിച്ചിരിക്കാം. എന്നാൽ 39–ാം വയസ്സിലെ അകാല മരണം ജീവനൊടുക്കാനുള്ള ശ്രമത്തിനിടെ  സംഭവിച്ചതാണെന്നും അല്ലെന്നും വാദങ്ങളുണ്ട്. ദിവസങ്ങളായി ഉറക്കം ലഭിക്കാത്തതിനാൽ മദ്യത്തിൽ അമിതമായി ഉറക്കഗുളിക കലർത്തിയിരുന്നു അദ്ദേഹം. എന്നാലും കനത്ത ഉറക്കത്തിനൊടുവിൽ ഉണരുമെന്നും പുതിയ സിനിമയുടെ പ്രവർത്തനങ്ങളിൽ സജീവമാകണമെന്നും അദ്ദേഹം ആഗ്രഹിച്ചു എന്നതിനു തെളിവുകളുണ്ട്. നടീ നടൻമാരെ കാണാൻ സമയവും നിശ്ചയിച്ചിരുന്നു. എന്നാൽ, ഏകാന്തതയുടെ തീവ്രവിഷാദത്തിൽ അലിയാനും മദ്യപിക്കാനും പ്രണയിക്കാനും മികച്ച സിനിമകളെടുക്കാനും ഗുരുവിന് ജീവിതം ബാക്കിയായില്ല. 

ഭാര്യ ഗീതാ ദത്ത് 41 –ാം വയസ്സിലാണു മരിച്ചത്. ആത്മഹത്യ ആയിരുന്നില്ല. കരൾ രോഗം മൂർഛിച്ചായിരുന്നു മരണം. എന്നാൽ ആ മരണത്തിലേക്ക് ഗീതാ ഉറച്ച ചുവടുകളോടെ നടന്നടുത്തതാണ്എന്നു വിചാരിക്കാൻ ഒട്ടേറെ തെളിവുകളുണ്ട്. ഗുരു ദത്തിനൊപ്പമുള്ള കുടുംബ ജീവിതത്തിന്റെ തകർച്ചയും കരിയറിലെ പരാജയങ്ങളും മദ്യത്തിന്റെ ലഹരിയിൽ അലിയിക്കാനാണു ഗീത ശ്രമിച്ചത്. അതിന്റെ ഫലമായിരുന്നു ആത്മഹത്യ എന്നു തന്നെ വിശേഷിപ്പിക്കാവുന്ന അവരുടെ സ്വാഭാവിക മരണം. ഈ രണ്ടു മരണങ്ങൾക്കിടെ ഇന്ത്യൻ സിനിമയുടെ സുവർണ കാലത്തിന്റെ വിഷാദ ചരിത്രമുണ്ട്. പ്രണയത്തിന്റെ, വിവാഹത്തിന്റെ, വിശ്വാസ വഞ്ചനയുടെ, പശ്ചാത്താപത്തിന്റെ, രണ്ടാമമൊരു അവസരം കൂടി കൊടുക്കാത്ത ദുർവിധിയുടെയും ക്രൂരത. അതിനെ ഗുരു–ഗീതാ ദത്ത് ദമ്പതികളുടെ വിവാഹമെന്നും ജീവിതമെന്നും കൂടി വിശേഷിപ്പിക്കാം. ‌

ജൻമശതാബ്ദിക്ക് രണ്ടു വർഷം മാത്രം ശേഷിക്കെ, ഗുരു ദത്ത് ഇന്നും പ്രഹേളികയായി തുടരുകയാണ്. ബോളിവുഡ് സിനിമയെ തോൽപിക്കുന്ന അദ്ദേഹത്തിന്റെ സംഭവ ബഹുലമായ ജീവിത കഥയും. സഹപ്രവർത്തകർ ഉൾപ്പെടെഅപൂർണമായിട്ടാണെങ്കിലും ആ ജീവിതത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. തിരക്കഥാകൃത്ത് ബിമൽ മിത്ര ഉൾപ്പെടെയുള്ളവർ. ഈ കൃതികളിൽ നിന്നുകൂടി പ്രചോദനം ഉൾക്കൊണ്ടാണ് വേണു വി.ദേശം മലയാളത്തിൽ ഗുരുദത്തിന്റെ ജീവിതം ആവിഷ്കരിക്കാൻ ശ്രമിക്കുന്നത്. സ്വപ്നാടനവും ദുരന്തവും എന്ന പേരിൽ. വെല്ലുവിളിയായി ഏറ്റെടുത്ത് വിജയിപ്പിക്കാമായിരുന്ന ദൗത്യമാണ് ഗുരു ദത്തിന്റെ ജീവിതമെഴുത്ത്. വേണ്ടതിലധികം സംഭവങ്ങൾ ആ ജീവിതത്തിലുണ്ട്.  

സിനിമയെയും കഥയെയും തോൽപിക്കുന്നവ. നാടകീയതയ്ക്കും അതിഭാവുകത്വത്തിനും വേണ്ടതിലും അധികം വസ്തുതകളും കഥകളും കെട്ടുകഥകളുമുണ്ട്. എന്നാൽ, ഓർമയിൽ സൂക്ഷിക്കാവുന്ന പുസ്തകമല്ല പുറത്തുവന്നിരിക്കുന്നത്. അപരിചിതവും പ്രയോഗത്തിൽ ഇല്ലാത്തതുമായ വാക്കുകളും വാചക ഘടനയിലെ പ്രശ്നങ്ങളും സർവോപരി ആത്മൈക്യത്തിന്റെ അഭാവവും ഈ പുസ്തകത്തിൽ മുഴച്ചുനിൽക്കുന്നു. ഗുരു ദത്തിന്റെ ജീവിതത്തെക്കറിച്ച് അറിയാം. അദ്ദേഹത്തിന്റെ സിനിമകളെക്കുറിച്ചുള്ള  പഠനവുമുണ്ട്. എന്നാൽ, ഇതിലും മികച്ച ഒരു കൃതി അർഹിച്ചിട്ടുണ്ട് ഗുരു ദത്ത്; അദ്ദേഹത്തിന്റെ ജീവിതവും അതാവശ്യപ്പെടുന്നു. 

വിവരങ്ങൾ അതായി മാത്രം രേഖപ്പെടുത്തുന്ന കൃതികൾക്ക് ഇന്ന് ആവശ്യക്കാർ കുറവാണ്. അവയെല്ലാം വിരൽത്തുമ്പിൽ ലഭ്യമാണു താനും. മൗലികമായ സംഭാവനയാ‌ണ് എഴുത്തുകാരിൽ നിന്ന് കാലം ആവശ്യപ്പെടുന്നത്. അതിനു ശ്രമിക്കാതെയും പ്രതിഭയോട് നീതി പുലർത്താതെയുമുള്ള കൃതികൾ പ്രത്യേകിച്ചൊരു ദൗത്യവും നിറവേറ്റാതെ കാലത്തിന്റെ ചവറ്റുകുട്ടയിൽ സ്വാഭാവികമായി ഇടം നേടും. പ്രത്യേകിച്ചൊന്നും അവശേഷിപ്പിക്കാതെ. പ്രതിഭാ സ്പർശമുള്ള കൃതികൾക്കു പോലും അൽപായുസ്സ് വിധിക്കുന്ന ക്രൂര കാലത്തിനോട് ഏറ്റുമുട്ടാൻ ഒട്ടും ശേഷിയുള്ളതല്ല സ്വപ്നാടനവും ദുരന്തവും എന്നുറപ്പിച്ചു പറയാം. 

Content Highlight: Book review | Venu v desom | Guru Dutt | Gurudutt swapnadanam durantham

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com