ADVERTISEMENT

സാഹിത്യത്തിൽ പൊതുവേ പസഫിക് ഭൂമിയെക്കുറിച്ചുള്ള പരാമർശത്തിൽ കിവി വംശജരെയാണ് കൂടുതലായി കാണാറ്. എന്നാൽ അതിൽനിന്നു വ്യത്യസ്തമായി പസഫിക് ഭൂമിയുടെ യഥാർഥ അവകാശികളായ മാവോറികളെ പ്രതിനിധാനം ചെയ്യുന്ന പുസ്തകമാണ് അപർണ കുറുപ്പിന്റെ 'കൊ അഹാവു തെ വായി'. ഓർമക്കുറിപ്പ്, യാത്രാവിവരണം, മിത്തോളജി, ചരിത്രാഖ്യാനം തുടങ്ങിയ ഭിന്നജനുസ്സുകൾ സമന്വയിപ്പിച്ച് ഒരു പുതിയ കഥാഖ്യാന സമ്പ്രദായം തന്നെ ഈ കൃതിയിൽ അപർണ പരീക്ഷിച്ചിരിക്കുന്നു. തദ്ദേശീയ ആദിമജനതയായ മാവോറികളും ബ്രിട്ടിഷ് രക്തമുള്ള കിവികളും, വ്യത്യസ്തമായ രണ്ട് സംസ്കാരങ്ങൾ പങ്കിടുന്ന, തീർത്തും വ്യത്യസ്തരായ രണ്ട് ജനതയാണ്. തദ്ദേശീയരും കുടിയേറ്റക്കാരുമടങ്ങിയ ആ ബഹുസംസ്കാരദേശത്തിലെ പ്രശ്നങ്ങളെയും അതിജീവനത്തെയും പ്രമേയമാക്കിയ നോവലിന് മാവോറികളുടെ ഭാഷയിൽ നിന്നാണ് ശീർഷകം സ്വീകരിച്ചിരിക്കുന്നത്. മാവോറി ഭാഷയിൽ 'കൊ അഹാവു തെ വായി' എന്നാല്‍ 'ഞാൻ ഒഴുകുന്ന ജലമാകുന്നു' എന്നാണ് അർഥം. വ്യത്യസ്ത വംശത്തിൽപ്പെട്ടവരുടെ ലയനവും മുന്നോട്ടുപോക്കും പ്രതിപാദിക്കുന്ന കൃതിക്ക് ആ നാമം അനുയോജ്യമാണ്.

Aparna
അപർണ

കുടിയേറുക എന്ന ലക്ഷ്യത്തോടെ ന്യൂസീലൻഡിൽ വിദ്യാർഥിനിയായി എത്തുന്ന രുക്മയുടെ ആത്മാന്വേഷണവും വൈകാരിക പ്രതിസന്ധികളും അപരിചിതദേശത്തെക്കുറിച്ചുള്ള തിരിച്ചറിവുകളുമാണ് പ്രധാന കഥാതന്തു. പ്രണയപരാജയത്തിന്റെ മുറിപ്പാടുകളും മനംമടുപ്പുകളും പിന്നിലുപേക്ഷിച്ചെത്തിയ രുക്മയുടെയുള്ളിൽ, സ്വന്തം ലോകം മാത്രമല്ല മറ്റു സ്ത്രീകളുടെ ലോകവും ലൈംഗികതയും കുടുംബബന്ധങ്ങളുമെല്ലാം പുനർവിചാരണ ചെയ്യപ്പെടുന്നു. ന്യൂസീലൻഡിലെ ഇന്ത്യൻ സമൂഹത്തിന്റെ പ്രവാസജീവിതത്തിലേക്കാണ് രുക്മയുടെ കഥയിലൂടെ അപർണ വായനക്കാരെ നയിക്കുന്നത്.

കുടിയേറ്റ ജീവിതത്തിൽ വ്യക്തികൾ അനുഭവിക്കുന്ന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്ന നോവൽ സമകാലീന പ്രസക്തിയുള്ളതാണ്. കോവിഡിന് മുൻപും കോവിഡ് കാലഘട്ടത്തിലും കോവിഡിന് ശേഷവും പ്രവാസിയായി കഴിയേണ്ടിവരുന്ന വിദ്യാർഥികളുടെ സംഘർഷങ്ങളെ വ്യക്തമായിത്തന്നെ അവതരിപ്പിക്കുന്നു. വ്യത്യസ്തമായ സാംസ്കാരിക പശ്ചാത്തലം നൽകുന്ന സമ്മർദവും സ്ഥിര വരുമാനവും താമസാനുമതിയും ലഭ്യമാക്കുവാൻ അനുഭവിക്കേണ്ടിവരുന്ന സമസ്യകളും ഭംഗിയായി ഈ പുസ്തകം കൈകാര്യം ചെയ്തിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി നൽകുന്ന മാനസിക സംഘർഷങ്ങൾ എത്രത്തോളം ജീവിതത്തെ മാറ്റിമറിക്കാം എന്നതിന്റെ നേർമുഖവുമിതിൽ കാണാം.

സങ്കീർണമായ അവസ്ഥ കുടിയേറിപ്പാർത്തവർക്കു മാത്രമല്ല തദ്ദേശീയർക്കുമുണ്ടെന്ന തുറന്നുപറച്ചിലാണ് അപർണ കുറുപ്പിന്റെ ആദ്യ നോവൽ 'കൊ അഹാവു തെ വായി'. പ്രണയബന്ധത്തിലെ തകർച്ചയ്ക്കു പുറത്തേക്കു സഞ്ചരിക്കുന്ന നോവൽ വ്യത്യസ്തമാകുന്നത് നായക കഥാപാത്രം അനുഭവിക്കുന്ന സ്വത്വപ്രതിസന്ധി മൂലമാണ്. കർക്കശമായ അതിരുകൾ മായ്ച്ചുകളഞ്ഞ് പോരായ്മകളുള്ള വ്യക്തികൾ, കഥാപാത്രങ്ങളാകുന്നു. കാണുന്നവയും അനുഭവിക്കുന്നവയും പാഠങ്ങളാകുന്നു. പുതിയ തീരുമാനങ്ങളാകുന്നു.

വ്യത്യസ്ത വംശത്തിൽപ്പെട്ട വ്യത്യസ്ത പ്രായക്കാരായ സ്ത്രീകളുടെ കഥകൾ കഥനം ചെയ്യുന്നതിലൂടെ ചരിത്രപരവും സാംസ്കാരികവുമായ ഒരു യാത്ര കൂടിയാണ് അപർണ നടത്തിയിരിക്കുന്നത്. ഇസ്‌ലാമോഫോബിയ എന്ന വിഷയം ശക്തമായി ചർച്ച ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ അത്തരം ദുരനുഭവങ്ങളിലൂടെ കടന്നു പോകേണ്ടിവരുന്ന മനുഷ്യരെയും പുസ്തകം നമുക്ക് കാട്ടിത്തരുന്നു. പ്രവാസി സമൂഹത്തിലെയും തദ്ദേശീയ സമൂഹത്തിലെയും സ്ത്രീകളും കടന്നു പോകുന്ന പ്രതിസന്ധികള്‍ പറയുന്നതിലൂടെ, പ്രമേയത്തിലും അവതരണത്തിലും നോവൽ വ്യതിരിക്തത പുലർത്തുന്നു. പ്രേമം, തിരസ്ക്കാരം, വഞ്ചന തുടങ്ങിയവയെല്ലാം നിറഞ്ഞ അനുഭവലോകത്തിൽ മാറാതെ തുടരുന്ന ആൺ, പെൺ ബന്ധ സങ്കൽപവും വംശീയ വിവേചനവും വരച്ചിടുന്നു അപർണ. 

പ്രവാസലോകത്ത് രുക്മയുടെ വേദനാജനകമായ അനുഭവങ്ങളും സ്വയം തിരിച്ചറിയലും മാത്രമല്ല, മാവോറി വംശജരായ സ്ത്രീകളെ അനുഭവിക്കുന്ന വർണ-വർഗ-ലിംഗ വിവേചനവും ഇവിടെ ചർച്ച ചെയ്യുന്നു. ആ സംഘർഷാവസ്ഥയിലും പരസ്പരം താങ്ങായി മാറുന്ന രണ്ട് സ്ത്രീകളിലെ പ്രണയവും അവതരിപ്പിക്കുന്നതിലൂടെ ഒരേസമയം വ്യത്യസ്ത തലങ്ങളിലൂടെ ചിന്തിക്കുന്ന രചനാവൈഭവം രചയിതാവ് പ്രകടിപ്പിക്കുന്നു. സ്വാർഥതയും കാമനകളും  അനിശ്ചിതത്വങ്ങളും ആവിഷ്കരിക്കുന്ന നോവല്‍ തട്ടിയും തടഞ്ഞുമൊഴുകുന്ന ഒരു നദി പോലെ മുന്നോട്ടു പോകുന്നു. മനുഷ്യരിലൂടെ, സംസ്കാരത്തിലൂടെ, ഓർമകളിലൂടെയുള്ള ഒരു ഒഴുക്കാണ് ഈ നോവൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com