ADVERTISEMENT

നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ അച്ഛൻ വാങ്ങിത്തന്ന ഭൂപടം കണ്ട് ഭ്രമിച്ച് ലോകം കാണണമെന്ന മോഹം ജനിച്ച ഒരു കുട്ടി, വളർന്ന് നൂറ്റിമുപ്പത്തിയഞ്ച് രാജ്യങ്ങളിലൂടെ നടത്തിയ യാത്രാനുഭവങ്ങളുടെ വിവരണമാണ് ജെ. എസ്. അടൂർ എഴുതിയ 'മാപ്പു മിങ്ങായ് ദംറോ'. യാത്ര ജീവിതവും, ജീവിതം യാത്രയുമാക്കിമാറ്റിയ ഒരു ലോകസഞ്ചാരിയുടെ അനുഭവങ്ങൾ. അന്താരാഷ്ട്ര തലത്തിൽ അതിപ്രശസ്തനായ നയകാര്യവിദഗ്ധനാണ് ജെ. എസ്. അടൂർ എന്ന ജോൺ സാമുവൽ. ഐക്യരാഷ്ട്രസഭയിലെ ഉദ്യോഗസ്ഥൻ, വിവിധ സർക്കാരിതര സംഘടനകളുടെ ആഗോള ഡയറക്ടർ തുടങ്ങി വിവിധ പദവികൾ വഹിച്ചിട്ടുള്ള അദ്ദേഹം വിവിധ ദേശങ്ങളിലൂടെയുള്ള തന്റെ യാത്രാനുഭവങ്ങളും ഒപ്പം തന്റെ ജീവിതാനുഭവങ്ങളും പങ്കുവെക്കുകയാണ് തന്റെ ആദ്യ മലയാളരചനയായ 'മാപ്പു മിങ്ങായ് ദംറോ' എന്ന പുസ്തകത്തിലൂടെ.

ഈ പുസ്തകം വായിക്കുമ്പോൾ നമ്മെ അത്ഭുതപ്പെടുത്തുന്നത് അദ്ദേഹത്തിന്റെ യാത്രകളുടെ വൈവിധ്യമാണ്. തന്റെ തന്നെ വ്യക്തിത്വ ത്തിലെ വൈവിധ്യങ്ങൾ, അദ്ദേഹത്തിന്റെ യാത്രകളിലും അവയുടെ രേഖപ്പെടുത്തലിലും ദൃശ്യമാണ്. അടിസ്ഥാനപരമായി അദ്ദേഹം ഒരു ഗവേഷകനാണ്. നോം ചോംസ്കിയുടെ ഭാഷാ ശാസ്ത്രത്തിലായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണം. യുണൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാം ഗ്ലോബൽ ഡയറക്ടറും വേൾഡ് സോഷ്യൽ ഫോറത്തിന്റെ മുഖ്യ സംഘാടകരിൽ ഒരാളുമായിരുന്ന അദ്ദേഹം, ഒട്ടേറെ സ്ഥാപനങ്ങൾ പടുത്തുയർത്തിയ ഇൻസ്റ്റിറ്റ്യൂഷണൽ ബിൽഡറാണ്, സാഹിത്യത്തിലും സംഗീതത്തിലും സംസ്കാരത്തിലും ചരിത്രത്തിലും രാഷ്ട്രീയത്തിലുമെല്ലാം തല്പരനാണ്. വൈവിധ്യമാർന്ന തന്റെ വ്യക്തിസ്വത്വത്തിന്റെ സവിശേഷതകൾ എല്ലാം നിറഞ്ഞ പുസ്തകമാണ് 'മാപ്പു മിങ്ങായ് ദംറോ'. ഈ പുസ്തകം ആരംഭിക്കുന്നത് ഒരു മിസോറാം യാത്രയുടെ നിന്നാണ്.

ഈ അനുഭവത്തിൽ പുസ്തകത്തിന്റെ പേരും മിസോഭാഷയിലെ ഒരു നാടൻ പാട്ടിൽ നിന്നാണ്. ഈ പുസ്തകത്തിന്റെ തലവാചകത്തിന്റെ അർത്ഥം 'എന്റെ സുന്ദരി പെണ്ണേ നീ എന്നോട് ഒന്ന് ക്ഷമിക്കൂ' എന്നാണ്. മിസോറാമിൽ നിന്നും ബ്രസീലിലേക്കും നോർവേയിലേക്കും എത്യോപ്യയിലേക്കും മ്യാൻമറിലേക്കും തായ്ലൻഡിലേക്കും മറ്റ് പല രാജ്യങ്ങളിലേക്കുള്ള യാത്രാനുഭവങ്ങൾ ഈ പുസ്തകത്തിൽ പങ്കുവെക്കപ്പെടുന്നു. സാധാരണ യാത്രാനുഭവങ്ങളിൽ നിന്നും ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നത് എഴുത്തുകാരന്റെ ഉൾക്കാഴ്ചയാണ്. ഓരോ രാജ്യത്തെയും അറിയാൻ അവരുടെ ചരിത്രം, സംസ്കാരം, ഭാഷ, ഭക്ഷണശീലങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരണങ്ങളാണ്.

നാലു ഭാഗങ്ങളായാണ് ഈ പുസ്തകം വിഭജിക്കപ്പെട്ടിരിക്കുന്നത്. മനുഷ്യൻ എന്ന ഒന്നാം ഭാഗം തന്റെ യാത്രകൾക്കിടയിൽ കണ്ടുമുട്ടിയ മനസ്സിൽ മറക്കാനാവാത്ത മുദ്ര പതിപ്പിച്ച വ്യക്തികളെകുറിച്ചുള്ള വിവരണങ്ങളാണ്. മിസോറാമിലെ പൂസോറായും ഓസ്ലോയിലെ ഫെഡറിക്കും ആഡിസ് അബാബയിലെ താജുദ്ദീൻ അബ്ദുൽ റഹീമും യാങ്കൂണിലെ സോമിങ്ങ്താനുമെല്ലാം വ്യത്യസ്തമായ സാംസ്കാരിക പരിസരങ്ങളിൽ നിന്നും വരുന്ന മനുഷ്യരാണ്. പക്ഷേ അവരെയെല്ലാം ഒരു പൊതുധാരയിൽ ചേർത്തിരിക്കുന്നത് മനുഷ്യത്വം എന്ന ചരടാണ്. ഇതേ മനുഷ്യനാണ് ചെഗുവേരയുടെ യാത്രകളെക്കുറിച്ച് എഴുതാനും ജെ. എസ്. അടൂരിന് പ്രേരകമാകുന്നത്. യാത്ര വിപ്ലവമാക്കിയ മനുഷ്യൻ എന്നാണ് ചെഗുവേരയെ അദ്ദേഹം വിശേഷിപ്പിക്കുന്നത് ചെഗുവേരയുടെ യാത്രകൾ സ്വയം കണ്ടെത്തിയും മനുഷ്യരെ അറിഞ്ഞും അറിയിച്ചുമുള്ള യാത്രയും അനീതിയില്ലാത്ത, വിവേചനം ഇല്ലാത്ത, അസമത്വങ്ങൾ ഇല്ലാത്ത, എല്ലാവർക്കും ആയുരാ രോഗ്യസൗഖ്യങ്ങളിൽ ജീവിക്കാൻ കഴിയുന്ന ഉട്ടോപ്യൻ സ്വർഗ്ഗരാജ്യം തേടിയുള്ള നിരന്തര യാത്രകളുമാണ്. ചെഗുവേരയെ ജീവിച്ചിരിക്കുമ്പോൾ തന്നെ ലെജൻഡാക്കി മാറ്റുവാൻ കാരണമായത് യാത്രകളാണെന്ന് കണ്ടെത്തലിലാണ് ജെ. എസ്. എത്തുന്നത്.

മനുഷ്യരിൽ നിന്നും പുസ്തകം പ്രവേശിക്കുന്നത് രുചികളിലേക്കാണ്. അതും വ്യത്യസ്തമായ യാത്രകളാണ്. വിവിധ ഭക്ഷണവിഭവങ്ങൾ ഭൂഖണ്ഡങ്ങളും കടന്ന് നടത്തിയ യാത്രകളുടെ കഥ. ഭക്ഷണങ്ങൾക്ക് ചരിത്രം മാത്രമല്ല ഭൂമിശാസ്ത്രവും ഉണ്ടെന്ന് അദ്ദേഹം നമ്മെ ഓർമിപ്പിക്കുന്നു. അത് പരിസ്ഥിതിയുമായി ബന്ധപ്പെട്ടതാണ്. ട്രോപ്പിക്കൽ മേഖലയിലെ ഭക്ഷണവും മരുഭൂമിയിലെ ഭക്ഷണവും വ്യത്യസ്തമായിരിക്കുന്നത് കാലാവസ്ഥയും അതിനനുസരിച്ച് വൃക്ഷങ്ങളും സസ്യലതാദികളും പക്ഷിമൃഗങ്ങളും വേറിട്ടതുകൊണ്ടാണ്. ലോകത്ത് ഏറ്റവും ജൈവവൈവിധ്യമുള്ള ആമസോണിൽ നിന്നാണ് ഇന്ന് ലോകമെങ്ങും പ്രചാരത്തിലുള്ള വ്യത്യസ്ത ഭക്ഷണപദാർത്ഥങ്ങൾ വന്നത്, ആദ്യത്തെ ആഗോള വൽക്കരണം ഭക്ഷണത്തിലൂടെയാണ് തുടങ്ങിയ നിരീക്ഷണങ്ങൾ ഗ്രന്ഥകാരൻ നടത്തുന്നു. അതുപോലെതന്നെ ഭക്ഷണത്തിൽ നിന്നാണ് ഭാഷയും സംസ്കാരവും യുദ്ധങ്ങളും തുടങ്ങുന്നതെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. മലയാളികളുടെ ഭക്ഷണത്തിൽ ജൂത, അറബി, ചൈനീസ്, പോർച്ചുഗീസ് സ്വാധീനം എങ്ങനെ ഉണ്ടായി എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ബിരിയാണി ഇറാനിൽ നിന്നും ഇന്ത്യയിൽ എത്തിയ വഴിയും ചൈനക്കാർ ഉണ്ടാക്കിയ കഞ്ഞി കൊല്ലം വഴി കേരളത്തിലും തമിഴ്നാട്ടിലും ഏഷ്യയിലെ മറ്റു രാജ്യങ്ങളിലും എത്തിയതും കപ്പ ആമസോണിൽ നിന്ന് മലാക്ക വഴി കേരളത്തിൽ എത്തിയതും തുടങ്ങിയ ഒട്ടേറെ അറിവുകൾ ഈ പുസ്തകത്തിൽ നിന്ന് ലഭിക്കുന്നു.

യാത്രകൾ എന്ന മൂന്നാം ഭാഗം വ്യത്യസ്തമായ രാജ്യങ്ങളിലേക്കും ഉള്ള സവിശേഷമായ അനുഭവങ്ങളാണ്. പാകിസ്ഥാൻ യാത്രയിൽ അനുഭവിച്ച സാഹോദര്യം നമുക്കൊക്കെയുള്ള മുൻധാരണകളെ തിരുത്തി കുറിക്കുന്നതാണ്. പാകിസ്ഥാൻ ഒരു രാഷ്ട്രമെന്ന നിലയിൽ നേരിടുന്ന പ്രതിസന്ധികളെ കുറിച്ചുള്ള സൂക്ഷ്മമായ നിരീക്ഷണങ്ങൾ ഈ വിവരണത്തിൽ കാണാം. ഡേവിഡ് ലീനിന്റെ 'റിവർ എ ബ്രിഡ്ജ് ഓൺ ദ റിവർ ക്വായ്' എന്ന ചിത്രത്തിന് പ്രചോദനമായ ക്വാദിയുടെ തീരങ്ങളിലൂടെയുള്ള യാത്രയുടെ വിവരണങ്ങൾ ഒരേസമയം ചരിത്രത്തിലൂടെയുമുള്ള യാത്രകളാണ്.

പ്രകൃതിയിലൂടെയും സമൂഹം, സംസ്കാരം ചരിത്രം എന്ന നാലാം ഭാഗത്തിൽ ഏറ്റവും ആകർഷകമായത് വിയറ്റ്നാം വിചാരങ്ങളും മാവോയെ തേടി മാവോയില്ലാത്ത ചൈനയിലൂടെയുള്ള യാത്രകളാണ്. വിയറ്റ്നാമിന്റെ അതിജീവന ചരിത്രവും അതിനു ഹോചിമിൻ നൽകിയ നേതൃത്വവും വിശദമായി തന്നെ പ്രതിപാദിക്കുന്നുണ്ട്. യുദ്ധങ്ങളുടെ മുറിവുകളിൽ നിന്നും അന്തസ്സോടെ ഉയർന്നുവന്ന ഒരു രാജ്യത്തിന്റെ ചിത്രമാണ് ഈ വിവരണത്തിലൂടെ നമുക്ക് ലഭിക്കുന്നത്. അതേസമയം തന്നെ ചൈനയിൽ പൊതുജന സ്മരണയിൽ നിന്നും മാവോയും മാവോയിസത്തെയും തുടച്ചു മാറ്റപ്പെട്ടതായി എഴുത്തുകാരൻ വിലയിരുത്തുന്നു. ചൈനയുടെ തിളക്കത്തിന് പിന്നിലെ, കാഴ്ചയിൽ പെടാത്ത ചിന്താകുഴപ്പങ്ങളും സാമൂഹിക നോവുകളും നിറഞ്ഞ നിരവധി അടരുകൾ ഉള്ള ലോകങ്ങളെകുറിച്ചുള്ള കാഴ്ചകളാണ് ഈ അധ്യായത്തിൽ പങ്കുവെക്കുന്നത്. മാവോ, മ്യൂസിയത്തിൽ പോലുമില്ലാത്ത ഒരു ചൈനയെയാണ് അദ്ദേഹം വരച്ചുകാട്ടുന്നത്. മാവോ ഇല്ലാത്ത ചൈന മുതലാളിത്ത അധികാരത്തിന്റെയും സ്വാതന്ത്ര്യ നിഷേധത്തിന്റെയും പഴയ ഭൂമിക തന്നെയാണെന്ന നിഗമനത്തിലാണ് അദ്ദേഹം എത്തുന്നത്.

ഇസ്ലാമിനെ കുറിച്ചുള്ള മുൻവിധികൾ മാറ്റി കുറിക്കുന്നതാണ് ഇൻഡോനേഷ്യൻ യാത്രയുടെ വിവരണങ്ങൾ. ലോകത്തിൽ ഏറ്റവും കൂടുതൽ മുസ്ലിം ജനസംഖ്യയുള്ള ഇൻഡോനേഷ്യയിലാണ് ഏറ്റവും മികച്ച രാമായണ അവതരണം അരങ്ങേറുന്നതെന്നും അവതരിപ്പിക്കുന്നത് യോഗ്യകൽത്തറയിലെ പംബാന് ക്ഷേത്രത്തിൽ മുസ്ലീങ്ങൾ ആണെന്നു മുള്ള വിവരം അദ്ദേഹം പങ്കുവെക്കുന്നു. വിവിധ ദർശനങ്ങൾ സമഭാവനയോടെ സഹവസിക്കുന്ന പുരോഗമന സംസ്കാരത്തിന്റെ ആവേശം ഉണർത്തുന്ന മാതൃകയാണ് ഇൻഡോനേഷ്യയിൽ അദ്ദേഹം കാണുന്നത്. സംസ്കാരങ്ങളുടെ സമന്വയഭൂമിയായ ഇസ്താംബുളിലെ കാഴ്ചകളും കണ്ടും കേട്ടും കൊതി തീരാത്ത കഥകളുടെ മോഹിപ്പിക്കുന്ന വിവരണങ്ങളാണ്. ഇങ്ങനെ വൈവിധ്യം നിറഞ്ഞ യാത്രകളിൽ നിന്ന് ലഭിച്ച തിരിച്ചറിവുകൾ വായനക്കാർക്ക് പകർന്നു നൽകുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ സവിശേഷത. മുൻവിധികളെ മാറ്റി ചിന്തിപ്പിക്കുന്ന യാത്രകളിൽ നിന്നും മനുഷ്യൻ എവിടെയും ഒരുപോലെയാണെന്ന തിരിച്ചറിവാണ് ഗ്രന്ഥകാരൻ വായനക്കാരുമായി പങ്കുവെക്കുന്നത്. അനന്യമായ വായനാനുഭവമാണ് ഈ പുസ്തകം പകർന്നു നൽകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com