ADVERTISEMENT

രണ്ട് എഴുത്തുകാർ ചേർന്നെഴുതിയ പുസ്തകങ്ങൾ മുൻപും മലയാളത്തിലുണ്ടായിട്ടുണ്ട്. എംടി–എൻ.പി. മുഹമ്മദ്, മാധവിക്കുട്ടി–കെ.എൽ.മോഹനവർമ തുടങ്ങിയവരുടെ കൂട്ടുകെട്ടുകൾ ഉദാഹരണം. എന്നാൽ രണ്ടു രാജ്യങ്ങളിലിരുന്ന്, പരസ്പരം നേരിട്ടു കാണാതെ, വർഷങ്ങൾ നീണ്ട ഓൺലൈൻ ചർച്ചകളിലൂടെ മാത്രം ഒരു നോവൽ രണ്ട് എഴുത്തുകാർ ചേർന്നു പൂർത്തിയാക്കിയതൊരു അപൂർവ സംഭവമാകും. അതാണ് രഞ്ജു കിളിമാനൂരും ലിജിൻ ജോണും ഒരുമിച്ചെഴുതിയ ത്രില്ലർ നോവൽ ‘ബി.സി. 261’. കെഎസ്ആർടിസിൽ കണ്ടക്ടറായ രഞ്ജു തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ സ്വദേശി. എറണാകുളം ജില്ലയിലെ പെരുമ്പാവൂർ കെഎസ്ആർടിസി ഡിപ്പോയിൽ ജോലി. തൃശൂർ സ്വദേശി ലിജിൻ ജോണിന് യുഎഇയിലെ അബുദാബിയിൽ എണ്ണക്കമ്പനിയിൽ ജോലി. ഇരുവരെയും ഒരുമിപ്പിച്ചത് അക്ഷരങ്ങളോടുള്ള സ്നേഹം. ഡോയൽ ജൂനിയറിന്റെ അലക്സി കഥകൾ, ഷെർലക് ഹോംസും മുറിഞ്ഞ വിരലുകളും എന്നിവയാണു രഞ്ജുവിന്റെ പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകങ്ങൾ. ബ്ലഡ് മണി, നെഗറ്റീവ് എന്നീ പുസ്തകങ്ങൾ ലിജിൻ പുറത്തിറക്കി. ജനപ്രിയ സാഹിത്യ വിഭാഗമായ കുറ്റാന്വേഷണ, ത്രില്ലർ എഴുത്ത് ഇഷ്ടപ്പെടുന്നവരാണ് ഇരുവരും. ആർതർ കോനൽ ഡോയലിന്റെയും അദ്ദേഹത്തിന്റെ നായകനായ ഷെർലക് ഹോംസ് എന്ന ഡിറ്റക്ടീവിന്റെയും കടുത്ത ആരാധകനാണു രഞ്ജു. സാഹിത്യത്തിൽ തലതൊട്ടപ്പൻമാരില്ലാതെ, വായനക്കാരുടെ മാത്രം പിന്തുണയിൽ എഴുതിത്തുടങ്ങി, എഴുത്തിൽ തുടരുന്ന രണ്ടു പേരാണ് ഇരുവരും. സമൂഹമാധ്യമങ്ങളിലാണ് ഇരുവരും എഴുതിത്തുടങ്ങിയത്. അവിടെക്കിട്ടിയ പ്രോൽസാഹനമായിരുന്നു മുന്നോട്ടുപോകാനുള്ള കരുത്ത്. സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച തങ്ങളുടെ കഥകൾ പരസ്പരം വായിച്ച് ഇഷ്ടപ്പെട്ടാണു പരിചയത്തിലാകുന്നത്. പിന്നീടത് ആഴത്തിലുള്ള സൗഹൃദമായി മാറി. തുടർന്ന് ഒരു സിനിമയുടെ തിരക്കഥാരചനയ്ക്കായി ഇരുവരും ഒരുമിക്കുകയും ആ പ്രോജക്ട് നീണ്ടുപോയപ്പോൾ നോവൽ രചനയിലേക്കു പ്രവേശിക്കുകയുമായിരുന്നു. 

എഴുത്തുരീതി 

2018 ഡിസംബർ 8. ലിജിനും രഞ്ജുവും പരിചയപ്പെടുന്ന ദിവസം. തുടർന്നു കഥാവായന, പ്ലോട്ട് ചർച്ചകൾ, എഴുത്തുകൾ പരസ്പരം വായിച്ച് വിമർശിക്കൽ. ബന്ധം ദൃഢമാകുന്നു. സിനിമ രണ്ടു പേരുടെയും മനസ്സിലുണ്ട്. എന്നാലൊരു തിരക്കഥ ഒരുമിച്ചെഴുതിയാലോ എന്ന ആലോചന. ഏഴു മാസമെടുത്തു രണ്ടുപേരും കൂടി തിരക്കഥ തയാറാക്കുന്നു. പക്ഷേ, അതിനു ശേഷം പ്രോജക്ട് മുന്നോട്ടുപോകുന്നതിൽ ചില ബുദ്ധിമുട്ടുകൾ നേരിടുന്നു. അങ്ങനെയാണോ ഈ പ്ലോട്ട് ഒരു നോവലിലേക്കു സന്നിവേശിപ്പിച്ചാലോ എന്ന ചിന്തയുദിക്കുന്നത്. 2021 നവംബറിൽ എഴുതിത്തുടങ്ങുന്നു. 2023 ഫെബ്രുവരിയോടെ പൂർത്തിയാക്കുന്നു. സെപ്റ്റംബറിൽ ബി.സി. 261 പുറത്തുവരുന്നു. 

നോവലിന്റെ ആശയവും കഥാപാത്ര നിർമിതിയും സന്ദർഭങ്ങളുമെല്ലാം സംബന്ധിച്ച് വാട്സാപ്പിലൂടെ നിരന്തരം ചർച്ച നടത്തിയാണ് ഇരുവരും തീരുമാനത്തിലെത്തിയിരുന്നത്. ചരിത്രവും മിത്തും വരുന്ന ഭാഗങ്ങൾ ലിജിനും കുറ്റാന്വേഷണഭാഗം രഞ്ജുവും എഴുതി. ഒരു ഭാഗം ഒരാൾ എഴുതിയത് ഇഷ്ടമായില്ലെങ്കിൽ വിമർശിക്കുന്നതിൽ രണ്ടുപേർക്കും മടിയൊന്നുമില്ലായിരുന്നു. അത് ഊർജമായെടുത്തു പിന്നീടു പലതവണ മാറ്റിയെഴുതി നന്നാക്കും. എല്ലാ ആഴ്ചയും ജോലിക്കു പോകാനായി വീട്ടിൽ നിന്നു പെരുമ്പാവൂരിലേക്ക് അഞ്ചു മണിക്കൂറോളം ബസ് യാത്രയുണ്ട് രഞ്ജുവിന്, തിരിച്ചും. ആ യാത്രയ്ക്കിടയിലാണു കുറേയേറെ എഴുത്തു നടന്നത്. എല്ലാം മൊബൈലിൽ തന്നെ. ചരിത്രവും മിത്തുകളുമെല്ലാം പ്രമേയമായി വരുന്ന നോവലായതിനാൽ പഴുതടച്ചുള്ള ഗവേഷണവും ഇരുവരും നടത്തി. കണ്ടക്ടർ ജോലിയായതിനാൽ ദിവസം 1000 പേരെയെങ്കിലും രഞ്ജു നേരിട്ടു കാണുന്നുണ്ട്, പലരോടും സംസാരിക്കുന്നുമുണ്ട്. ഇത്രയും വ്യത്യസ്തരായ, സമൂഹത്തിലെ വിവിധ മേഖലകളിലുള്ള, വേറിട്ട സ്വഭാവക്കാരായ, ജോലിക്കാരായ ആളുകളുടെ സ്വഭാവസവിശേഷതകളുമായി അടുത്തു പരിചയിച്ചത് തന്റെ കഥാപാത്രങ്ങളുടെ സൂക്ഷ്മചിത്രീകരണത്തിനു രഞ്ജുവിലെ എഴുത്തുകാരനെ ഏറെ സഹായിച്ചു. 

ബി.സി. 261 

ആദ്യമായി വായനയിലേക്കു വരുന്നയാൾക്കുപോലും ഇഷ്ടപ്പെടുന്ന ശൈലിയിൽ ലളിതമായാണു രഞ്ജുവും ലിജിനും പുസ്തകം എഴുതിയിരിക്കുന്നത്. അവതാരികയിൽ പ്രമുഖ എഴുത്തുകാരൻ ജി.ആർ. ഇന്ദുഗോപൻ ചൂണ്ടിക്കാട്ടിയിരിക്കുന്നതും അതു തന്നെ. ‘‘ഒരു ഭാഷയെയും സാഹിത്യത്തെയും തിടംപിടിപ്പിക്കാൻ രസകരമായ വായനയ്ക്കുതകുന്ന കുറെ കൃതികളുണ്ടാകണം. ബുദ്ധിജീവികൾ മാത്രം വായിച്ചു ജീവിച്ചാൽ പോര. സാമാന്യധാരണയുള്ള മനുഷ്യർക്കും നാലക്ഷരം വായിച്ചു മാറാൻ അവസരം വേണം. അതിനുള്ള രചനകളുണ്ടാകണം’’. ഇന്ദുഗോപൻ എഴുതി. രണ്ടായിരം വർഷം മുൻപു നടന്ന ചില ചരിത്രസംഭവങ്ങളിൽ നിന്ന് വർത്തമാനകാല ഭാരതത്തിലെ പല സംഭവവികാസങ്ങളിലേക്കും ബന്ധപ്പെട്ടുകിടക്കുന്ന പ്രമേയമാണു നോവലിന്റേത്. യുക്രെയ്‌ൻ–റഷ്യ, ഇസ്രയേൽ–ഹമാസ് സംഘർഷങ്ങൾ ലോകമനഃസാക്ഷിയെ പിടിച്ചുലയ്ക്കുന്ന സന്ദർഭത്തിൽ ‘യുദ്ധം’ ഒരു പ്രധാന ചർച്ചാവിഷയമായും തത്വചിന്തയായും നോവലിൽ കടന്നുവരുന്നു. ടൈം ട്രാവൽ എന്ന സങ്കേതം വളരെ സൂക്ഷ്മമായും മനോഹരമായും നോവലിൽ ഇഴചേർത്തിട്ടുമുണ്ട്. വായനയെ ഏറെ ത്രസിപ്പിക്കുന്ന ഘടകവുമാണത്. ഇത്രയേറെ വിശദാംശങ്ങളും നിരീക്ഷണങ്ങളും വ്യക്തിചിത്രങ്ങളുമുള്ള നോവൽ രണ്ടുപേർ ചേർന്ന് എങ്ങനെ എഴുതിയെന്ന അത്ഭുതം കൂടി ജനിപ്പിക്കുന്നുവെന്നതാണ് ബിസി 261ന്റെ പ്രത്യേകത. നോവലിന്റെ അന്തഃസത്ത മുഴുവൻ ഉൾക്കൊണ്ടുകൊണ്ടുള്ള കവർ തയാറാക്കിയിരിക്കുന്നത് ആർട്ടിസ്റ്റ് ജോസ്മോൻ വാഴയിലാണ്. ആനന്ദ് നീലകണ്ഠനും ടി.ഡി. രാമകൃഷ്ണനുമാണ് ബ്ലർബ് എഴുതിയിരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com