ADVERTISEMENT

ദാക്ഷായണി കൊലയിലെ പ്രതികളായ സുഭാഷും വിനോദും പ്രദീപും രാത്രി വിജനമായ റോഡിലെ കലുങ്കിലിരുന്നും നിന്നും കൂടിയാലോചനയിലായിരുന്നു.

'ഇതൊന്നും പൊങ്ങാൻ പോവുന്നില്ലെന്ന്.' വിനോദ് തറപ്പിച്ചു പറഞ്ഞു.

' അങ്ങനെ തോന്നാൻ കാരണം? ' പ്രദീപ്‌ പുച്ഛത്തോടെ ചോദിച്ചു.

'ഒന്നാമത് അവരൊരു കെളവി. മക്കൾക്ക് വലിയ താല്പര്യവൊന്നുവില്ല. മരുമക്കളുമായി ചേരത്തുവില്ല. എപ്പഴും വഴക്കും വക്കാണവും. എങ്ങനേലും ഇവരൊന്നു തീർന്നു കിട്ടാൻ നോക്കിയിരിക്കുവാ അവരെല്ലാം.' വിനോദ് വിശദീകരിച്ചു.

'ഈ പറഞ്ഞതൊന്നും നമ്മളെ രക്ഷപ്പെടുത്തുകേല. തള്ളയെ കാണുന്നില്ലെന്ന് മക്കള് പരാതിപ്പെട്ടില്ലേൽ സംശയം അവരുടെ മേൽ വരുവെന്നത് കൊണ്ട് അവരൊറപ്പായും പോലീസിനെ അറിയിക്കും. പോലീസ് അന്വേഷണം ഒറപ്പായും ഒണ്ടാവും.' സുഭാഷ് നഖം കടിച്ചു തുപ്പി.

'അന്വേഷിക്കട്ടെന്ന്. നമ്മളെ സംശയിക്കത്തക്ക ഒന്നുവില്ലല്ലോ.'വിനോദ് ആത്മവിശ്വാസത്തോടെ പറഞ്ഞു.

'ഒന്നുവില്ലേ?' പ്രദീപ്‌ ചോദിച്ചു.

'ഇല്ലേന്നു ചോദിച്ചാ ഒണ്ടെന്നു പറയാനൊന്നുവില്ല . '

'നമ്മള് മൂന്ന് പേരും കൂടി പ്രശ്നം വെപ്പിക്കാൻ അഞ്ചാറു മാസം മുൻപ് അവരുടെ വീട്ടിൽ പോയിരുന്നു.'

'അതിപ്പോ എത്ര പേരങ്ങനെ പോവുന്നു. അങ്ങനാണേൽ അവരെ എല്ലാരേം സംശയിക്കണ്ടേ?'

'ആ പോക്കാ എല്ലാത്തിനും കാരണം. കാരണക്കാരൻ ആരാ?'

' ഞാനാടാ ഞാനാ. പക്ഷേ തള്ളിയിട്ട് കൊന്നതാരാ? ഞാനല്ലല്ലോ? ഒരു മാതിരി കോപ്പിലെ വർത്താനം പറഞ്ഞാ തിരിച്ചു പറയാനും അറിയാം കേട്ടോ.'

'അതേടാ, ഞാൻ തള്ളിയപ്പൊ തലയടിച്ചു വീണാ തള്ള കാലിയായത്. പക്ഷേ അതിലേക്ക് നയിച്ചത് നിന്റെയൊരു കോണോത്തിലെ അന്ധവിശ്വാസമാ. അവന്റെയൊരു താളിയോല!'

' എനിക്കിപ്പോഴും വിശ്വാസമാടാ. അത് വിശ്വസിക്കണമെങ്കിൽ അനുഭവം വരണം. എനിക്കതൊണ്ട്. നിങ്ങളും സാക്ഷികളായതല്ലേ?'

'കൂടുതൽ വിസ്‌തരിച്ച്‌ ബുദ്ധിമുട്ടണ്ട.'

'കാര്യങ്ങൾ ഇത്രയുമൊക്കെയായ സ്ഥിതിക്കിനി പാലം വലിക്കാനാരും നോക്കണ്ട. നമ്മള് മൂന്ന് പേരും പ്രതികളാ. പ്ലാൻ വിനോദിന്റെ. തള്ളിയിട്ട് കൊന്നത് നീ. ബോഡി താത്തിയിരിക്കുന്നത് എന്റെ ഒഴിഞ്ഞു കിടക്കുന്ന വീടിന്റെ കക്കൂസ് ടാങ്കിൽ. മൂന്ന് പേർക്കും പങ്കുണ്ട് . അത് കൊണ്ട് പരസ്പരം പഴി ചാരാതെ ഈ പ്രശ്നം ഇങ്ങനെ തരണം ചെയ്യുമെന്നാലോചിക്ക്.'മിണ്ടാതിരുന്ന സുഭാഷ് ഇടപെട്ടതോടെ രംഗം ശാന്തമായി.

തന്റെ കൈയബദ്ധം കൊണ്ടാണ് കിളവി ചത്തതെന്ന വാസ്തവം പ്രദീപിനെ ചുട്ടു പൊള്ളിച്ചു കൊണ്ടിരുന്നു.

പ്രദീപ്‌ തന്റെ കൈയബദ്ധത്തെക്കുറിച്ച് ചിന്തിച്ചു കൊണ്ടിരുന്നപ്പോൾ വിനോദിന്റെ മനസിലൊരു ഇംഗ്ലീഷ് വാക്ക് കടന്നു വന്നു.

'പാത്തോഫിസിയോഗ്ണോമി!'

അതിൽ നിന്നായിരുന്നല്ലോ എല്ലാത്തിന്റെയും തുടക്കം!

ദാക്ഷായണി തള്ളയുടെ അടുത്ത് പ്രശ്നം വെപ്പിക്കാൻ പോയതിന്റെ രണ്ടാഴ്ച്ചക്ക് ശേഷമായിരുന്നു ആ വാക്ക് വിനോദ് ആദ്യമായി കേൾക്കുന്നത്.

'പാത്തോഫിസിയോഗ്ണോമി.'

............................... ......................................................

തിരക്കൊഴിഞ്ഞ ഒരു വ്യാപാരസന്ധ്യ!

സുഹൃത്ത്‌ രവിയുമായി കടയിൽ കൊച്ചുവർത്താനം പറഞ്ഞോണ്ടിരിക്കുന്നതിനിടയിലാണ് അയാൾ കടന്നു വന്നത്.

വെള്ളമുണ്ടും വെള്ളഷർട്ടുമായിരുന്നു വേഷമെങ്കിലും രണ്ടും മുഷിഞ്ഞു ചെളി പിടിച്ചതായിരുന്നു. കയ്യിലൊരു കനത്ത സ്യൂട്ട് കേസ്. അഞ്ചാറു ദിവസത്തെ ഷേവിങ് കുടിശ്ശികയുള്ള നരച്ച കറുത്ത മുഖം.

രവിയെ നോക്കി അയാൾ തിടുക്കത്തിൽ പറഞ്ഞു.

'ഒരു കാര്യം പറഞ്ഞോട്ടെ?'

'കടയുടെ ഉടമസ്ഥൻ ഇയാളാണ്. 'വിനോദിനെ ചൂണ്ടി രവി പറഞ്ഞു.

'എനിക്ക് നിങ്ങളോടാണ് പറയാനുള്ളത്.'രവിയോടയാൾ പറഞ്ഞു.

' ഇരുന്നു സംസാരിക്കൂ. ' വിനോദ് കസേര ചൂണ്ടി പറഞ്ഞു.

അയാൾ ക്ഷണം സ്വീകരിച്ചു.

'എന്താണു കാര്യം?നമ്മൾ തമ്മിൽ ആദ്യമായല്ലേ കാണുന്നത്?'

രവി ചോദിച്ചു.

'അതെ. എന്നാലും എനിക്ക് നിങ്ങളോട് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്.'

'എന്ത്?'

'ഞാനൊരു ഫേസ് റീഡർ ആണ്.'

അത് കേട്ടപ്പോൾ രവിക്ക് മനസ്സിലായില്ലെങ്കിലും വിനോദിന് കത്തി.

'മുഖലക്ഷണം നോക്കി കാര്യങ്ങൾ...അതല്ലേ?'

'അതെ.'

'എനിക്ക് താല്പര്യമില്ല. 'രവി ഒരൂളചിരി പാസാക്കി.

'നിങ്ങൾക്ക് യാതൊരു ചെലവുമില്ലാത്ത കാര്യമാണ്.' അയാൾക്ക് നീരസം.

'എന്നെത്തന്നെ തിരഞ്ഞെടുക്കാൻ കാരണം? എന്ത് കൊണ്ട് എന്റെ സുഹൃത്തിനോട് നിങ്ങൾ ചോദിച്ചില്ല?'

'നിങ്ങളെ കണ്ടപ്പോഴാണ് എന്റെ ചിന്തകളിൽ വൈബ്രേഷൻ ഉണ്ടായത്.'

'നിങ്ങൾ പറയൂ.'

എന്തോ മറുപടി പറയുവാൻ തുനിയുന്ന രവിയെ തടഞ്ഞു കൊണ്ട് വിനോദ് അയാൾക്ക്‌ സമ്മതം നൽകി.

അയാൾ പെട്ടി തുറന്നൊരു വെള്ളക്കടലാസ് പുറത്തെടുത്തു. പോക്കറ്റിൽ നിന്നും സ്വർണ നിറത്തിലുള്ള പേനയെടുത്ത് രവിയുടെ മുഖം നോക്കി എന്തൊക്കെയോ കടലാസിൽ കുത്തിക്കുറിച്ചു. എന്നിട്ട് കടലാസ് കമഴ്ത്തി വച്ചതിനു ശേഷം പേന അടച്ചു പോക്കറ്റിൽ വച്ചു.

എന്നിട്ട് രവിയോട് ചോദ്യങ്ങൾ തുടങ്ങി.

'നിങ്ങളുടെ വിദ്യാഭ്യാസം '

'ബിരുദം.'

'ഭാര്യയുടെ വിദ്യാഭ്യാസം?'

'പത്താം ക്ലാസ്.'

'നിങ്ങൾക്കെത്ര സഹോദരങ്ങൾ?'

' ഞാൻ ഒറ്റ മകനാണ്. '

'നിങ്ങളുടെ വീടിനെത്ര മുറികളുണ്ട്?'

'ആറ്.'

അനന്തരം അയാൾ കമഴ്ത്തി വച്ച കടലാസ് രവിയെ ഏൽപ്പിച്ചു.

അത് വായിച്ച രവിയുടെ മുഖത്ത് അമ്പരപ്പ് പടർന്നുവെങ്കിലും രവിയത് പെട്ടെന്ന് മറച്ചു.

വിനോദ് കടലാസ് വാങ്ങി നോക്കിയപ്പോൾ രവി പറഞ്ഞതും കടലാസ്സിൽ കുറിച്ചിരിക്കുന്നതും ഒന്നു തന്നെ.

'ഓ. എനിക്കിതിലൊന്നും വിശ്വാസമില്ല. ' രവി ഒഴുക്കൻ മട്ടിൽ പറഞ്ഞു.

അയാൾ വീണ്ടും രവിയുടെ മുഖത്ത് സൂക്ഷിച്ചു നോക്കിയിട്ട് പറഞ്ഞു 

'നിങ്ങളുടെ മുതുകത്ത് ഒരു പടർന്ന മറുകില്ലേ?'

'ഇല്ല.'

'ഇല്ലേ?' അയാളുടെ ശബ്ദം ഉയർന്നു.

'ഇല്ലെന്ന് ' രവിയുടെ ശബ്ദം ദുർബലമായി.

അയാൾ രവിയെ ഇരിപ്പിടത്തിൽ നിന്നും വലിച്ചു പൊക്കി നിർത്തിയിട്ട് രവിയുടെ ഷർട്ട്‌ വലിച്ചു പൊക്കി. അതിനടിയിലെ ബനിയനും. എന്നിട്ട് രവിയുടെ മുതുകിന്റെ മധ്യഭാഗത്തെ പടർന്ന ബ്രൗൺനിറ മറുകിലേക്ക് കൈ ചൂണ്ടി വിനോദിനോട് ചോദിച്ചു.

'കണ്ടല്ലോ?'

അതോടെ രവിക്ക് മിണ്ടാട്ടമില്ലാതായി.

'ഇതൊക്കെ എങ്ങനെ?' വിനോദ് ചോദിച്ചു.

' എന്റെ കുടുംബത്തിന് പാരമ്പര്യമായി ലഭിച്ച സിദ്ധിയാണ്. ഇതൊരു ശാസ്ത്രമാണ്. പാത്തോഫിസിയോഗ്ണോമി എന്ന ശാസ്ത്രം. '

'നിങ്ങളുടെ സ്ഥലം?'

'വടക്കാണ്.കണ്ണൂർ കക്കാട്. എങ്കിലും ഒരിടത്തും സ്ഥിരമല്ല. ഞാനിങ്ങനെ കറങ്ങിക്കൊണ്ടിരിക്കും.'

'ഇവിടെ എന്തിന് വന്നു?'

'എന്നെ വരുത്തിയതാണ്. '

'ആര്?'

അയാൾ പറഞ്ഞ പേര് നാട്ടിലെ ഒരു മുതിർന്ന രാഷ്ട്രീയക്കാരന്റേതായിരുന്നു.

'അദ്ദേഹം എന്തു പ്രധാന കാര്യത്തിൽ തീരുമാനം എടുക്കണമെങ്കിലും എന്നെ വിളിക്കും. അങ്ങനെ വന്നതാണ്. റെയിൽവേ സ്റ്റേഷനിലേക്ക് പോകും വഴിയെനിക്കൊരു മെന്റൽ വൈബ്രേഷൻ ഉണ്ടായപ്പോൾ കയറിയതാണ്. ആ പ്രഷർ റിലീസ് ചെയ്തില്ലെങ്കിൽ അസ്വസ്ഥതയാണ്.'

രവി പോക്കറ്റിൽ നിന്നും പണം എടുക്കുന്നത് കണ്ടയാൾ നിരസിച്ചു.

'എന്നെക്കുറിച്ചെന്തെങ്കിലും പറയാമോ?'വിനോദ് അപേക്ഷാഭാവത്തിൽ ചോദിച്ചു.

അത് കേട്ടയാൾ ചിരിച്ചു. എന്നിട്ട് കുറച്ചു നേരം കണ്ണുകൾ അടച്ചു. കണ്ണുകൾ തുറന്നു വിനോദിന്റെ മുഖത്ത് സൂക്ഷിച്ചു നോക്കിയിട്ട് പറഞ്ഞു.

'നിങ്ങളുടെ അമ്മയുടെ ഗർഭപാത്രം ഓപ്പറേഷൻ ചെയ്തു നീക്കം ചെയ്തതാണ്.'

അത് കേട്ട് വിനോദ് ഞെട്ടിപ്പോയി.

വിനോദിന്റെ ഭാവമാറ്റം കണ്ടയാൾ പുഞ്ചിരിച്ചു.

'ഇതൊക്കെ എങ്ങനെ?' വിനോദ് ആശ്ചര്യത്തോടെ ചോദിച്ചു.

'അമ്മയുടെ ഗർഭപാത്രം നീക്കം ചെയ്യപ്പെട്ടാൽ മക്കളുടെ മുഖത്തൊരു അടയാളം വരും. അത് നിങ്ങളുടെ മുഖത്തുണ്ട്.'

വിനോദ് ഒരു വിദ്യാർത്ഥിയെ പോലെ തലയാട്ടി.

'ഇതെല്ലാം ശാസ്ത്രമാണ്. ശാസ്ത്രത്തെ വിശ്വസിക്കാമല്ലോ? എന്നാൽ സയൻസിന് പോലും ഉത്തരമില്ലാത്ത എത്രയെത്രയോ കാര്യങ്ങൾ ഈ ലോകത്തു നടക്കുന്നു. ബ്ലാക്ക് മാജിക്‌, ആത്മാക്കളുമായി ആശയവിനിമയം നടത്തുന്ന ഓജോ ബോർഡ്‌ അടക്കമുള്ള പാരാനോർമൽ സൂപ്പർനാച്ചുറൽ അക്കൾട്ട് സാങ്കേതങ്ങൾക്കൊന്നും ശാസ്ത്രത്തിന്റെ പിൻബലമില്ലമില്ലെന്നു വച്ച് ജനം അവയെ വിശ്വസിക്കാതിരിക്കുന്നുണ്ടോ?. ജസ്റ്റിസ്‌ കൃഷ്ണയ്യർ മരിച്ചു പോയ തന്റെ ഭാര്യയുടെ ആത്മാവുമായി സംവദിക്കുന്ന കാര്യങ്ങൾ അദ്ദേഹം തന്നെ വെളിപ്പെടുത്തിയതാണ്. അദ്ദേഹത്തിന് കളവു പറയേണ്ട കാര്യമുണ്ടോ? സാമാന്യബുദ്ധിക്കു മനസ്സിലാകാത്ത എത്രയെത്ര കാര്യങ്ങൾ ഈ പ്രപഞ്ചത്തിലുണ്ട്.'

അയാളെ ശരി വയ്ക്കും പോലെ വിനോദ് തലയിളക്കി.

'ഞാൻ പറഞ്ഞു വന്നത് എന്റെ തൊഴിലിൽ ശാസ്ത്രം മാത്രമല്ല എന്റെ നിരീക്ഷണങ്ങൾ കൂടി വരുന്നുണ്ട്. ഒപ്പം മനസ്സിൽ അന്നേരം ഉണ്ടാവുന്ന വൈബ്രേഷൻസ്. പൂർവസൂരികളുടെ അനുഗ്രഹമാണാ തോന്നലുകൾ.ഇന്ന് വരെ തെറ്റിയിട്ടില്ല. അത്തരം തോന്നലുകൾക്ക് ശാസ്ത്രത്തിന്റെ പിൻബലമില്ലെങ്കിലും അനുഭവസ്ഥർ എന്റെ കണ്ടെത്തലുകൾക്ക് നൂറു മാർക്ക് തരുന്നു.' അയാൾ അഭിമാനത്തോടെ പുഞ്ചിരിച്ചു.

'അനുഭവമാണ് ഗുരു.' വിനോദ് പറഞ്ഞു.

'തീർച്ചയായും.തലമുറകളായി എന്റെ കുടുംബത്ത് കൈമാറി വന്നു കൊണ്ടിരിക്കുന്ന അറിവുകളാണ് എനിക്ക് കിട്ടിയിരിക്കുന്നത്. കാലം മാറുമ്പോൾ രീതികൾ മാറുമെങ്കിലും അടിസ്ഥാനത്തിന് മാറ്റമുണ്ടാവില്ല. ഞാനിപ്പോഴും എന്റെ പൂർവികർ രേഖപ്പെടുത്തിയ താലിയോലകളെയാണ് ആശ്രയിക്കുന്നത്. എനിക്ക് ശേഷം വരുന്നവർ ഈ തൊഴിലിൽ ലാപ്ടോപ്പും , ടാബ്ലറ്റും കൊണ്ടു വന്നേക്കാം.'

അയാൾ എണീറ്റു.

താളിയോലയെന്ന് കേട്ടപ്പോൾ വിനോദ് ദാക്ഷായണിതള്ളയെ ഓർത്തു.

'താളിയോലകളിൽ എന്താണുള്ളത്?'

'അതോരോ സാഹചര്യങ്ങളും അതിനുള്ള പ്രതിവിധികളുമാണ്. ഓരോ തൊഴിലുകളുമായി ബന്ധപ്പെട്ട കുറിപ്പുകൾ, മന്ത്രങ്ങൾ, അമൂല്യങ്ങളായ അറിവുകൾ. ആ അറിവുകൾ ചിലർ ഗുണത്തിനും ചിലർ ദോഷത്തിനും ഉപയോഗിക്കുന്നു. താളിയോലകളിൽ എഴുതപ്പെട്ട കാര്യങ്ങൾ ഗുണത്തിനും ദോഷത്തിനും ഉപയോഗിക്കാം. അതൊക്കെ അതുപയോഗിക്കുന്ന ആളെ അനുസരിച്ചിരിക്കും.'

അയാളെണീറ്റു.

'എന്തു കൊണ്ടായിരിക്കാം എനിക്ക് നിങ്ങളുടെ കടയുടെ മുന്നിലെത്തിയപ്പോൾ ഒരു തോന്നലുണ്ടായത്? എന്തു കൊണ്ടായിരിക്കാം ഞാൻ നിങ്ങളോടിത്രയും സംസാരിച്ചത്? ഇതിനൊന്നിനും ഉത്തരമില്ല. ഒരു നിമിത്തം. ഗുണത്തിനാവാം ദോഷത്തിനാവാം. ഗുണത്തിനാവട്ടെ.'

വിനോദ് കൊടുത്ത ദക്ഷിണ നിരാകരിച്ചു യാത്ര പറഞ്ഞയാൾ പോയി.

അന്ന് രാത്രി വിനോദ് ദാക്ഷായണിത്തള്ളയുടെ താളിയോലകളെ സ്വപ്നം കണ്ടു. അവ പക്ഷേ തന്റെ പൂജാമുറിയിലാണെന്ന് മാത്രം. തന്റെ കട ബാധ്യതകളെല്ലാം മാറിയതായും താൻ സന്തോഷവാനായെന്നും അയാൾ സ്വപ്നത്തിൽ അനുഭവിച്ചറിഞ്ഞു.

Content Summary: Thaliyolakolapathakam, Episode 03, Malayalam Novelette Written by Shuhaib Hameed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com