ADVERTISEMENT

അധ്യായം 16: വേര്‍പാട്

പതിവ് സന്ദര്‍ശനത്തിനിടയില്‍ കൗസല്യ എല്ലായ്‌പോഴുമെന്ന പോലെ വര്‍ഷിണിയുമായി വിശേഷങ്ങള്‍ പങ്കു വച്ചു. അക്കൂട്ടത്തില്‍ എവിടെ നിന്നോ വന്ന് രാമനെ അനുഗ്രഹിച്ച് മടങ്ങിയ തലമുണ്ഡനം ചെയ്ത ബ്രാഹ്‌മണസ്ത്രീയെക്കുറിച്ചും പറഞ്ഞു. രൂപലക്ഷണങ്ങള്‍ കേട്ടപ്പോള്‍ തന്നെ വര്‍ഷിണിയുടെ ഉളളില്‍ ഒരു തിരിതെളിഞ്ഞു. കൂടിക്കാഴ്ച നടന്ന ദിവസം ഉറപ്പിച്ചു. മിഥുനത്തിലെ വെളുത്തവാവ് കൗസല്യയ്ക്ക് കൃത്യമായി ഓര്‍മ്മയുണ്ട്. അന്ന് കുഞ്ഞിന്റെ പക്കപ്പിറന്നാളാണ്. അതേ ദിവസം തന്നെയാണ് വിദൂരക്ഷേത്രത്തിലെ വഴിപാടിന്റെ പേരും പറഞ്ഞ് ശാന്ത പോയതെന്നും രാത്രി ഏറെ വൈകി മടങ്ങി വന്നതെന്നും വര്‍ഷിണി ഓര്‍മ്മിച്ചു. കാഷായവസ്ത്രം, മുകളിലേക്ക് ഉയര്‍ത്തി കെട്ടിയ കേശഭാരം, രുദ്രാക്ഷധാരി, നെറ്റിയില്‍ നെടുനീളത്തില്‍ മൂന്ന് ഭസ്മക്കുറികള്‍..ലക്ഷണങ്ങളെല്ലാം സമാനം. കാര്യം ഗ്രഹിച്ചിട്ടും വര്‍ഷിണി ഒന്നും വിട്ടുപറഞ്ഞില്ല.

അംഗദേശത്ത് മടങ്ങിയെത്തുമ്പോള്‍ ചെടികള്‍ക്ക് വെളളം നനയ്ക്കുകയാണ് ശാന്ത. പരിചാരകര്‍ ഏറെയുണ്ടെങ്കിലും അത് അവളുടെ ഒരു ശീലമാണ്. തന്റെ കരങ്ങള്‍ കൊണ്ടു തന്നെ ചെടികള്‍ക്ക് ദാഹജലം നല്‍കണം. വര്‍ഷിണി ആദ്യമായ് കാണും പോലെ അവളെ ഒന്ന് സൂക്ഷിച്ചുനോക്കി. ഒരുവലിയ കളളം കണ്ടുപിടിക്കപ്പെട്ട ഭാവം അവരുടെ മുഖത്ത് ശാന്ത വായിച്ചു. വര്‍ഷിണിയുടെ നോട്ടം നനുത്ത ചിരിക്ക് വഴിമാറി. ശാന്തയുടെ ഉളളില്‍ ഭയം ചിറകൊതുക്കി. അമ്മ തന്റെ ഒളിച്ചുകളി മനസിലാക്കിയിരിക്കുന്നു. ഈ വരവ് കോസലയില്‍ നിന്നാണ്. അവിടത്തെ പരിചാരികരില്‍ നിന്ന് ചിലതൊക്കെ കേട്ടിട്ടുണ്ടാവും. ബ്രാഹ്‌മണസ്ത്രീ വന്ന ദിവസം, അവരുടെ രൂപഭാവങ്ങള്‍...

പക്ഷെ വര്‍ഷിണി അവളോട് ഒന്നും ചോദിച്ചില്ല. ചതുരംഗനെയും മാറില്‍ അടക്കിപ്പിടിച്ച് അകത്തേക്ക് കയറി പോയി. പക്ഷെ പറയാതെ പറയലിന്റെ മൗനം തങ്ങി നിന്ന നിമിഷങ്ങളില്‍ അവര്‍ പരസ്പരം സംവദിച്ചിരുന്നു. നിന്നെ ഞാന്‍ അറിയുന്നു ശാന്തേ എന്ന് വര്‍ഷിണി മനസില്‍ പറഞ്ഞു. അത് എന്റെ ജന്മാവകാശമായിരുന്നു അമ്മേയെന്ന് ശാന്തയും.

പിന്നീട് ഒരിക്കലും അതേക്കുറിച്ച് അവര്‍ തമ്മില്‍ ഒരു സംസാരം ഉണ്ടായില്ല. അതിന് മുന്‍പേ ജീവിതം മറ്റൊരു വൈതരണി ഒരുക്കി കഴിഞ്ഞിരുന്നു. ശാന്തയോടാണ് ഋഷ്യശൃംഗന്‍ ആദ്യമായി അതേക്കുറിച്ച് സൂചിപ്പിച്ചത്. അയാളുടെ ആവശ്യം ന്യായമായിരുന്നു.

'കൊട്ടാരത്തിലെ ജീവിതം എനിക്ക് മടുത്തു ശാന്തേ. ലൗകികമായ ഒന്നിനും എന്നില്‍ ആഹ്‌ളാദം നിറയ്ക്കാന്‍ കഴിയുന്നില്ല. എല്ലാം തീര്‍ത്തും ഉപരിപ്ലവമായ കെട്ടുകാഴ്ചകള്‍ മാത്രം. ആന്തരികമായ സംതൃപ്തിയും സന്തോഷവും പ്രദാനം ചെയ്യാന്‍ കഴിയുന്നത് ആത്മീയതയ്ക്ക് മാത്രമാണ്. മറ്റെല്ലാം വെറും പുറം കാഴ്ചകള്‍. എന്റെ ആത്മാവ് ആകെ അസ്വസ്ഥമാണ്. വിരസതയും വിരക്തിയും എന്നെ ചൂഴ്ന്ന് നില്‍ക്കുന്നു. കാര്‍ന്നു തിന്നുന്നു. വാസ്തവം പറഞ്ഞാല്‍ മൃതിതുല്യമാണ് എനിക്ക് ഈ ജീവിതം. ഇവിടെ എന്നെ ആകര്‍ഷിക്കുന്ന ഒന്നും തന്നെയില്ല. നീയുള്‍പ്പെടെ..'

ശാന്ത ഒന്ന് നടുങ്ങി. തന്നില്‍ ആകര്‍ഷകമായി ഒന്നും അവശേഷിക്കുന്നില്ലെന്ന് പറയുന്നത് മറ്റാരുമല്ല. താലിചാര്‍ത്തിയ സ്വന്തം ഭര്‍ത്താവ് തന്നെയാണ്. ഒരു സ്ത്രീയുടെ ജീവിതത്തില്‍ അതില്‍പ്പരം അപമാനകരമായി മറ്റെന്താണുളളത്? 

അവള്‍ മറുപടി പറഞ്ഞില്ല. വിയോജിപ്പുകള്‍ക്കിടയിലും അദ്ദേഹത്തിന്റെ ഭാഗം ന്യായമാണെന്ന് അവള്‍ക്ക് തോന്നി. ഉള്‍വനത്തില്‍ കഠിനതപസ്യയുടെ പാരമ്യതയില്‍ കഴിഞ്ഞ ഒരു താപസനെ പ്രലോഭിപ്പിച്ച് നാഗരികതയിലേക്ക് കൊണ്ടുവരിക. നിര്‍ബന്ധപൂര്‍വം വിവാഹം കഴിപ്പിക്കുക. എന്നിട്ട് യാന്ത്രികമായ ഭരണകാര്യങ്ങളില്‍ അഭിരമിക്കാന്‍ പ്രേരിപ്പിക്കുക. പശുവിനെ മാംസം കഴിക്കാന്‍ പ്രേരിപ്പിക്കുന്നതു പോലെ ബാലിശവും അപക്വവുമായ ശ്രമമാണിത്. ആരുടെയൊക്കെയോ നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി പാവം എല്ലാറ്റിനും വഴിപ്പെടുകയായിരുന്നു. നിന്നുതരികയായിരുന്നു.

താനടക്കം ഈ അര്‍ത്ഥശൂന്യവ്യാപാരത്തിന് കുടപിടിച്ചവരാണ് ഉത്തരവാദികള്‍. രണ്ട് ജീവിതങ്ങളാണ് ഒരേ സമയം നഷ്ടപ്പെട്ടത്. അദ്ദേഹത്തിന്റെയും എന്റെയും.. ചില നിയോഗങ്ങള്‍ ഇങ്ങനെയാണ്. അതിന് ആത്യന്തികമായി ഒരു ലക്ഷ്യമില്ല. എന്തിനോ വേണ്ടി സംഭവിക്കുന്നു. എവിടെയോ പോയി അവസാനിക്കുന്നു. ശിഷ്ടകാലം കാട്ടില്‍ പോയി തപസ് ചെയ്യുകയാണ് തന്റെ ദൗത്യമെന്ന്  ഋഷ്യശൃംഗന്‍ അറിയിച്ചപ്പോള്‍ അച്ഛന്റെ മുഖത്ത് കണ്ട നടുക്കം ശാന്തയെ സന്തോഷിപ്പിച്ചു. അച്ഛന്റെ നിര്‍ബന്ധബുദ്ധിയായിരുന്നു എല്ലാറ്റിനും അടിസ്ഥാനം.

തീരുമാനത്തില്‍ നിന്ന് പിന്‍തിരിപ്പിക്കാന്‍ ലോമപാദന്‍ ആവുന്നത്ര ശ്രമിച്ചു നോക്കി. ഋഷ്യശൃംഗന്‍ സഹജമായ നിസംഗതയോടെ നിര്‍വികാരനായി നിന്നു. തീരുമാനത്തില്‍ മാറ്റമില്ലെന്ന് അര്‍ത്ഥം. ഋഷ്യശൃംഗന്‍ യാത്രയ്ക്കുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.

ശാന്ത വാക്കുകള്‍ നഷ്ടപ്പെട്ട് നിന്നു. ഭര്‍ത്താവുളളതും ഇല്ലാത്തതും ഒരു പോലെയെന്ന് ഉത്തമബോധ്യമുണ്ട്. എന്നിരുന്നാലും കഴുത്തില്‍ താലികെട്ടിയ പുരുഷനാണ്. മനസിന്റെ ഏതോ വിദൂരകോണില്‍ താന്‍ പോലുമറിയാതെ അയാളെ സ്‌നേഹിച്ചുപോയിരുന്നു. ഈ വനയാത്ര എന്നേക്കുമായുളള വേര്‍പാടിന്റെ തുടക്കമാണ്. ഇനിയൊരിക്കലും തങ്ങള്‍ ദമ്പതികളായി ജീവിക്കില്ല. ഒരുപക്ഷെ കണ്ടുമുട്ടിയെന്ന് പോലും വരില്ല. പുഷ്പിക്കും മുന്‍പേ ഒടുങ്ങിയ വസന്തമായിരുന്നു തന്റെ ദാമ്പത്യം. ഇപ്പോള്‍ അദ്ദേഹവും എന്നേക്കുമായി പടിയിറങ്ങുന്നു.

''എന്താണ് ആലോചിച്ച് നില്‍ക്കുന്നത്. യാത്രയ്ക്ക് തയ്യാറെടുക്കൂ. സന്ധ്യയ്ക്ക് മുന്‍പ് കാടണയണം' ശാന്ത ഒന്ന് നടുങ്ങി. അപ്പോള്‍ മാത്രമാണ് യാത്രയില്‍ താനും ഒപ്പമുണ്ടെന്ന് അവളറിയുന്നത്.

'മരവുരിയുടുത്ത് ധ്യാനമന്ത്രങ്ങളുമായി കായ്കനികള്‍ ഭക്ഷിച്ച് ഒരു ആശ്രമജീവിതം. അത് എനിക്ക് സാധ്യമാകുമോ ഭവാന്‍?' അവള്‍ ആശങ്കയോടെ ചോദിച്ചു. 'എന്തുകൊണ്ട് സാധിച്ചു കൂടാ.. താപസന്റെ ഭാര്യയും താപസി. ശീലങ്ങള്‍ കൊണ്ട് വേരുറയ്ക്കാവുന്നതേയുളളു എന്തും... ഇന്നത്തെ ശീലം നാളെ മാറാം. നാളത്തെ ശീലം മറ്റന്നാളും...' ശാന്ത ഉത്തരം നല്‍കാനില്ലാതെ വിഷണ്ണയായി നിന്നു. ആശ്രമജീവിതം തന്റെ സങ്കല്‍പ്പങ്ങള്‍ക്ക് അപ്പുറത്താണ്. പക്ഷെ ഋഷ്യശൃംഗന്‍ ഒരേ നിര്‍ബന്ധത്തിലാണ്. താത്പര്യക്കുറവ് അറിയിച്ചിട്ടും അദ്ദേഹം പിന്‍തിരിയുന്ന ലക്ഷണമില്ല.

കാട്ടിലും നാട്ടിലും അദ്ദേഹത്തിന് ഒരു ഭാര്യയെ അല്ല ആവശ്യം. ഒരു പരിചാരിക. സമയത്ത് വച്ചു വിളമ്പാനും ദൈനംദിനചര്യകളില്‍ സഹായിക്കാനും പാദങ്ങള്‍ തിരുമ്മാനും സങ്കടങ്ങള്‍ പങ്കിടാനും ഒരു സഹചാരിക. പക്ഷെ അനുഗമിക്കുക എന്നത് തന്റെ കടമയാണെന്ന് അദ്ദേഹം വാദിക്കുന്നു. കഴുത്തിലെ താലി ഒരു അവകാശവും ബാധ്യതയുമായി തീര്‍ന്നിരിക്കുന്നു.

'ഞാന്‍ എത്ര പറഞ്ഞിട്ടും അദ്ദേഹത്തിന് മനസിലാവുന്നില്ല. കൂടെക്കൊണ്ടുപോവുന്നതിന് എന്റെ സമ്മതം പോലും അദ്ദേഹത്തിന് ആവശ്യമില്ലത്രെ...' വിയോജിപ്പ് പങ്ക് വച്ചപ്പോള്‍ വര്‍ഷിണിയുടെ മറുപടി കേട്ട് ശാന്ത വീണ്ടും ഹതാശയായി. 'പറഞ്ഞത് ശരിയല്ലേ? നിന്റെ സമ്മതമെന്തിന്? ഭര്‍ത്താവ് പറയും, ഭാര്യ അനുസരിക്കും. അതാണ് തലമുറകളായി കീഴ്‌വഴക്കം. ഭര്‍ത്തൃപാദങ്ങളിലെ മണ്‍തരിയാണ് പത്‌നി'

'ഭര്‍ത്താവായിരുന്നാലല്ലേ? താലി തന്നെ പൊട്ടിച്ചെറിഞ്ഞാല്‍ പിന്നെ ബന്ധങ്ങളില്ലല്ലോ? ബാധ്യതകളും...'

'ബന്ധം തകര്‍ന്നാല്‍ പെണ്ണിന്റെ കുഴപ്പമെന്ന് ജനം പറയും. എല്ലാം സഹിക്കേണ്ടവളാണ് പെണ്ണ്. രാജകുമാരിയായിരുന്നാല്‍ പോലും'

പുതിയ തിരിച്ചറിവില്‍ ശാന്ത മണ്‍തരിയായി. കറിവേപ്പിലയുടെ വിലയില്ലാത്ത അഭിശപ്തജന്മമാണോ പെണ്ണ്? പെണ്ണിനെ കാല്‍ക്കീഴിലെ മണ്ണാക്കാമെന്ന് ഏത് പുസ്തകത്തിലാണ് പറഞ്ഞിട്ടുളളത്. അവളുടെ വ്യക്തിത്വത്തിന് വില കല്‍പ്പിക്കാത്തത് ഏത് തത്ത്വസംഹിതയാണ്?

ചോദിച്ചില്ല. പറഞ്ഞുമില്ല. തലമുറകളായി കേട്ടും പറഞ്ഞും ഉറച്ചുപോയ ബോധ്യങ്ങള്‍. മരണം വരെ ഇവര്‍ ഇതൊക്കെ തന്നെ പാടി നടക്കും. നടക്കട്ടെ. പക്ഷെ ശാന്ത വേറെയാണ്. ഋഷ്യശൃംഗനോട് സ്‌നേഹക്കുറവില്ല. പക്ഷെ വനവാസവും ആശ്രമജീവിതവും തനിക്ക് യോജിച്ചതല്ല. ഒരു അവസാന അഭയമെന്ന നിലയില്‍ അച്ഛനെ ആശ്രയിക്കാന്‍ തീരുമാനിച്ചു. സങ്കടം ഉണര്‍ത്തിച്ചപ്പോള്‍ ഒരു തമാശ പോലെയാണ് അദ്ദേഹം കണ്ടത്.

'ഭര്‍ത്താവ് എവിടെയാണോ അവിടെയായിരിക്കണം ഭാര്യ. അയാളെ പരിചരിക്കുക എന്നതാണ് ഭാര്യാധര്‍മ്മം. അത് മാത്രമാണ് അവളുടെ ജീവിതം ആശ്രമത്തിലെന്നല്ല കൊടുംകാട്ടിലെന്നല്ല, നരകത്തിലായാല്‍ പോലും ഭാര്യ അയാള്‍ക്കൊപ്പമുണ്ടാവണം'

ശാന്ത മറുവാദത്തിന് നിന്നില്ല. വിധി വീണ്ടും തന്നെ തോല്‍പ്പിക്കുകയാണ്. തന്റെ ദുഖം എല്ലാവരും നിസാരവത്കരിക്കുകയാണ്. തന്റെ ഇഷ്ടങ്ങള്‍ക്ക് മുന്നില്‍ എല്ലാവരും കണ്ണടയ്ക്കുകയാണ്. ദൈവഹിതം അതാണെങ്കില്‍ അങ്ങനെ തന്നെ നടക്കട്ടെ.

അവള്‍ വര്‍ണ്ണവസ്ത്രങ്ങള്‍ വലിച്ചെറിഞ്ഞു. കാവിവസ്ത്രം ധരിച്ചു. ദേഹത്ത് രുദ്രാക്ഷവും നെറ്റിയില്‍ ഭസ്മവും അണിഞ്ഞു. കോസലയില്‍ നടത്തിയ തമാശനാടകം ജീവിതത്തില്‍ ഇതാ യാഥാര്‍ത്ഥ്യമായി പരിണമിക്കുന്നു.

ഇപ്പോള്‍ ദുഖം തോന്നുന്നില്ല. വെറുപ്പും മടുപ്പും നിരാശയും ഇച്ഛാഭംഗവും ഒന്നുമില്ല. പരമമായ നിസംഗത. പരമമായ നിര്‍വികാരത. അത് മാത്രം... വര്‍ഷിണിക്കും ലോമപാദനും ഇനി താന്‍ ഒരു അനാവശ്യവസ്തുവാണ്. ചത്താലും ജീവിച്ചാലും മടങ്ങി വന്നാലും വന്നില്ലെങ്കിലും ബാധകമല്ല. അവര്‍ക്ക് സ്വന്തം ചോരയില്‍ പിറന്ന ഒരു മകനുണ്ട്. അവന്‍ അനുദിനം വളര്‍ന്നുകൊണ്ടേയിരിക്കുന്നു. നാളെ അംഗദേശം അവന്‍ ഭരിക്കും. ലോമപാദന്റെ സിംഹാസനത്തില്‍ അവന്‍ ഇരിക്കും. 

നാടും നഗരവും ചരിത്രവും അവന്റെ അപദാനങ്ങള്‍ വാഴ്ത്തും. അതിനിടയില്‍ ഒരു അപശകുനം പോലെ എന്നോ കടന്നു വന്ന് എപ്പഴോ പോയ് മറഞ്ഞ ഒരുവള്‍. ഒരു ദത്തുപുത്രി. ശാന്ത..

പിന്‍തലമുറകള്‍ തന്നെ അങ്ങനെ പരിഹസിക്കട്ടെ. ശാന്ത മനസില്‍ സ്വയം ശപിച്ചു. ഒരു ശാപകാലത്ത് പിറന്നതിന്റെ ദുരന്തങ്ങളില്‍ സ്വയം പരിതപിച്ചു.

ഇക്കണ്ട കാലമത്രയും എന്റെ സ്വപ്നങ്ങള്‍ക്ക് കുട പിടിച്ച പ്രിയപ്പെട്ട അംഗരാജ്യമേ..

നന്ദി... എല്ലാറ്റിനും നന്ദി...

നന്ദി...

പിന്നില്‍ നാട് മറഞ്ഞു. നഗരം മറഞ്ഞു.

ഉറ്റവര്‍ മറഞ്ഞു. വാസ്തവത്തില്‍ അങ്ങനെയാരെങ്കിലും തന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നുവോ? താത്കാലിക ആവശ്യത്തിനായി വാടകയ്ക്ക് എടുക്കപ്പെട്ട ഒരു ജന്മം... ജീവിതം...

എല്ലാം ഇനി ഓര്‍മ്മകള്‍ മാത്രം...

(തുടരും)

Content Summary: E-novel Santha Episode 16

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com