ADVERTISEMENT

പൊള്ളയായ മുഴക്കങ്ങളാണ് നമ്മുടെ പല ഓർമകളും. അടുക്കടുക്കായോ ഒട്ടും അടുക്കില്ലാതെയോ ചേർത്തു വച്ചിരിക്കുന്ന കുറെ പൊള്ളയായ ഓർമകൾക്ക് നാമിടുന്ന പേരത്രേ ജീവിതം. സ്ഥൂലമായ ആലോചനയിൽ ഓർമകളെല്ലാം നല്ലതും ചീത്തയുമായ, സന്തോഷിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്ന അനുഭവങ്ങളുടെ കൂട്ടിവയ്പാണ്. പക്ഷേ, സൂക്ഷ്മാർഥത്തിൽ, മിക്ക ഓർമകളുടെയും ഉള്ളിലേക്കു കടക്കുമ്പോൾ തിരിച്ചറിയും, യഥാർഥ അനുഭവത്തിന്റെ പല വിശദാംശങ്ങളും മങ്ങിയും മറഞ്ഞും പോയ കുറെ മറവികൾ മാത്രമാണല്ലോ അവ എന്ന്. ഈ വിചാരം സൃഷ്ടിച്ചത് അടുത്തിടെ വായിച്ച മുഴക്കം ആണ്. പി.എഫ്. മാത്യൂസിന്റെ കഥ. 

 

മുഴക്കത്തിന്റെ മുഴക്കം ആഴ്ചകളായി മറവി ബാധിക്കാതെ നിൽക്കുന്നു. ആ വിചാരത്തിലങ്ങനെ ഇരിക്കെയാണ് മാത്യൂസിന്റെ പതിമൂന്ന് കടൽക്കാക്കകളുടെ ഉപമ എന്ന സമാഹാരത്തിൽ ലോസ്റ്റ് ആൻഡ് ഫൗണ്ട് എന്ന കഥ വായിക്കുന്നത്. അമ്യൂസ്മെന്റ് പാർക്കിൽ എത്തിയ കുടുംബത്തിലെ മുത്തശ്ശനെ കളഞ്ഞുപോകുന്നതിന്റെ അപൂർവ വിവരണമായിരുന്നു ആ കഥ. അന്വേഷിച്ചു നടന്ന കുടുംബാംഗങ്ങൾ മുത്തശ്ശനെ കണ്ടെത്തുന്നത് പാർക്കിലെ ലോസ്റ്റ് ആൻഡ് ഫൗണ്ട് ഓഫിസ് മുറിയിലാണ്. അവിടെയിരുന്ന ഗുമസ്ത ചോദിച്ചു.

ഇദ്ദേഹം എഴുത്തുകാരനാണോ?

എഴുതാൻ വച്ച കഥ കളഞ്ഞുപോയെന്നു പറഞ്ഞ് അവിടേക്കു ചെല്ലുകയായിരുന്നുവത്രെ മുത്തശ്ശൻ. മനുഷ്യനു കഥയില്ലാതാകുന്നതു കുറച്ചു കഷ്ടമാണേ എന്ന ഗുമസ്തന്റെ അകമ്പടിയഭിപ്രായം കൂടി കേട്ടുകൊണ്ട് ഭാര്യയും മക്കളും പേരക്കുട്ടികളും കൂടി വൃദ്ധനെ പൊക്കിയെടുത്തു വണ്ടിയിലിരുത്തി വീട്ടിലേക്കു പോയി. പിറ്റേദിവസം മുത്തശ്ശനെ പരിശോധിച്ച മനോരോഗ വിദഗ്ധനും പറഞ്ഞതു മറ്റൊന്നല്ല.

എഴുതാനിരുന്ന ആശയം കാണാതെ പോയെന്നാണല്ലോ പറയുന്നത്. 

എവിടെ നിന്നു കാണാതായീന്നാ?

മുത്തശ്ശി ചോദിച്ചു.

മനസ്സീന്ന്. മറന്നുപോയെന്നാവും ഉദ്ദേശിച്ചത്. പക്ഷേ, അൽഷൈമേഴ്സല്ല. 

ഡോക്ടർ ആശ്വസിപ്പിച്ചു. 

 

മുത്തശ്ശിയുമായി നടത്തിയ സംഭാഷണത്തിൽ നിന്ന് ഡോക്ടർ ഒരു കാര്യം മനസ്സിലാക്കി. വളരെ തിരക്കിട്ടു ജീവിച്ച മനുഷ്യനാണ്. ഇപ്പോൾ ഒന്നും ചെയ്യുന്നില്ല. മുറിയിൽ വെറുതെ കതകടച്ചിരിക്കും. ഇടയ്ക്ക് കണ്ണീർ തുടയ്ക്കുന്നതു കാണാം. ഡോക്ടർ ഉടൻ തന്നെ മരുന്നു കുറിച്ചു.

 

വെറുതെയിരുത്തരുത്. എപ്പോഴും എന്തെങ്കിലും ചെയ്തിരിക്കട്ടെ. 

 

pf-mathews-book

കൂടുതലൊന്നും കൂട്ടിച്ചേർക്കേണ്ടി വന്നില്ല. പിറ്റേന്നു മുതൽ മുത്തശ്ശൻ പേരക്കുട്ടികൾക്ക് സ്കൂളകമ്പടി തുടങ്ങി. ചന്തയിൽ പോക്കും ബില്ലടയ്ക്കലും കൃത്യമായി എല്ലാമെല്ലാം, പൂർവാധികം ചിട്ടയായി. 

ഒരു ദിവസം.

മുത്തശ്ശൻ അമ്യൂസ്മെന്റ് പാർക്കിലെ ലോസ്റ്റ് ആഡ് ഫൗണ്ട് ഓഫിസ് മുറിയിൽ ചെന്നിട്ടു പറഞ്ഞു. 

എന്റെ ഭാര്യയെ കളഞ്ഞുപോയി. 

 

രണ്ടര പേജുള്ള കുഞ്ഞുകഥ അവസാനിക്കുന്നത് മറവിയെക്കുറിച്ചോ ഓർമയെക്കുറിച്ചോ ഉള്ള, കൂടിക്കലർന്നുകിടക്കുന്ന വിചാരങ്ങളുടെ മുഴക്കം മനസ്സിൽ അവശേഷിപ്പിച്ചുകൊണ്ടാണ്. ആ മുഴക്കമാവണം വർഷങ്ങൾക്കു ശേഷം മറ്റൊരു കാലത്തു നിന്നും മറ്റൊരു സ്ഥലത്തു നിന്നും മറ്റൊരു മുത്തശ്ശനും മുത്തശ്ശിയും കൂടി കണ്ടെടുത്ത് അടുത്തിടെയെഴുതിയ കഥയിലേക്ക് വിക്ഷേപിക്കുന്നത്. 

 

വത്മീകത്തിനുള്ളിലെ വർഷങ്ങൾ നീണ്ട ഏകാന്തവാസത്തിനൊടുവിൽ, താൻ കാട്ടു പൊന്തയിൽ പതിയിരുന്ന വെറും പിടിച്ചുപറിക്കാരനായിരുന്നുവെന്ന കാര്യം പണ്ടൊരു മഹർഷി മറന്നുപോയതുകൊണ്ടാണ് മനുഷ്യരാശിക്ക് ആദ്യമായൊരു കവിത വായിക്കാൻ കിട്ടിയത്. അറിയാതെ മറന്നതോ അറിഞ്ഞുകൊണ്ടു മറന്നതോ എന്നതൊരു വിഷയമാക്കേണ്ടതില്ല. മറന്നു എന്നത് സത്യം. ആ മറവിയിൽ നിന്നുണ്ടായതോ ഉദാത്തമായ ഒരു ഓർമ. 

 

മാത്യൂസ് ചെതുമ്പൽ മാറ്റി ഒരുക്കിവച്ചൊരു കടൽ ഓർമയിലേക്ക്...

കടൽപുറത്ത് മീൻ പിടിച്ചും കള്ളുകുടിച്ചും അലക്ഷ്യമായി ജീവിച്ച മർസലീഞ്ഞിന്റെ ഭാര്യ അതിസുന്ദരിയായ റബേക്ക...

അഴുക്കും മെഴുക്കും തൊടാതെ കാറൽസ്മാനിലെ അഞ്ജേലിക്കാ റാണിയെപ്പോലെ വിലസിയിരുന്ന റബേക്ക.....

കടലിന്റെയും മീനിന്റെയും ഉളുമ്പുമണമില്ലാത്ത ജീവിതം കൊതിച്ച റബേക്ക....

 

സൂര്യന്റെ പേരിൽ പോലും അഹങ്കരിക്കുന്ന ബ്രിട്ടിഷ് രാജ്യത്തിന്റെ കാണപ്പെട്ട രൂപമായ കടപ്പുറത്തെ കപ്പിത്താൻ ബംഗ്ലാവിന്റെ പതിനെട്ടുകുന്തമുനകളും ലോഹമുന്തിരികളും കൊണ്ടു തീർത്ത ഗേറ്റുകൾ റബേക്കയ്ക്കു മുന്നിൽ തുറന്നു. അവളുടെ ഭാഗ്യമെന്നല്ലാതെന്തു പറയാനാണ്. ആ ബംഗ്ലാവിന്റെ നാഥനായ ആഡ്രൂ വാഡിങ്ടണിന്റെ യുവാവായ മകൻ  ലെസ്ലി വാഡിങ്ടൺ റബേക്കയെ കപ്പിത്താൻ ബംഗ്ലാവിലെ ബട്‌ലർ സംഘത്തിലെ റാണിയായി നിയമിച്ചു. അടുക്കളയിലെ മറ്റു ജോലിക്കാരുടെ കുശുകുശുക്കലും അസൂയക്കണ്ണുകളും കാണാനും കേൾക്കാനും നിൽക്കാതെ അവൾ ലെസ്ലിയോടൊപ്പം പണിക്കാർക്കു പ്രവേശനമില്ലാത്ത ബംഗ്ലാവിന്റെ രഹസ്യങ്ങളിലൂടെയൊക്കെ അലഞ്ഞു.

 

മാസങ്ങൾക്കു ശേഷം മർസലീഞ്ഞിനോടും അയാളുടെ ശരീരത്തിൽ നിന്നു പകർന്നുകിട്ടുകയും താൻ പെറ്റിടുകയും ചെയ്ത പരിഷ്കാരമില്ലാത്ത പിള്ളാരോടും യാത്ര പറയാൻ അവൾ വീട്ടിലേക്കു പോയി. ഒരാഴ്ചത്തെ അവധി വെട്ടിച്ചുരുക്കി രണ്ടാം ദിവസം ബംഗ്ലാവിലേക്കു മടങ്ങിച്ചെന്നപ്പോഴല്ലേ അറിയുന്നത് സായിപ്പുമാരെല്ലാം കടലു കടന്നുകഴിഞ്ഞുവെന്ന്. 

 

ലെസ്ലി സായിപ്പിന്റെ മറവി മന:പൂർവമല്ല. അയാൾക്കു റബേക്കയെ പിന്നീട് ഓർക്കേണ്ട കാര്യമില്ലന്നതായിരുന്നു സത്യം. അപമാനം കൊണ്ടാകാം അവളാ രാത്രിയിൽ വീട്ടിൽ കയറിയില്ല. നാറുന്ന കാറ്റും വെയിലും രാത്തണുപ്പുമേറ്റ് കടപ്പുറത്തു തന്നെ ഇരുന്നു. രണ്ടാം നാൾ മീൻ നാറുന്ന മർസലീഞ്ഞിന്റെ നെഞ്ചിലവളുടെ കണ്ണീരു നനഞ്ഞു. പിന്നീട് കടപ്പുറത്തെ മണങ്ങളൊന്നും റബേക്കയെ ദ്രോഹിക്കാതായി. എന്നാലവളുടെ ജീവിതത്തിൽ ഒരു അതിശയം സംഭവിച്ചത് സൂക്ഷം അഞ്ചാം മാസമാണ്. ചെമ്പൻ മുടിയും വെള്ളത്തൊലിയും പൂച്ചക്കണ്ണുകളുമുള്ള ഒരാൺകുഞ്ഞിനെ അവൾ പെറ്റു. 

ലെസ്ലിയുടെ ഓർമയിൽ അവളവന് ആൻഡ്രൂ ലെസ്ലി വാഡിങ്ടൺ എന്നു പേരിട്ടെങ്കിലും അമ്മ പൈതൃകസ്വത്തായി കൊടുത്ത ഓർമകൾ ആൻഡ്രുവിന് ബാധ്യതയായിരുന്നു. സ്വസ്ഥമായി ജീവിക്കാൻ അവനവയെല്ലാം മറക്കണമായിരുന്നു. ആയുഷ്കാലം മുഴുവൻ നീളുന്ന, മറക്കാൻ മാത്രം ആഗ്രഹിക്കുന്ന ഓർമകൾ തന്ന കടലിനക്കരെയുള്ള ഓർമയെ അവനു കൊത്തിക്കീറണമായിരുന്നു. മലിനമാണവ, മാലിന്യമാണവ. മാലിന്യം കൊത്തിപ്പറിച്ചെടുക്കുന്നത് കാക്കകളാണല്ലോ. കടപ്പുറത്തെ 13 കുട്ടികളെ മാജിക്കിന്റെ ബലത്തിൽ കാക്കകളാക്കി കടൽപ്പരപ്പിനു മേലേ കൂടി പടിഞ്ഞാറേക്കു പറത്തിവിടുന്ന ആൻഡ്രൂ സ്വന്തം  ഓർമകളെയാണ്  കാക്കകൾക്കു തിന്നാൻ കൊടുക്കുന്നത്. പതിമൂന്ന് കടൽക്കാക്കകളുടെ ഉപമ കടപ്പുറത്തെ ദരിദ്രനായ ആൻഡ്രൂവിന്റെ മാത്രം മാജിക്കല്ല. പി.എഫ്. മാത്യൂസിന്റേതുകൂടിയാണ്, കഥയെഴുത്തിന്റെ മാജിക്. 

 

ഈ മാജിക്കിന്റെ മുന്നിൽ വായനക്കാരൻ രസം പിടിച്ചിരുന്നുപോകും. 93ലെ രാത്രി  വായിച്ചുതീരുമ്പോൾ ഞെട്ടലാണ് അനുഭവപ്പെടുകയെങ്കിൽ, തീവണ്ടിയിൽ ഒരു മനുഷ്യൻ വിസ്മയമാണ് സമ്മാനിക്കുക.

 

കടൽത്തീരത്തു നിൽക്കുമ്പോൾ കാലിൽ വന്നു തടയുന്ന തിരകൾ പോലെയാണ് ഈ സമാഹാരത്തിലെ കഥകൾ. ചിലത് പാഞ്ഞുവന്ന് മുട്ടിനും മേലേക്കു കയറി നനച്ചുപിഴിഞ്ഞു കടന്നു പോകും. ചിലത് സ്നേഹത്തോടെ വന്ന് പാദത്തിൽ മെല്ലെ തൊട്ടിട്ടു തിരികെ പോകും. അളവിൽ വ്യത്യാസമുണ്ടായേക്കാം. പക്ഷേ, എല്ലാം നമ്മെ ആഹ്ലാദിപ്പിക്കും. ഈ ആഹ്ലാദം പങ്കുവയ്ക്കാൻ മാത്യൂസ് ഒപ്പം ചേരുന്നു. ശ്രദ്ധിക്കാം.

 

കടലും കൊച്ചിയിലെ കടലോര ജീവിതവുമൊക്കെ എഴുത്തിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നു. ജീവിക്കുന്ന ചുറ്റുപാടാണോ എഴുത്തിനെ സ്വാധീനിക്കുന്നത്.?

 

ജീവിക്കുന്ന ജീവിതത്തെക്കുറിച്ചും അതിന്റെ ചുറ്റുപാടുകളെക്കുറിച്ചും ഞാൻ കാര്യമായി ഒന്നും തന്നെ എഴുതിയിട്ടില്ല. ഫിക്‌ഷനിൽ ജീവിതാനുഭവങ്ങൾ എഴുതുന്നത് അത്ര നല്ല കാര്യമായിട്ട് എനിക്ക് തോന്നിയിട്ടുമില്ല. തീര ജീവിതത്തിന് ഒരു ഒപ്പീസ് എന്ന കൃതി എഴുതിയതു തന്നെ കൊച്ചിയിലൂടെ നടത്തിയ യാത്രകളും തീരപ്രദേശത്തുള്ള മനുഷ്യരുമായുണ്ടാക്കിയ അടുപ്പവും കൊണ്ടാണ്. ഭാഷയും മനസ്സും ചേർന്നുള്ള ആവിഷ്കാരമാണ് ഫിക്‌ഷൻ എന്ന് ഞാൻ കരുതുന്നു. നമ്മുടെ ബാഹ്യ ജീവിതത്തേക്കാൾ ഉപരി ആന്തരിക ജീവിതമാണ് ആ എഴുത്തിനു സഹായകമായി തീരുന്നത്.

 

കഥകളിൽ പിന്നീട് കടന്നു വരുന്നത് പളളിയാണ്. അതും ഒരു ചട്ടപ്പടി സഭാ വിശ്വാസിയുടെ രൂപത്തിലല്ല. ചിലപ്പോഴൊക്കെ നിശിത വിമർശനവുമുണ്ട്. അതിശയകരമായ ചില രഹസ്യങ്ങൾ എന്ന കഥ ഉദാഹരണം. മാത്യൂസിന്റെ  ക്രിസ്തു ആര്? സഭ?

 

ഇന്നത്തെ കാലത്ത് മനുഷ്യർക്ക് അത്രയ്ക്കൊന്നും അത്യാവശ്യമില്ലാത്ത ഒരു സ്ഥാപനമായാണ് ഞാൻ പള്ളിയെയും മതസ്ഥാപനങ്ങളെയും കാണുന്നത്. തുടക്കകാലത്ത് അത് മനുഷ്യർക്ക് ഉപകാരപ്പെട്ടിട്ടുണ്ടാകാം. പക്ഷേ ഇപ്പോൾ അത് തീർത്തും അപ്രസക്തമാണെന്ന് മാത്രമല്ല മനുഷ്യന്റെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിച്ചു കൊണ്ടിരിക്കുകയുമാണ്. ചില രാഷ്ട്രീയ കക്ഷികളെ പോലെ മതങ്ങളും ഫാഷിസ്റ്റ് സ്വഭാവം കാണിക്കുന്നുണ്ട്. അധികാരം തന്നെയാണ് അവരുടെയും ലക്ഷ്യം. ലക്ഷ്യം നേടാൻ ഏതു ഫാഷിസ്റ്റ് കക്ഷികളോടും അവർ ചേരും.

 

യേശുക്രിസ്തുവിനെ സംബന്ധിച്ചുള്ള കഥകളും ആശയങ്ങളും ഏറെക്കുറെ ആദർശാധിഷ്ഠിതമാണ്. ജീവിച്ചിരിക്കുന്ന യേശുക്രിസ്തു എങ്ങനെയിരിക്കുമെന്ന് അന്വേഷിച്ചു കൊണ്ടാണ് ദസ്തയേവ്സ്കി ഇഡിയറ്റ് എന്ന നോവൽ എഴുതാൻ തുടങ്ങിയതെന്ന് നമുക്കറിയാം. അദ്ദേഹത്തെ അതിന് പ്രചോദിപ്പിച്ചത് ഹാൻസ് ഹോൾബിയന്റെ വിഖ്യാതമായ ചിത്രമായിരുന്നു. മാരകമായ മർദ്ദനമേറ്റ് മരിച്ചു പോയ, രണ്ട് ദിവസം പഴക്കമുള്ള ഒരു മനുഷ്യന്റെ മൃതശരീരം ആയിരുന്നു അതിന്റെ മാതൃക. എഴുത്തുകാർക്ക് യേശുക്രിസ്തുവിനെ മനുഷ്യനായിട്ടല്ലാതെ കാണാനാവുകയില്ല, എനിക്കും. നമ്മളെക്കാൾ കുറച്ചുകൂടി കാരുണ്യമുള്ള, നിസ്സഹായതയോടെ മരിച്ചുപോകുന്ന ഒരു സാധാരണ മനുഷ്യൻ. അത്രമാത്രം.

 

മുഴക്കവും ലോസ്റ്റ് ആൻഡ് ഫൗണ്ടും വ്യത്യസ്തമായ കഥകളായിരിക്കെത്തന്നെ ഒരേ വിഷയം കൈകാര്യം ചെയ്യുന്നു. വാർധക്യത്തിലെ പലതരം നഷ്ടപ്പെടലുകൾ. ഈ രണ്ട് കഥയും എഴുതുമ്പോഴത്തെ മാനസികാവസ്ഥ ഒന്നായിരുന്നോ? 

 

ലോസ്റ്റ് ആൻഡ് ഫൗണ്ട് എഴുതുമ്പോൾ വാർദ്ധക്യത്തിന്റെ തീർത്തും ഭൗതികമായ പ്രശ്നം മാത്രമായിരുന്നു മനസ്സിൽ. തൊണ്ണൂറുകളിലാണ് അതെഴുതിയത്. രണ്ട് കഥകളിലും ഓർമ എന്ന സംഭരണി പ്രധാന വിഷയമായി വരുന്നുണ്ട്. മനുഷ്യജീവിതത്തിലെ സത്തയും അർഥവും ഓർമ എന്ന വളരെ ലോലമായ ഒരു ശക്തി വിശേഷത്തിൽ അടിസ്ഥാനപ്പെടുത്തിയാണിരിക്കുന്നത് എന്ന അവസ്ഥ തന്നെ എത്ര കഷ്ടമാണ്. 

 

മുഴക്കം എന്ന കഥയിലെത്തുമ്പോൾ പ്രായം വിവരിച്ചു തരുന്ന ചില കാര്യങ്ങൾ നമ്മുടെ അറിവിന്റെ ശേഖരത്തിൽ വന്നു കഴിഞ്ഞിട്ടുണ്ട്. മനുഷ്യജീവിതത്തിൽ നിന്നുയരുന്ന പൊള്ളയായ മുഴക്കം വല്ലാതെ ബാധിച്ചിട്ടുമുണ്ട്. നിശ്ശബ്ദത. മൗനം, അനക്കമില്ലായ്മ തുടങ്ങിയ നേർത്ത കാര്യങ്ങൾ. പിന്നെ, മുഴക്കം എന്ന കഥ എഴുതുമ്പോൾ ലോകം മുഴുവനും ഒരു ലോക്ഡൗണിൽ അകപ്പെട്ടിരിക്കുകയായിരുന്നു. ജീവിതത്തിന്റെ സത്തയില്ലായ്മയെ കുറിച്ചും കനമില്ലായ്മയെ കുറിച്ചും എല്ലാവരും തന്നെ ചിന്തിച്ചു കൊണ്ടിരിക്കുന്ന സമയം. ലോകം മുഴുവൻ ഒരു വീടിനുള്ളിലോ ഒരു മുറിക്കുള്ളിലോ ചുരുങ്ങി പോകുന്നതും അവിടം ഇരുട്ടായി മാറുന്നതുമെല്ലാം നമ്മൾ സങ്കൽപിച്ചു പോകുന്ന സമയം. ഒരു പക്ഷേ, അതുകൊണ്ടാകാം കൂടുതൽ വായനക്കാർക്ക് ആ കഥ രസിച്ചത്. ലോക്ഡൗൺ ഇല്ലെങ്കിലും ആ കഥ ഞാൻ എഴുതുമായിരുന്നു. കുറെ കാലങ്ങളായി എന്റെ മനസ്സിൽ ആ കഥയുണ്ട്.

 

വിസ്മയിപ്പിക്കുന്ന കഥകൾ, അവയ്ക്കിടയിൽ തീരെ സാധാരണമായവയും. മോശപ്പെട്ടവ എന്ന അർഥത്തിലല്ല, എങ്കിലും ആദ്യം പറഞ്ഞ പോലെ വിസ്മയിപ്പിക്കുന്നില്ല എന്ന്. അതാണ് പതിമൂന്ന് കടൽക്കാക്കകളുടെ ഉപമ എന്ന സമാഹാരം വായിച്ചു തീർന്നപ്പോൾ തോന്നിയത്. ചില എഴുത്തുകാർ പറയുന്നതു കേട്ടിട്ടുണ്ട്, എത്ര അധ്വാനിച്ചെഴുതിയാലും ഏറ്റവും മികച്ചതെന്ന് ഉറപ്പുള്ളതേ അച്ചടിക്കാൻ കൊടുക്കൂ. മറ്റുള്ളവ നശിപ്പിച്ചു കളയുമെന്ന്. കഥയെഴുത്തു പോലെ തന്നെ പ്രധാനമാണ്, അച്ചടിക്കേണ്ടത് ഏതെന്ന തീരുമാനമെടുക്കലും. സ്വന്തം കാര്യത്തിൽ അനുവർത്തിക്കുന്നതെന്ത്? എഴുതി പൂർത്തിയാക്കിയ കഥകൾ ഉപേക്ഷിച്ചിട്ടുണ്ടോ?

 

കഥകൾ മാത്രമല്ല എഴുതി പൂർത്തിയാക്കിയ നോവലുകൾ പോലും ഞാൻ അച്ചടിക്കാതിരുന്നിട്ടുണ്ട്. എഴുതിയത് നല്ലതാണോ ചീത്തയാണോ എന്ന് ജഡ്ജ് ചെയ്യുന്നത് നമ്മൾ തന്നെയാണെന്ന് ഓർക്കണം. നമ്മുടെ ഇഷ്ടങ്ങൾ ആയിരിക്കും നമുക്ക് നല്ലത്. എന്നെ സംബന്ധിച്ചിടത്തോളം നാടകീയതയും കനവും ക്ലൈമാക്സ്കളും ഇല്ലാത്ത നേരിയ കഥകളോടാണ് കൂടുതൽ പ്രിയം. പിന്നെ എഴുതുന്നതെല്ലാം മികച്ചതായി മാറണമെങ്കിൽ അസാധാരണമായ പ്രതിഭ വേണ്ടിവരും. എന്നെ ഞാനൊരു പ്രതിഭയായി കാണുന്നില്ല. ഏറെ അദ്ധ്വാനിച്ച് എഴുതാൻ ശ്രമിക്കുന്ന ഒരാൾ. ചെക്കോവ്, കഫ്ക്ക, ലിഡിയ ഡേവിസ്, ബോർഹസ് എന്നിങ്ങനെയുള്ള എഴുത്തുകാരെയാണ് പ്രതിഭാശാലികളായി ഞാൻ കാണുന്നത്. നമ്മളൊക്കെ വെറും അധ്വാനികൾ ...

 

എപ്പോഴും തോന്നാറുണ്ട്, സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ വന്നിട്ടുമുണ്ട്. എഴുത്തുകാരൻ എന്ന നിലയിൽ താങ്കൾക്ക് അർഹിക്കുന്ന പരിഗണന ലഭിച്ചിട്ടില്ല എന്ന്. എങ്ങനെ കാണുന്നു? യഥാർഥത്തിൽ ഒരു എഴുത്തുകാരൻ എങ്ങനെയാണ് പരിഗണനയിലേക്ക് വരുന്നത്? ആരാണത് തീരുമാനിക്കുന്നത്? ചില എഴുത്തുകാരെ ബോധപൂർവം തമസ്കരിക്കുന്ന രീതി മലയാള സാഹിത്യത്തിൽ ഉണ്ടോ? എഴുത്തുകാരന്റെ രാശി, പുസ്തകത്തിന്റെ  രാശി തുടങ്ങിയ പറച്ചിലുകളിൽ വിശ്വസിക്കുന്നുണ്ടോ?

 

1996 ൽ പ്രസിദ്ധീകരിച്ച ചാവുനിലം എന്ന നോവൽ അക്കാലത്ത് തീരെ ശ്രദ്ധിക്കപ്പെടുകയുണ്ടായില്ല. 2010ൽ പുതിയ തലമുറയാണ് അത് വായിക്കാൻ എടുത്തത്. വായിച്ചവർ സോഷ്യൽ മീഡിയയിൽ എഴുതുകയും ചെയ്തു അങ്ങനെയാണ് പലരും ആ കൃതിയെക്കുറിച്ച് അറിഞ്ഞതുതന്നെ. രണ്ടാം പതിപ്പ് അച്ചടിക്കേണ്ടതില്ല എന്ന് തീരുമാനിച്ച പ്രസാധകർ പിന്നീട് അത് അച്ചടിക്കാൻ തയാറായി. 2015 ൽ ഇരുട്ടിൽ ഒരു പുണ്യാളൻ എന്ന നോവൽ ഇറങ്ങിയപ്പോൾ അജയ് പി മങ്ങാട്ട്, ശാരദക്കുട്ടി തുടങ്ങിയ നിരൂപകർ  ഫെയ്സ്ബുക്കിൽ റിവ്യൂ എഴുതി, കുറെയേറെ വായനക്കാരും. ഈ മ യൗ എന്ന സിനിമ വന്നതോടെ കഥകളും നോവലുകളും കൂടുതൽ വായനക്കാരിലേക്ക് എത്തി.

പരിഗണന കിട്ടുക എന്നുള്ളത് നമ്മുടെ വിഷയമല്ല. മികച്ച കൃതികൾ എഴുതാൻ വേണ്ടി അധ്വാനിക്കുക എന്ന ഒരൊറ്റ കർമം മാത്രമേ എനിക്കു ചെയ്യാനുള്ളൂ. പരിഗണിക്കണോ വേണ്ടയോ എന്നു വായനക്കാർക്കു തീരുമാനിക്കാം.

 

കഥ, നോവൽ ,തിരക്കഥ - ഒരേ സമയം വ്യത്യസ്ത മാധ്യമങ്ങളിൽ സഞ്ചരിക്കുന്നു. മൂന്നിടത്തും മികവ് നിലനിർത്തുന്നു. എഴുത്തിന്റെ  ഈ രസതന്ത്രം ഒന്നു പറയാമോ?

 

40 വർഷമായി ഞാൻ എഴുതിക്കൊണ്ടിരിക്കുന്നു. കാലം എന്നിൽ ധാരാളം വെട്ടി തിരുത്തലുകൾ വരുത്തിയിട്ടുണ്ട്. അത് എന്റെ എഴുത്തുകളിലും പ്രതിഫലിക്കും. അതിനപ്പുറമുള്ള രസതന്ത്രമൊന്നും പറയാനില്ല.

 

ഇടവേളയില്ലാതെ എഴുതിക്കൊണ്ടിരിക്കുകയാണോ? അതോ വല്ലപ്പോഴുമാണോ എഴുത്ത്? നിലവിലുള്ള രചന എന്ത്? കഥ/ നോവൽ / തിരക്കഥ?

 

ധാരാളം ഇടവേളകൾ എടുത്തു കൊണ്ടാണ് ഞാൻ എഴുതാറുള്ളത്. ഇപ്പോൾ എഴുതുന്നത് രണ്ട് കഥാപാത്രങ്ങൾ തുടർച്ചയായി വരുന്ന കഥകളാണ്. യാസുജിറോ ഒസുവിന്റെ ലേറ്റ് സ്പ്രിങ് എന്ന പഴയ സിനിമയിൽ ഒരു പോഴ്സ്‌ലൈൻ പാത്രത്തിന്റെ ദൃശ്യം കാണിക്കുന്നുണ്ട്. നാടകീയമായ യാതൊന്നും ഇല്ലാത്ത വെറുമൊരു നിശ്ചല ദൃശ്യം. ആ കാഴ്ചയിൽ നിന്ന് നളിനി, ചിത്തൻ എന്നീ കഥാപാത്രങ്ങൾ രൂപപ്പെട്ടു. ചൊവ്വാഴ്ചയല്ലാത്ത ഒരു ദിവസം എന്ന കഥയും അതിനുപിന്നാലെ നളിനി രണ്ടാം ദിവസം എന്ന കഥയും എഴുതാൻ കഴിഞ്ഞു. വെളുത്ത നിറമുള്ള മയക്കം ആണ് മൂന്നാമത്തെ കഥ. ആ കൂട്ടത്തിലെ നാലാം കഥ ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്നു. തീരെ നാടകീയതയും കനവും ഇല്ലാത്ത വിവരണങ്ങളിലൂടെ കഥ പറയാനുള്ള ഒരു ശ്രമം.

 

ഇക്കാലത്ത് ഇറങ്ങുന്ന പല മലയാള കഥകളും വെറും രാഷ്ട്രീയവർത്തമാനമായി മാറുന്നുണ്ട്‌. വൻ മരങ്ങൾ വീഴുമ്പോൾ, തിരുത്ത് തുടങ്ങിയ കഥകളിൽ എൻ.എസ്. മാധവനും അടിയന്തരാവസ്ഥയിലെ ആന എന്ന കഥയിൽ അയ്മനം ജോണും അടക്കം പലരും രാഷ്ട്രീയ കഥകൾ എഴുതിയിട്ടുണ്ട്. അവയിലൊക്കെ രാഷ്ട്രീയമുണ്ടാവാം. പക്ഷേ, വർക്ക് ഓഫ് ആർട് എന്ന ഔന്നത്യത്തിൽ തന്നെ കഥയും നിന്നു. പക്ഷേ ഇക്കാലത്ത് വായിക്കുന്ന ചില രാഷ്ട്രീയ കഥകളെങ്കിലും വെറും പടപ്പാട്ടിനപ്പുറം ഉയരുന്നില്ല. അത്തരം കഥകളൊന്നും എഴുതിയിട്ടില്ല എന്നതു കൊണ്ടു തന്നെ ചോദിക്കട്ടെ, കഥ എന്ന പേരിൽ ഇങ്ങനെ  രാഷ്ട്രീയം വായിക്കുമ്പോൾ എന്താണ് തോന്നാറ്? 

 

ഇപ്പോൾ ആഘോഷിക്കപ്പെടുന്ന പല ചെറുകഥകളും റിയലിസ്റ്റിക് വിവരണത്തിൽ നിന്നു കടുകിടെ മാറുകയില്ലെന്നു മാത്രമല്ല അവ നാടകീയത നിറഞ്ഞ രാഷ്ട്രീയ ശരികളുമായിരിക്കും. വിവരണ കലയേക്കാൾ ഉപരി പ്ലോട്ടുകളിലായിരിക്കും അവയുടെ ഊന്നൽ. ഇത്തരം കഥകൾ എക്കാലത്തും ആഘോഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും കാലം അവയെ കാത്തു വയ്ക്കില്ല.  1879 ൽ തന്നെ ഫ്ലൊബേർ എഴുത്തിനെ നാടകീയതയിൽ നിന്നു മുക്തമാക്കാൻ കഠിനാധ്വാനം നടത്തിയിരുന്നുവെന്ന് നമ്മൾ ഓർക്കണം. ഒന്നും സംഭവിക്കാത്ത ഒരു പതിവു ദിവസത്തിനും അന്തരീക്ഷത്തിനും അതിന്റേതായ സൗന്ദര്യമുണ്ട്. ഭാഷയിലൂടെ, വിവരണകലയിലൂടെ അത് ആവിഷ്കരിക്കുകയാണ് നല്ലൊരു കഥാകാരൻ ചെയ്യുന്നത്.

 

English Summary: Pusthakakkazhcha Column by Ravivarma Thampuran on writer P.F. Mathews

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com