ADVERTISEMENT

ജീവനോളം മരണത്തെ സ്നേഹിക്കുക. പ്രണയത്തോളം വിഷാദത്തിനു കീഴ്പ്പെടുക. എഴുത്തിനോളം ഏകാന്തതയിൽ ഉന്മാദിയാകുക. ജീവിതമെന്ന നഷ്ടക്കച്ചവടത്തിന്റെ പങ്കുപറ്റാൻ കാത്തുനിൽക്കാതെ ജീവനൊടുക്കുക. പാതി പാടി നിർത്തിയ പാട്ടായി ഇന്നും ഉള്ളുനീറ്റുന്ന സിൽവിയ പ്ലാത്തിന് കത്തുകളിലൂടെ പുനർജൻമം. തിരിച്ചുകിട്ടാത്ത സ്നേഹത്തിന്റെ കയ്പുനീർ കുടിച്ച കവിക്ക് ആരാധകരുടെ സ്നേഹക്കടം വീട്ടൽ. 

 

ഈ മാസം 9 മുതൽ 21 വരെ ലണ്ടനിൽ ഒരു ലേലം നടക്കുകയാണ്. സിൽവിയ പ്ലാത്ത്- ടെഡ് ഹ്യൂഗ്സ് ദമ്പതികളുടെ പ്രണയ, വിരഹ ജീവിതത്തിന്റെ ഏടുകൾ വിൽപനയ്ക്ക്. ഇരുവരുടെയും മകളായ ഫ്രിഡ റെബേക്കാ ഹ്യൂഗ്സ് കൈമാറിയ സ്മാരകസൂക്ഷിപ്പുകൾ.

പ്രണയത്തിന്റെ ആദ്യനാളുകളിൽ പ്ലാത്ത് ‘പ്രിയപ്പെട്ട ടെഡിയ്ക്ക്’ എഴുതിയ കത്തുകൾ, മധുവിധു നാളുകളിലെ യാത്രകൾക്കിടെ പകർത്തിയ ചിത്രങ്ങൾ, പ്ലാത്ത് വരച്ച ഹ്യൂഗ്സിന്റെ പെൻസിൽ ചിത്രം, കുടുംബ ബൈബിൾ, ഭാവി പ്രവചിക്കുന്ന ടാരറ്റ് ചീട്ടുകൾ,... ചുട്ടുപഴുത്ത അവ്നു തല വച്ചു മരിക്കും വരെ പ്ലാത്ത് അണിഞ്ഞ വിവാഹമോതിരവും!

 

ടെഡ് ഹ്യൂഗ്സിനെ അഗാധമായി സ്നേഹിച്ചിരുന്ന പ്ലാത്തിനെ ഒരിക്കൽക്കൂടി വായിക്കാം പ്രണയലേഖനങ്ങളിൽ. 

 

താങ്കളോടൊപ്പം ജീവിതം പങ്കിടാൻ എനിക്കു കൊതിയാണെന്നു പലവുരു കുറിച്ച എഴുത്തുകൾ. ഒന്നു കാണാനായിരുന്നെങ്കിലെന്ന മോഹം പങ്കുവെച്ച പ്രേമത്തുടിപ്പുകൾ. അവസാനനാളുകളിൽ ഡോക്ടർക്ക് എഴുതിയ കത്തുകളിൽ  മറ്റൊരു മുഖമുണ്ട്. വിശ്വാസവഞ്ചനയ്ക്കും ക്രൂരമായ പീഡനങ്ങൾക്കും ഇരയായ തേജസ്സറ്റ മുഖം. 

 

ദാമ്പത്യം മാത്രമായിരുന്നില്ല, കവിയുടെ ചെറുപ്പകാലവും സങ്കീർണ്ണമായിരുന്നു. പ്രതീക്ഷകൾ തകർത്ത വിധിയോടു മടുപ്പു തോന്നുമ്പോൾ പ്ലാത്തിന് 20 വയസ്സ് മാത്രം. ശരീരത്തിൽ മുറിവുകളുണ്ടാക്കുകയും ജീവനൊടുക്കുന്നതിനെപ്പറ്റി നിരന്തരം സംസാരിക്കുകയും ചെയ്തിരുന്ന പെൺകുട്ടി ആദ്യമായി ആത്മഹത്യയ്ക്കു ശ്രമിക്കുന്നതും മനോരോഗത്തിനു ചികിത്സ തേടുന്നതും അതേ കാലത്തുതന്നെ. 

 

1956 ൽ ആയിരുന്നു പ്ലാത്തും ടെഡ് ഹ്യൂഗ്സും തമ്മിലുള്ള കൂടിക്കാഴ്ച. വിവാദങ്ങൾ കൊണ്ടു സമ്പുഷ്ടമായ ബന്ധത്തിന്റെ തുടക്കം. ഹ്യൂഗ്സിന്റെ രചനകൾക്കു പ്ലാത്തിനെ വശീകരിക്കാവുന്ന മാന്ത്രികതയുണ്ടായിരുന്നു. പ്രണയത്തിന്റെ ചൂടിൽ വിഭ്രാന്തിയുടെ പഴക്കം ചെന്ന വേരുകളുണങ്ങുമെന്നും അവർ കരുതിക്കാണണം. ആദ്യ കാഴ്ചയിൽ തന്നെ അനുരാഗബദ്ധരായവർ. കത്തുകളിലൂടെയും വീണ്ടും കണ്ടവർ. കവിതകളിലൂടെ സ്നേഹം പറഞ്ഞവർ. നാലു മാസത്ത പ്രണയശേഷം വിവാഹിതരായവർ. 

 

വിവാഹേതര ബന്ധങ്ങൾ ആകർഷിച്ചപ്പോൾ ഹ്യൂഗ്സിന് പ്ലാത്തിനോടുള്ള അടുപ്പം കുറഞ്ഞു. ശാരീരികമായും മാനസികമായും ഉപദ്രവിച്ചു. ആദ്യത്തെ കുഞ്ഞിനു ശേഷമുണ്ടായ രണ്ടാം ഗർഭം ഹ്യൂഗ്സിന്റെ പീഡനത്തിൽ അലസി. ജീവനോളം സ്നേഹിച്ചിട്ടും വിശ്വാസവഞ്ചന മാത്രം തിരിച്ചുതന്നയാൾക്കൊപ്പം ജീവിക്കാൻ കഴിയാതെ പാതിവഴിയിൽ നിന്ന യാത്ര. 

 

വിഷാദം പടർന്നു പൂത്ത കാലത്താണു പ്ലാത്തിന്റെ ഏറ്റവും ശക്തമായ രചനകൾ പിറക്കുന്നത്. ഉറക്കഗുളികൾ പരാജയപ്പെട്ട രാത്രികളിൽ ശരീരം തളർന്നപ്പോൾ മനസ്സ് ഉണർന്നിരുന്നു. പ്രണയിച്ചു വഞ്ചിച്ച പങ്കാളിയോടുള്ള പ്രതികാരം ചുടുതീ പോലെ പൊള്ളിക്കുന്ന കവിതകളായി രൂപം കൊണ്ടു. ഏരിയൽ എന്ന വിശ്വപ്രസിദ്ധ കവിതാസമാഹാരത്തിന്റെ രചന. സർഗ്ഗാത്മകതയുടെ പ്രതാപകാലം. ഒക്കെയും കയ്പ്പും കടുപ്പവും നിറഞ്ഞ ജീവിതത്തോടുള്ള അമർഷമായിരുന്നു.

 

വിൽപ്പനയ്ക്കു വച്ചിരിക്കുന്ന പ്ലാത്തിന്റെ കാർട്ടൂണിൽ, വീട്ടിൽ അത്താഴത്തിനെത്തിയ അതിഥിയെ കോടാലി കൊണ്ടു തലയ്ക്കടിക്കാൻ ഒരുങ്ങുന്ന, വാതിലിനു പിന്നിൽ ഒളിച്ചു നിൽക്കുന്ന പ്ലാത്തിനെ കാണാം. കാലം പോകെ മനസ്സും ശരീരവും മടുപ്പിച്ച കേംബ്രിഡ്ജ് ദിവസങ്ങളിലെ ഒരേട്.

സ്വയം നശിക്കുന്നതിനെപ്പറ്റി മാത്രം ചിന്തിച്ച, ഭ്രാന്തു പൂക്കുന്ന നേരങ്ങളിൽ പല തവണ ആത്മഹത്യാ ശ്രമങ്ങളുമണ്ടായി. ഒടുവിൽ വിജയം കണ്ടു. കാർബൺ മോണോക്സൈഡിന്റെ പുകച്ചുരുളുകളിൽ സിൽവിയ പ്ലാത്ത് എന്ന കവിത ശ്വാസംമുട്ടിയൊടുങ്ങി. 

 

ആരാധകരിലേക്കു ലേലത്തിനെത്തുന്നവയിൽ പ്ലാത്തിന്റെ നോവുകാലങ്ങളില്ല. സ്നേഹവും സന്തോഷവും മാത്രം നിറഞ്ഞു നിന്ന 32 കത്തുകൾ. ഭാവിജീവിതത്തെക്കുറിച്ചുള്ള സ്വപ്നങ്ങൾക്കു മാത്രമല്ല, അത്രയൊന്നും പ്രശസ്തനല്ലാതിരുന്ന ഹ്യൂഗ്സിന്റെ കവിജീവിതത്തിനും പ്രോത്സാഹനമായതു പ്ലാത്തിന്റെ വരികളായിരുന്നു. ഹാർപേഴ്സ് സംഘടിപ്പിച്ച കവിതാമത്സരത്തിൽ ഹ്യൂഗ്സ് പങ്കെടുത്തതും വിജയിയായതും പ്രശസ്തി നേടുന്നതും കത്തുകളിലൂടെ നിരന്തരം നിർബന്ധിച്ച പ്രണയിനിക്കു വഴങ്ങിക്കൊണ്ടായിരുന്നു. ആ സ്നേഹത്തിനു ഹ്യൂഗ്സിനെ പിടിച്ചു നിർത്താൻ മാത്രം ശക്തിയില്ലാതെ പോയിട്ടുണ്ടാവണം. അതോ അർഹിക്കാത്ത ഇടങ്ങളിൽ നിന്നു സ്നേഹം അകന്നു മാറിയതോ!

 

ഗവേഷകയായ ഹെതർ ക്ലാർക് എഴുതിയ സിൽവിയ പ്ലാത്തിന്റെ ജീവചരിത്രത്തിന്റെ പേര് റെഡ് കോമറ്റ് എന്നാണ്. വിഷാദമുഖിയായ ചുവന്ന വാൽനക്ഷത്രം പോലെ പ്ലാത്ത് സ്വയമെരിഞ്ഞു തീർന്നില്ലായിരുന്നുവെങ്കിൽ എന്ന നെടുവീർപ്പ് ഇന്നും ബാക്കിയാണ് ; കാലാന്തരങ്ങളോടു സംവദിക്കാൻ പ്ലാത്തിന്റെ കവിതകളും കത്തുകളും ചിത്രങ്ങളും പിന്നെ കള്ളം പറയാത്ത ആ മോതിരവും. 

 

English Summary: Sylvia Plath’s love letters to Ted Hughes up for sale

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com