ADVERTISEMENT

ഏതു പുസ്തകമാണ് ഇഷ്ടപ്പെട്ടതെന്ന ചോദ്യത്തിൽ ഒരു ഒളിയമ്പുണ്ട്. വ്യക്തിയെ മനസ്സിലാക്കാനുള്ള ശ്രമമാണ്. കൂടുതൽ അറിയാൻ കഴിയുമെന്ന പ്രതീക്ഷയാണ്. തന്റെ അതേ മാനസികാവസ്ഥ തന്നെയാണോ എന്ന ആകാംക്ഷയും ആശങ്കയുമാണ്. ഒരിക്കലും ചേർന്നുപോകാൻ കഴിയില്ലേ എന്ന ഭയവും സംശയവുമാണ്. എന്നാൽ, ചോദിക്കാതിരിക്കാനുമാവില്ല. ഒരുപക്ഷേ....

വായിക്കുന്ന ഏതു മലയാളിയോടും ചോദിക്കാവുന്ന ആദ്യത്തെ ഒരു ചോദ്യമുണ്ട്. എംടിയുടെ പുസ്തകങ്ങളിൽ ഏതാണിഷ്ടം. നോവൽ. കഥ. തിരക്കഥ. സംവിധാനം ചെയ്ത സിനിമ. പ്രതീക്ഷയോടെയാണ് ചോദിക്കുന്നത്. പ്രണയാഭ്യർഥന പോലെ. ഉത്തരത്തിൽ ഒരായുസ്സിലെ സന്തോഷത്തിന്റെ വിധി കുറിച്ചിട്ടിരിക്കുന്നു; സങ്കടത്തിന്റെയും. ആ ഉത്തരത്തിൽ നിന്ന് ഒരു സൗഹൃദം തുടങ്ങുകയാണ്. അനിവാര്യമായ ഒരു ബന്ധത്തിന്റെ തുടക്കം. ഒരായുസ്സിന്റെ പുസ്തകം തുറക്കുകയാണ്. ജീവിതത്തിന്റെ പുസ്തകം തെളിയുകയാണ്. ദൈവമേ... മഞ്ഞ് എന്നു പറയുമോ. അതോ അസുരവിത്ത്. കാലം. നാലുകെട്ട്. രണ്ടാമൂഴം. നിന്റെ ഓർമയ്ക്ക്. സുകൃതം. സദയം......

ദിവസങ്ങൾ പച്ചയുടെയും വെളുപ്പിന്റെയും ലോകത്തിൽ നിത്യവും മാറ്റങ്ങൾ വരുത്തുന്നു. അവസാനം അങ്ങിങ്ങായി വെൺമയുടെ വീണുകിടക്കുന്ന മേഘക്കീറുകൾ, ഉരുകിത്തീരാത്ത ശിശിരത്തിന്റെ ഓർമക്കുറിപ്പുകൾ ബാക്കിനിൽക്കുന്നു. വെയിൽ തെളിയുമ്പോൾ കുന്നിൻചെരിവുകളിൽ മഞ്ഞുരുകിയ വെള്ളിയൊഴുക്കുകൾ കാണാവുന്നു; ഇന്നലെയുടെ കണ്ണീർച്ചോലകൾ.

പ്രണയം ഏകാന്തത്തടവ് വിധിച്ച വിമല. നാളെയുടെയും ഇന്നലെയുടെയും മധ്യത്തിൽ ഒഴിവുകാലം കടന്നുപോകുന്നതറിഞ്ഞിട്ടും ഓർമകൾക്കു കടം കൊടുത്ത മനസ്സുമായി കാത്തിരിക്കുകയാണ്. തടാകത്തിനും നഗരത്തിനും മുകളിൽ ഏപ്രിൽ മാസത്തിലെ ഇളംമഞ്ഞ് കാണുമ്പോൾ വിമലയുടെ മനസ്സിൽ തെളിയുന്നത് പണ്ടെപ്പോഴോ പകലുറക്കത്തിൽ കണ്ട ഒരു സ്വപ്നമാണ്.

manju-book

പണ്ടെപ്പോഴോ... എന്നോ ഒരിക്കൽ... ഒരുറപ്പുമില്ല. ഒരു അടയാളവുമില്ല. അയാൾ എവിടെയാണ്. സുധീർ കുമാർ മിശ്ര.
എനിക്കീ നിമിഷം മതി. ഇതു മാത്രം. അയാൾക്കൊപ്പമുണ്ടായിരുന്നപ്പോൾ അവൾ മന്ത്രിച്ചു. വർഷങ്ങൾക്കു ശേഷം അവളുടെ മനസ്സ് കൂട് വയ്ക്കുന്നത് എനിക്കൊന്നും വേണ്ടാ. ഒന്നു കണ്ടാൽ മതി... എന്ന വാക്കുകളിലാണ്. ഒന്നു കണ്ടാൽ മതി.... നമുക്കു കാണാൻ കഴിവുണ്ടായിരുന്നെങ്കിൽ. കാലത്തിന്റെ കൊടുമുടിയിൽ നിന്നുകൊണ്ട് വർഷങ്ങളുടെ, തലമുറകളുടെ മറ നീക്കി കാണാൻ കഴിഞ്ഞിരുന്നെങ്കിൽ... ഇന്ന ദിവസം ഈ  സമയത്ത്....

മഞ്ഞ് എന്ന കൊച്ചു വലിയ നോവലിലെ ഭാവം, ശ്രുതി, ശിൽപഭദ്രത, ആത്മാവിൽ നിന്നൊഴുകുന്ന കഥ കവിതയാകുന്ന അവാച്യമായ അനുഭവം... എല്ലാം കീറിമുറിച്ച് പഠനങ്ങളുണ്ടായിട്ടുണ്ട്. വ്യാഖ്യാനങ്ങളും വാദങ്ങളും ഉയർന്നിട്ടുണ്ട്. ചോദ്യം ബാക്കിയാണ്: എംടിയുടെ ഏതു പുസ്തകമാണിഷ്ടം. മഞ്ഞ് എന്ന വാക്ക് പറഞ്ഞതുതന്നെയോ. വെറും തോന്നലാവാം. ഒന്നും പറ‍ഞ്ഞിരിക്കില്ല. പറയാൻ, ഇഷ്ടപ്പെടാൻ എത്രയോ വേറെ പുസ്തകങ്ങളുണ്ടല്ലോ. വായിച്ചിട്ടുണ്ടാവുമോ മഞ്ഞ്. തണുത്തുറഞ്ഞ മഞ്ഞുപോലുള്ള വിമലയുടെ ഹൃദയം കാണാതെ പോയിരിക്കുമോ. അങ്ങനെയാവാൻ വഴിയില്ല.

ഇക്താരയുടെ ശബ്ദം അന്നു രാത്രി കേട്ടില്ല. ജാലകം തുറന്നുനോക്കി. ഗോൾഡൻ നൂക്കിൽ വെളിച്ചമുണ്ട്. ഇക്താര ഉറങ്ങുന്നു. അതിന്റെ നേർത്ത ഒറ്റക്കമ്പിയിൽ കാക്കയോട് വിദൂരസ്ഥനായ കാമുകന് തന്റെ വേദന അറിയിക്കാൻ പറഞ്ഞ പഞ്ചാബി പെൺകൊടിയുടെ ഹൃദയവും ഉറങ്ങുന്നു.
അവൾ ജലനലടച്ചു.
നമുക്കു കാണാൻ കഴിവുണ്ടായിരുന്നെങ്കിൽ....
മഞ്ഞും ഇഷ്ടമാണെന്ന മറുപടി നിരാശയോടെയാണു കേൾക്കുന്നത്. അല്ലെങ്കിൽ ആർക്കാണ് എംടിയുടെ ഏതെങ്കിലുമൊരു കൃതി ഇഷ്ടമാകാതിരിക്കുക. എഴുതിയ ഓരോ വാക്കിലും ചൈതന്യം നിറച്ച ഇതുപോലെ മറ്റൊരു എഴുത്തുകാരൻ മലയാളത്തിലില്ല. വളർത്തുമൃഗങ്ങൾ എന്ന ആദ്യ കഥ മുതൽ. നാലുകെട്ട് എന്ന ആദ്യ നോവൽ മുതൽ. ഓളവും തീരവും എന്ന ആദ്യ തിരക്കഥ മുതൽ...

മഞ്ഞ് എന്ന ഒറ്റ മറുപടിയാണ് വേണ്ടത്. ജൻമദീർഘമായ ശവദാഹം പോലെ സഹിച്ച ഏകാന്തതയുടെ കറുത്ത വർഷങ്ങൾ. ഇന്നലെയുടെ ചോലകളിൽ മാത്രം മുഖം നോക്കിയ നഷ്ട വർഷങ്ങൾ. ഓരോ കാഴ്ചയും കേൾവിയും ഓർമിപ്പിച്ച നഷ്ടപ്പെട്ട സുദിനങ്ങൾ.
ഈ നിമിഷത്തിലാണ് ഇനിയുള്ള ജീവിതം പടുത്തുയർത്തേണ്ടത്. ഈ മറുപടിയിൽ. ഒരൊറ്റ വാക്കിൽ. ഇന്നലെകളിൽ ഒറ്റയ്ക്കു വായിച്ച പുസ്തകം ഇനി ഒരാവൃത്തി കൂടി വായിക്കണം. ഒരേ അക്ഷരങ്ങളിലൂടെ ഒരുമിച്ച് ഓടിനടക്കുന്ന കണ്ണുകൾ. അവയെന്തായിരിക്കാം അപ്പോൾ പറയുന്നത്. പകരുന്നത്. തനിച്ചുവായിച്ചപ്പോൾ തോന്നിയ അതേ അർഥം തന്നെയായിരിക്കില്ലെന്ന് ഉറപ്പ്.
ടീച്ചർജി..
അവൾ ശ്രദ്ധിച്ചു.
ഞാനൊരു തമാശ പറയട്ടെ.
കേൾക്കട്ടെ എന്ന ഭാവത്തിൽ അവൾ നിന്നു.
എനിക്കു നിങ്ങളെ ഇഷ്ടമാണ്. കാരണമൊന്നുമില്ല.
അയാളുടെ വരണ്ടു വികൃതമായ മുഖത്ത് രക്തഛായകൾ മിന്നിമറയുന്നതു കണ്ട് അവൾ പരിഭ്രമിച്ചുപോയി.
ഓ പരിഭ്രമിക്കാനൊന്നുമില്ല. വഴിയിൽ തടഞ്ഞുനിർത്തില്ല. പ്രേമലേഖനമെഴുതില്ല. ഒന്നും ചെയ്യില്ല. ഒരു ബന്ധവും സങ്കൽപിക്കാതെ..വെറുതെ...എനിക്കു നിങ്ങളെ ഇഷ്ടമാണ്.

ഒരു സീസൺ കൂടി കഴിയുകയാണ്. കാത്തിരിപ്പിന്റെ, പ്രതീക്ഷയുടെ മറ്റൊരു സീസൺ കൂടി.
കടം ചോദിച്ച ഒരു സായാഹ്നം ബാക്കി കിടപ്പുണ്ട്. ഇഷ്ടപ്പെട്ട നോവലുകളിൽ ഒന്നാണ്, ഒന്നു മാത്രമാണ് മഞ്ഞ്. ഏകാന്തതയുടെ ഈ മുൾക്കിരീടം എല്ലാവർക്കുമുള്ളതല്ല. കാത്തിരിപ്പിന്റെ കാൽവരി ഒറ്റയ്ക്കുതന്നെ കയറണം. അൽപായുസ്സായി മരിച്ച മോഹങ്ങളുടെ അനാഥ ജഡങ്ങളും പേറി കണ്ണീർ വാർക്കണം.
ബോട്ട് തുഴഞ്ഞുനീങ്ങിയപ്പോൾ ജലപ്പരപ്പിൽ നീണ്ടുകിടന്ന വളഞ്ഞ വഴിത്താരയിലേക്കു നോക്കിനിന്നുകൊണ്ട് അവൾ പിറുപിറുത്തു:
വരാതിരിക്കില്ല.....
ആദ്യത്തെ വായനയിൽ അദ്ഭുതമാണ് തോന്നിയത്. അന്ന് കാത്തിരിപ്പിന്റെ അർഥം അറിയാനും മാത്രം മുതിർന്നിരുന്നില്ല. ആവേശത്തിന്റെ അക്ഷരത്തോണിയിൽ കുതിച്ചുപാഞ്ഞപ്പോൾ കുറേക്കാലം മഞ്ഞ് ഒരു താളു പോലും മറിക്കാതെ എവിടെയോ കിടന്നു. ആഘോഷകാലം എത്ര വേഗമാണു കഴിഞ്ഞുപോയത്. എനിക്കീ നിമിഷം മതി. ഈ നിമിഷം മാത്രം.
അനാഥമായ കൂട്ടിൽ ആരാണു കൂട്ട്. വിരഹം. വിഷാദം. ഏകാന്തത.
തന്റേതായ ലോകം. മലകളും മഞ്ഞും തണുപ്പും തടാകവും തേടി വരണ്ട ഭൂമികളിൽ നിന്നു വന്നെത്തുന്ന സഞ്ചാരികളുടെ കാലൊച്ച കേൾക്കാം; അവിടെ തന്റെ ശവകുടീരത്തിനു ചുറ്റും.

വായിച്ചുതീർന്നിട്ടില്ല ഇപ്പോഴും മഞ്ഞ്. ഇന്നും പൂർണമായി മനസ്സിലായിട്ടില്ല വിമലയെ. വീണ്ടും വായിക്കുന്നു. ഇക്താര നിലച്ചിരിക്കുന്നു. ഇവിടെ കൂട്ട് മൗനത്തിന്റെ മടുപടം മാത്രം. ഓർമയിൽ കരഞ്ഞുതളർന്ന കണ്ണുകൾ മാത്രം.
എന്റെയും എന്റെ പിമ്പേയുള്ളവരുടെയും
മരണം ഞാൻ മരിക്കുകയാണ്...
എന്റെയും എന്റെ പിമ്പേയുള്ളവരുടെയും
ജീവിതം ഞാൻ ജീവിക്കുകയാണ്..... 

Content Summary: Remembering M T Vasudevan Nair's book Manju

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com