ADVERTISEMENT

ഭാവമധുരിമയാർന്ന ദൃശ്യകാവ്യമാണ് എം.ടി.വാസുദേവൻ നായരുടെ ബന്ധനം. 1978 ൽ മലയാളികൾ ആസ്വദിച്ച സുന്ദരമായ അഭ്രകാവ്യം. കറുപ്പും വെളുപ്പിലുമുള്ള കാഴ്ചക്കാരുടെ മനസ്സിൽ തങ്ങിനിൽക്കുന്ന മറുനാടൻ മൂവീസ് പുറത്തിറക്കിയ ചലച്ചിത്രം. 

പിതാവ് മറ്റൊരു വിവാഹം കഴിക്കയാൽ ജീവിതത്തെ വെറുക്കുന്ന, മോഹങ്ങളുടെ, മോഹഭംഗളുടെ കഥയാണു ബന്ധനം.     ഉണ്ണിക്കൃഷ്ണൻ എന്ന ഗുമസ്തനു ജീവൻ നൽകിയത് സുകുമാരൻ. സരോജിനി എന്ന സഹപ്രവർത്തകയായി ശുഭയും. സരോജിനിയും ഉണ്ണിക്കൃഷ്ണമായുള്ള അടുപ്പം കാവ്യാത്മകമായി അഭ്രപാളിയിൽ കാണാം. നായർത്തറവാടുകളിൽ സംഭവിക്കുന്ന സ്വത്തവകാശപ്രശ്നവും വിവാഹമോചനവും നായകന്റെ പിതാവ് മറ്റൊരു സ്ത്രീയെ കല്യാണം കഴിക്കുന്നതു കാണേണ്ടിവരുന്ന ബാല്യവുമെല്ലാം ഉണ്ണിക്കൃഷ്ണനെ അമർഷത്തിന്റെയും നിസ്സംഗതയുടെയും മദ്യത്തിന്റെയും ലോകത്തിലാക്കുന്നു, അല്ലെങ്കിൽ ബന്ധനസ്ഥനാക്കുന്നു.

ഉണ്ണിക്കൃഷ്ണന്റെയും സരോജിനിയുടെയും സായാഹ്നം മധുരതരമാക്കുന്നത് ഒഎൻവി കുറുപ്പ് എഴുതി എം.ബി.ശ്രീനിവാസൻ ഈണം നൽകി ജയചന്ദ്രൻ ആലപിച്ച 'രാഗം ശ്രീരാഗം...' എന്ന മനോഹരമായ ഗാനത്തോടെയാണ്. മികച്ച ചലച്ചിത്രം,തിരക്കഥ , നടൻ എന്നിവയ്ക്ക് സംസ്ഥാന പുരസ്‌കാരം ലഭിച്ചതാണീ നഗര-ഗ്രാമീണ അഭ്രകാവ്യം.

"രാഗം ശ്രീരാഗം ഉദയശ്രീ രാഗം

രാഗം ശ്രീരാഗം ഉദയശ്രീ രാഗം

മധുകര മധുര ശ്രുതിയിൽ

ഹൃദയ സരോവരമുണരും രാഗം

മധുകര മധുര ശ്രുതിയിൽ

ഹൃദയ സരോവരമുണരും രാഗം

തുടുതുടെ വിടരും പൂവിൻ കവിളിൽ

പടരും നിർവൃതി രാഗം

തുടുതുടെ വിടരും പൂവിൻ കവിളിൽ

പടരും നിർവൃതി രാഗം …"

ബന്ധനം സിനിമയിലെ ഈ ഗാനരംഗത്തിൽ ഭാഗവതരായി അഭിനയിച്ചത് കവിയും വിമർശകനും ഗവേഷകനുമായിരുന്ന ഡോ. എസ്.കെ.നായരാണ്.

മലയാളത്തിന്റെ സുകൃതമായ എംടിയുടെ അഭിപ്രായത്തിൽ സിനിമയുടെ ആത്മാവാണ് സംഗീതം. വിഷ്വൽസ് അറിഞ്ഞു ചെയ്യുന്നയാളാണ് യഥാർഥ സംഗീത സംവിധായകൻ. വളരെ കുറച്ചു സംഗീതോപകരണങ്ങൾ ഉപയോഗപ്പെടുത്തി, ചലച്ചിത്രത്തെ അറിഞ്ഞു ചെയ്യുന്ന ആളായിരിക്കണം സംഗീതസംവിധായകൻ. അത്തരത്തിലുള്ള ഗണത്തിലാണ് എം.ബി.ശ്രീനിവാസൻ ഉൾപ്പെടുന്നത്.

ഹംസധ്വനി രാഗം പൊതുവേ സ്നേഹം, സന്തോഷം എന്നീ ഭാവങ്ങൾ വെളിപ്പെടുത്താനാണ്‌ ഉപയോഗിക്കാറുള്ളത്. വൈകുന്നേരം പാടുന്ന മംഗളകരമായ രാഗമാണ് വസന്ത.

തിരക്കഥ രചിക്കുന്നവർക്കുള്ള ചില ഉപദേശങ്ങൾ എംടിയുടെ തിരക്കഥകൾ എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത് ഇങ്ങനെയാണ്:

1. താൻ എഴുതുന്ന - അത് തന്റെതാവാം, മറ്റുള്ളവരുടെതാവാം - പ്രമേയത്തിന്റെ ചൈതന്യവും ആഴവും കണ്ടറിയുക.

2. തന്റെ കഥാപാത്രങ്ങൾക്കായി തന്റേതായ ചില മാനങ്ങൾ നൽകുക.

3. ഫോസ്‌റ്ററുടെ തരംതിരിവനുസരിച്ചുള്ള ഒഴുക്കൻ കഥാപാത്രങ്ങളെ ത്രിമാന കഥാപാത്രങ്ങളാക്കുക

4. വാക്കുകളെ മാത്രം ആശ്രയിക്കുന്ന കഥാപാത്രങ്ങൾ കുറെ കഴിയുമ്പോൾ സംസാരിക്കുന്ന യന്ത്രങ്ങളാവുന്നു. പറയാത്ത വാക്കുകളിലൂടെ ഒതുക്കിയ വികാരങ്ങളിലൂടെ അവരുടെ മനസ്സിന്റെ വാതിൽ തുറക്കുമ്പോൾ അവർ പ്രേക്ഷകരുടെ മുന്നിൽ ജ്വലിക്കുന്നുവെന്ന സത്യത്തിൽനിന്ന് മുതലെടുക്കുക.

5. സംസാരിക്കുമ്പോൾ വാക്കുകൾക്കിടയിലെ ചെറിയ വിടവുകളിലൂടെയും സംസാരിക്കുക.

6. ഏറ്റവും പ്രധാനമായി സിനിമ എന്ന മാധ്യമത്തിനകത്തുനിന്ന് സംവിധായകനുമായി ആത്മൈക്യം വന്നു പ്രവർത്തിക്കുക.

ജീവിതത്തിൽ എല്ലാവരും ഉണ്ടായിട്ടും ഒറ്റപ്പെടാൻ വിധിക്കപ്പെട്ടവരാണ്  എംടി കഥാപാത്രങ്ങൾ. ബന്ധനത്തിലെ ഉണ്ണിക്കൃഷ്ണനും വ്യത്യസ്തനല്ല.

സഹതാപവും സ്നേഹവും ആത്മനിന്ദയും വിദ്വേഷവും സന്തോഷവും കദനവും ഉയർച്ചയും വേർപെടുത്താനാവാതെ മദ്യത്തിൽ ബന്ധനസ്ഥനാകുന്ന ഉണ്ണിക്കൃഷ്ണന് ജീവൻ പകരുവാൻ സുകുമാരനല്ലാതെ ആരും അക്കാലത്തില്ല. സംവിധായകനുമായുള്ള രൂപസാദൃശ്യം നിഴലിലും വെളിച്ചത്തിലും പ്രേക്ഷകന്റെ മനസ്സിലേക്ക് ആഴ്‌ന്നിറങ്ങുന്നു. ആത്മകഥാംശം എം.ടി.ചലച്ചിത്രങ്ങളുടെ പതിവുരീതികളാണല്ലോ.

''എന്തിനാണ് ഒരാൾ എഴുതുന്നത്?ചിലപ്പോൾ ചിലതു പറയാൻ തോന്നുന്നത് കൊണ്ട്. ചില ചോദ്യങ്ങൾ നമ്മെ അസ്വസ്ഥരാക്കുന്നതുകൊണ്ട് .ചിലപ്പോൾ ഈ ചോദ്യങ്ങൾ അവനവനോട് തന്നെയാവും. അല്ലെങ്കിൽ ചുറ്റുവട്ടത്തുമുള്ള സമൂഹത്തോടാവും. അല്ലെങ്കിൽ  ചുറ്റുവട്ടത്തുമുള്ള സമൂഹത്തോടാവും. അല്ലെങ്കിൽ കാലഘട്ടത്തോട് മനുഷ്യരാശിയോട് മുഴുവൻ. ചിലപ്പോൾ പ്രകൃതിയോടും ഈശ്വരനോടും. അപ്പോൾ നാം കഥയെഴുതിപ്പോകുന്നു, കവിതയെഴുതിപ്പോവുന്നു, നോവലും നാടകവുമെഴുതിപ്പോകുന്നു .''

ജനങ്ങളോട് ഏറ്റവും അടുപ്പമുള്ളതു ദൃശ്യമാധ്യമമാണല്ലോ. ചില കാര്യങ്ങൾ നേരിട്ട് കാണിച്ചുതന്നാൽ കൂടുതൽ അനുഭവവേദ്യമാകുമെന്നതിനാലാകാം അദ്ദേഹം ചലച്ചിത്രങ്ങളിലൂടെ ആസ്വാദകരെ വിസ്മയലോകത്തിൽ എത്തിച്ചത്. കാണാവുന്ന സാഹിത്യമാണ് എംടി ചലച്ചിത്രങ്ങൾ.

English Summary:

Article about M T Vasudevan Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com