ADVERTISEMENT

വിടുതൽ നൽകാത്ത പ്രഹരമാണ് ജിബ്രാൻ. കവിതയുടെ വഴികളിൽ നടന്നു തുടങ്ങിയ ഒരാൾ പെട്ടെന്ന്, ഒരു പ്രത്യേക നിമിഷം ജിബ്രാനിൽ എത്തിപ്പെടുന്നു. പിന്നെ അവിടുന്ന് ഒരു മോചനമില്ല.

ആത്മാവിൽ ആഴത്തിൽ ഉറഞ്ഞുപോയ ആ മനുഷ്യനെ പിന്നീട് നാം പലയിടത്തും കാണും. കവിതകളായി ചിതറിക്കിടക്കുന്ന ആ നിമിഷങ്ങളെ കൂട്ടിച്ചേർത്ത് വായിക്കുമ്പോൾ ജിബ്രാൻ എന്ന പേരിനൊപ്പം നാം ഉരുവിട്ടു പോകും -‘പ്രവാചകൻ’.

നൂറു വർഷങ്ങൾ... ഒരു കവിത 100 വർഷങ്ങളായി വായിക്കപ്പെടുന്നു, വ്യാഖ്യാനിക്കപ്പെടുന്നു. ഒരായിരം തവണ ചൊല്ലപ്പെടുന്നു, പങ്കുവയ്ക്കപ്പെടുന്നു. 'പ്രവാചകൻ' എന്ന കൃതി ഒരു സാധാരണ കാവ്യസൃഷ്ടിയായി ഒതുങ്ങിപ്പോകാഞ്ഞത് എന്തുകൊണ്ടാണ്? ആ ചുരുങ്ങിയ വരികൾക്കുള്ളിൽ ലോകത്തിലെ പ്രധാന പല വിഷയങ്ങളെപ്പറ്റിയും വിവരിച്ച ആ കവിത്വത്തെ പ്രവാചകന്‍ എന്നല്ലാതെ മറ്റെന്തു വിളിക്കാനാണ്?

കാലാതിവർത്തിയായ കവിതയും കവിയും

കവിത്വം എന്നത് പ്രവാചകത്വമാണെന്നത് കാലങ്ങളായി തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ സാഹിത്യത്തിലേക്ക് ഊറിയിറങ്ങിയവർക്ക് പ്രവാചകനെന്നാൽ അത് ജിബ്രാനാണ്.

'നിങ്ങള്‍ സ്നേഹത്തിലായിരിക്കുമ്പോള്‍ ദൈവം എന്റെ ഹൃദയത്തിലാണെന്ന് പറയാതിരിക്കുക. മറിച്ച്, ഞാന്‍ ദൈവഹൃദയത്തിലാണെന്ന് പറയുക.'

കഴിഞ്ഞ 100 വർഷമായി 'പ്രവാചകനി'ലൂടെ കടന്നുപോയ മനുഷ്യാത്മാക്കളുടെ അവസ്ഥയും ഇതുതന്നെയാണ്. ഓരോ വരിയും വായിക്കുമ്പോൾ യഥാർഥത്തിൽ തങ്ങൾ നിൽക്കുന്നത് ജിബ്രാന്റെ ഹൃദയത്തിലാണെന്ന് ആനന്ദത്തോടെ അവർ തിരിച്ചറിയുന്നു. ഒന്നുമേ പറയാൻ ബാക്കിയില്ലാത്ത വിധത്തിൽ എല്ലാം പറഞ്ഞു പോയ ആ മനുഷ്യനെ വീണ്ടും വീണ്ടും അവർ സ്നേഹിച്ചു പോകുന്നു. ആ നിറവിൽ അവർ അറിയുന്നു, ജിബ്രാൻ എന്നാൽ ആനന്ദമാണ്. ഓരോ തവണ വായിക്കുമ്പോഴും പറഞ്ഞറിയിക്കാനാവാത്ത ആനന്ദം. ജിബ്രാൻ ഖലീൽ ജിബ്രാൻ എന്ന പേരിൽ പോലും കവിതയുള്ള ഒരാൾ.

Khalil-gibran-prophet

1923-ൽ പ്രസിദ്ധീകരിച്ച, 'പ്രവാചകൻ' സ്നേഹം, സന്തോഷം, ദുഃഖം, സ്വാതന്ത്ര്യം, സ്വയം കണ്ടെത്തൽ തുടങ്ങിയ മനുഷ്യന്റെ നിലനിൽപ്പിന്റെ അവശ്യ വശങ്ങൾ പര്യവേക്ഷണം ചെയ്യുന്ന കാവ്യാത്മക ലേഖനങ്ങളുടെ ഒരു സമാഹാരമാണ്. ഓർഫലീസ് എന്ന സാങ്കൽപിക നഗരത്തിലെ ജനങ്ങളുമായുള്ള സംഭാഷണങ്ങളിലൂടെ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള തന്റെ ഉൾക്കാഴ്ചകൾ പങ്കിടുന്ന പ്രവാചകൻ അൽമുസ്തഫ നടത്തിയ ഒരു ദാർശനിക പ്രഭാഷണമാണ് ഓരോ അധ്യായവും അവതരിപ്പിക്കുന്നത്. ജിബ്രാന്റെ കാവ്യാത്മകമായ ഗദ്യവും അഗാധമായ പ്രതിഫലനങ്ങളും ആ ലെബനൻ കവിയെ കാലത്തിനപ്പുറം സഞ്ചാരിക്കുവാൻ സഹായിച്ചു.

ദേശകാലങ്ങളെ മറികടന്ന ഉന്മാദം

ജിബ്രാൻ എഴുതുമ്പോൾ എല്ലാത്തിനും ആഴവും ആത്മാവും കൂടുതലാണ്. സങ്കീർണ്ണമായ ആശയങ്ങളെ ലളിത രൂപകങ്ങളായി വാറ്റിയെടുന്ന ജിബ്രാന്റെ കഴിവ് നൂറ്റാണ്ടിനിപ്പുറവും രുചി നിറഞ്ഞ പാനീയമായി തുടരുന്നു. വിവിധ വിഷയങ്ങളെക്കുറിച്ച് ലോകത്തോട് വിളിച്ചോതുന്ന പ്രവാചകനായി കൃതിയിൽ വിരാജിക്കുന്ന ജിബ്രാനെ കണ്ട്, വായിച്ച്, മനപ്പാഠം പഠിച്ച് ആത്മരതിയിൽ എത്തിച്ചേർന്നവർ എത്രയെത്ര..!

'സ്നേഹത്തെക്കുറിച്ചുള്ള നിങ്ങളുടെ സ്വന്തം ധാരണയാല്‍ ആഴത്തില്‍ മുറിവേല്ക്കുക. പൂര്‍ണ്ണമനസ്സോടെയും ഹര്‍ഷോന്മോദത്തോടെയും രക്തമൊഴുക്കുക.'

ജിബ്രാന്റെ 40 വയസ്സിലാണ് 'പ്രവാചകൻ' പ്രസിദ്ധീകരിക്കപ്പെടുന്നത്. ഗദ്യമായി വേഷം മാറി വന്ന കവിത, 26 ലേഖനങ്ങളുടെ രൂപത്തിലാണ് ആ കൃതിയിലുള്ളത്. കുടുംബം, കുട്ടികൾ, ബന്ധങ്ങൾ എന്നിങ്ങനെ സാധാരണമെന്ന് തോന്നാവുന്ന വിഷയങ്ങൾ കൈകാര്യം ചെയ്തപ്പോഴും ഉള്ളു മുറിക്കുന്ന എന്തോ ഒന്ന് ജിബ്രാൻ അതിൽ പറഞ്ഞു പോയിട്ടുണ്ട്. ആ മുറിവിലേക്ക് ജ്ഞാനം അമർത്തി വച്ച് 'വേണ്ടവർ കണ്ടെടുക്കട്ടെ' എന്ന ഭാവേന കാലത്തിനു നേരെ എറിഞ്ഞു കൊടുത്തു ആ പ്രതിഭ. അന്നുമുതൽ അനേകമനേകം ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ട് ലോകമെമ്പാടും കീഴടക്കിയ കൃതിയായി മാറി ആ കാവ്യാത്മകലേഖനങ്ങൾ. 

Book-gibran

ജിബ്രാൻ എണ്ണമറ്റ എഴുത്തുകാർക്കും കവികൾക്കും തത്ത്വചിന്തകർക്കും പ്രചോദനം നൽകിയിട്ടുണ്ട്. അവർ സമാന വിഷയങ്ങൾ എഴുതുവാനും മനുഷ്യാനുഭവത്തിന്റെ ആഴങ്ങളിലേക്ക് ആഴ്ന്നിറങ്ങാനും ശ്രമിച്ചു. റെയ്‌നർ മരിയ റിൽക്കെ, പൗലോ കൊയ്‌ലോ തുടങ്ങിയ പ്രശസ്ത എഴുത്തുകാരുടെ കൃതികളെ ജിബ്രാൻ കാര്യമായിത്തന്നെ സ്വാധീനിച്ചിട്ടുണ്ട്. മറ്റു പല കൃതികൾ എഴുതിയിട്ടുണ്ടെങ്കിലും ഭാഷയ്ക്കപ്പുറം സഞ്ചരിച്ച സ്നേഹമൊഴികൾ ജിബ്രാനെ സാഹിത്യപ്രവാചകനാക്കി മാറ്റി. ഒരു നൂറ്റാണ്ടിന് ഇപ്പുറവും ജിബ്രാൻ വായിക്കപ്പെടുന്നത് ഒരു യാദൃച്ഛികതയല്ല. അതൊരു നിയോഗമാണ്.

പാരിസിൽ വിദ്യാഭ്യാസം നേടി അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഒരു മനുഷ്യനാണ് ഇതെല്ലാം എഴുതിയതെന്ന് ചില സമയത്തെങ്കിലും വിശ്വസിക്കാൻ പ്രയാസമാണ്. തിരക്കുനിറഞ്ഞ വീഥികളോ ആഴത്തിലുള്ള പ്രണയബന്ധങ്ങളോ ജീവിത സാഹചര്യങ്ങളോ ഒന്നുമല്ല ജിബ്രാൻ എഴുതിവച്ചത്. ഒരു സൂഫി സന്യാസിയെപ്പോലെ അദ്ദേഹം ജീവിതം തുറന്നു കാട്ടി. സ്നേഹത്തെയും മരണത്തെയും അക്ഷരങ്ങളിൽ കെട്ടിയിട്ടു.

ഒരു മനോഹര സ്വപ്നം വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന മനസ്സു പോലെ, സാഹിത്യം രുചിച്ച, കവിതയുടെ പ്രണയ ശരമേറ്റ മനുഷ്യൻ ജിബ്രാനിലേക്ക് ഓടിയടുക്കുന്നു. ഹൃദയരഹസ്യങ്ങള്‍ തുറന്നെഴുതുവാൻ അദ്ദേഹം എവിടെയെങ്കിലും ജീവിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.

'നഗ്നപാദങ്ങളുടെ സ്പർശനം ഭൂമിയെ ആഹ്ലാദിപ്പിക്കുന്നുണ്ടെന്നും മുടിയിഴകളിൽ നൃത്തം ചെയ്യുന്ന കാറ്റ് വെമ്പുന്നുണ്ടെന്നും നിങ്ങൾ മറക്കാതിരിക്കുക.'

പ്രിയപ്പെട്ട ജിബ്രാൻ,

നിങ്ങളെ മറക്കാനാവുകയില്ല. ഇലത്തുമ്പിലെ മഴമണത്തിൽ പോലും സ്നേഹസാന്നിധ്യം തേടിയവനാണ് നിങ്ങൾ. ഉറവ വറ്റാത്ത കവിതയായി നിങ്ങൾ ഞങ്ങളിൽ ബാക്കിയായിക്കൊണ്ടേയിരിക്കും. ഞങ്ങളുടെ മരണം തിന്നുന്ന പുഴുക്കളും അവയ്ക്കു മേൽ വളരുന്ന പുല്ലുകളും പ്രവാചകനോട് കടപ്പെട്ടിരിക്കും.

English Summary:

Celebrating a Century of Gibran Khalil Gibran's 'The Prophet': The Timeless Voice of Poetry and Wisdom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com