ADVERTISEMENT

ആലിസ് ഹോഫ്മാൻ എന്ന പെൺകുട്ടിയുടെ ജീവിതത്തിൽ വഴിത്തിരിവായത് ഒരു പുസ്തകമാണ്. 12–ാം വയസ്സിൽ വായിച്ച ഡയറിക്കുറിപ്പുകൾ. 

അന്നു മുതൽ ലോകത്തോടുള്ള എന്റെ കാഴ്ചപ്പാടും സമീപനവും മാറി. അന്നു വരെ ഞാൻ ആരായിരുന്നോ അതല്ലാതായി. പകരം പുതിയൊരു വ്യക്തിയായി. ഒട്ടേറെ പുസ്തകങ്ങൾ പിന്നീടും വായിച്ചിട്ടുണ്ട്. എന്നാൽ മറ്റൊന്നും ജീവിതത്തിൽ ഇത്രമാത്രം എന്നെ സ്വാധീനിച്ചിട്ടില്ല. 

ജീവിതത്തെയും കരിയറിനെയും മാറ്റിമറിച്ച ആ പുസ്തകത്തോടുള്ള കടപ്പാടാണ് ഹോഫ്മാന്റെ പുതിയ പുസ്തകം: വെൻ വി ഫ്ല്യൂ എവേ. 

ഹോഫ്മാൻ വായിച്ച പുസ്തകം നോവലോ കഥയോ ആയിരുന്നില്ല. കവിതയോ കുറ്റാന്വേഷണമോ ആയിരുന്നില്ല. ദ് ഡയറി ഓഫ് എ യങ് ഗേൾ. ആൻ ഫ്രാങ്കിന്റെ ലോക പ്രശസ്തമായ ഡയറിക്കുറിപ്പുകൾ. അന്നു മുതൽ ഒരു ചിന്ത വിടാതെ പിന്തുടരുകയും ചെയ്തു. നാസി ആക്രമണത്തിനു മുമ്പ് ആനിന്റെ ജീവിതം എങ്ങനെയായിരുന്നു. ഡയറി എഴുതാൻ എന്തുകൊണ്ടാണ് ആ പെൺകുട്ടി തീരുമാനിച്ചത്. ആ കുറിപ്പുകൾ എങ്ങനെയാണ് ലോകത്തിന് ഒരിക്കലും മറക്കാൻ കഴിയാത്ത രേഖകളായി മാറിയത്. വർഷങ്ങളോളം മഥിച്ച ഈ ചിന്തകളിൽ നിന്നാണ് ഹോഫ്മാന്റെ പുതിയ പുസ്തകം പിറവിയെടുക്കുന്നത്. 

1940 മേയിൽ നാസികൾ നെതർലൻഡ്സ് ആക്രമിക്കുന്നതുമുതൽ ആംസ്റ്റർഡാമിലുള്ള പിതാവിന്റെ ഓഫിസ് മുറിയിലെ നിലവറയിൽ ആ കുടുംബം ഒളിക്കാൻ തീരുമാനിക്കുന്ന 1942 ജൂലൈ വരെയുള്ള കാലത്തെ ജീവിതം. 

alice-hoffman
ആലിസ് ഹോഫ്മാൻ, Photo credit: Alyssa Peek

11 വയസ്സേയുള്ളൂ അന്ന് ആനിന്. നാസി ആക്രമണം തുടങ്ങിയതോടെ ആനിന്റെ പിതാവ് ഓട്ടോ ആശങ്കയിലായിരുന്നു. രക്ഷപ്പെടുന്നതിനെക്കുറിച്ച് അദ്ദേഹം യുഎസിലുള്ള സുഹൃത്തിന് കത്തെഴുതുന്നുണ്ട്. അമേരിക്കയിലേക്ക് കുടിയേറുന്നതിനെക്കുറിച്ച്. കത്തിടപാടുകൾ നടന്നെങ്കിലും ആ യാത്ര യാഥാർഥ്യമായില്ല. ഒടുവിൽ കുടുംബത്തെക്കൂട്ടി ഒളിച്ചിരിക്കാൻ അവർ നിർബന്ധിതരായി. 

സാങ്കൽപിക സംഭവങ്ങളെ ആധാരമാക്കിയല്ല ഹോഫ്മാൻ എഴുതുന്നത്. യഥാർഥ സംഭവങ്ങൾ തന്നെയാണ് നോവലിന്റെ ആധാരം. ആൻ ഫ്രാങ്ക് ഹൗസുമായി സഹകരിച്ചാണ് എഴുതുന്നതും.  പ്രാക്ടിക്കൽ മാജിക്, ഡവ് കീപ്പീഴ്സ് ഉൾപ്പെടെ 30 പുസ്തകങ്ങൾ എഴുതിയിട്ടുണ്ട് ഹോഫ്മാൻ. എന്നാൽ, തന്നെ സ്വാധീനിച്ച പുസ്തകത്തെക്കുറിച്ച് എഴുതാതിരിക്കാൻ കഴിയില്ലായിരുന്നു. ഒരുപക്ഷേ ഇതുവരെ എഴുതിയതെല്ലാം ഈ പുസ്തകം എഴുതാൻവേണ്ടിയുള്ള മുന്നൊരുക്കം മാത്രമായിരിക്കാം. 

വിലപിടിച്ച നിമിഷങ്ങളെക്കുറിച്ചാണ് ആൻ ഫ്രാങ്ക് ഡയറിയിൽ എഴുതിയത്. ഒന്നൊന്നായി കുറഞ്ഞുകൊണ്ടിരുന്ന ദിവസങ്ങളെക്കുറിച്ച്. ഹിറ്റ്‌ലറിന്റെ സേന എത്തുന്നതോടെ അവസാനിക്കുന്ന ജീവിതത്തെക്കുറിച്ച്. മരണത്തെ മുന്നിൽ കണ്ടുള്ള അവസാനത്തെ കുറിപ്പുകൾ. ഒരു കുട്ടിയുടെ ഭാഷയാണ് ആ ഡയറിക്കുറിപ്പുകൾക്ക്. സ്വാഭാവികമായും കുട്ടികൾക്കുവേണ്ടിത്തന്നെയാണ് എഴുതിയതും. എന്നാൽ, ബാലസാഹിത്യം എന്ന വിഭാഗത്തിലല്ല ആ ഡയറിക്കുറിപ്പുകളുടെ സ്ഥാനം. ലോകമെങ്ങും ഏതു പ്രായത്തിലുള്ളവർക്കും പ്രിയപ്പെട്ട പുസ്തകം. ഹോഫ്മാൻ എഴുതുന്നതും 8 മുതൽ 12 വയസ്സുവരെ പ്രായമുള്ളവർക്കുവേണ്ടിയാണ്. എന്നാൽ വായിക്കാൻ കാത്തിരിക്കുന്നത് കുട്ടികൾ മാത്രമല്ല, ലോകം മുഴുവനുമാണ്. ഇല്ലാതാകുന്ന സ്വാതന്ത്ര്യത്തെക്കുറിച്ചും അവകാശങ്ങളെക്കുറിച്ച്.  തകരുന്ന സ്വപ്നങ്ങളെയും പ്രതീക്ഷകളെയും കുറിച്ച്. ഇനിയുമുദിക്കാത്ത സൂര്യനെയും ചന്ദ്രനെയും കുറിച്ച്. പ്രകാശത്തെയും നിലാവിനെയും കുറിച്ച്...ഹൃദയം കൊണ്ടാണ് ആൻ എഴുതിയത്. ഹൃദയമുള്ളവർ മാത്രം വായിക്കാൻ. ഹൃദയമില്ലാത്തവർ കീഴടക്കുന്നതുവരെയുള്ള നിമിഷങ്ങളെക്കുറിച്ച്. 

നാസി ആക്രമണം തുടങ്ങിയതോടെ ഒളിച്ചിരിക്കാൻ തീരുമാനിക്കുന്നതിന് ഒരു മാസം മുമ്പു മാത്രമാണ് ആനിന് ആ ഡയറി ലഭിച്ചത്. ജൻമദിനത്തിൽ. ലോകചരിത്രത്തിലെ ഏറ്റവും വിലപിടിച്ച ജൻമദിന സമ്മാനമായി അതു മാറി. അടുത്ത രണ്ടു വർഷം ആ ഡയറിയിലേക്ക് മനസ്സ് പകർത്തിവച്ചു ആ പെൺകുട്ടി. 1944 ഓഗസ്റ്റ് 4 ന് രഹസ്യപ്പൊലീസ്  കണ്ടെത്തുന്നതുവരെ. കോൺസെൻട്രേഷൻ ക്യാംപിലേക്കു മാറ്റപ്പെട്ട ആൻ തൊട്ടടുത്ത വർഷം ഓർമയായി. ഡയറി നിലവറയിൽ നിന്ന് കണ്ടെടുത്തത് ആനിന്റെ പിതാവ് ഓട്ടോയ്ക്കൊപ്പം ജോലി ചെയ്ത തൊഴിലാളിയാണ്. യുദ്ധത്തിനു ശേഷം അദ്ദേഹം ഡയറി ഓട്ടോയ്ക്ക് കൈമാറി. രണ്ടു വർഷത്തിനു ശേഷം ഡച്ച് ഭാഷയിൽ പ്രസിദ്ധീകരിച്ചു. പിന്നീടിങ്ങോട്ടുണ്ടായത് ആ ഡയറി സ്വന്തം ഭാഷയിൽ വായിച്ച നമ്മൾ കൂടി ഉൾപ്പെട്ട സമീപ കാല ചരിത്രം. വരുന്ന സെപ്റ്റംബർ 17 ന് ആലിസ് ഹോഫ്മാന്റെ നോവൽ വെളിച്ചം കാണും. ഡയറിയിൽ ആൻ എഴുതാതെപോയ വാക്കുകളുമായി. ആൻ അവശേഷിപ്പിച്ച മൗനത്തിന് ചിറക് നൽകി. വിരിയാതെ വീണുപോയ പൂവിന്റെ നിറവും മണവുമായി. പാടാൻ കൊതിച്ച കിളിയുടെ പാതിയിൽ മുറിഞ്ഞുപോയ പാട്ടുമായി. കാതോർക്കാൻ, ഏറ്റുവാങ്ങാൻ... 

English Summary:

Alice Hoffman's book When We flew Away about Anne Frank's Life before writing diary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com