ADVERTISEMENT

രാഷ്ട്രീയത്തിലേക്കുള്ള ചുവടുമാറ്റം അടുത്തിടെയാണ് നടൻ വിജയ്‌ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി നിലവിൽ ഉറപ്പു നൽകിയ സിനിമകൾക്കു ശേഷം പൂർണമായും രാഷ്ട്രീയത്തിന് ശ്രദ്ധ നൽകുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. അതുകൊണ്ടു തന്നെ വിജയ്‌യുടെ വരാനിരിക്കുന്ന ചിത്രങ്ങളെക്കുറിച്ചുള്ള ചർച്ചകൾ തകൃതിയായി നടക്കുന്നു. വിജയ്‌യുടെ അവസാന ചിത്രം ‘ദളപതി 69’ വെട്രിമാരനാകും സംവിധാനം ചെയ്യുകയെന്നാണ് പുതിയതായി പുറത്തു വരുന്ന വിവരം. 

ചിത്രത്തിന്റെ കഥ വെട്രിമാരൻ നേരത്തെ തന്നെ വിജയ്‌യോട് പറഞ്ഞിരുവെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ അത് കോട്ട നീലിമയുടെ 'ഷൂസ് ഓഫ് ദ് ഡെഡ്' എന്ന രാഷ്ട്രീയ നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണെന്നാണ് ഏറ്റവും പുതിയ അഭ്യൂഹം. കർഷക ആത്മഹത്യകളും അതിനെ ചുറ്റിപ്പറ്റിയുള്ള ശക്തമായ രാഷ്ട്രീയവുമാണ് നോവലിന്റെ വിഷയം. വിജയ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നതിനാൽ അവസാനമായി റിലീസ് ചെയ്യുന്ന ചിത്രം ഇതാണെങ്കിൽ നന്നായിരിക്കും എന്നാണ് ആരാധകരുടെയും പക്ഷം. 

vijay-tamil-insta
നടൻ വിജയ്‌, Photo Credit: Instagram@actorvijay

മുൻ രാഷ്ട്രീയ പത്രപ്രവർത്തകയും എഴുത്തുകാരിയുമായ കോട്ട നീലിമ, ഇന്ത്യയിലെ കർഷക ആത്മഹത്യകളെ ചുറ്റിപ്പറ്റി എഴുതിയ മൂന്നു പുസ്തകങ്ങളിൽ ഒന്നാണ് 'ഷൂസ് ഓഫ് ദ് ഡെഡ്'. മിത്യാല എന്ന ഗ്രാമത്തിലെ കർഷകനാണ് സുധാകർ ഭദ്ര. തുടർച്ചയായ കൃഷിനാശവും കടഭാരവും മൂലം തകർന്ന സുധാകർ ആത്മഹത്യ ചെയ്യുന്നു. മിത്യാലയിലെ ജില്ലാ കമ്മിറ്റി ഈ ആത്മഹത്യയെ നിസാരമായിട്ടാണ് കാണുന്നത്. അവർ ആ വിഷയം തള്ളിക്കളയുകയും സുധാകറിന്റെ വിധവയ്ക്ക് നഷ്ടപരിഹാരം നിഷേധിക്കുകയും ചെയ്യുന്നു.

shoes-of-the-dead

കടം താങ്ങാനാവാതെ ആത്മഹത്യ ചെയ്ത കർഷകനായ സുധാകറിന്റെ സഹോദരനാണ് ഗംഗിരി ഭദ്ര. വിദ്യാസമ്പന്നനായ അയാൾ, കർഷകരുടെ ആവശ്യങ്ങൾക്കായി പോരാടാന്‍ തീരുമാനിക്കുന്നു. പത്രപ്രവർത്തകനായ നാസർ അയാൾക്ക് പിന്തുണ നൽകുന്നു. സമാനമായ കർഷക ആത്മഹത്യകള്‍ നിരവധിയുണ്ടായിട്ടും അതിനെ അഭിസംബോധന ചെയ്യാൻ മടിക്കുന്ന സമൂഹത്തിനും രാഷ്ട്രീയക്കാർക്കുമെതിരെയുള്ള ഗംഗിരിയുടെ പോരാട്ടമാണ് കഥ. 

മിത്യാലയിൽ നിന്നുള്ള പാർലമെന്റ് അംഗവും പാർട്ടിയുടെ ജനറൽ സെക്രട്ടറിയുമായ വൈഷ്ണവ് കാശിനാഥിന്റെ മകനാണ് കേയൂർ കാശിനാഥ്. ഡൽഹി രാഷ്ട്രീയത്തിൽ പിതാവിന്റെ അധികാരത്തിന്റെ അവകാശിയാണ് അയാൾ. ഇലക്ഷൻ ജയിച്ച കേയൂർ തന്റെ ആദ്യ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ് ഗംഗിരിയിലൂടെ. മണ്ഡലത്തിലെ ഓരോ ആത്മഹത്യയും പാർട്ടിയുടെ പ്രതിച്ഛായയ്ക്കും കേയൂറിന്റെ കഴിവിനും കളങ്കമാണ്. ഒരു കർഷകനും രാഷ്ട്രീയക്കാരനും തമ്മിലുള്ള യുദ്ധമാണ് അവിടെ ആരംഭിക്കുന്നത്. 

kota-neelima-roli-books
ഡോ. കോട്ട നീലിമ, Photo Credit: Roli Books

പൈതൃകമായി നൽകപ്പെടുന്ന അധികാര സ്ഥാനങ്ങൾ അപകടമാണെന്ന സത്യം തുറന്നുകാട്ടുന്ന നോവൽ, കർഷകരുടെ ദുരവസ്ഥയും രാഷ്ട്രീയവും ഭരണപരവുമായ പരാജയങ്ങളും ചർച്ച ചെയ്യുന്നു. അധാർമ്മിക അധികാരത്തിന്റെ അടിത്തറ ഇളക്കിമറിക്കുവാൻ സാധാരണക്കാരന്റെ പോരാട്ടവും നിശ്ചയദാർഢ്യം മാത്രം മതി എന്ന് തെളിക്കുന്നതാണ് കൃതി. 

ഡോ. കോട്ട നീലിമ എഴുത്തുകാരിയും സാമൂഹിക ശാസ്ത്രജ്ഞയും രാഷ്ട്രീയ പ്രവർത്തകയും തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയുമാണ്. ഡൽഹി സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ പിഎച്ച്ഡിയും ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ നിന്ന് ഇന്റർനാഷനൽ റിലേഷൻസിൽ ബിരുദാനന്തര ബിരുദവും നേടിട്ടുണ്ട്. വാഷിംഗ്ടൺ ഡിസിയിലെ പോൾ എച്ച് നിറ്റ്സെ സ്കൂൾ ഓഫ് അഡ്വാൻസ്ഡ് ഇന്റർനാഷനൽ സ്റ്റഡീസിൽ സീനിയർ റിസർച്ച് ഫെലോ ആയിരുന്നു നീലിമ.

kota-neelima-Manoj-Mahajan
ഡോ. കോട്ട നീലിമ, Photo Credit: Manoj Mahajan

ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾക്ക് ഊന്നൽ നൽകുന്ന ഇന്ത്യൻ ഇലക്ടറൽ ഡെമോക്രസി ആൻഡ് റിഫോംസ്: എ സ്റ്റഡി ഓഫ് പ്രോസസ് ആൻഡ് പെർസെപ്ഷൻ എന്ന വിഷയത്തിൽ ആയിരുന്നു നീലിമയുടെ ഡോക്ടറേറ്റ്. ഗ്രാമീണ, നഗര ദുരിതങ്ങൾ പരിഹരിക്കുന്നതിനുള്ള ഘടനാപരമായ ഇടപെടലുകൾ നിർദ്ദേശിക്കുന്ന നീലിമയുടെ പുസ്തകങ്ങൾ എന്നും ചർച്ചയായിട്ടുണ്ട്. 

വിസാരണൈ സിനിമയുടെ റിലീസ് സമയത്ത് വെട്രി മാരൻ 'ഷൂസ് ഓഫ് ദ ഡെഡ്' സിനിമയാക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് സിനിമയുടെ അവകാശം വാങ്ങി. 2016 ൽ, വെട്രിമാരൻ തന്റെ പുസ്തകം സിനിമയാക്കാൻ തിരഞ്ഞെടുത്തതിൽ സന്തോഷം പ്രകടിപ്പിച്ച് നീലിമ ട്വീറ്റ് ചെയ്തിരുന്നു. "വെട്രിമാരൻ ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ചതും സെൻസിറ്റീവായതുമായ സംവിധായകരിൽ ഒരാളാണ്." ഈ പ്രശ്നത്തിന്റെ ഇപ്പോഴുള്ള വീക്ഷണകോണിൽ നിന്ന് ഒരുപടി മുന്നിലേക്ക് സിനിമയിൽ അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന് വിശ്വസിക്കുന്നതായി നീലിമ പറഞ്ഞിരുന്നു. ആരാധകരും നിരീക്ഷകരും പറയുന്നത് ശരിയാണെങ്കിൽ രാഷ്ട്രീയത്തിലേക്ക് ചുവടുറപ്പിക്കാൻ തയാറെടുക്കുന്ന വിജയ്ക്ക് അതിനു കരുത്തു പകരുന്ന സിനിമകൂടിയാകും ‘ദളപതി 69’.

English Summary:

Vijay Teams Up With Vetrimaran for Politically Charged 'Dalapati 69' that may be based on Kota Neelima's novel about Farmer Suicides

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com