ADVERTISEMENT

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ വായിക്കുവാൻ ആവശ്യപ്പെട്ടത് 3 പുസ്തകങ്ങള്‍. മദ്യ നയവുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡി അവസാനിച്ചതിന് പിന്നാലെയാണ് കേജ്‌രിവാൾ "തികച്ചും നിസ്സഹകരിക്കുന്നു" എന്ന് ചൂണ്ടിക്കാട്ടി 15 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡി ഇഡി ആവശ്യപ്പെട്ടത്. തിഹാർ ജയിലിലേക്ക് റിമാൻഡിൽ വിട്ടപ്പോൾ, വസ്ത്രങ്ങൾക്കൊപ്പം പുസ്തകങ്ങളും വേണമെന്ന് കേജ്‌രിവാൾ അഭ്യർഥിച്ചിരുന്നു.

ഭഗവദ്ഗീത, രാമായണം, നീരജ ചൗധരിയുടെ 'ഹൗ പ്രൈം മിനിസ്റ്റർ ഡിസൈഡ്സ്' എന്നീ പുസ്തകങ്ങളാണ് അരവിന്ദ് കേജ്‌രിവാൾ ആവശ്യപ്പെട്ടത്. 'അണ്ടർട്രയൽ തടവുകാരൻ നമ്പർ 670' ആയി കഴിയവേ പുസ്തകങ്ങളും കണ്ണടയും നോട്ട്പാഡും പേനയും നൽകണമെന്ന് കേജ്‌രിവാൾ അപേക്ഷ നൽകുകയും അതു പരിഗണിക്കാൻ റോസ് അവന്യൂ കോടതി ജയിൽ സൂപ്രണ്ടിനോട് നിർദേശിക്കുകയും ചെയ്തു. 

bhagavatgeeta

ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, വി.പി.സിങ്, പി.വി.നരസിംഹ റാവു, എ.ബി.വാജ്‌പേയി, മൻമോഹൻ സിങ് എന്നീ ആറ് ഇന്ത്യൻ പ്രധാനമന്ത്രിമാരുടെ സുപ്രധാന തീരുമാനങ്ങൾ വിശകലനം ചെയ്യുന്നതാണ് നീരജ ചൗധരിയുടെ പുസ്തകം. പ്രധാനമന്ത്രിമാർ, രാഷ്ട്രീയ രംഗത്തെ പ്രധാന വ്യക്തികൾ, ഉദ്യോഗസ്ഥർ, സഹായികൾ, നയരൂപകർത്താക്കൾ എന്നിവരുമായുള്ള അഭിമുഖങ്ങളിലൂടെ, പ്രധാനമന്ത്രിമാരുടെ തീരുമാനങ്ങള്‍ എങ്ങനെയാണ് എടുക്കപ്പെടുന്നത് എന്നതിന്റെ പൂർണരൂപമാണ് പുസ്തകം നൽകുന്നത്. ആ തീരുമാനങ്ങളുടെ ദൂരവ്യാപക ഫലങ്ങളും വിവരിക്കുന്ന കൃതി, ഇന്ത്യൻ പത്രപ്രവർത്തകയും കോളമിസ്റ്റും രാഷ്ട്രീയ നിരൂപകയുമായ നീരജ ചൗധരിയുടെ പ്രധാന സാഹിത്യ സംഭാവനകളിലൊന്നാണ്. 

ramayana

ദശലക്ഷക്കണക്കിന് ജീവിതങ്ങളെ സ്വാധീനിച്ച, ഇന്ത്യയുടെ ചരിത്രത്തിന്റെ ഗതി മാറ്റിമറിച്ച തീരുമാനങ്ങളെ കേവലം വാർത്താ തലക്കെട്ടുകൾക്കപ്പുറം സഞ്ചരിച്ച് വിലയിരുത്തുവെന്നാതാണ് പുസ്തകത്തിന്റെ പ്രത്യേകത. പത്തു വർഷത്തോളം ഇന്ത്യൻ എക്‌സ്പ്രസിന്റെ പൊളിറ്റിക്കൽ എഡിറ്ററായിരുന്ന നീരജ, നിലവിൽ ഇന്ത്യൻ എക്‌സ്പ്രസിന്റെ കോൺട്രിബ്യൂട്ടിങ് എഡിറ്ററാണ്. 'ഹൗ പ്രൈം മിനിസ്റ്റർ ഡിസൈഡ്സ്' 2023 ൽ രൂപ പബ്ലിക്കേഷൻസാണ് പ്രസിദ്ധീകരിച്ചത്. 

neeraja-book
നീരജ ചൗധരി, Image Credit: X/neerjachowdhury

പുസ്തകങ്ങളും മരുന്നുകളും മതപരമായ ലോക്കറ്റും ഉൾപ്പെടെ നിരവധി സ്വകാര്യ വസ്തുക്കൾക്കൊപ്പം ജയിലിനുള്ളിൽ കേജ്‌രിവാളിന് വീട്ടിൽ പാകം ചെയ്ത ഭക്ഷണം നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ജയിലിനുള്ളിൽ പുസ്തകങ്ങൾ വായിക്കാനും ടിവി കാണാനും അദ്ദേഹത്തിന് അനുവാദമുണ്ടെങ്കിലും 24 മണിക്കൂറും സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലായിരിക്കും.

English Summary:

Delhi CM Arvind Kejriwal's Custody Reading List: From Spiritual to Political Wisdom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com