ADVERTISEMENT

ജീവിതം ഭാവനകൾക്ക് അതീതമാണ്. എല്ലാ ഭാവനകൾക്കും അപ്പുറമാണ് യഥാർഥ ജീവിതം. "അമ്മാളു" എന്ന കുഞ്ചന്റെ ഒറ്റ വിളിയിൽ ജീവിതത്തിന്റെ സർവ വേദനകളും അമ്മാളുവിൽ നിന്ന് ഓടിയൊളിക്കുമായിരുന്നു. വെറും രണ്ട് വയസ്സിന്റെ മാത്രം വ്യത്യാസമുള്ള കുഞ്ഞച്ചനും ചെറുമകളും. അന്നത്തെ കാലത്ത് പ്രസവങ്ങൾ മുറക്ക് നടന്നുകൊണ്ടിരുന്നു, അതിനിടയിൽ പല തലമുറകളും പ്രായവ്യത്യാസമില്ലാതെ വളർന്നുകൊണ്ടിരുന്നു. എൺപത്തിഒമ്പതിലും എൺപത്തിയേഴിലും എത്തിനിൽക്കുന്ന പിതൃതുല്യമായ അഗാധ സ്നേഹം തന്നെ എപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

ഒരു വർഷം മുമ്പ് വരെക്കൂടി തന്റെ പച്ച നിറത്തിലുള്ള മാരുതി 800 തനിയെ ഓടിച്ചുവന്നു വീട്ടു മുറ്റത്തു നിർത്തി, കാറിന്റെ വാതിൽ തുറന്നു ഒരു വിളിയാണ്, "അമ്മാളു, ഒരു ചായ, മധുരം വേണ്ട". നടക്കാൻ വയ്യാതെ കിടക്കുന്ന അമ്മാളു സർവശക്തിയുമെടുത്ത് ചാടി എഴുന്നേൽക്കും. കട്ടിലിന്റെ തലയ്ക്കൽ ചാരി വെച്ചിരിക്കുന്ന വടികുത്തിപ്പിടിച്ചു വരാന്തയിലേക്ക് പതുക്കെ നടക്കുമ്പോൾ അമ്മാളു അടുക്കളയിലേക്ക് നോക്കിപ്പറയും "മോളെ പഞ്ചാരയിടാതെ കുഞ്ചനൊരു ചായ". വരാന്തയിലേക്ക് നടന്നെത്താൻ അമ്മാളുവിന്‌ കുറെ സമയം വേണം. അപ്പോഴേക്കും കുഞ്ചൻ ചാരുകസേരയിൽ ഇരിപ്പുണ്ടാകും. കൈയ്യിൽ ഒരു കവറും കാണും. ഓറഞ്ചും, പിന്നെ ഒരു പാക്കറ്റ് ബണ്ണും.

"കുഞ്ചന് എന്നേക്കാൾ നന്നായി നടക്കാം അല്ലെ? വണ്ടിയോടിച്ചു വരാൻ കാഴ്ച്ചക്കുറവൊന്നുമില്ലല്ലോ അല്ലെ?" "കാഴ്ചയില്ലാതെയായാൽ, ആരോഗ്യമുണ്ടെങ്കിൽ, അമ്മാളുവിനെക്കാണാൻ കുഞ്ചൻ വന്നിരിക്കും." ചെറുപ്പത്തിലേ എന്റെ കരച്ചിൽ നിർത്താൻ വാങ്ങികൊണ്ടുവരുന്ന ബൺ കുഞ്ചൻ ഇന്നും വാങ്ങിവരുന്നു. "ഞാൻ കുട്ടിയല്ല, വയസ്സായി കുഞ്ചാ." "എത്ര വയസ്സായാലും നീയെനിക്ക് എന്റെ മോളാണ്. നിന്നെ കാണാൻ വരുമ്പോൾ അന്നത്തെ കരയുന്ന കുട്ടിയെത്തന്നെയാണ് എനിക്ക് ഓർമ്മ." പതുപതുത്ത ബൺ തിന്നുമ്പോൾ തന്റെ കണ്ണീർ തോർന്നുപോകുമായിരുന്നു. കുറച്ചുനാൾ മുമ്പാണ് കുഞ്ചനെ പല രോഗങ്ങൾ ആക്രമിച്ചു കീഴടക്കുന്നത്. എന്നിട്ടും മക്കളോട് പറഞ്ഞു അവർ കുഞ്ചനെ അമ്മാളുവിനെ കാണാൻ കൊണ്ടുവന്നു. രോഗം പരിപൂർണ്ണമായി കീഴടക്കിയപ്പോൾ കുഞ്ചൻ കട്ടിലിലേക്ക് ഒതുങ്ങി. എങ്കിലും ഫോൺ വിളികൾ തുടർന്നു, അമ്മാളുവിന്റെ ഫോൺ കാണുമ്പോൾ കുഞ്ചന്റെ കണ്ണുകൾ വിടരും, "മോളെ, ഭേദമായാൽ കുഞ്ചൻ അങ്ങോട്ട് വരാം". "വേണ്ട, കുഞ്ചൻ ആരോഗ്യം ശ്രദ്ധിക്കണം." രണ്ടിടത്തും കണ്ണുകൾ നിറയുന്നത് അവർക്കറിയാം.

മകൻ നാട്ടിൽ വന്നപ്പോൾ അമ്മാളുവിനോട് പറഞ്ഞു, "നമുക്ക് കുഞ്ചനെ കാണാൻ പോകാം." "എനിക്ക് നടക്കാൻ വയ്യ, കാറിൽ കയറാനും ബുദ്ധിമുട്ടാണ്." "അമ്മയെ ഞാൻ കൊണ്ടുപോകാം." അമ്മാളുവിന്‌ ആരെയും ഒന്നിനും ആശ്രയിക്കുന്നത് ഇഷ്ടമല്ല. കാറിൽ ഒന്ന് പിടിച്ചു കയറ്റുന്നത് പോലും അവർക്കിഷ്ടമല്ല. ജീവിതം തനിയെ നേരിട്ടതിന്റെ ധൈര്യം. പുറപ്പെടുന്നതിന് മുമ്പേ കുഞ്ചനെ വിളിച്ചു. ആരെയും കാണാൻ ഇഷ്ടമല്ല, എന്നാൽ അമ്മാളുവിന്റെ ശബ്ദം കേട്ടപ്പോൾ സമ്മതിച്ചു. കാറിൽ കയറ്റി ഇരുത്തുമ്പോൾ അമ്മാളു പറഞ്ഞു, "നീ നിർബന്ധിച്ചതിനാൽ മാത്രം ഞാൻ വരുന്നു". കുഞ്ചന് എന്താണ് വാങ്ങേണ്ടത്? ഓറഞ്ചും, ഒരു പാക്കറ്റ് ബണ്ണും. കുഞ്ചന്റെ വീടിന് മുന്നിൽ കാറ് നിർത്തി, അമ്മാളു പതുക്കെയിറങ്ങി. കുഞ്ചന്റെ ഭാര്യ, ഇളയമ്മ ഓടിവന്നു കൈപിടിച്ചു നടന്നു. അകത്തെ മുറിയിൽ അമ്മാളുവും മകനും ഇരുന്നു. കുറച്ചു കഴിഞ്ഞു കുഞ്ചൻ നടന്നു വന്നു. സോഫയിൽ അമ്മാളുവിന്റെ അടുത്തിരുന്നു. ഇളയമ്മ പറഞ്ഞു, ഇപ്പോൾ അധികം സംസാരമില്ല, ഓർമ്മയും കുറവാണ്.

"ഇന്ന് കുറച്ചു ഉഷാറാണല്ലോ അല്ലെ കുഞ്ചാ?" അമ്മാളു ചോദിച്ചു. കുഞ്ചൻ ചിരിച്ചു. അമ്മാളു കുറെ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരുന്നു, കുഞ്ചന്റെ മറുപടികൾ ഒന്നോരണ്ടോ വാക്കുകളിൽ ഒതുങ്ങി. ചായ വന്നു. ചായ കുടിക്കുമ്പോൾ അമ്മാളു ചോദിച്ചു, "ചായ മാത്രമേ ഉള്ളൂ? കടിയൊന്നുമില്ലേ?" അപ്പോൾ മകൻ പൊതി തുറന്നു ബൺ പുറത്തെടുത്തു. കുഞ്ചന്റെ മുഖം വീണ്ടും പ്രകാശിച്ചു, ഒരു പുഞ്ചിരി ആ ചുണ്ടുകളിൽ നിറഞ്ഞു. പലതും മറന്നുപോകുന്നു എന്ന് മറുപടികളിൽ നിന്ന് മനസ്സിലായി. യാത്ര പറഞ്ഞിറങ്ങുമ്പോൾ, കുഞ്ചൻ പുറത്തേക്ക് നടന്നു വന്നു. പടിയിറങ്ങുന്നതിന് മുമ്പ്, അമ്മാളുവിന്റെ മുഖം ചേർത്തുപിടിച്ചു നെറ്റിയിൽ ഒരുമ്മ കൊടുത്തു. എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു.

വണ്ടിയിൽ ഇരിക്കുമ്പോൾ അമ്മാളു മകനോട് പറഞ്ഞു. ഞങ്ങൾ രണ്ടുപേരും ചെറുപ്പത്തിലേ അമ്മ നഷ്‌ടമായ മക്കളാണ്. വലിയൊരു കൂട്ടുകുടുംബത്തിൽ ഒറ്റപ്പെട്ടുപോയ എന്നെ അമ്മയുടെയും അച്ഛന്റെയും സ്നേഹം തന്നു വളർത്തി. ഇന്നുവരെ എവിടെയിരുന്നാലും എന്റെ കണ്ണുനിറഞ്ഞാൽ കുഞ്ചനറിയാം. അപ്പോൾ വിളി വരും. പിറ്റേന്ന് തന്നെ കാണാൻ വരും. വയ്യാതെയായപ്പോൾ കാണണമെന്ന് തോന്നി. നിമിത്തംപോലെ നീയും വന്നു. എന്റെ ഹൃദയം നിറഞ്ഞു കവിഞ്ഞു. ജീവിതം ഭാവനകൾക്ക്‌ അതീതമാണ്.

English Summary:

Malayalam Short Story ' Nerukayil Oru Chumbanam ' Written by Kavalloor Muraleedharan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com