ADVERTISEMENT

"വാമനൻ അങ്കിൾ എന്തിനാ മണ്ണ് ചോദിച്ചത്?" മിനിക്കുട്ടി അവളുടെ ചാര കണ്ണുകൾ കാട്ടി ആരാഞ്ഞു.. ആവർത്തിച്ചുള്ള അവളുടെ ചോദ്യത്തിന് കുറെ നേരമായി ഞാൻ മറുപടി പറഞ്ഞു കൊണ്ടേയിരിക്കുന്നു. അവൾക്ക് എത്ര ആലോചിച്ചിട്ടും ഉൾക്കൊള്ളാൻ കഴിയുന്നില്ല. മാവേലിയെ പരീക്ഷിക്കാൻ മണ്ണ് ചോദിച്ചതിൽ തൃപ്തയായില്ലെന്ന് എനിക്ക് മനസ്സിലായി എങ്കിലും ഞാൻ കഥ തുടർന്നു. പാതാളത്തിൽ താഴ്ത്തപ്പെട്ട മഹാബലി തന്റെ പ്രജകളെ കാണാൻ വർഷത്തിൽ ഒരിക്കൽ പ്രത്യക്ഷപ്പെടുന്നത് ആണ് ഓണത്തിന്റെ ഇതിവൃത്തം എന്ന് പറഞ്ഞ് നിർത്തിയപ്പോൾ മിനിക്കുട്ടി പുഞ്ചിരിച്ചു. അവളെ അവളുടെതായ ലോകത്ത് മേയാൻ വിട്ട് ഞാൻ മുറിയിലേക്ക് പോയി. സുഖകരമായ ഉച്ച മയക്കം കഴിഞ്ഞ് തിരിച്ച് വന്നപ്പോൾ ഉണ്ട് അവള് അവിടെ തന്നെ ചിന്താനിമഗ്നയായി ഇരിക്കുന്നു. അവളെ മടിയിലിരുത്തി ചോദിച്ചു: "മക്കൾ എന്താ ആലോചിക്കുന്നത്??"

"അച്ഛാ.. നമ്മൾ ഇന്നലെ ഓണത്തിന് ഡ്രസ്സ് എടുക്കാൻ പോയില്ലേ?? സദ്യക്ക് ഉള്ള സാധനങ്ങൾ എല്ലാം വാങ്ങിയില്ലെ?? പക്ഷേ, പൂക്കളം ഇടാൻ ഫ്ലവേഴ്സ് വാങ്ങിയില്ലാലോ??" അപ്പോൾ അതാണ് കാര്യം.. എന്റെ മാവേലികഥ കേട്ട് സംശയാലു ആയി എന്നല്ലേ ഞാൻ വിചാരിച്ചത്... "മോൾ വിഷമിക്കണ്ട, നമുക്കുള്ള ഫ്ലവേഴ്സുമായി ഒരു എയ്ഞ്ചൽ നാളെ ഇതുവഴി വരും..." "അതാരാ?" "അതാണ് ചംബുടു" മിനിക്കുട്ടിയെ പ്രസവിച്ച അന്നാണ് രാധ മരിച്ചത്.. കുഞ്ഞിനെ ഞങ്ങളെ ഏൽപ്പിച്ച് അവള് യാത്രയായി. സമനില തെറ്റിയ ഞാൻ കുഞ്ഞുമായി അമേരിക്കയിലേക്ക് കുടിയേറി. നീണ്ട ആറു വർഷം.. വീർപ്പുമുട്ടിയ ജീവിതം... ഫ്ലാറ്റിലെ മടുപ്പിൽ കുഞ്ഞിന്റെ ബാല്യം അടച്ച് വക്കുന്ന പോലെ തോന്നിയപ്പോൾ വീണ്ടും കേരളത്തിലേക്ക്.. ഇവിടെ അടുത്തുള്ള സ്കൂളിൽ ഒന്നാം ക്ലാസിൽ ചേർത്തിട്ട് ആദ്യത്തെ ഓണം ആണ്.. അത് കൊണ്ടാണ് അവൾക്ക് ചംബുടുവിനെ അറിയാത്തത്.. പക്ഷേ... എനിക്കറിയാം അയാളെ...

ഓണപ്പൂവിളി ഉയരുമ്പോഴേക്കും "പൂവ്... പൂവേയ്.." എന്ന് താളത്തിൽ ഉറക്കെ കൂവി വിളിച്ച് വീടിന് മുന്നിലെ ഇടവഴിയിലൂടെ വണ്ടി തള്ളി വരുന്ന ചംബുടു!!! വെയിൽ കൊണ്ട് കരുവാളിച്ച മുഖത്ത് നനവ് പടർത്തുന്ന വിയർപ്പുതുള്ളികൾ മുഷിഞ്ഞ തുണി കൊണ്ട് തുവർത്തി, വേച്ച് വേച്ച് നടക്കുന്ന ചംബുടു!!! പ്രായത്തിന്റെ അവശതകൾ മറന്ന് പല പല കുട്ടകളിലും വട്ടികളിലുമായി നിറച്ച വർണശബളമായ, സുഗന്ധം പരത്തുന്ന പൂക്കളുമായി വീടിന്റെ അങ്കണത്തിൽ പ്രത്യക്ഷപ്പെടുന്ന ചംബുടു!!! എന്റെ കുട്ടിക്കാലം തൊട്ട് കോളനിയിൽ പൂക്കൾ വിൽക്കാൻ ചംബുടു വരാറുണ്ടായിരുന്നു. തിരുവോണത്തിന് ഒരു ദിവസം മുമ്പേ വരും.. സദ്യ വിളമ്പാൻ നേരം അമ്മ പറയും.. "ചംബുടുവിനോട് ഞാൻ പറഞ്ഞതാ ഇവിടെ നിക്കാൻ സദ്യ കഴിച്ചിട്ട് പോകാൻ, അവിടെ ചെല്ലം ഒറ്റക്കാന്ന്..." "നിനക്ക് ഈ വയസാം കാലത്ത് വീട്ടിൽ അടങ്ങി ഒതുങ്ങി ഇരുന്നൂടെ, നിന്റെ മക്കളോട് ആരോടെങ്കിലും പൂ വിൽക്കാൻ പറഞ്ഞൂടെ?" അന്ന് ഒരിക്കൽ അമ്മ ചോദിച്ചു. "എനിക്ക് കൊഴന്തങ്കെ കെടയാത് അക്കാ.. അങ്കെ നാനും ചെല്ലവും തനിയാ താ ഇരുക്ക്...നങ്ങക്കും ജീവിക്കണ്ടേ?" അമ്മ പിന്നെ അതിനെ കുറിച്ച് ചോദിച്ചിട്ടില്ല..

ഇത് വരെ കാണാത്ത പുഷ്പങ്ങൾ ചംബുടുവിന്റെ കുട്ടയിൽ കാണുമ്പോൾ ഞങ്ങൾ കുട്ടികൾക്ക് കൗതുകമായിരുന്നു. ഇതിന് മാത്രം പൂക്കൾ എവിടുന്ന് കിട്ടുന്നു, അത്രയും വലിയ പൂന്തോട്ടം ആണെങ്കിൽ ഞങ്ങൾക്കും കാണണം... ഞങ്ങൾ വാശി പിടിക്കും.. അന്നേരം ചുളിവുകൾ വീണ മുഖത്ത് ഒരു പുഞ്ചിരി വിടത്തി ചംബുടു പറയും... "എൻ ഊരിൽ ഒരു പെരിയ ഗാർഡൻ ഇരുക്ക്, ഒരുനാൾ കണ്ടിപ്പാ നാൻ നിങ്കളെ കൊണ്ട് പൊകും..." തമിഴും മലയാളവും കലർന്ന ആ മറുപടിയിൽ തൃപ്തരാകാതെ ഞങ്ങൾ മുഖം വീർപ്പിച്ച് നിൽക്കും...മൂക്കിൻ തുമ്പിലേക്ക് നീട്ടുന്ന പൂവിന്റെ സൗരഭത്തിൽ മതി മറന്ന് ചംബുടുവിനോട് ക്ഷമിച്ച് വീണ്ടും കൂട്ടുകൂടും. ചംബുടുവിന്റെ യഥാർഥ പേര് ശെൽവൻ എന്നാണ്.. നിത്യ കല്യാണി പൂവിനെ അപര നാമമായ ചംബുടു എന്ന പേരിൽ ആദ്യമായി പരിചയപ്പെടുത്തിയത് അയാളാണത്രെ, അപ്പോൾ നാട്ടുകാർ ഇട്ട പേരാണ് 'ചംബുടു' ചംബുടു പൂക്കളുമായി വരുമ്പോൾ കോളനിയിൽ ഉള്ള എല്ലാ കുടുംബങ്ങളും എന്തെങ്കിലും ഒരു സമ്മാനം അയാൾക്കായി കരുതിയിട്ടുണ്ടാകും. അവ കൈപ്പറ്റുമ്പോൾ ഉതിർന്നു വീഴുന്ന കണ്ണുനീർ ആരും കാണാതെ തുടക്കാൻ അയാൾ പാടുപെടുന്നത് ഞാൻ കണ്ടിട്ടുണ്ട്.

എന്റെ  കല്യാണത്തിന്റെ തലേ രാത്രിയാണ് ചെല്ലം മരിച്ചത്, പിറ്റെ ഓണത്തിന് പൂക്കളുമായി വന്നപ്പോൾ കല്യാണത്തിന് വന്നില്ലല്ലോ എന്ന് പറഞ്ഞ് അമ്മ പരിഭവപ്പെട്ടത് കേട്ട് ആണ് വിതുമ്പി കൊണ്ട് അയാള് അത് പറഞ്ഞത്. ഒരു വട്ടം പോലും നേരിട്ട് കണ്ടിട്ടില്ലെങ്കിലും ചെല്ലത്തിനോട് ഞങ്ങൾക്ക് സ്നേഹമായിരുന്നു. ആമ വാതം വന്ന് കിടപ്പിലായ അവർക്ക് വേണ്ടി ആണ് ചംബുടു ജീവിക്കുന്നത് എന്ന് എല്ലാവർക്കും അറിയാം.. എല്ലാ തവണ വരുമ്പോഴും ഞങ്ങൾ ചെല്ലത്തിനെ കുറിച്ച് അന്വേഷിക്കാറുണ്ടായിരുന്നു.. അതിൽ അയാൾക്ക് സന്തോഷവും ആയിരുന്നു.. അവരുടെ മരണം  ഞങ്ങളെ എല്ലാവരെയും ഞെട്ടിച്ചു. അതുപോലെ തന്നെ - അല്ല, അതിലേറെ - അയാളെ തളർത്തി.. പിന്നീടങ്ങോട്ട് ഓരോ ഓണത്തിനും അയാളെ കൂടെക്കൂടെ ജീർണിച്ച് വരുന്ന നിലയിലായിരുന്നു കണ്ടത്.. കൃത്രിമമായി ചിരിക്കാൻ തുടങ്ങി. രാധ മരിച്ച വർഷം ഓണം ഇല്ലാത്തത് കൊണ്ട് പൂക്കളുമായി വന്ന ചംബുടുവിനെ എല്ലാവരും പൈസ കൊടുത്ത് തിരിച്ചയക്കാൻ ശ്രമിച്ചെങ്കിലും പണം വാങ്ങാതെ പൂക്കൾ മുഴുവൻ കുട്ടികളെ ഏൽപ്പിച്ച് അയാള് പോയി.

അന്നാണ് അവസാനമായി കണ്ടത്... ഉത്രാട ദിവസങ്ങളിൽ രാവിലെ മുതൽ ഭക്ഷണം പോലും കഴിക്കാതെ ചംബുടുവിനെ കാത്തിരിക്കുമ്പോൾ അമ്മ പറയും "അവൻ വരും, വരാതിരിക്കില്ല" എന്ന്.. പറഞ്ഞ് തീരുമ്പോഴേക്കും പൂവിളിയുടെ താള നാദം അകലങ്ങളിൽ നിന്നും പ്രതിധ്വനിക്കും. ചാടിയെണീറ്റു ഉമ്മറത്തേക്ക് ഒരു ഓട്ടം ഉണ്ട്.. ചംബുടു ഇല്ലാതെ ഞങ്ങൾക്ക് ഓണം ഉണ്ടാകില്ല. ഓണ നാളുകളിൽ പുലർച്ചെ ഓഫീസിലേക്ക് ഡ്രൈവ് ചെയ്ത് പോകുമ്പോൾ വഴിയോരങ്ങളിൽ പുതുതായി തെളിയുന്ന പൂക്കടകളും തിരക്കേറിയ കച്ചോടക്കാരെയും കാണുമ്പോൾ ഞാൻ ചംബുടുവിനെ ഓർക്കും. അവധി എടുത്ത് വീട്ടിൽ ചെല്ലുമ്പോൾ തന്നെ വരവേൽക്കാൻ മുറ്റത്ത് ഒരുക്കിയ മനോഹരമായ പൂക്കളം കണ്ടാൽ ഉടനെ തന്നെ എനിക്ക് മനസ്സിലാകും തലേ ദിവസം ചംബുടു വന്നിരുന്നു എന്ന്.. "ചംബുടു നിന്നെ അന്വേഷിച്ചിരുന്നു.. പാവം.. പണ്ടത്തെ പോലെ ഒന്നിനും വയ്യ... ഓണം കഴിഞ്ഞാ പട്ടിണി ആണെന്നാ തോന്നുന്നേ.. ഇവിടെ നിക്കാന്ന് പറഞ്ഞാ കേൾക്കില്ല. നമുക്ക് ഒരു ദിവസം അവന്റെ ഊര് വരെ ഒന്ന് പോകണം.." അമ്മ വിഷമം എന്റെ മുന്നിൽ അവതരിപ്പിക്കുമ്പോൾ ഞാനും തലയാട്ടും.. രാധ പ്രഗ്നന്റ് ആയതോടെ ഒന്നിനും  സമയമില്ലാതായി.. അവള് മരിച്ചപ്പോൾ ഞാൻ സ്വയം ഇല്ലാതായ പോലെ തോന്നി. ഓണത്തിനെ കുറിച്ചുള്ള വിചാരങ്ങൾ മനസ്സിൽ നിന്ന് പോയിട്ട് ആറ് വർഷങ്ങളായി.. അമേരിക്കയിൽ മിനിക്കുട്ടിയെ വളർത്തുന്നതിനിടയിൽ പലതും മറന്നു.

ചംബുടുവിന്റെ കഥ പറഞ്ഞ് തീർന്നപ്പോൾ മിനിക്കുട്ടി പറഞ്ഞു : "അച്ഛന്റെ ശമ്പുടുവിനെ നാളെ എനിക്കും കാണാമല്ലോ..." പിറ്റേന്ന്, പെട്ടെന്ന് ബാലനായി മാറിയ പോലെ ഒരു ഉന്മേഷം.. അന്നത്തെ അതേ കൗതുകം ഒട്ടും ചോരാതെ ഞാനും, കൂടെ മിനിക്കുട്ടിയും ഉമ്മറത്ത് ഇരിപ്പായി.. ആരെയോ പ്രതീക്ഷിക്കുന്ന ഞങ്ങളെ കണ്ട് അമ്മ ചോദിച്ചു : "എന്താ മക്കളെ.. നിങ്ങൾ ആരെ നോക്കി ഇരിക്കാ..."  "ഞങ്ങൾ ശമ്പുടുനെ നോക്കി നിക്കാ അച്ചമ്മെ..." മകൾ അതിയായ ഉത്സാഹത്തോടെ പറഞ്ഞ്.. ഞാനും ചിരിച്ച് കൊണ്ട് തലയാട്ടി.. അമ്മയുടെ മുഖം വാടി.. നേർത്ത ശബ്ദത്തോടെ മൊഴിഞ്ഞു: "മോനെ, ഞാൻ നിന്നോട് പറയാൻ വിട്ട് പോയി.. കഴിഞ്ഞ മാസം നമ്മുടെ ചംബുടു..." മുഴുമിപ്പിക്കാതെ അമ്മ അകത്തേക്ക് കയറിപ്പോയി. ഞെട്ടിത്തരിച്ചു നിന്ന് പോയ ഞാൻ മിനിക്കുട്ടിയേ നോക്കി.. ഒന്നും മനസ്സിലാകാതെ അവള് വീണ്ടും ഇടവഴിയിലേക്ക് കണ്ണും നട്ടിരിക്കുകയാണ്...

ഉത്രാട നാളിൽ ഉമ്മറത്ത് പൂക്കളുമായി പ്രത്യക്ഷപ്പെടുന്ന ചംബുടു ഇനി വരില്ലെന്ന്... അയാളും കൊഴിഞ്ഞ് വീണ ഒരു പൂമൊട്ട് പോലെ മണ്ണിൽ അലിഞ്ഞ് ചേർന്നെന്ന്.. വിശ്വസിക്കാനാവാതെ ഞാൻ അൽപ നേരം സ്തബ്ധനായി നിന്നു.. ഉള്ളിൽ കൊളുത്തി വലിക്കുന്ന വേദന.. നീറ്റൽ.. നാളെ.. അപൂർണമായ ഒരു അത്തം പത്ത്... "ശമ്പുടൂ... ഒന്ന് പെട്ടെന്ന് വാന്നെ..." മിനിക്കുട്ടി ഉറക്കെ നീട്ടി വിളിച്ചു...

English Summary:

Malayalam Short Story ' Chambudu ' Written by Harsha Thattayil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com