ADVERTISEMENT

ചിലരുണ്ട്, ചിലതുണ്ട്, ചിങ്ങനിലാവുപോലങ്ങനെ ചിരിതൂകി നിൽക്കുന്നവ.. മൂർദ്ധാവിൽ നൽകപ്പെട്ട ചുംബനംപോലെ, നിസ്വാർഥമായ പ്രാർഥനപോലെ വിശുദ്ധമായ ചില ബന്ധങ്ങൾ.. പറയാതെ അറിഞ്ഞ, പകരാതെ നിറഞ്ഞ, ഒരു വാക്കിൽ ഒരു നോക്കിൽ വിടർന്ന ആത്മസുഗന്ധിയാം ആരാമങ്ങൾ...

ഇത്രയും വായിച്ചതിനു ശേഷം ഗായത്രി എന്നെ നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു, "ആരാണിവൾ, പഴയ കാമുകിമാർ വല്ലതുമാണോ?" ഞാൻ മറുപടി പറയാതെ വായന തുടരാൻ അവളോട് ആംഗ്യം കാണിച്ചു. ഈ കഥ അവനെക്കുറിച്ചാണ്... പണ്ടെങ്ങോ മുഖക്കുരു പിച്ചവെച്ച കാൽപ്പാടുകൾ പതിഞ്ഞ മുഖവും ചിരിക്കുമ്പോൾ തിളങ്ങുന്ന സ്ത്രൈണതയാർന്ന കണ്ണുകളുമുള്ള, പറയാതെ അറിഞ്ഞ, പകരാതെ നിറഞ്ഞ മെഹറൂസിനെക്കുറിച്ച്...

മലേഷ്യയിലെ ഞങ്ങളുടെ താമസസ്ഥലത്തിനടുത്തുള്ള ഒരു കമ്പനിയിൽ പുതിയതായി ജോലിക്കെത്തിയതായിരുന്നു അവൻ. അവധി ദിവസങ്ങളിൽ മിക്കവാറും ഞങ്ങളുടെ റൂമിൽ വരുമായിരുന്നു. അങ്ങനെയാണ് ഞങ്ങൾ തമ്മിൽ പരിചയപ്പെടുന്നത്. എപ്പോഴും ചിരിച്ചുകൊണ്ട് സംസാരിക്കുന്ന അവൻ ഞങ്ങളോടെല്ലാം വളരെപ്പെട്ടെന്ന് സൗഹൃദം സ്ഥാപിച്ചു. എന്നാൽ ആ കാലയളവിൽ അതൊരിക്കലും ഒരു ആത്മബന്ധമായി വളർന്നിരുന്നില്ലെന്നു എടുത്തു പറയട്ടെ. അങ്ങനെയിരിക്കെയാണ് അവൻ വളരെ ദൂരെയുള്ള മറ്റൊരു പ്രോജെക്ടിലേക്ക് സ്ഥലംമാറ്റം കിട്ടിപ്പോകുന്നത്. അതിനുശേഷം വളരെ അപൂർവമായി മാത്രമേ ഞങ്ങൾ ഫോണിൽ വിളിച്ചിരുന്നുള്ളു.

മലേഷ്യയിലെ ജോലി അവസാനിപ്പിച്ച് ഞാൻ നാട്ടിൽ പോകാൻ തീരുമാനിച്ചിരിക്കുമ്പോഴാണ് അവൻ ഒരു ദിവസം വിളിക്കുന്നത് "എടാ നിന്നെ കാണാൻ അങ്ങോട്ട് വരണമെന്നുണ്ടായിരുന്നു, പക്ഷേ ഇപ്പോൾ എനിക്കിവിടെ നിന്നും ലീവ് കിട്ടില്ല, നീ പോകുന്നതിനു മുൻപ് തീർച്ചയായും ഇവിടംവരെ ഒന്ന് വരണം. വരാതെ പോകരുത്" ദൂരക്കൂടുതൽ ആയതിനാൽ എനിക്ക് പോകുന്നതിനു ഒട്ടും താൽപര്യമുണ്ടായിരുന്നില്ല, പരമാവധി ഒഴിഞ്ഞുമാറാൻ ശ്രമിച്ച ഞാൻ ഒടുവിൽ അവന്റെ നിർബന്ധത്തിനു വഴങ്ങി ചെല്ലാമെന്നേറ്റു.

അങ്ങനെ 2006 ലെ ഒരു തിരുവോണനാൾ. അതിരാവിലെ യാത്ര തിരിച്ച ഞാൻ ഏകദേശം ഉച്ചയോടുകൂടി അവൻ പറഞ്ഞ സ്ഥലത്തു എത്തിച്ചേർന്നു. പതിവ് പുഞ്ചിരിയോടെ അവൻ കാത്തുനിൽപ്പുണ്ടായിരുന്നു. എന്നെ നേരെ കൂട്ടിക്കൊണ്ടുപോയത് അവന്റെ കമ്പനിയുടെ എംഡിയുടെ അടുത്തേക്കായിരുന്നു. നേരത്തെ തന്നെ എനിക്ക് അവിടെ ഒരു ജോലിക്കുവേണ്ടി അവൻ അദ്ദേഹത്തോട് സംസാരിച്ചിട്ടുണ്ടായിരുന്നു. സത്യത്തിൽ ആ കൂടിക്കാഴ്ചയ്ക്ക്കൂടി വേണ്ടിയിട്ടാണ് എന്നെ അവിടേക്കു വരാൻ അവൻ നിർബന്ധിച്ചത്. ഓഫീസിൽനിന്നിറങ്ങിയ ഞങ്ങൾ വഴിയരികിലെ ഹോട്ടലിൽ നിന്നും രണ്ടുപൊതി ചിക്കൻബിരിയാണിയും വാങ്ങി നേരേ പോയത് അടുത്തുള്ള അവന്റെ താമസസ്ഥലത്തേക്ക് ആയിരുന്നു. ആ വർഷത്തെ 'തിരുവോണസദ്യ' ആസ്വദിച്ച് കഴിച്ച് ഞങ്ങൾ കുറച്ചുനേരം സംസാരിച്ചിരുന്നു.

ഒടുവിൽ യാത്ര പറഞ്ഞിറങ്ങാൻ നേരം "എടാ നാട്ടിലേക്കു പോകുകയല്ലെ, ദാ ഇതുവച്ചോളു, അധികമൊന്നുമില്ല" എന്നുംപറഞ്ഞ് പേഴ്സ് തുറന്നു കുറച്ചധികം പണം എന്റെ നേർക്ക് നീട്ടി. "വേണ്ടെടാ അത്യാവശ്യത്തിന് കാശൊക്കെ എന്റടുത്തുണ്ട്, വേണ്ട" എന്ന് പറഞ്ഞ് ഞാനത് സ്നേഹപൂർവ്വം നിരസിച്ചു. അതിനു മറുപടിയായി എന്നെ ചേർത്ത് പിടിച്ച് ബലമായി ആ പണം എന്റെ ഷർട്ടിന്റെ പോക്കറ്റിൽ വച്ചുതന്നു. വീണ്ടും അത് തിരിച്ചുകൊടുക്കുന്നത് ഔചിത്യമല്ലാത്തതുകൊണ്ട് ഞാനവനോട് ചോദിച്ചു, "ഈ കാശ് ഞാൻ എങ്ങനെയാണു തിരിച്ചുതരുന്നത്?" "അത് സാരമില്ല, നീ വച്ചോളൂ, നാട്ടിൽ പോകുകയല്ലെ" എന്നും പറഞ്ഞ് അവൻ എന്റെ തോളിൽ കൈയ്യമർത്തി. 

ജാള്യതയോ, ദുരഭിമാനമോ, അവന്റെ മേശപ്പുറത്തിരുന്ന പേപ്പറിൽ എന്റെ നാട്ടിലെ നമ്പരും അഡ്രസ്സും എഴുതിവച്ചിട്ട്, നാട്ടിൽ വരുമ്പോൾ വിളിക്കണമെന്നും പറഞ്ഞ് ഞാൻ തിരികെ നടന്നു. തിരിച്ചുപോരുമ്പോൾ എന്റെ ചിന്ത മുഴുവൻ അവനെക്കുറിച്ചായിരുന്നു. നാട്ടിൽ ഞങ്ങളുടെ സ്ഥലങ്ങൾ തമ്മിൽ ഏകദേശം 400 km ദൂരമുണ്ട്. എന്റെ വീടോ കോണ്ടാക്ട്നമ്പരൊ ഒന്നുമറിയാതെ, തിരിച്ചുകിട്ടുമെന്നു ഒരു ഉറപ്പുമില്ലാതെ, അത് ഒട്ടുംതന്നെ ആഗ്രഹിക്കാതെ, ആ പണം എനിക്ക് തരാൻ കാണിച്ച മനസ്സ.. അത് സ്‌നേഹമായിരുന്നോ സൗഹൃദമായിരുന്നോ എന്നെനിക്കറിയില്ല, എങ്കിലും ഒന്ന് മാത്രമറിയാം, അതായിരുന്നു മനുഷ്യത്വം! ഇന്ന് നമ്മൾ പലർക്കും ഇല്ലാതെപോയ ഒന്ന്. അതെ അവൻ മനുഷ്യനായിരുന്നു, പറയാതെ അറിഞ്ഞ, പകരാതെ നിറഞ്ഞ, പറയാതെ മറഞ്ഞ.. ഒരു യഥാർഥ മനുഷ്യൻ! ആത്മസുഗന്ധിയാം ആ സ്നേഹത്തിന്റെ മുൻപിൽ ഒരുപിടി കണ്ണീർപൂക്കൾ…

"പിന്നീട് നിങ്ങൾ തമ്മിൽ കണ്ടില്ലായിരുന്നോ?" നനവ്പടർന്ന മിഴികളുയർത്തി ഗായത്രി എന്നോട് ചോദിച്ചു. "കണ്ടിരുന്നു, ഒരിക്കൽക്കൂടി, അവന്റെ വിവാഹദിവസം, നാട്ടിൽ വന്നപ്പോൾ അവൻ എന്നെ വിളിച്ചിരുന്നു." കല്യാണത്തിന് ചെന്ന എന്നെ കണ്ടപ്പോൾ ഓടി വന്ന് കൈ പിടിച്ചു. ആ കൈയിലേക്ക് ഞാൻ അവൻ പണ്ട് തന്ന പണത്തിനു തുല്യമായ ഒരു തുക തിരികെ ഏൽപ്പിക്കാൻ ശ്രമിച്ചപ്പോൾ അത് കൈയ്യിൽ വാങ്ങാതെ അടുത്ത് നിന്ന കൂട്ടുകാരന്റെയടുത്തു കൊടുത്തുകൊള്ളൂ എന്നും പറഞ്ഞു അവൻ പുഞ്ചിരിച്ചു, എന്നിലെ ദുരഭിമാനിയെ നന്നായി മനസ്സിലായി എന്നർഥം വരുന്ന ചിരി.. പിന്നീട് ഞങ്ങൾ തമ്മിൽ കണ്ടിട്ടേയില്ല... "പിന്നെ എപ്പോഴാണ് അറിഞ്ഞത്…!" അവൾ പതുക്കെ എന്നോട് ചോദിച്ചു. "വളരെക്കാലത്തിനുശേഷം മലേഷ്യയിലുള്ള ഒരു സുഹൃത്തിൽനിന്നുമാണ് അറിയുന്നത്.. എന്തോ അസുഖമായി നാട്ടിൽ പോരുകയും ഇവിടെവെച്ച്... കൂടുതലായൊന്നും അറിയില്ല, ഞാൻ അന്വേഷിച്ചതുമില്ല."  ഇന്നുമുണ്ട്, എന്റെ മനസ്സിൽ, ചിങ്ങനിലാവുപോലങ്ങനെ ചിരിതൂകി...!

English Summary:

Malayalam Short Story ' Meharoos ' Written by Gireesh Sreelakam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com