ADVERTISEMENT

ദൃശ്യം രണ്ടാം ഭാഗത്തിൽ കോടതിമുറിയിൽ തീപ്പൊരിയായ വക്കീൽ, ഏറ്റെടുത്ത അടുത്ത കേസ് തമിഴകത്തിലെ ഒരു സൂപ്പർ താരത്തിന്റേതായിരുന്നു. ഗാനന്ധര്‍വനില്‍ മമ്മൂട്ടിയുടേയും ദൃശ്യം 2ൽ  മോഹൻലാലിന്റേയും വക്കീൽ ആയി വേഷമണിഞ്ഞ ശാന്തി മായാദേവി ജീവിതത്തിലും വക്കീലാണ്. സൂപ്പർസ്റ്റാറുകളുടെ വക്കാലത്ത് മാത്രം എടുക്കുന്ന സൂപ്പർ വക്കീൽ. ഇന്നിപ്പോൾ ‘ലിയോ’ സിനിമയിൽ സാക്ഷാൽ വിജയ്‌യുടെ വക്കീലിന്റെ വേഷമണിഞ്ഞെത്തിയ ശാന്തി ജീവിതത്തിലും അഭിനയത്തിലും ഏറെ വളർന്നിരിക്കുന്നു.  

ജൂനിയർ അഡ്വക്കേറ്റിൽ നിന്ന് കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന ശാന്തി എന്ന വക്കീൽ ഒരു ജൂനിയർ താരത്തിനപ്പുറം ലിയോയിലെ ദളപതി വിജയുടെ വക്കീലായും മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രമായ ‘നേരി’ന്റെ തിരക്കഥാകൃത്തായും വേഷപ്പകർച്ച നടത്തുകയാണ്. ദുബായിൽ കുടുംബത്തോടൊപ്പം അവധിക്കാലം ചെലവഴിക്കുന്ന ശാന്തിക്ക് ഇതുവരെ ‘ലിയോ’ കാണാൻ കഴിഞ്ഞിട്ടില്ല. വിജയ് ആരാധകരിൽ നിന്ന് കിട്ടുന്ന പ്രതികരണങ്ങളിൽ ആവേശഭരിതയായ ശാന്തി മായാദേവി സന്തോഷം പങ്കുവയ്ക്കാനായി മനോരമ ഓൺലൈനിൽ എത്തുന്നു...


പരുക്ക് പറ്റി കിടക്കുമ്പോഴാണ് ‘ലിയോ’യിലേക്ക് വിളി വന്നത്
 

‘ലിയോ’യുടെ എക്സിക്യൂട്ടിവ്‌ പ്രൊഡ്യൂസർ രാം കുമാർ ആണ് എന്നെ ആദ്യം വിളിക്കുന്നത്. ‘ദൃശ്യം 2’ കണ്ടിട്ടാണ് അദ്ദേഹം എന്നെ വിളിച്ചത്. ലോകേഷ് കനകരാജ് സാറിനെ കാണാൻ പറഞ്ഞിരുന്നു.  പക്ഷേ റാമിന്റെ ഷൂട്ടിനിടെ എന്റെ കാൽമുട്ടിന് പരുക്ക് പറ്റിയിരുന്നു. ഒരു ചെറിയ ശസ്ത്രക്രിയ ഉണ്ടായിരുന്നു.  അതിനു ശേഷം ഒന്നര മാസത്തോളം ഞാൻ റെസ്റ്റിൽ ആയിരുന്നു.  സർജറി കഴിഞ്ഞപ്പോൾ അദ്ദേഹം വീണ്ടും വിളിച്ചു. ഷൂട്ടിങ് കശ്മീർ ആണ്, ചെന്നൈയിൽ വന്നു ലോകേഷ് സാറിനെ കാണാൻ പറഞ്ഞു. പക്ഷേ അപ്പോഴും എനിക്ക് അനങ്ങാൻ പറ്റാത്ത അവസ്ഥയായിരുന്നു. പിന്നെയും രണ്ടാഴ്ച കഴിഞ്ഞാൽ മാത്രമേ എനിക്ക് നടന്നു തുടങ്ങാൻ പറ്റൂ.  ഞാൻ നടക്കാൻ തുടങ്ങിയപ്പോഴേക്കും കശ്മീർ ഷൂട്ട് തുടങ്ങി.  അങ്ങനെ അവിടെ ചെന്നിട്ടാണ് ലോകേഷ് സാറിനെയും വിജയ് സാറിനെയുമൊക്കെ കാണുന്നത്.  കശ്മീരിലും ചെന്നൈയിലുമായിട്ടാണ് എന്റെ ഭാഗങ്ങൾ ചിത്രീകരിച്ചത്. സിനിമയിൽ സ്വന്തമായി ഡബ് ചെയ്യാനും സാധിച്ചതിൽ സന്തോഷമുണ്ട്.

santhi-mayadevi-leo-1
‘ലിയോ’ സെറ്റിൽ ഗൗതം മേനോനൊപ്പം ശാന്തി

ലോകേഷ് കനകരാജിന്റെ ഒപ്പം നിന്ന് വർക്ക് ചെയ്യാൻ കഴിഞ്ഞു 

ഭയങ്കര കൂൾ ആയ സംവിധായകൻ ആണ് ലോകേഷ് കനകരാജ്.  രണ്ടായിരത്തോളം ആളുകൾ ഉണ്ട് ഷൂട്ടിങ് സെറ്റിൽ, കുറെ അസിസ്റ്റന്റ് ഡയറക്ടർമാർ.  അവരെയെല്ലാം മാനേജ് ചെയ്യുക അത്ര എളുപ്പമല്ല.  കശ്മീരില്‍ ഒക്കെ 2000 പേരോളമാണ് ഉണ്ടായിരുന്നത്.  അദ്ദേഹം സംവിധാനം ചെയ്യുന്ന സമയത്ത് ക്യാമറാമാനുമായുള്ള റാപ്പോയും ആർട്ടിസ്റ്റുകൾക്ക് ഷോട്ട് പറഞ്ഞു കൊടുക്കുന്നതുമൊക്കെ കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട്.  അദ്ദേഹത്തിന്റെ ബ്രില്യൻസ് ഒക്കെ നമ്മൾ സിനിമയിൽ ആണ് കണ്ടിട്ടുള്ളത് അതൊക്കെ എങ്ങനെ ചെയ്‌തെടുക്കുന്നു  എന്ന് അറിയാനുള്ള ഒരു ആകാംഷ ഉണ്ടായിരുന്നു.  എന്റെ സീക്വൻസ് കോടതിയിൽ ആയതുകൊണ്ട് അദ്ദേഹത്തിന്റെ കൂടെ തന്നെ കോടതി സീക്വൻസിൽ മുഴുവൻ നിൽക്കാമോ എന്ന് ചോദിച്ചു.  അതുകൊണ്ട് ആ സീക്വൻസ് മുഴുവൻ അദ്ദേഹത്തെ അസ്സിസ്റ് ചെയ്യാൻ കഴിഞ്ഞു. അദ്ദേഹം പുറത്തിറങ്ങിയപ്പോ വിജയ് സാറിനോടൊക്കെ പറഞ്ഞു, ‘ശാന്തി എന്നെ അസിസ്റ്റ് ചെയ്തു കേട്ടോ, എന്നെ സഹായിച്ചത് ശാന്തി ആണ്’ എന്ന്.  അത് എനിക്കൊരു പ്രിവിലേജ് ആയിരുന്നു. 

leo-santhi
‘ലിയോ’യിൽ വിജയ്‌യുടെ മകളായി അഭിനയിച്ച ഇയലിനൊപ്പം ശാന്തി

വിജയ്‌യുടെ ഫാൻ വിജയ്‌യുടെ വക്കീൽ ആയപ്പോൾ 

വിജയ് സാറിനെ ആദ്യമായിട്ടാണ് കാണുന്നതും പരിചയപ്പെടുന്നതും.  നമ്മുടെ കുഞ്ഞുകാലത്ത് അദ്ദേഹത്തിന്റെ സിനിമകളിലെ പാട്ടുകൾ കേട്ടാണ് വളർന്നത്.  അദ്ദേഹത്തിന്റെ പാട്ടും ഡാൻസും ഒക്കെ കുട്ടിക്കാലത്ത് അഡിക്‌ഷൻ ആയിരുന്നു. അത് കഴിഞ്ഞ് വലുതായപ്പോ അദേഹത്തിന്റെ എല്ലാ സിനിമയും കാണും.  നേരിൽ കാണാൻ കഴിയും എന്നൊന്നും കരുതിയിട്ടേ ഇല്ല.  വിജയ് സാർ, തൃഷ കോംബോ ഇന്നും പ്രിയപ്പെട്ടതാണ്. 

santhi-mayadevi-leo-2
ലോകേഷ് കനകരാജിനൊപ്പം ശാന്തി

ആ കോംബോയുടെ കൂടെ വർക്ക് ചെയ്യുക എന്നതൊക്കെ സ്വപ്നതുല്യമാണ്. അദ്ദേഹത്തിനോടൊപ്പം വർക്ക് ചെയ്യാൻ കംഫര്‍ട്ടബിൾ ആണ്.  ഷോട്ട് ഇല്ലത്തപ്പോൾ നമ്മളോട് വിശേഷം ഒക്കെ ചോദിക്കും, ജോലിയുടെ കാര്യം കേസുകളുടെ കാര്യം ഒക്കെ ചോദിക്കും.  നല്ല കൂൾ ആയ വ്യക്തിയാണ് അദ്ദേഹം.  കുറച്ചു ദിവസങ്ങൾ കൊണ്ട് വലിയ ഒരു സൗഹൃദമാണ് അദ്ദേഹവുമായി ഉണ്ടായത്.  എല്ലാവരോടും വളരെ നല്ല പെരുമാറ്റമാണ്. സ്ത്രീകളോടും കുട്ടികളോടും ഒക്കെ നല്ല കെയറോടെയാണ് പെരുമാറുന്നത്.  നമ്മൾ അവിടെ നിൽക്കുമ്പോൾ, ‘വാമ്മാ, ഉക്കാരമ്മാ’ എന്ന് പറഞ്ഞു വിളിക്കും. അദ്ദേഹത്തിന്റെ ഫൈറ്റ് ഒക്കെ കണ്ടു നിൽക്കുന്നത് തന്നെ രസമാണ്.  അദ്ദേഹം ചെയുന്ന ആക്‌ഷൻ നേരിട്ട് കാണാൻ കഴിയുന്നതിന്റെ എക്സ്സൈറ്റ്മെന്റ് ഉണ്ടായിരുന്നു എനിക്ക്.  വളരെ ഫ്ലെക്സിബിൾ ആയിട്ടുള്ള നമുക്ക് എപ്പോൾ വേണമെങ്കിലും സമീപിക്കാൻ കഴിയുന്ന നല്ല ഒരു മനുഷ്യനാണ് അദ്ദേഹം.  വർക്ക് ചെയ്ത ഓരോ ദിവസവും പുതുമയായി തോന്നി.  ഞാൻ വളരെ എക്സൈറ്റഡ് ആയിട്ടാണ് ലിയോയുടെ സെറ്റിൽ നിന്നത്. തൃഷയെ മുൻപേ അറിയാം, അവരുമായി നല്ല റാപ്പോ ആണ്.

എൽസിയുവിന്റെ ഭാഗമായല്ലോ, അടുത്ത പടത്തിൽ പ്രതീക്ഷിക്കാമോ ?

അതൊന്നും നമുക്ക് ഇപ്പോൾ പറയാൻ കഴിയില്ല.  ഇത് തന്നെ എനിക്ക് പ്രതീക്ഷ ഇല്ലാത്തതാണല്ലോ, നമുക്ക് ആഗ്രഹിക്കാം, എന്താണ് സംഭവിക്കുക എന്ന് പറയാൻ കഴിയില്ല.  ഇതുവരെ സംഭവിച്ചതെല്ലാം നല്ലത്, സംഭവിക്കേണ്ടത് മാത്രമാണ് നടന്നുകൊണ്ടിരിക്കുന്നത്, വിധിച്ചാൽ ഇനിയും യൂണിവേഴ്സിന്റെ ഭാഗമാകും എന്ന് കരുതാൻ ആണ് എനിക്കിഷ്ടം.  

santhi-neru

സൂപ്പർ താരങ്ങളുടെ രക്ഷക 

എല്ലാം ദൈവാനുഗ്രഹം എന്ന് പറയാൻ ആണ് എനിക്കിഷ്ടം. മൂന്ന് സൂപ്പർ താരങ്ങളുടെ വക്കീൽ ആകുക, അവരെ രക്ഷപ്പെടുത്തി കൊണ്ടുവരിക, സുഹൃത്തുക്കൾ എല്ലാം പറയുന്നത് ഇത് തന്നെയാണ്.  നമ്മുടെ പ്രഫഷൻ തന്നെ സിനിമയിൽ കഥാപാത്രമായി എത്തുക അത് സൂപ്പർ താരങ്ങൾക്ക് വേണ്ടി ആവുക എന്നതൊക്കെ ഭാഗ്യമാണ്.  മമ്മൂക്കയുടെ നന്ദഗോപാൽ മാരാർ എന്ന് പറയുമ്പോൾ തന്നെ ഒരു വീരാരാധന ഉണ്ടല്ലോ. നമ്മൾ വിചാരിക്കും നന്ദഗോപാൽ മാരാർ വന്നെങ്കിൽ ഇപ്പോൾ എല്ലാം ശരിയായേനെ എന്ന്.  അത്രയൊന്നും ഇല്ലെങ്കിലും ആ ഒരു ടാഗിൽ ട്രോള്‍, മീം ഒക്കെ വരുന്നത് കാണുമ്പോൾ സന്തോഷമുണ്ട്. എല്ലാറ്റിനും നന്ദി മാത്രമേ പറയാനുള്ളൂ. പ്രഫഷൻ തന്നെ സിനിമയിൽ കഥാപാത്രമായി അഭിനയിക്കുമ്പോൾ ഒരുപാട് മെച്ചമുണ്ട്. ഡയലോഗ് പറയുന്ന രീതി നമ്മുടെ ബോഡി ലാംഗ്വേജ് ഒക്കെ കൂടുതൽ നന്നാകും. നമുക്ക് അറിയുന്ന കാര്യമാണ്. അപ്പോൾ എങ്ങനെ പെരുമാറണം എന്ന് അറിയാം. 

മമ്മൂക്കയുടെ വക്കീൽ ആയപ്പോ കുറച്ചു ജൂനിയർ ആയിരുന്നു. ദൃശ്യത്തിൽ ജോർജ് കുട്ടിയുടെ വക്കീൽ ആയപ്പോൾ കുറച്ചുകൂടി എക്സ്പീരിയൻസ്ഡ് ആയി.  ലിയോയിൽ ഞാൻ സംസാരിച്ചത് ഹിന്ദി ആണ്.  അത് സാധാരണ സംസാരഭാഷയിൽ ഉള്ള ഹിന്ദി അല്ല ദേവനാഗരി ആണ്. അത് കാണാതെ പഠിച്ചുവേണം പറയാൻ. പിന്നെ എന്റെ ഡയലോഗിൽ കുറെ കൂട്ടിച്ചേർക്കാൻ കഴിഞ്ഞു. ഞാൻ ഡയലോഗ് പറഞ്ഞപ്പോൾ എല്ലാവർക്കും ഇഷ്ടപ്പെട്ടു.  ലോകേഷ് സർ പറഞ്ഞത് 'അമ്മാ നീങ്ക വേറെ ലെവൽമ്മാ, എന്നാ ഡയലോഗ് ഡെലിവറി’ എന്നാണ്.  

santhi-mohanlal
ജീത്തു ജോസഫിനും ഭാര്യ ലിന്റയ്ക്കുമൊപ്പം

പ്രതികരണങ്ങൾ കാണുമ്പോൾ സന്തോഷമുണ്ട്  

ഞാൻ കുടുംബവുമായി ദുബായിൽ വെക്കേഷനിൽ ആണ്. ഇതുവരെ പടം കാണാൻ കഴിഞ്ഞില്ല.  പക്ഷേ സിനിമ  കണ്ടവർക്കെല്ലാം എന്നെ അതിൽ കണ്ട് അതിശയം ആയിരുന്നു.  ഞാൻ അതിലുണ്ടെന്ന് ആരും അറിഞ്ഞിരുന്നില്ല. ഇൻസ്റ്റയിലും വാട്സാപ്പിലും മെസ്സഞ്ചറിലും ഒക്കെ മെസ്സേജ് വരുന്നുണ്ട്. എല്ലാം കാണുമ്പോൾ സന്തോഷമുണ്ട്.  ഇരുപത്തിയെട്ടാം തീയതി ഞാൻ നാട്ടിൽ വരും. വന്നാൽ ഉടനെ സിനിമ കാണും.

santhi-mayadevi-family
ഭർത്താവിനും മകൾക്കുമൊപ്പം

മോഹൻലാലിന്റെ നേരിന്റെ തിരക്കഥാകൃത്ത് എന്ന പുതിയ റോൾ    

നേരിന്റെ തിരക്കഥ എഴുതിയതിന്റെ മുഴുവൻ ക്രെഡിറ്റും ജീത്തു ജോസഫ് സാറിനാണ്. ദൃശ്യം 2വിന്റെ സമയത്ത് സാർ എന്നോട് ഒരു ത്രെഡ് പറഞ്ഞു. ഒരു കോർട്ട് റൂം ഡ്രാമ ചെയ്യണം എന്ന് വലിയ ആഗ്രഹമുണ്ട്. അതിന്റെ തിരക്കഥ ശാന്തി എഴുതണം എന്ന്. ദൃശ്യത്തിന്റെ ഡയലോഗിൽ കുറച്ച് ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. ലിയോയിലും കുറച്ച് ഡയലോഗ് ഞാൻ ചേർത്തിട്ടുണ്ട്.  ‘ദൃശ്യം 2’ കഴിഞ്ഞപ്പോൾ അദ്ദേഹം എന്നോട് എഴുതാൻ പറഞ്ഞു. ഞാൻ പറഞ്ഞു സർ തിരക്കഥ ഒന്നും എനിക്ക് എഴുതാൻ അറിയില്ല. അദ്ദേഹം പറഞ്ഞു താൻ എഴുത് നമുക്ക് ശരിയാക്കാം. അങ്ങനെയാണ് എഴുതി തുടങ്ങിയത്. രണ്ടുവർഷം മുൻപ് എഴുതി തുടങ്ങിയെങ്കിലും എന്റെ ജോലിയുടെ തിരക്ക് കാരണം എഴുതാൻ സമയം കിട്ടിയില്ല. പിന്നെ റാമിന്റെ ഷൂട്ടിങ്ങിനിടയിൽ പരുക്ക് പറ്റി കിടന്നപ്പോഴാണ് വീണ്ടും എഴുത്ത് തുടങ്ങിയത്. ആ സമയത്ത് എഴുന്നേറ്റ് നടക്കാനും കോടതിയിൽ പോകാനും കക്ഷികളെ കാണാനും പറ്റില്ല. ആകെ ചെയ്യാൻ പറ്റുന്നത് സിനിമ കാണൽ, വായന എഴുത്ത് ഒക്കെയാണ്. ആ സമയത്ത് ഒരു മാസത്തെ ശ്രമഫലമാണ് നേരിന്റെ തിരക്കഥ. ഞാൻ എഴുതുന്നത് ജീത്തു സാർ വായിക്കും മാറ്റങ്ങൾ പറയും തിരുത്തും അങ്ങനെയാണ് അത് എഴുതിയത്. എഴുത്ത് ഒരു വേറെ മേഖലയാണ്. ലാലേട്ടനും ആന്റണി ചേട്ടനും ഒക്കെ വിളിച്ച് വക്കീലേ എന്തായി എന്ന് ചോദിക്കും. എനിക്ക് നല്ല പിന്തുണ ആയിരുന്നു അത് എല്ലാവർക്കും കിട്ടുന്നതല്ല. ആ ഒരു ദൈവാനുഗ്രഹം എനിക്കുണ്ടായിരുന്നു.  

santhi-mayadevi-leo-223
‘ലിയോ’ സെറ്റിൽ തൃഷയ്‌ക്കൊപ്പം ശാന്തി

ജോലിയും സിനിമയും ഒരുപോലെ കൊണ്ടുപോകണം 

‘റാം’ രണ്ടു ഭാഗമായിട്ടാണ് ചെയ്യുന്നത്. റാമിൽ അത്യാവശ്യം നല്ലൊരു കഥാപാത്രമാണ് എന്റേത്.  അതിന്റെ ഷൂട്ട് കുറച്ചുകൂടി പൂർത്തിയാക്കാനുണ്ട്. ഞാൻ ദുബായിൽ നിന്ന് തിരിച്ചു വന്നാൽ ഉടൻ നേരിന്റെ ഡബ്ബിങ് തുടങ്ങും. തിരക്കഥ എഴുതിയതുകൊണ്ട് ഷൂട്ടിങ് സമയത്ത് മുഴുവൻ സെറ്റിൽ ഉണ്ടായിരുന്നു. കോർട്ട് റൂം ഡ്രാമ ആയതുകൊണ്ട് എന്റെ മുഴുവൻ സമയ ശ്രദ്ധ വേണമായിരുന്നു. ചെറിയൊരു വേഷവും 'നേരി'ൽ ചെയ്യുന്നുണ്ട്. ആദ്യമായിട്ടാണ് പ്രഫഷനിൽ നിന്ന് അമ്പതു ദിവസം മാറി നിൽക്കുന്നത്. നേരിന്റെ പണി കഴിഞ്ഞ് വീണ്ടും പ്രഫഷനിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ഞാൻ ഉണ്ടാക്കിയെടുത്ത സ്പേസ് ആണ് അത്, എല്ലാം കൂടി ബാലൻസ് ചെയ്തു പോകണം.

English Summary:

Santhi Mayadevi share her experience at Leo movie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com