ADVERTISEMENT

തൊടുപുഴക്കാരിയായ ലിസബത്തിന് സിനിമ എന്നും തിളക്കമേറിയ സ്വപ്നമായിരുന്നു. ആ ലോകത്ത് എത്തിപ്പെടാൻ കഴിയുമെന്ന ആത്മവിശ്വാസം പോലും ഒരു കാലത്ത് ഉണ്ടായിരുന്നില്ല. പക്ഷേ, സിനിമയെന്ന സ്വപ്നം ആത്മവിശ്വാസമായി വളർന്നപ്പോൾ അവൾക്കു മുമ്പിൽ വഴികൾ തെളിഞ്ഞു. മാർത്താണ്ഡൻ സംവിധാനം ചെയ്ത മഹാറാണി എന്ന സിനിമയിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച ലിസബത്ത് ടോമിയുടെ വിശേഷങ്ങളിലേക്ക്.  

ഞാനൊരു സിനിമാഭ്രാന്തി

ചെറുപ്പം മുതലെ എനിക്ക് നല്ല സിനിമാഭ്രാന്തുണ്ട്. ഹൈസ്കൂളിൽ പഠിക്കുന്ന കാലം മുതൽ ഒറ്റയ്ക്ക് തിയറ്ററിൽ പോയി സിനിമ കണ്ടു തുടങ്ങി. എന്റെ നാട് തൊടുപുഴയാണ്. ഇപ്പോൾ കാണുന്ന അത്രയും അന്ന് വികസിച്ചിട്ടില്ല. ആദ്യമായി തിയറ്ററിൽ പോയത് ഇപ്പോഴും ഓർമയുണ്ട്. നല്ല പേടിയുണ്ടായിരുന്നു. ഒരു കൗതുകത്തിന്റെ പുറത്ത് പോയതാണ്. പിന്നെ, അത് സ്ഥിരമായി. അങ്ങനെ സിനിമ കാണുന്നത് ഇഷ്ടമായി. എവിടെപ്പോയാലും ഞാൻ സുരക്ഷിതയായി വീട്ടിലെത്തുമെന്ന ഉറപ്പ് അമ്മയ്ക്കുണ്ട്. അവധി ദീവസങ്ങളിലാണ് സ്കൂളിൽ പഠിക്കുമ്പോൾ ഇങ്ങനെ സിനിമയ്ക്കു പോയി തുടങ്ങിയത്. 

മോഹം ആത്മവിശ്വാസമായപ്പോൾ

എൻജിനീയറിങ്ങിനു പഠിക്കുമ്പോഴാണ് അഭിനയമോഹം തോന്നിത്തുടങ്ങുന്നത്. അപ്പോഴും എനിക്ക് അഭിനയിക്കാൻ പറ്റുമെന്നൊന്നും അറിയില്ലായിരുന്നു. കാഴ്ചയിൽ സാധാരണ സിനിമയിൽ കാണാറുള്ള നായികമാരെപ്പോലെയുള്ള ലുക്ക് അല്ല എനിക്ക്. അതിനാൽ ഒട്ടും ആത്മവിശ്വാസമുണ്ടായിരുന്നില്ല. മൂന്നര വർഷങ്ങൾക്കു മുമ്പാണ് നല്ല അത്മവിശ്വാസം തോന്നിത്തുടങ്ങിയത്. അപ്പോൾ മുതൽ ആക്ടീവായി സിനിമയിൽ അവസരം നോക്കുന്നുണ്ടായിരുന്നു.

lizabeth-tomy-actress-maharani

ബെംഗളൂരുവിലെ ക്രൈസ്റ്റ് കോളജിലാണ് എൻജിനീയറിങ് ചെയ്തത്. 2022ലാണ് കോഴ്സ് പൂർത്തിയാക്കിയത്. പഠനം കൂടുതലും ഓൺലൈൻ വഴി ആയതിനാൽ നാട്ടിൽ വന്ന് സിനിമ ട്രൈ ചെയ്യാൻ പറ്റി. ആ സമയത്ത് മനോരമ മാക്സിനു വേണ്ടി ഒരു വെബ് സീരീസിൽ അഭിനയിച്ചു. Where we stand എന്ന വെബ്സീരീസിൽ മേഘ എന്ന കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിച്ചത്. ഹക്കീം ഷാജഹാൻ ആയിരുന്നു അതിലെ കേന്ദ്രകഥാപാത്രം. ആദ്യമായി ഞാൻ ക്യാമറയുടെ മുമ്പിൽ നിൽക്കുന്നത് ആ വെബ്സീരീസിനു വേണ്ടിയാണ്. 

lizabeth-tomy-photoshoot

മഹാറാണിയിലേക്ക് 

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ മഹാറാണിയുടെ ഒരു ഓഡിഷൻ കോൾ കണ്ടിരുന്നു. പക്ഷേ, അതിലെനിക്കു പങ്കെടുക്കാൻ കഴിഞ്ഞില്ല. പിന്നീട് ഒക്ടോബറിലും അതേ കാസ്റ്റിങ് കോൾ വീണ്ടും വന്നതു കണ്ടു. എനിക്കു വേണ്ടിയായിരിക്കും അതു വീണ്ടും നടത്തുന്നതെന്നു വെറുതെ തോന്നി. അങ്ങനെ അതിൽ പങ്കെടുത്തു. ഓഡിഷൻ ശരിക്കും ബുദ്ധിമുട്ടായിരുന്നു. രണ്ടു റൗണ്ടുകൾ ഉണ്ടായിരുന്നു. കിട്ടുമെന്ന് ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. എന്നാൽ, എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട്, മൂന്നു ദിവസത്തിനു ശേഷം കോൾ വന്നു. 

lizabeth-tomy-photoshoot23

മഹാറാണിയുടെ സെറ്റ് പുതിയ അനുഭവമായിരുന്നു. എന്റെ ഭാഗങ്ങൾ ചിത്രീകരിക്കുന്നതിനു മുമ്പു തന്നെ എന്നോടു സെറ്റിൽ വരാൻ ആവശ്യപ്പെട്ടിരുന്നു. എല്ലാവരുമായും സൗഹൃദത്തിലാകാൻ അതു സഹായിച്ചു. എല്ലാവരും പരിചയസമ്പന്നരായ അഭിനേതാക്കളാണ്. ഒരു പുതുമുഖമെന്ന പരിഗണനയും പിന്തുണയും എല്ലാവരും എന്നോടു കാണിച്ചു. പിന്നെ, എന്റെ മുഖം സിനിമയുടെ റിലീസിനു മുമ്പ് വെളിപ്പെടുത്തില്ലെന്നു ആദ്യമേ പറഞ്ഞിരുന്നു. ഞാനതിൽ ഓകെ ആയിരുന്നു. 

lizabeth-tomy-photoshoot21

തിരച്ചറിയാത്തതും ഒരു അംഗീകാരമല്ലേ?

സിനിമ ഇറങ്ങിയ ശേഷം നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഞാനെന്ന വ്യക്തിയും റാണി എന്ന കഥാപാത്രവും തമ്മിൽ നല്ല വ്യത്യാസമുണ്ട്. അതിനാൽ, സിനിമ ഇറങ്ങിയിട്ടും പലർക്കും ഞാനാണ് ആ കഥാപാത്രം ചെയ്തതെന്ന് മനസിലായിട്ടില്ല. 'ഇവൾക്കു വേണ്ടിയായിരുന്നോ ഇത്രയും പൊല്ലാപ്പ്' എന്നൊരു ഫീൽ തോന്നുന്ന തരത്തിലാണ് സിനിമയിൽ എന്റെ കഥാപാത്രത്തെ രതീഷേട്ടൻ (തിരക്കഥാകൃത്ത് രതീഷ് രവി) ഒരുക്കിയിരുന്നത്. അത് വർക്ക് ആയി. ലുക്കിൽ നല്ല വ്യത്യാസമുണ്ട്. 

lizabeth-tomy-photoshoot211
lizabeth-tomy-photoshoot213

എന്നെ നേരിൽ കാണുന്നതു പോലെയല്ല സിനിമയിൽ. സ്ക്രീനിൽ വേറെ ആളായി തോന്നിയതു തീർച്ചയായും സന്തോഷമുള്ള കാര്യമാണ്. റിയൽ ലൈഫിൽ നിന്നു വ്യത്യസ്തമായ കഥാപാത്രം ചെയ്യുമ്പോഴാണല്ലോ ശരിക്കും ആക്ടർ ആകുന്നത്. പിന്നെ, ആകെയൊരു കുഴപ്പമുള്ളത്, ഒരു സിനിമയിൽ അഭിനയിച്ചിട്ടും ആരും എന്നെ തിരിച്ചറിയുന്നില്ല എന്നാണ്. അതു സാരമില്ല. കഥാപാത്രത്തെ പ്രേക്ഷകർ ഇഷ്ടപ്പെടുന്നുണ്ടല്ലോ. 

lizabeth-tomy-photoshoot2
lizabeth-tomy-photoshoot12

കുടുംബം

സിനിമയിൽ അഭിനയിക്കാനുള്ള മോഹത്തിന് ആദ്യം കുടുംബത്തിൽ നിന്ന് വലിയ പിന്തുണയുണ്ടായിരുന്നില്ല. എനിക്കിതിനോട് വളരെയേറെ ഇഷ്ടമുണ്ടെന്ന് അവർക്ക് തോന്നിയ പോയിന്റിൽ ചെറുതായി മഞ്ഞുരുകി. അവൾ ചെയ്തു നോക്കട്ടെ എന്നു നിലപാടിലായി പിന്നീട്. സിനിമ ഇറങ്ങി, നല്ല പ്രതികരണങ്ങൾ ലഭിച്ചപ്പോൾ അവർക്കും സന്തോഷം. അച്ഛനും അമ്മയ്ക്കും ബിസിനസാണ്. രണ്ടു ചേച്ചിമാരുണ്ട്. സത്യത്തിൽ അവർക്കാണ് എന്നെക്കാൾ ആവേശവും സന്തോഷവും. 

English Summary:

Chat With Actress Lizabeth Tomy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com