ADVERTISEMENT

പദങ്ങൾ ചെറുതാണെങ്കിലും ‘മനസ്സിലാക്കുക’, ‘മനസ്സിലാക്കപ്പെടുക’ എന്നു പറയുന്നത് വലിയ കാര്യമാണെന്ന് സ്വാനുഭവങ്ങളുടെ വെളിച്ചത്തിൽ പറയുകയാണ് വെട്ടുകിളി പ്രകാശ് എന്ന വി.ജി. പ്രകാശ്. ഇന്നത്തെ തലമുറയ്ക്ക് ജീവിതത്തെ നട്ടും ബോൾട്ടും ഇട്ട് മുറുക്കി പിടിച്ചിരിക്കുന്നതിനോട് വിയോജിപ്പ് ഉള്ളതുകൊണ്ട് അവർ വളരെ ഫ്രീ ആയി അതിനെ നോക്കിക്കാണുന്നുണ്ടെന്നും, അതിന്റെ മാറ്റങ്ങൾ ചലച്ചിത്ര മേഖലയിൽ വരുന്നുണ്ടെന്നും ആ മാറ്റങ്ങളെ എല്ലാവരും തിരിച്ചറിയുകയാണ് വേണ്ടതെന്നും പ്രകാശ് ഓർമിപ്പിക്കുന്നു. ജിജു അശോകൻ സംവിധാനം ചെയ്യുന്ന ‘പുള്ളി’യാണ് പ്രകാശിന്റെ പുതിയ സിനിമ. സിനിമയുടെയും ജീവിതത്തിന്റെയും പുതിയ വിശേഷങ്ങൾ മനോരമയോട് പങ്കുവയ്ക്കുകയാണ് പ്രകാശ്...

പുള്ളിയിലെ ജയിൽപുള്ളി ?

ദീർഘകാലമായി ജയിലിലുള്ള, പ്രായം ചെന്ന ഒരു കഥാപാത്രമായാണ് പുള്ളിയിൽ ഞാൻ വേഷമിട്ടിരിക്കുന്നത്. ഭ്രാന്തിന് ചികിത്സയ്ക്ക് എത്തി ഭ്രാന്ത് മാറിയതിനുശേഷം അവിടെ തന്നെ ഡോക്ടറുടെ സഹായിയായി മാറുന്ന ചില കഥാപാത്രങ്ങൾ ഉണ്ടല്ലോ. അതുപോലെ തടവറയിൽ ദീർഘകാലം കഴിഞ്ഞതിന്റെ ഫലമായി അവിടെ ഭക്ഷണം പാകം ചെയ്യാനും അതേപോലെയുള്ള കാര്യങ്ങൾക്കും ഒക്കെ ഒരു ലീഡറെ പോലെ നിൽക്കുന്ന ഒരാൾ. മേസ്തിരി എന്നാണ് ഈ കഥാപാത്രത്തെ എല്ലാവരും വിളിക്കുന്നത്. തടവറയിലെ വിവിധ ജോലികൾക്ക് നേതൃത്വം നൽകാനായി ഇത്തരത്തിൽ ആളുകൾ ഉണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ജയിൽ ജീവിതത്തിന്റെ ഒരു നേർപതിപ്പാണ് 'പുള്ളി' എന്നും വിശേഷിപ്പിക്കാം.

ജിജു അശോകനൊപ്പം മൂന്നാമത്തെ ചിത്രം?

സിനിമയെന്ന മാധ്യമത്തെയാണ് ജിജു ഇഷ്ടപ്പെടുന്നതും അതിലേക്കാണ് അദ്ദേഹം ലയിച്ചു ചേരുന്നതും. ജീവിതത്തിന്റെ പച്ചപ്പോടുകൂടി സിനിമയിൽ നിലനിൽക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് ജിജു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ജീവിതത്തിന്റെ നന്മയുടെ വശങ്ങളോ ഗുണപരമായിട്ടുള്ള കാര്യങ്ങളൊന്നും സിനിമയ്ക്ക് വേണ്ടി അടർത്തി കളയാത്ത ഒരാൾ. ജീവിതത്തിൽ എന്താണ് അതുതന്നെയാണ് സിനിമയിലും ജിജു പകർത്തുന്നത്. ജീവിതത്തിലും സിനിമയിലും കൃത്രിമത്വം ഇല്ലാതെ പെരുമാറുന്ന ഒരാൾ. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിലുള്ള ചിത്രങ്ങൾ സംതൃപ്തിയോടെ ചെയ്യുകയും അതിനെ തിയറ്ററിൽ എത്തിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. അതിൽ കൃത്രിമത്വമില്ലാത്തതുകൊണ്ട് തന്നെ അദ്ദേഹത്തിനോടൊപ്പം വർക്ക് ചെയ്യാൻ എനിക്കും താൽപര്യമാണ്.

vg-prakash-pulli

സൗഹൃദങ്ങളിലൂടെ സിനിമകൾ തിരഞ്ഞെടുക്കുന്ന ഒരാൾ?

അത് സത്യമാണ്. സൗഹൃദങ്ങളിലൂടെയാണ് ഞാൻ സിനിമകൾ തിരഞ്ഞെടുക്കുന്നത്. സിനിമ കുടുംബത്തിൽ സൗഹൃദങ്ങൾ വളരെ കുറവാണ്. ഒരാൾ ഒരാൾക്ക് ഒരു വാദ്യം വായിക്കാൻ അറിയാം, മറ്റൊരാൾക്കും മറ്റൊന്നും. അതേപോലെയുള്ള കുറെ പേർ ഒത്തുചേർന്ന് ഒരു സിംഫണി ഉണ്ടാക്കി, അവർ തിരിച്ചു പോകുന്നു. അതിൽ ചിലരുമായി നമുക്ക് വല്ലാത്ത അടുപ്പം തോന്നും. പദങ്ങൾ ചെറുതാണെങ്കിലും 'മനസ്സിലാക്കുക',' മനസ്സിലാക്കപ്പെടുക' എന്നു പറയുന്നത് വലിയ കാര്യമാണ്. നമുക്കൊരിക്കലും ലോകത്തിലുള്ള എല്ലാ കാര്യങ്ങളെയും മനസ്സിലാക്കാൻ കഴിയില്ല. അതേപോലെ നമ്മളെ എല്ലാവർക്കും മനസ്സിലാക്കാനും കഴിയില്ല. മാത്രമല്ല മറ്റുള്ളവർ നമ്മളെ മനസ്സിലാക്കിക്കൊള്ളും എന്ന് വിചാരവും തെറ്റാണ്. 

ചില സൗഹൃദങ്ങൾ മനസ്സിൽ തങ്ങി നിൽക്കാറുണ്ട്. അത് ലഭിക്കുന്നത് ചിലപ്പോൾ ഒരു നാടക ക്യാംപിലൂടെയോ അല്ലെങ്കിൽ ഒരു സൗഹൃദ സംഭാഷണത്തിലൂടെയോ അല്ലെങ്കിൽ ഒരു സിനിമ സെറ്റിൽ നിന്നും ഒക്കെ ആയിരിക്കും. അതെല്ലാം അങ്ങനെ സംഭവിച്ചു പോകുന്നു എന്നു മാത്രം വിശ്വസിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. അങ്ങനെ കിട്ടുന്ന ചില സൗഹൃദങ്ങൾക്കൊപ്പം വർക്ക് ചെയ്യാൻ ഒരു ബലം തോന്നും. കാരണം നമ്മളെ അവർ നന്നായി ഉപയോഗിക്കും എന്ന ഒരു വിശ്വാസം ഉള്ളിലുള്ളത് കൊണ്ടാവും. അതുകൊണ്ടുതന്നെ അവർ പറയുന്ന കാര്യങ്ങൾ കേട്ട് അവർക്ക് വേണ്ട കാര്യങ്ങൾ ചെയ്തു കൊടുക്കാൻ ശ്രമിക്കാറുണ്ട്. അത് സ്വാഭാവികമായി സംഭവിച്ചു പോകുന്നതാണ്. 

jiju-prakash
ജിജു അശോകനൊപ്പം

ഒരു ട്രീറ്റ്മെൻ്റ് എടുക്കുന്നതിനിടയിലാണ് ജിജുവിന്റെ നിർമാതാവാ ഡോക്ടർ രഘുനാഥനുമായി പരിചയത്തിൽ ആകുന്നത്. അദ്ദേഹം ചെയ്ത ശുശ്രൂഷയുടെ ഭാഗമായി എനിക്ക് കിട്ടിയ റിസൾട്ട് കൊണ്ട് അദ്ദേഹത്തോട് എനിക്കൊരു വിധേയത്വം ഉണ്ട്. അങ്ങനെ തുടങ്ങിയ ഒരു സൗഹൃദമാണത്. 'ഉറുമ്പുകൾ ഉറങ്ങാറില്ല' എന്ന ചിത്രത്തിൽ ഞാൻ അഭിനയിക്കണമെന്ന് പറയുന്നതും അതിനായി എന്നെ വിളിച്ചു കൊണ്ടു പോയതും ഡോക്ടറാണ്. അദ്ദേഹത്തിന്റെ തിരക്കുകൾ മാറ്റിവച്ച് ലൊക്കേഷനിൽ ഞാൻ അഭിനയിക്കുന്ന സമയം മുഴുവൻ അദ്ദേഹം എനിക്കൊപ്പം നിൽക്കുകയും ചെയ്തു. ലാഭം കിട്ടാൻ വേണ്ടിയിട്ടല്ല സിനിമ ചെയ്യുന്നത് പകരം മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടിയാണത് എന്ന് പറയുന്ന ഒരു പ്രൊഡ്യൂസർ. അതുകൊണ്ടുതന്നെ ആ സൗഹൃദത്തിനിടയിൽ അദ്ദേഹം ഒരു പ്രൊഡ്യൂസർ ആണെന്നോ ഞാൻ അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കുന്ന ഒരു നടൻ ആണെന്നോ ഉള്ള ഒരു തോന്നൽ ഒരിക്കൽപോലും ഉണ്ടായിട്ടും ഇല്ല. ജിജുവും അങ്ങനെത്തന്നെയാണ്. പേരിനോ പ്രശസ്തിക്കോ വേണ്ടി അല്ലാതെ ഒരു സൗഹൃദ കൂട്ടായ്മയ്ക്കു വേണ്ടി സിനിമ ചെയ്യുന്ന അല്ലെങ്കിൽ ചെറിയ ആളുകളെ വച്ച് ചെറിയ കമ്മ്യൂണിറ്റിക്ക് വേണ്ടി ചെയ്യുന്ന ഒരു സിനിമാ സൗഹൃദ കൂട്ടായ്മ എന്ന് വേണമെങ്കിൽ അതിനെ വിശേഷിപ്പിക്കാം.

nimisha-prakash
തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന സിനിമയിൽ

നാടകത്തിൽ നിന്നാണ് സിനിമയിലേക്ക് എത്തിയത്?

ചില ക്യാരക്ടറുകൾ നാടകത്തിൽ ചെയ്യുമ്പോൾ അത് നിലനിന്നിരുന്നെങ്കിൽ എന്ന് ആഗ്രഹം തോന്നിയിട്ടുണ്ട്. അന്ന് വിഡിയോ ഒന്നും ഇല്ലാതിരുന്ന കാലവും ആയിരുന്നല്ലോ. മൂന്നോ നാലോ സ്റ്റേജുകൾ ചെയ്യുമ്പോൾ ആ നാടകം കടലിൽ വരയ്ക്കുന്ന ചിത്രം പോലെ ചിലരുടെ ഉള്ളിൽ മാത്രം അവശേഷിപ്പിച്ച് മാഞ്ഞുപോകുന്നു. 

mani-prakash
കലാഭവൻ മണിക്കൊപ്പം

സിനിമയിലേക്ക് വന്നപ്പോൾ ആദ്യകാലത്തൊക്കെ നമ്മൾ ചെയ്യുന്നതെല്ലാം അതിലുണ്ടാവും എന്ന് വിശ്വസിച്ചിരുന്നു. പിന്നീടാണ് നാടകത്തിന്റെ അത്രയും ത്യാഗവും ബുദ്ധിമുട്ടും ഒന്നും സിനിമയ്ക്ക് ആവശ്യമില്ല എന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്. ഒരു നടന്റെ മീറ്ററിൽ പോകുന്ന ട്രെയിൻ അല്ല എന്ന് പതിയെ മനസ്സിലാക്കി. ഒരു നടന്റെ അഭിനയത്തേക്കാൾ ഏറെ ചില ഷോട്ടുകൾ കൊണ്ട് സീനുകൾ ഉണ്ടാക്കുന്ന ഒരു ലോകം. അതിലെ ഒരു ഘടകം മാത്രമാണ് അഭിനയം. ചില സീനുകൾ കൊണ്ട് ഇമോഷൻസിനെ അതിന്റെ ഹൈറ്റിലേക്ക് കൊണ്ടുപോകാനും സിനിമയുടെ പിന്നിൽ പ്രവർത്തിക്കുന്നവർക്ക് കഴിയുന്നു. അത് അവരുടെ ക്രിയേറ്റിവിറ്റി ആണ്.

mammootty-prakash
കിഴക്കൻ പത്രോസ് എന്ന സിനിമയിൽ നിന്നും

പിന്നെ വ്യക്തിഗതമായിട്ട് വ്യത്യസ്തമായിരിക്കുമല്ലോ കലയോടുള്ള സമീപനം. അതുകൊണ്ടാവും ചില നല്ല കലാകാരന്മാരെ അവരുടെ കാലം കഴിഞ്ഞിട്ട് തിരിച്ചറിയപ്പെടുന്നത്. ഇന്നത്തെ സിനിമയിൽ കലയുടെ ഭാഗം വെറും 20 ശതമാനം മാത്രമാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഹൈടെക് ഉപകരണങ്ങളുടെ സഹായത്തോടെ കലയെ പ്രകാശിപ്പിക്കാനുള്ള ഒരു ഉപാധി മാത്രമാണ് സിനിമ. അതുകൊണ്ട് തന്നെ വിപണന സാധ്യതയാണ് മുന്നിട്ടുനിൽക്കുന്നുമുണ്ട്. അത് എല്ലാകാലത്തും അങ്ങനെ തന്നെയാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഭാഗ്യവശാലോ നിർഭാഗ്യവശാലോ നമ്മളെല്ലാവരും തന്നെ അതിലഭിനയിക്കുന്ന നടന്മാരിലൂടെ സിനിമയെ കാണാൻ ശ്രമിക്കുന്നത്. കഥയിലൂടെയും കഥാപാത്രത്തിലൂടെയും സിനിമയെ കാണാൻ ശ്രമിക്കുന്ന ഒരു കൾച്ചർ നമുക്ക് ഇല്ലാതെ പോയി. സിനിമയ്ക്ക് വേണ്ടി മരിച്ചു പണിയെടുക്കുന്നവർ എന്നും പ്രേക്ഷകന്റെ കണ്ണിൽ വിസ്മൃതരാണ്. അവർക്കാണ് അതിന്റെ ക്രെഡിറ്റ് മുഴുവനും കൊടുക്കേണ്ടത് എന്നാണ് എന്റെ ഒരു വിശ്വാസം. സിനിമയുടെ ടെക്നിക്കൽ സൈഡിൽ ആണ് അതിന്റെ ക്രിയേഷൻ മുഴുവനും ഉള്ളത് എന്നാണ് ഞാൻ വിശ്വസിക്കുന്നതും.

മലയാള സിനിമയുടെ മുഖം മാറുമ്പോൾ?

നമ്മുടെ ചുറ്റുപാടുകളിൽ നിന്ന് സിനിമ ഉണ്ടാക്കുമ്പോൾ അത് നൈപുണ്യമാണോ നമ്മുടെ പരിമിതി ആണോ എന്ന് അറിയില്ല. ചിത്രകാരൻ അയാൾക്ക് കിട്ടുന്ന ചിട്ടപ്പെടുത്തിയ കാൻവാസിൽ ആണ് ചിത്രം വരയ്ക്കുന്നത്. അയാൾക്ക് ഒരിക്കലും സ്വന്തം കാൻവാസ് തെരഞ്ഞെടുക്കാൻ സാധിക്കുന്നില്ല. അതുതന്നെയാണ് സിനിമയിലും നടക്കുന്നത്. അതിൽതന്നെ തീവ്ര അഭിലാഷികൾ ആയിട്ടുള്ള, അല്ലെങ്കിൽ അതിന്റെ  സാധ്യതകൾ ഉൾക്കൊണ്ട് ആത്മാവിഷ്കാരത്തിന് മാത്രം ശ്രമിക്കുന്നവർ വിജയിക്കുന്നു. അവരുടെ ചിത്രങ്ങൾ ക്ലാസിക്കുകൾ ആയി മാറുന്നു. പിന്നീട് വരുന്ന തലമുറയിലെ വിദ്യാർഥികൾ അത് അനുകരിക്കുകയും ചെയ്യുന്നു. അടിസ്ഥാനപരമായ ചില മനുഷ്യ വികാരങ്ങൾ വരുമ്പോൾ ലോകത്തിലെ എല്ലാവരിലേക്കും അത് എത്തപ്പെടുന്നു.

manju-prakash

പുത്തൻ തലമുറയ്‌ക്കൊപ്പം

പണ്ട് ‘പിറവി’യൊക്കെ ചെയ്യുന്ന സമയത്ത് ദൃശ്യമാധ്യമങ്ങളോ സോഷ്യൽ മീഡിയകളോ ഒന്നും ഇത്ര സജീവമായിരുന്നില്ല. സിനിമയുമായി ബന്ധപ്പെട്ട അറിവുകൾ ഒന്നും ഇത്രയും സുതാര്യവുമായിരുന്നില്ല. സിനിമയുടെ പിന്നിലെ കാര്യങ്ങൾ അറിയുവാൻ വേണ്ടി റഫറൻസ് പുസ്തകങ്ങൾ വായിക്കുകയോ അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ പറയുന്നതോ ആയ വിവരങ്ങൾ മാത്രമാണ് ലഭ്യമായിരുന്നത്. ഓരോ ഷോട്ടിനെ പറ്റിയോ അല്ലെങ്കിൽ ഓരോ കട്ടിനെ പറ്റിയോ മനസ്സിലാക്കണമെങ്കിൽ ഒന്നോ രണ്ടോ വർഷം ഒക്കെ ചിലപ്പോൾ വേണ്ടി വന്നിട്ടുണ്ട്. 

സെല്ലുലോയ്ഡ് ഫിലിംസിൽ ചെയ്ത കാര്യങ്ങൾ മനസ്സിലാക്കാൻ കെമിക്കൽ ലാബുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്നവർ പറയുന്ന അറിവുകൾ വേണ്ടിവന്നിരുന്നു. അന്ന് അവർ പറയുന്ന ചില തെറ്റുകൾ നമ്മുടെ മനസ്സിൽ അതേപോലെ പതിയുകയും ചെയ്തിട്ടുണ്ട്. ഇന്ന് ടെക്നോളജി ഒരുപാട് മുന്നോട്ടുപോയി. നമ്മുടെ  യന്ത്രങ്ങൾ മനുഷ്യരെ പോലെ നുണ പറയുന്നില്ല. അതുകൊണ്ട് തന്നെ വിവിധ മാധ്യമങ്ങളുടെ സഹായത്തോടെ അണിയറയിലെ പ്രവർത്തനങ്ങൾ എല്ലാം നമുക്ക്  കണ്ടു മനസ്സിലാക്കാൻ സാധിക്കുന്നു. അത് വലിയ കാര്യമാണ്. അതിലൂടെ അറിവുകൾ എല്ലാം സുതാര്യമാകുകയാണ്. ഇപ്പോൾ ചെറിയ കുട്ടികൾ പോലും അവരുടെ പ്രോജക്ടിന്റെ ഭാഗമായി കമ്പ്യൂട്ടറിന്റെ സഹായത്തോടെ അഞ്ച് മിനിറ്റ് സിനിമകൾ ഉണ്ടാക്കുന്നു. അവർക്ക് സഹായമായി നിരവധി സമൂഹ മാധ്യമങ്ങളും ഉണ്ട്. യൂട്യൂബിൽ ഒരു വിഷയം അടിച്ചു കൊടുത്താൽ ഗൂഗിൾ കൃത്യം ആയിട്ടുള്ള കാര്യം എല്ലാവർക്കും ഒരേപോലെ പറഞ്ഞുതരുന്ന കാലത്താണ് നാം കഴിയുന്നത്. മനുഷ്യരെപ്പോലെ യന്ത്രം ഒന്നും ഒളിച്ചുവയ്ക്കുന്നുമില്ല. അതെല്ലാം കൊണ്ടുതന്നെ ഈ ജനറേഷൻ വളരെയധികം മുന്നോട്ട് പോകുന്നുണ്ട് എന്ന് നമുക്ക് പറയാൻ കഴിയും.

പിന്നെ ചിലർ പറയുന്നത് കേൾക്കാം ജീവിതാനുഭവങ്ങളിൽ പുതിയ തലമുറ പിന്നിലാണ് എന്ന്. ഇന്ന്, നമ്മുടെ ജീവിതാനുഭവം പുതിയ തലമുറയ്ക്ക് ആവശ്യമില്ല. നമ്മുടെ മുൻപത്തെ തലമുറയുടെ അനുഭവം നമുക്ക് ആവശ്യമില്ലാത്തത് പോലെ തന്നെയാണല്ലോ പുതിയ തലമുറയ്ക്ക് നമ്മുടെ ജീവിതാനുഭവം ആവശ്യമില്ലാത്തത്. അവർക്ക് അവരുടേതായ ലോകമുണ്ട്. ആ ലോകത്ത് സംവേദനം ചെയ്യാൻ പറ്റുന്ന തരത്തിൽ അവർ കാര്യങ്ങൾ അവതരിപ്പിക്കുന്നു. ഇതൊന്നും സ്ഥായിയായി നിലനിൽക്കുന്നില്ല. അവരവർ ജീവിക്കുന്ന കാലത്തെ ഡിപെൻഡ് ചെയ്താണ് എന്തു ചെയ്യുന്നു എന്നതിന്റെ പ്രസക്തിയും വാല്യുമെല്ലാം നിലനിൽക്കുന്നത്.

പിന്നെ പുതിയ തലമുറ പഴയ തലമുറയിൽ നിന്നും ഒത്തിരി വ്യത്യസ്തരാണ് അവർ എപ്പോഴും ഫ്രീയാണ്, വലിയ ഉത്കണ്ഠകളും ഇല്ല. ചെയ്യുന്ന കാര്യത്തിന്റെ ചെയ്യുന്ന കാര്യത്തിന് റിസൾട്ട് പോസിറ്റീവ് ആണ് നെഗറ്റീവ് ആണോ എന്നതിനെപ്പറ്റി അവർക്ക് വലിയ ധാരണയുമുണ്ട്. സിനിമയെക്കുറിച്ച് മാത്രമല്ല എല്ലായിടത്തും അത് അങ്ങനെ തന്നെയാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. പഠനത്തിലും ജോലിയിലും ഉദ്യോഗത്തിനുള്ള ശ്രമത്തിനും എല്ലാം അങ്ങനെ തന്നെയാണ്. മൂന്നാല് കൊല്ലം മുമ്പ് ഞാൻ വർക്ക് ചെയ്ത പടത്തിലെ ചില കുട്ടികൾ ബനിയനും ട്രൗസറും ഇട്ട് നടക്കുന്നത് കണ്ടപ്പോൾ ഞാൻ എന്റെ പഴയകാലത്തെ കുറിച്ച് ആലോചിച്ച് അവരോട് ചെറുപ്പം ഇങ്ങനെ കളയല്ലേ എന്ന് പറഞ്ഞിരുന്നു. 

mamta-praksh
മംമ്ത മോഹൻദാസിനൊപ്പം

ഒരു ടെസ്റ്റ് എഴുതി പാസായി ജോലി വാങ്ങണമെന്നും ഉറക്കം ഒഴിച്ച് വർക്ക് ചെയ്ത ജീവിതം കളയല്ലേ എന്നൊക്കെ പറഞ്ഞു നോക്കിയപ്പോൾ അവരുടെ മറുപടി എന്നെ അതിശയിപ്പിച്ചു. അവരിൽ പലരും സോഫ്റ്റ്‌വെയർ എൻജിനിയേഴ്സ് ആയിരുന്നു. ജോലി ഉപേക്ഷിച്ചാണ് അവരിൽ പലരും ഈ രംഗത്തേക്ക് എത്തിയത്. വീട്ടുകാർ പഠിപ്പിക്കാനായി എടുത്ത കടങ്ങൾ എല്ലാം ജോലി ചെയ്ത് വീട്ടി എന്നും ഇനി ഞങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ കുറച്ചു കാലം ചെയ്യാനാണ് താല്പര്യപ്പെടുന്നത് എന്നും അവർ പറഞ്ഞു. ഇനി ഒരുപക്ഷേ ചെയ്യുന്ന മേഖലയിൽ തിളങ്ങാൻ കഴിഞ്ഞില്ല എന്നുണ്ടെങ്കിൽ തുടർന്ന് ജോലിക്ക് പോകുമെന്നും അവിടെ നിന്നും വീണ്ടും പണമുണ്ടാക്കി ഒരുപക്ഷേ സിനിമയിലേക്ക് തന്നെ തിരിച്ചു വരും എന്നും ഒക്കെ അവർ പറയുന്നുണ്ടായിരുന്നു. ചുറ്റും നടക്കുന്ന കാര്യങ്ങളെ വളരെ ഈസിയായി കൈകാര്യം ചെയ്യാൻ ഇന്നത്തെ തലമുറ പഠിച്ചിരിക്കുന്നു. 

ജീവിതത്തെ നട്ടും ബോൾട്ടും ഇട്ട് വലിഞ്ഞുമുറുക്കി കാണാതെ, അതിനെ ഫ്രീ ആക്കി വിടാൻ അവർ ശ്രമിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ അവർ ചെയ്യുന്നതിലും വ്യത്യസ്തത ഉണ്ടായിരിക്കും. പുതിയതാണോ പഴയതാണോ നല്ലത് എന്നൊന്നും ഒരിക്കലും പറയാൻ പറ്റില്ല. അതെല്ലാം കാലത്തെ ഡിപെൻഡ് ചെയ്തതാണല്ലോ ഇരിക്കുന്നത്. കാലത്തിനൊപ്പം പോവുക, നമുക്ക് ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്യുക എന്നതാണ് എന്റെ പോളിസി.

പലതരം വേഷങ്ങൾ ഒരേ പോലെ കൈകാര്യം ചെയ്ത ഒരു നടൻ എന്ന നിലയിൽ സിനിമ ജീവിതത്തെ തിരിഞ്ഞുനോക്കുമ്പോൾ?

സൈക്കളോജിക്കൽ ഇംപോർട്ടൻസ് ഉള്ള ഗൗരവപ്പെട്ട വേഷങ്ങളാണ് ഞാൻ ആദ്യകാലത്ത് ചെയ്തിരുന്നത്. പിന്നീട് കുറച്ചു കാലം മനഃപൂർവം ഹാസ്യ രംഗങ്ങൾ കൈകാര്യം ചെയ്തു. മനോരോഗത്തിന് വക്കിലൂടെ സഞ്ചരിക്കുന്ന കാലത്താണ് ഈ ഹാസ്യ രംഗങ്ങൾ ഒക്കെ തന്നെയും ചെയ്തത്. ഒരു ക്യാരക്ടറിനെ പറ്റി ചിന്തിക്കുമ്പോൾ സൈക്കളോജിക്കൽ, സോഷ്യോളജിക്കൽ, ഫിസിയോളജിക്കൽ എന്നീ മൂന്ന് തരത്തിൽ ആയിരിക്കുമല്ലോ അത് ചിട്ടപ്പെടുത്തുന്നത്. ഈ മൂന്നു തലത്തിൽ എവിടെയെങ്കിലും കൊളുത്തുകൾ ഇല്ലെങ്കിൽ ക്യാരക്ടർ പൊട്ടി പോകും. ഈ മൂന്നിൽ ഏത് ചെയ്താലും ഒരു നടൻ എന്ന രീതിയിൽ നമ്മളുടെ വർക്കിങ് പ്രോസസ് ഒന്നാണ്. ഏത് കഥാപാത്രം കിട്ടിയാലും അത് ഉത്തരവാദിത്വത്തോട് കൂടി അവരുടെ കയ്യിലേക്ക് അവർ വിചാരിക്കുന്നത് പോലെ തന്നെ ചെയ്തു കൊടുക്കാൻ ശ്രമിക്കാറുണ്ട്. പിന്നെ ആ ചെയ്യുന്ന സമയത്ത് മാത്രമായിരിക്കും ആ കഥാപാത്രത്തോട് എനിക്ക് ബന്ധവുമുള്ളത്. ചില കഥാപാത്രങ്ങൾ കാണുമ്പോൾ പ്രേക്ഷകർക്ക് നമ്മളോട് ഒരു ഇഷ്ടം തോന്നും. ചിലതിൽ സിംപതിയാവും തോന്നുക. മറ്റു ചിലപ്പോൾ ദേഷ്യവും. ഇതിൽ ഏതു തന്നെയായാലും നമ്മൾ ചെയ്ത വർക്കിന്റെ ഫലം മാത്രമാണ് അത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

ചില കഥാപാത്രങ്ങൾ ട്രോളുകളാൽ ഓർമിക്കപ്പെടുന്നു എന്ന് കേൾക്കുമ്പോൾ?

പ്രേക്ഷകർ ഓർമിക്കുന്നുണ്ട് എന്നു പറഞ്ഞു കേൾക്കുമ്പോൾ, ഞാൻ അവരുടെ ആസ്വാദനത്തിന്റെ ഒരു കാരണമായിട്ടുണ്ട് എങ്കിൽ അതിൽ ഒരുപാട് സന്തോഷമുണ്ട്. പിന്നെ എന്നെ സംബന്ധിച്ചിടത്തോളം ഒരു സിനിമ എന്നു പറയുമ്പോൾ അതിലെ കഥാപാത്രം ആകുന്ന ചില നിമിഷങ്ങൾ മാത്രമാണ് ഞാൻ അത് ഓർമിക്കാൻ ഇഷ്ടപ്പെടുന്നത്. ഒരു ക്യാരക്ടർ ചെയ്തു കഴിഞ്ഞ് അതിന്റെ ഡബ്ബിങ് വർക്ക് കൂടി കഴിഞ്ഞാൽ പിന്നീട് എന്റെയുള്ളിൽ നിന്നും അത് ഒരു മൃതാവസ്ഥയിലേക്ക് പോകും. ചലിക്കുന്ന മൃതാവസ്ഥയിലുള്ള ഒരു സംഭവം. ആ ഭൂതകാലത്തെ കുറിച്ച് ഓർത്തിരുന്നാൽ മുൻപോട്ടു പോവാൻ കഴിയില്ല എന്ന് വിശ്വസിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്.

English Summary:

Chat With Actor VG Prakash

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com