ADVERTISEMENT

നിവിൻ പോളിയെ നായകനാക്കി ഡിജോ ജോസ് ആന്റണി ഒരുക്കുന്ന ചിത്രമാണ് ‘മലയാളി ഫ്രം ഇന്ത്യ’. ചിത്രത്തിന്റെ പേര് വെളിപ്പെടുത്തുന്നതിനായി ഏറെ വ്യത്യസ്തമായ പ്രമോയാണ് അണിയറപ്രവർത്തകർ ഒരുക്കിയത്. സംവിധായകൻ ഡിജോയും നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനും നിവിൻ പോളിയും ധ്യാൻ ശ്രീനിവാസനും തകർത്തഭിനയിച്ച പ്രമോ വിഡിയോയ്ക്കു പിന്നിലെ കഥ പറയുകയാണ് ഡിജോ. രണ്ടു ത്രില്ലർ ചിത്രങ്ങൾക്കു ശേഷം ഹാപ്പി മൂഡിലുള്ള ചിത്രം ചെയ്യണമെന്ന ആഗ്രഹമാണ് ‘മലയാളി ഫ്രം ഇന്ത്യ’ എന്ന ചിത്രമൊരുക്കാൻ കാരണം എന്ന് ഡിജോ പറയുന്നു. ട്രെയിലറിൽ കാണുന്നതുപോലെ, നിവിൻ പോളിയുടെ മടങ്ങിവരവ് കുറിക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് തന്റെ വിശ്വാസമെന്നും ബാക്കിയെല്ലാം പ്രേക്ഷകർ തീരുമാനിക്കട്ടെ എന്നും ഡിജോ ജോസ് മനോരമ ഓൺലൈനിനോടു പറഞ്ഞു. 

‘മലയാളി ഫ്രം ഇന്ത്യ’ എന്ന പേര് പ്രേക്ഷകരിലേക്ക് എത്തിക്കാൻ ചെയ്ത പ്രമോ

‘മലയാളി ഫ്രം ഇന്ത്യ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ഇപ്പോൾ പോസ്റ്റ് പ്രൊഡക്‌ഷനിലാണ്. നിവിൻ പോളി, ധ്യാൻ ശ്രീനിവാസൻ, അനശ്വര, മഞ്ജു പിള്ള, സലിം കുമാർ തുടങ്ങിയരാണ് അഭിനയിക്കുന്നത്. പടം ഇറങ്ങുന്നതിന് മുൻപ് പ്രമോഷൻ എന്ന രീതിയിൽ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയപ്പോഴാണ് പ്രമോ ഷൂട്ട് ചെയ്തത്. ജിമ്മിലെ സീൻ ഒക്കെ ഒരു ദിവസം കൊണ്ട് ചെയ്തതാണ്. ‘മലയാളി ഫ്രം ഇന്ത്യ’ എന്ന വ്യത്യസ്തമായ ടൈറ്റിൽ ഒരു പോസ്റ്ററിൽ ഒതുങ്ങിപ്പോകാൻ പാടില്ല. ആ പേര് പ്രേക്ഷകരുടെ മനസ്സിൽ പതിയാൻ വേണ്ടിയാണ് ഇത്തരമൊരു പ്രമോ ചെയ്തത്. അതിൽ കാണുന്ന ബാക്കി രംഗങ്ങൾ പടത്തിൽ ഉള്ളതും ഇല്ലാത്തതുമൊക്കെയാണ്. ഏതൊക്കെ രംഗങ്ങൾ ചിത്രത്തിലുണ്ടെന്ന് പ്രേക്ഷകർ പടം കണ്ടിട്ട് മനസ്സിലാക്കട്ടെ. നിവിൻ ആണ് നായകൻ. ധ്യാൻ ശ്രീനിവാസനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

പ്രമോയിൽ കാണുന്നതാണ് ചിത്രത്തിന്റെ ജോണർ 

ചിത്രത്തിന്റെ ജോണർ എന്താണെന്ന് പ്രമോയിൽ കാണിക്കുന്നുണ്ട്. ഉറപ്പായും കോമഡി ഉണ്ട്, ഫാമിലി ഇമോഷനുണ്ട്, പ്രണയവുമുണ്ട്. പ്രമോയിൽനിന്ന് എന്താണോ പ്രേക്ഷകർക്ക് ഫീൽ ചെയ്യുന്നത് അതാണ് ചിത്രത്തിന്റെ ജോണർ. നിവിൻ പോളി ഈസ് ബാക് എന്ന് പ്രമോയിൽ തന്നെ പറയുന്നുണ്ട്. എനിക്ക് അങ്ങനെയാണ് തോന്നുന്നത്. ബാക്കി പ്രേക്ഷകർ പടം കണ്ടിട്ട് തീരുമാനിക്കട്ടെ. 

നിവിനു വേണ്ടി എഴുതിയ കഥയല്ല, കഥയ്ക്കു വേണ്ടി നിവിനെ സമീപിച്ചു 

ഒരു ആർടിസ്റ്റിനു വേണ്ടി എന്നുപറഞ്ഞ് ഞാൻ സിനിമ എഴുതാറില്ല. സിനിമ എന്നത് ഒരു പ്രോജക്ട് ആണ്. എന്നെ ഏറ്റവുമധികം ആകർഷിക്കുന്നത് കഥയാണ്. കഥയ്ക്കൊരു ആത്മാവുണ്ട്, അതിനെ ഒരു പ്രോജക്ട് ആക്കി മാറ്റുക ആണ് ലക്ഷ്യം. ഈ സിനിമയ്ക്കു വേണ്ടി ആദ്യമായും അവസാനമായും സമീപിച്ചത് നിവിനെ ആണ്. നിവിനു വേണ്ടി കഥ മാറ്റി എഴുതുകയോ കൂട്ടിച്ചേർക്കുകയോ ചെയ്തിട്ടില്ല. എന്റെ ഒരു സിനിമയ്ക്കും അങ്ങനെ ചെയ്തിട്ടില്ല. ഇത് എന്റെ മൂന്നാമത്തെ സിനിമയാണ്. ആർട്ടിസ്റ്റിന് ഇഷ്ടപ്പെട്ടില്ലെന്നു കരുതി ആ സിനിമ ചെയ്യാതിരിക്കാൻ പറ്റില്ലല്ലോ. കഥയിലുള്ള വിശ്വാസം വച്ചല്ലേ മുന്നോട്ട് പോകുന്നത്. ഈ കഥ എഴുതിയപ്പോൾ ഇത് സിനിമയാക്കണം, സിനിമയായാൽ അടിപൊളി ആയിരിക്കും എന്ന് തോന്നി ആ നിമിഷത്തിൽ, നിവിൻ ആയിരിക്കും ഈ കഥാപാത്രത്തിന് അനുയോജ്യൻ എന്നും തോന്നി. നിവിൻ കഥ കേട്ടപ്പോൾ സന്തോഷപൂർവം ഓക്കേ പറഞ്ഞു. ധ്യാനിനോട് ഞാൻ കഥപോലും പറഞ്ഞില്ല. ധ്യാനിനെ വിളിച്ചിട്ട് ഇങ്ങനെ ഒരു പ്രോജക്ട് ഉണ്ട് എന്ന് പറഞ്ഞപ്പോൾത്തന്നെ ‘അളിയാ റെഡി ആണ്, എപ്പോ വരണം’ എന്നാണു ചോദിച്ചത്. 

ഹാപ്പി മൂഡിൽ ഒരു സിനിമ ചെയ്യണം എന്നു തോന്നി 

മുൻപു ചെയ്ത രണ്ടു സിനിമകളും ത്രില്ലർ സ്വഭാവം ഉള്ളതായിരുന്നു. അത്തരം സിനിമ ചെയ്യുമ്പോൾ എല്ലാവരും ടെൻഷനിൽ ആയിരിക്കും. അതുകൊണ്ട് ഇത്തവണ ഹാപ്പി മൂഡുള്ള സിനിമ ചെയ്യണം എന്നായിരുന്നു ആഗ്രഹം. ഇത് ചെയ്തപ്പോൾ സെറ്റിൽ മുഴുവൻ സന്തോഷം ഉണ്ടായിരുന്നു. സിനിമ ഷൂട്ട് കഴിഞ്ഞ് പോസ്റ്റ്‌ പ്രൊഡക്‌ഷൻ വർക്ക് നടന്നുകൊണ്ടിരിക്കുന്നു. ഈ വർഷം ആദ്യപകുതിയിൽ തന്നെ റിലീസ് ചെയ്യണം എന്നാണ് ആഗ്രഹം. 

ഡിജോ ജോസ്, നിവിൻ പോളി, ധ്യാൻ ശ്രീനിവാസൻ
ഡിജോ ജോസ്, നിവിൻ പോളി, ധ്യാൻ ശ്രീനിവാസൻ

‘ജനഗണമന’ പ്രതീക്ഷിച്ചു വരരുത് 

വ്യത്യസ്തമായ സിനിമകൾ ചെയ്യാൻ ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. എന്റെ ആദ്യ രണ്ടു ചിത്രങ്ങളുടേയും ട്രെയിലർ ഇറങ്ങിയപ്പോൾത്തന്നെ സിനിമയുടെ സ്വഭാവം വ്യക്തമാക്കിയിരുന്നു. അതുപോലെ തന്നെ ‘മലയാളി ഫ്രം ഇന്ത്യ’ എന്ന സിനിമയുടേയും സ്വഭാവമാണ് ട്രെയിലറിൽ കാണുന്നത്. ‘ജനഗണമന’ കണ്ട പ്രേക്ഷകർ അത്തരമൊരു സിനിമ പ്രതീക്ഷിച്ച് വരരുത്. ഈ പ്രമോയിൽ ഉള്ളത് പ്രതീക്ഷിച്ച് വരുന്ന പ്രേക്ഷകർ നിരാശരാകില്ല. പ്രമോ ഇറങ്ങിയപ്പോൾ കിട്ടുന്ന പ്രതികരണങ്ങളിൽ നിന്ന് മനസ്സിലാകുന്നത് ഈ പ്രമോ അതിന്റെ അതേ സ്പിരിറ്റിൽ പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട് എന്നാണ്.

English Summary:

Chat with Dijo Jose Antony

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com