ADVERTISEMENT

തിരക്കഥയിൽ പുതിയ പരീക്ഷണം നടത്തിയിട്ടുള്ള സിനിമയാണ് അന്വേഷിപ്പിൻ കണ്ടെത്തും. ആ പരീക്ഷണമാണ് ഈ സിനിമയിൽ തനിക്കുള്ള പ്രതീക്ഷയും ആശങ്കയുമെന്ന് തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാം. ‘മാസ്റ്റേഴ്സ്’ എന്ന ആദ്യ ചിത്രത്തിലെ തിരക്കഥയിൽ പുതിയ പരീക്ഷണങ്ങളൊരുക്കി വിജയിച്ച ജിനു വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം എഴുതുന്ന ക്രൈം ത്രില്ലർ കൂടിയാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’. ഈ വർഷത്തെ ആദ്യ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ എന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്. കടുവ, മാസ്റ്റേഴ്സ്, ലണ്ടൻ ബ്രിഡ്ജ് തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തും, ആദം ജോൺ എന്ന ചിത്രത്തിന്റെ സംവിധായകനുമായ ജിനു അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന മമ്മൂട്ടി ചിത്രം ‘ബസൂക്ക’യുടെ നിർമാതാക്കളിലൊരാളാണ്. ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 9 ന് തിയറ്ററുകളിൽ എത്തും. തിരക്കഥയും സിനിമ വിശേഷങ്ങളുമായി ജിനു വി. ഏബ്രഹാം മനോരമ ഓൺൈലനിൽ എത്തുന്നു.

എന്തൊക്കെയോ ഒളിപ്പിക്കുകയാണോ സിനിമയുടെ പേര്, എങ്ങനെയാണ് അതിലേക്കെത്തുന്നത്?

എന്തുകൊണ്ട് ഈ പേര് എന്നതിന്റെ കൃത്യമായ ഉത്തരം സിനിമ കാണുമ്പോൾ ലഭിക്കും. ‘അന്വേഷിപ്പിൻ കണ്ടെത്തും, മുട്ടുവിൻ തുറക്കപ്പെടും’ എന്നത് ബൈബിളിലുള്ള, ഒരുപാട് പ്രതീക്ഷ തരുന്ന വാക്കുകളാണ്. നിങ്ങൾ അന്വേഷിച്ചാൽ നിങ്ങൾക്ക് കണ്ടെത്താൻ സാധിക്കും, നിങ്ങളുടെ പരിശ്രമങ്ങളാണ് നിങ്ങൾക്ക് ഫലം തരുന്നത് എന്നൊക്കെയാണ് നമുക്കതിൽനിന്നു പെട്ടെന്നു പിടികിട്ടുന്ന കാര്യം. ഈ സിനിമയെ സംബന്ധിച്ചിടത്തോളം ഈ വാക്കുകൾ അതിനോട് ഇഴുകിച്ചേർന്നു കിടക്കുന്നതാണ്. സ്ക്രിപ്റ്റ് എഴുതുമ്പോൾത്തന്നെ വന്ന ടൈറ്റിലാണ് ഇത്. സിനിമയിലെ ഒരു പ്രത്യേക സീനിൽ ഈ വാചകം കടന്നു വരുന്നുണ്ട്. അവിടെ നിന്നാണ് ഞാൻ തീരുമാനിക്കുന്നത് ടൈറ്റിൽ ഇതു തന്നെയാക്കാമെന്ന്. അങ്ങനെ ഈ പേര് തന്നെയാണ് ആദ്യം മുതലേ ടൈറ്റിലായി ചിന്തിച്ചത്. 

മർഡർ ത്രില്ലറുകൾ ഇന്ന് പുതുമയുള്ളതല്ല, അന്വേഷിപ്പിൻ കണ്ടെത്തും നൽകുന്ന പുതുമ? 

ഞാൻ ധാരാളം ത്രില്ലർ സിനിമകൾ കാണുന്ന ഒരാളാണ്. ഏത് ഭാഷയിലും ഒരു നല്ല ത്രില്ലർ വന്നാൽ അത് കാണാൻ ശ്രമിക്കും. അതെന്റെ ഇഷ്ടപ്പെട്ട ജോണറാണ്. എന്റെ ആദ്യ സിനിമ മാസ്റ്റേഴ്സ് ഒരു മർഡർ ഹിസ്റ്ററിയും സൂയിസൈഡ് കില്ലിങ്ങും പാറ്റേൺ കൊലപാതകങ്ങളും ഒക്കെയുള്ള ചിത്രമായിരുന്നു. അത് 2012 ലാണ് പുറത്തിറങ്ങിയത്. വീണ്ടുമൊരു പന്ത്രണ്ട് വർഷങ്ങൾക്കിപ്പുറത്താണ് എന്റേതായ ഒരു ത്രില്ലർ ചിത്രം പുറത്തുവരുന്നത്. ഞാൻ ഇവിടെ വന്നുപോകുന്ന സിനിമകളൊക്കെ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. ആ ടെംപ്ലേറ്റുകളിലൊന്നും ഉൾപ്പെട്ട ചിത്ര:മല്ല അന്വേഷിപ്പിൻ കണ്ടെത്തും. അവയിൽനിന്ന് ഒരുപാട് മാറ്റങ്ങൾ ആ കഥയിലുണ്ട്. തിരക്കഥയിൽ ഒരു പരീക്ഷണം നടത്തിയിട്ടുള്ള സിനിമയാണ്. ഇത് ഞാൻ ആദ്യമായി പറയുന്നതും മനോരമ ഓൺലൈനിനോടാണ്. ആ പരീക്ഷണമാണ് ഈ സിനിമയിൽ എനിക്കുള്ള എക്സൈറ്റ്മെന്റും അതേസമയം പേടിയും. 

ത്രില്ലർ ചിത്രങ്ങളുടെ തിരക്കഥകൾക്ക് നിശ്ചിത ഫോർമാറ്റുകളുണ്ടാവാറുണ്ട്. അവയിലേതെങ്കിലും സ്വീകരിക്കാൻ ശ്രമിച്ചിട്ടുണ്ടോ? തിരക്കഥാ രചനയിൽ കൂടുതലായി സ്വാധീനിച്ചിട്ടുള്ളതെന്താണ്? 

ഞാൻ എപ്പോഴും ഒരു തിരക്കഥയുടെ പാരായണക്ഷമത അഥവാ റീഡബിലിറ്റിയാണ് നോക്കുന്നത്. ഒരു തിരക്കഥയെഴുതുമ്പോൾ, അതു വായിക്കുന്ന ആൾക്ക് മനസ്സിലാക്കാനും കഥ പിന്തുടരാനും പറ്റുന്നുണ്ടോ എന്നാണ് ഞാൻ നോക്കാറുള്ളത്. കുറച്ചുകൂടെ ലളിതമാക്കാൻ ശ്രമിക്കലാണ് എന്റെ രീതി. അതായത്, ഈ കഥ വായിക്കുമ്പോഴോ സിനിമ കാണുമ്പോഴോ, ഏറ്റവും സാധാരണക്കക്കാരനായ ഒരാൾക്ക് അയാളുടെ ഭാവനയിൽ അത് കാണാനും വിഷ്വലൈസ് ചെയ്യാനും സാധിക്കുന്നുണ്ടോ എന്നു നോക്കിയാണ് ഞാൻ എപ്പോഴും തിരക്കഥയൊരുക്കുന്നത്. ഒരു കമേഴ്സ്യൽ രീതിയിൽ തന്നെയാണ് സ്ക്രിപ്റ്റിനെ സമീപിക്കാറുള്ളതും. അതിന് അക്കാദമിക് തലങ്ങൾ നൽകാറില്ല. എന്നാൽ ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ എന്തു പുതുമയാണ് കൊണ്ടുവരാൻ സാധിക്കുക എന്ന് ഞാൻ ശ്രദ്ധിക്കും. മെയിൻ പ്ലോട്ടിലാണ് എപ്പോഴും ഒരു പുതിയ സംഭവം ആലോചിക്കുന്നത്. എങ്കിൽ മാത്രമേ നമുക്ക് തിരക്കഥയിൽ മാറ്റം കൊണ്ടുവരാൻ സാധിക്കൂ. പറഞ്ഞു പഴകിയ വിഷയമാണ് സംസാരിക്കുന്നതെങ്കിൽ എന്തൊക്കെ മാറ്റം വരുത്തിയാലും പ്രയോജനമില്ല. 

jinu-v-abraham

പ്രഡിക്റ്റബിലിറ്റി ബ്രേക്കിങ് ത്രില്ലർ രചനകളുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണല്ലോ. അതൊരു ശ്രമകരമായ കാര്യമാണെന്ന് തോന്നിയിട്ടുണ്ടോ? 

പ്രഡിക്ടബിലിറ്റി ബ്രേക്ക് ചെയ്യാൻ പറ്റുന്ന ഒരു സീൻ ഓർഡർ മനസ്സിൽ ആലോചിക്കുമ്പോൾത്തന്നെ അതവിടെ ബ്രേക്ക് ചെയ്യപ്പെടുന്നുണ്ട്. ഇവിടെ ഞാൻ എന്ന പ്രേക്ഷകനെയാണ് എനിക്ക് തൃപ്തിപ്പെടുത്തേണ്ടത്. ആ പ്രേക്ഷകൻ അവിടെ തൃപ്തിപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുക മാത്രമായിരിക്കും ആദ്യഘട്ടത്തിൽ എനിക്ക് ചെയ്യാൻ പറ്റുന്ന കാര്യം. അവിടെ ഞാൻ എന്നോടു തന്നെയാണ് സംവദിക്കുന്നതും, ഞാൻ തന്നെയാണ് എഴുതുന്നതും, ഞാൻ മാത്രമാണ് അപ്പോൾ അത് വിഷ്വലൈസ് ചെയ്യുന്നതും. അവിടെ എന്റെ ധാരണകളെ തിരുത്തി സീൻ ഓർഡറുണ്ടാക്കാൻ സാധിക്കുണ്ടോ എന്നാണ് ഞാൻ നോക്കാറുള്ളത്. അത്തരത്തിൽ പ്രെഡിക്ടബിലിറ്റി ബ്രേക്ക് ചെയ്യാനുള്ള ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. 

jinu-darwin

ഞാൻ ഈ സ്ക്രിപ്റ്റ് എഴുതുന്നത് 2020 ൽ ആദ്യ ലോക്ഡൗൺ കാലഘട്ടത്തിലാണ്. അന്ന് ഇത്രയും ത്രില്ലറുകളൊന്നും വന്നിട്ടില്ല. മിക്കവരും ഈ പറഞ്ഞ ലോക സിനിമകൾ കാണാൻ തുടങ്ങിയിട്ടില്ല. അതിനെല്ലാം മുൻപ് വന്ന ഒരു തിരക്കഥയാണിത്. ശേഷം ഞാൻ റീ വർക്ക് ചെയ്തിട്ടുണ്ടെങ്കിലും അതിന്റെ പ്രധാന എഴുത്തു നടന്നത് ആ കാലത്താണ്. സിനിമ നടക്കുന്നത് ഈ കാലഘട്ടത്തിലും. അതുകൊണ്ട് ആളുകൾ അതെങ്ങനെ സ്വീകരിക്കുമെന്ന് തിയറ്ററിൽ വരും മുൻപ് എനിക്ക് കൃത്യമായി അറിയില്ല . 

2020 ൽ നിന്നും 2024 ലേക്ക് എത്തുമ്പോൾ ആസ്വാദനത്തിൽ വന്ന മാറ്റം ചിത്രത്തെ ബാധിക്കില്ലേ?   

ഇപ്പോൾ പുതിയ വിഷയങ്ങൾ വരുമ്പോൾ, പുതുമ ഇതിനൽപം കുറയും എന്ന കാര്യം എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷേ, താരങ്ങളെ വച്ച് ചെയ്യുന്ന മിക്ക സിനിമകളും നടക്കുന്നത്, അതു തീരുമാനിച്ച് ഒന്നോ രണ്ടോ വർഷങ്ങൾ കഴിഞ്ഞാണ്. എല്ലാവരും ഇത് നേരിടുന്നുണ്ട്. അത് മുൻകൂട്ടി കണ്ടുകൊണ്ടാണ് വിഷയങ്ങൾ ആലോചിക്കുന്നതും കഥ സംസാരിക്കുന്നതും. അതുകൊണ്ട് ഇതൊരു വലിയ പ്രശ്നമായി വന്നിട്ടില്ല. പിന്നെ ഇപ്പോഴുള്ള ത്രില്ലറുകളുടെ കുത്തൊഴുക്കും വന്നുപോയ ലോക്ക്ഡൗൺ കാലവും ഉള്ളതുകൊണ്ട് സാഹചര്യം എങ്ങനെയാകുമെന്ന് അറിയില്ല. അതൊരു വലിയ പ്രതിസന്ധിയാണ്. 

tovino-4

എങ്ങനെ ടൊവിനോയിലേക്ക്

എന്റെ ഫിലിമോഗ്രഫി ശ്രദ്ധിച്ചാൽ, അതിലൊക്കെ ഞാൻ പൃഥ്വിരാജിനൊപ്പമാണ് ചെയ്തിട്ടുള്ളത്. വേറെ ഒരു ആക്ടറിനടുത്തേക്കും ഞാൻ പോയിട്ടില്ല, വേറെ ആരുമായും വർക്ക് ചെയ്തിട്ടുമില്ല. ഈ കഥ ആലോചിക്കുമ്പോൾത്തന്നെ, എനിക്ക് കുറച്ചുകൂടെ പ്രായം കുറഞ്ഞ ഒരാൾ വേണം എന്ന് തോന്നിയിരുന്നു. പ്രായം കൊണ്ടു മാത്രമല്ല, സിനിമയിൽ വന്നിട്ടുള്ള പരിചയം കൊണ്ടുമൊക്കെ ചെറുപ്പക്കാരനായ ഒരാളെ വേണമായിരുന്നു. കാരണം, ആ കഥാപാത്രം അങ്ങനെയുള്ള ആളാണ്. പുതുതായി സർവീസിൽ വരുന്ന ആനന്ദ് നാരായണൻ എന്ന എസ്ഐയുടെ കഥയാണിത്. ഈ കഥാപാത്രം ചെയ്യാൻ യോജ്യനാരാണെന്ന് ആലോചിച്ചപ്പോൾ എനിക്ക് ടൊവിനോയുടെ പേരാണ് വന്നത്. 

അന്ന് ടൊവിനോയെ എനിക്ക് പരിചയമില്ല. ഒന്നോ രണ്ടോ തവണ കണ്ട് സംസാരിച്ചിട്ടുള്ളതുകൊണ്ട് നമ്പർ ഷെയർ ചെയ്തിരുന്നു. അതുകൊണ്ട് സ്ക്രിപ്റ്റ് പൂർത്തിയാക്കി പിറ്റേ ദിവസം തന്നെ ടൊവിനോയെ ഫോണിൽ ബന്ധപ്പെട്ടു. അന്ന് ലോക്ഡൗൺ നിബന്ധനകളൊക്കെ കുറഞ്ഞു വരുന്ന സമയമായിരുന്നു. അന്ന് ടൊവിനോ പറഞ്ഞത് ‘‘എനിക്കിപ്പോൾ ഒരു മകൻ ജനിച്ചിരിക്കുന്ന സമയമാണ്, അതുകൊണ്ട് എറണാകുളത്തു വന്ന്, പുറത്തിറങ്ങി കഥ കേൾക്കാൻ സാധിക്കുന്ന സാഹചര്യമല്ല. ചേട്ടൻ ഇങ്ങോട്ടു വരാമെങ്കിൽ നമുക്ക് സ്വസ്ഥമായി വീട്ടിലിരിക്കാം’’ എന്നാണ്. അങ്ങനെയാണ് ഞാൻ കണ്ടെയ്ൻമെന്റുകളൊക്കെ താണ്ടി ടൊവിനോയുടെ അടുത്തെത്തി ഈ സ്ക്രിപ്റ്റ് വായിക്കുന്നത്. 

അതിന് ശേഷം ഒരുപാട് കഥകൾ കേൾക്കുകയും സിനിമകൾ ചെയ്യുകയും ചെയ്തിട്ടുണ്ട് ടൊവിനോ. പക്ഷേ ഈ കഥയിലുള്ള അയാളുടെ എക്സൈറ്റ്മെന്റ് ഒരിക്കലും കുറഞ്ഞിട്ടില്ല. കാരണം അയാളെ ഓരോ തവണ കണ്ടപ്പോഴും പറഞ്ഞിട്ടുള്ളത് ഇത് എന്തായാലും ചെയ്യണമെന്നാണ്. എന്നാൽ, അതിനകം ഏറ്റെടുത്ത നാലഞ്ച് വർക്കുകൾ തീർക്കാതെ ഇത് തുടങ്ങാനും പറ്റില്ല, അതെല്ലാം ലോക്ഡൗൺ തീർന്നതിനു ശേഷമേ തുടങ്ങാനും കഴിയൂ, അതുകൊണ്ട് ‘ഒന്നു കാത്തിരിക്കൂ’ എന്ന് പറഞ്ഞിരുന്നെങ്കിൽ പോലും, ഇത്ര കാലമെടുത്തിട്ടും അദ്ദേഹത്തിന്റെ എക്സൈറ്റ്മെന്റ് കുറഞ്ഞിട്ടില്ല എന്നതാണ് ഈ തിരക്കഥയിലുള്ള ഏറ്റവും വലിയ വിശ്വാസം. ഈ കഥാപാത്രം ടൊവിനോയെപ്പോലെ ഒരു നടനെ ആവശ്യപ്പെടുന്നുണ്ട് എന്നുള്ളതാണ് അതിലേക്കെത്താനുള്ള കാരണം. 

എന്തുകൊണ്ടാണ് ഇതൊരു പീരിയോഡിക് ചിത്രമായിരിക്കണം എന്നു തീരുമാനിച്ചത്?

എനിക്ക് കാണാൻ ആഗ്രഹമുള്ള സിനിമകളാണ് ഞാൻ എഴുതാനും സംവിധാനം ചെയ്യാനും ശ്രമിക്കാറുള്ളത്. ഒരുപാട് കാലമായി ആഗ്രഹിച്ചിരുന്നതായിരുന്നു ഒരു പീരീഡ് ഇൻവെസ്റ്റിഗേറ്റിങ് ഡ്രാമ. മലയാളത്തിൽ വന്നിട്ടുള്ളതിൽ‌ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളാണ് കാണാതായ പെൺകുട്ടി, യവനിക, ഉത്തരം, ഈ കണ്ണി കൂടി തുടങ്ങിയവ. അതിന്റെയൊക്കെ ഒരു അന്തരീക്ഷം എനിക്ക് വളരെ ഇഷ്ടമാണ്. അത് സെറ്റ് ചെയ്തിരിക്കുന്നത്, ലൊക്കേഷൻസ് ഒക്കെ. അങ്ങനെ ഒരു സിനിമ ഇനിയും വരണം എന്നത് വളരെക്കാലമായുള്ള ആഗ്രഹമാണ്. എൺപതുകളുടെ ഒടുക്കവും തൊണ്ണൂറുകളുടെ തുടക്കവും വരുന്ന ചിത്രങ്ങൾ ഇവിടെ ഉണ്ടായിട്ട് ഒരുപാട് കാലമായി. അങ്ങനെ ആലോചിച്ചാലോചിച്ചാണ് ഇങ്ങനെ ഒരു കഥയിലേക്കെത്തുന്നത്. ഒരുപാട് വർഷത്തെ ആലോചനയുണ്ട് ഇതിനു പുറകിൽ. 

മമ്മൂട്ടി ചിത്രം ബസൂക്കയുടെ നിർമാതാവ് കൂടെയാണല്ലോ, എന്തൊക്കെയാണ് ചിത്രത്തിന്റെ വിശേഷങ്ങൾ?  

ബസൂക്കയുടെ അവസാന പതിമൂന്ന് ദിവസത്തെ ചിത്രീകരണം ബാക്കിയുണ്ട്. മമ്മൂക്കയുടെ ചിത്രീകരണം എല്ലാം പൂർത്തിയായി. ഗൗതം മേനോന്റെ ഭാഗങ്ങളാണ് ബാക്കിയുള്ളത്. അത് പത്താം തീയതിക്കു ശേഷം ആരംഭിക്കും. ഇതിനൊപ്പം പോസ്റ്റ് പ്രൊഡക്‌ഷൻ വർക്കുകൾ നടക്കുന്നുണ്ട്. അധികം വൈകാതെ ചിത്രം പുറത്തിറക്കാൻ വേണ്ട കാര്യങ്ങളെല്ലാം നടക്കുന്നുണ്ട്. 

jinu-darwin-mammootty

ബസൂക്ക സംസാരിക്കുന്നത് ഒരു പുതിയ ജോണർ ആണ്. ഇത് സാധ്യമായത് മമ്മൂക്ക ഒരാളുടെ കോൺഫിഡൻസിലാണ്. സംവിധായകൻ ഒരുപാട് കാലമായി സിനിമയുടെ സ്ക്രിപ്റ്റുമായി നടക്കുകയായിരുന്നു. അതിന്റെ ജോണർ പുതിയതായതുകൊണ്ടാവാം, പ്രാവർത്തികമാക്കാൻ സാധിക്കാതെ നിൽക്കുന്ന സമയത്താണ് മമ്മൂക്ക വഴി കഥ ഞങ്ങളിലേക്കെത്തുന്നത്. ഇത്തരമൊരു പരിപാടിയിൽ മമ്മൂക്കയുടെ കോൺഫിഡൻസ് കണ്ടിട്ടാണ് ഞങ്ങൾ ചിത്രം ഏറ്റെടുക്കുന്നത്.

ഞാൻ പഠിക്കുന്ന കാലം മുതലേ മമ്മൂക്കയുടെ ആരാധകനാണ്. പത്തു പന്ത്രണ്ട് മോഹൻലാൽ ഫാൻസിനെ ഒറ്റയ്ക്ക് നേരിട്ടിട്ടുണ്ട് ഞാൻ. അത്രക്കും വലിയ ഫാൻ ബോയിയാണ്. ആ ആവേശം എനിക്ക് ഒരുപാടുണ്ട്. മമ്മൂക്കയുടെ സിനിമയുടെ പ്രൊഡക്‌ഷൻ ഏറ്റടുത്ത ദിവസം തന്നെ ഞാൻ പറഞ്ഞിരുന്നു : "മമ്മൂക്കയെവെച്ച് ഒരു സ്ക്രിപ്റ്റ് എഴുതാൻ എനിക്ക് കഴിഞ്ഞിട്ടില്ല, പ്രൊഡ്യൂസ് ചെയ്യാനെങ്കിലും സാധിച്ചല്ലോ" എന്ന്. മമ്മൂക്കയുടെ ആ കോൺഫിഡൻസ് ആണ് ബസൂക്കയിലെ ഞങ്ങളുടെയെല്ലാം ഏറ്റവും വലിയ പ്രതീക്ഷ. 

ഒരു സിനിമയുടെ നിർമാണം ഏറ്റെടുക്കുന്നത് എന്തൊക്കെ അടിസ്ഥാനപ്പെടുത്തിയാണ്? 

കഥ കേട്ട് കഴിയുമ്പോൾ, ഇതെനിക്കിത്തിരി ആവേശം തരുന്നതാണ് എന്ന തോന്നലുണ്ടാകുമ്പോഴാണ് അത് എഴുതുന്നത്. ഈ കഥ എന്തു തന്നെയായാലും എഴുതണം എന്ന് തോന്നുമ്പോൾ. അങ്ങനെ തന്നെയാണ് പ്രൊഡ്യൂസ് ചെയ്യുന്നതും. ഒരു കഥ കേൾക്കുമ്പോൾ തോന്നുന്ന ആവേശത്തിനുപുറത്താണ് അത് ഏറ്റെടുക്കുന്നത്. ഇപ്പോൾ ഏറ്റെടുത്തിരിക്കുന്ന ചിത്രങ്ങളും അനൗൺസ് ചെയ്യാൻ പോകുന്നതും എല്ലാം അങ്ങനെ സംഭവിച്ചതാണ്. ആ ഫീലിങ് ഉണ്ടെങ്കിലേ ചിത്രത്തിനു വേണ്ടി നമുക്ക് ആത്മാർത്ഥമായി പണിയെടുക്കാൻ കഴിയൂ. ആ സിനിമയ്ക്കു വേണ്ടി നമ്മുടെ സമയവും പണവും അധ്വാനവുമൊക്കെ ചെലവാക്കി നിൽക്കാനുള്ള ആവേശം ആ കഥയ്ക്കുണ്ടാവണം. സിനിമയുടെ സബ്ജക്ട് ആണ് എന്റെ ക്രൈറ്റീരിയ. 

മാസ്റ്റേഴ്സ് -ഒരു ത്രില്ലറിന്റെ വിജയം എന്നത് എന്താണ് ? 

ആദ്യ ചിത്രം മാസ്റ്റേഴ്സ് വാണിജ്യ വിജയം നേടിയ ചിത്രമല്ല. പക്ഷേ അത് പിന്നീട് ടിവിയിലും യൂട്യൂബിലും ഒക്കെ സ്വീകരിക്കപ്പെട്ടു. പിന്നീട് ഒരു സമയത്ത് ചർച്ച ചെയ്യപ്പെടുകയും ചെയ്തു. ഒരു ത്രില്ലർ സിനിമയെ സംബന്ധിച്ചിടത്തോളം എന്താണ് അതിന്റെ വിജയം നിർവചിക്കുന്നത്? 

ഞാൻ മുൻപു പരാമർശിച്ചിട്ടുള്ള നാലു സിനിമകൾ - ഈ കണ്ണികൂടി, യവനിക, ഉത്തരം, കാണാതായ പെൺകുട്ടി– ഇതിൽ മൂന്ന് സിനിമകളും തിയറ്ററിൽ പരാജയപ്പെട്ടതാണ്. ഒരു സിനിമ മാത്രമാണ് തിയറ്ററിൽ റിലീസ് ചെയ്തപ്പോൾ ചർച്ച ചെയ്യപ്പെട്ടത് - യവനിക. ഇപ്പോഴും ഒരു ക്ലാസിക് ആയി നിൽക്കുന്ന ചിത്രം അന്ന് വാണിജ്യപരമായും ഒരു വിജയമായിരുന്നു. പക്ഷേ, ഇപ്പോൾ ഈ പറഞ്ഞ എല്ലാ സിനിമകളെക്കുറിച്ചും പലരും സംസാരിക്കുന്നു, ചർച്ചകൾ നടക്കുന്നു. 

അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിൽ ഞാനൊരു പരീക്ഷണം നടത്തിയിട്ടുണ്ട്. അതിൽ എന്നെ എക്സൈറ്റ് ചെയ്യിച്ച കുറെ കാര്യങ്ങളുണ്ട്. അതിൽ ആദ്യ കാഴ്ചയിൽ കിട്ടുന്ന ലളിതമായ കുറെ കാര്യങ്ങളുണ്ട്. പക്ഷേ അത് പ്രേക്ഷകർക്ക് കിട്ടാതിരുന്ന ഒരു പോയിന്റിനെക്കുറിച്ചാണ് ഞാനിപ്പോൾ പറയുന്നത്. അതായത്, റിലീസ് ചെയ്യുന്ന സമയത്ത് പല കാരണങ്ങളുണ്ടാവാം സിനിമയുടെ വിജയത്തിന്. ഒരു നല്ല നാലു മഴ പെയ്ത് കഴിഞ്ഞാൽ, ചിലപ്പോൾ നല്ല സിനിമകൾ ഒരു ചർച്ചയിലും പെടാതെ പോകും. പണ്ടൊക്കെ സിനിമകൾക്ക് ഒരു ബ്രീത്തിങ് സ്പേസ് ഉണ്ടായിരുന്നു തിയറ്ററിൽ. ഒരാഴ്ചയോ പത്ത് ദിവസമോ ഒക്കെ. ഇപ്പോൾ അനിയത്തിപ്രാവ് എന്ന സിനിമയൊക്കെ പരിശോധിച്ചാൽ, ആദ്യ ദിവസങ്ങളിലൊക്കെ ആളുകൾ അത്ര നല്ല അഭിപ്രായം പറഞ്ഞ സിനിമയല്ല അത്. പക്ഷേ കുറച്ച് ദിവസം അതവിടെനിന്ന് പ്രത്യേക വേറൊരുതരം പ്രേക്ഷകർ വന്നപ്പോഴാണ് സൂപ്പർ ഹിറ്റിലേക്ക് പോയത്.

ഇത്രയും ത്രില്ലറുകൾക്കിടയിൽ അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിന്റെ പ്രാധാന്യമെന്തെന്ന് ചോദിച്ചതു പോലെ, അത് തന്നെയായിരുന്നു മാസ്റ്റേഴ്സ് എഴുതുമ്പോഴും എന്റെ മുന്നിൽ ഉണ്ടായിരുന്ന ചോദ്യം. എന്നെ എക്സൈറ്റ് ചെയ്യിപ്പിക്കുന്നതെന്താണെന്ന് ചോദിച്ചപ്പോൾ, അതിൽ ഒരു പുതിയ പരിപാടി ഞാൻ സെറ്റ് ചെയ്ത് വെച്ചിരുന്നു എന്നെനിക്ക് പറയാൻ സാധിച്ചു. അതേ പുതുമായാണ് അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിലും കൊണ്ടുവരാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. അത് ആളുകൾ ഏറ്റെടുക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. തിയറ്ററിൽ ഏറ്റെടുക്കപ്പെടാത്ത ഒരു ദൗർഭാഗ്യം ഉണ്ടാവുകയാണെങ്കിൽ പോലും, ഈ സിനിമ കാലങ്ങൾക്കപ്പുറവും എവിടെയെങ്കിലുമൊക്കെ ചർച്ച ചെയ്യപ്പെടുന്ന സിനിമയായിരിക്കും. ആ ക്വാളിറ്റി സിനിമയ്ക്കുണ്ടെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. 

ഇനി വരാനിരിക്കുന്ന പ്രോജക്ടുകൾ? 

പ്രൊഡക്‌ഷനിൽ ഇനി വരാനിരിക്കുന്നത് മമ്മൂട്ടി ചിത്രം ബസൂക്കയാണ്. തിരക്കഥ എഴുതുന്നതിൽ എന്റെ പഴയ തട്ടകത്തിൽനിന്നു തന്നെയുള്ള ചിത്രമാണ്. രാജുവുമായി ചേർന്ന്, വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫ എന്ന ചിത്രമാണ് അടുത്തത്. അത് സ്വർണ്ണക്കടത്തും മറ്റുമൊക്കെയായി ബന്ധപ്പെട്ടിട്ടുള്ള ഒരു ചിത്രമാണ്. ആമിർ അലി എന്ന ഒരു കള്ളക്കടത്തുകാരന്റെ വേഷമാണ് പൃഥ്വിരാജ് അതിൽ ചെയ്യുന്നത്.

English Summary:

Exclusive chat with Jinu V Abraham

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com