ADVERTISEMENT

രാഹുൽ സദാശിവൻ ഒരുക്കിയ ‘ഭ്രമയുഗ’മെന്ന നിഗൂഢ മനയ്ക്കുള്ളിൽനിന്നു പ്രേക്ഷകർക്ക് ഇനിയും പുറത്തിറങ്ങാൻ കഴിഞ്ഞിട്ടില്ല. ചെകുത്താന്റെ ചിരിയുമായി ഇപ്പോഴും കൊടുമൺ‌ പോറ്റി ഇല്ലത്തിന്റെ പൂമുഖത്ത് അതിഥിയെക്കാത്ത് ഇരിക്കുകയാണ്, ഒപ്പം വശ്യസുന്ദരമായ കാന്തികശക്തിയുള്ള നോട്ടം കൊണ്ട് യക്ഷിയും പ്രേക്ഷകനെ ഭ്രമയുഗത്തിനുള്ളിൽ കുരുക്കിയിട്ടുകളഞ്ഞു. രാഹുൽ സദാശിവൻ ഒരു ചെറിയ കഥാപാത്രമാണ് എന്നുപറഞ്ഞപ്പോൾ, തന്നെ തേടിയെത്തിയത് ഇത്രയും വലിയൊരു മഹാഭാഗ്യമാണെന്ന് അറിഞ്ഞില്ലെന്ന് യക്ഷിയെ അവതരിപ്പിച്ച അമാൽഡ ലിസ് പറയുന്നു. പക്ഷേ കഥ കേട്ടപ്പോൾത്തന്നെ ഈ കഥാപാത്രം ചെയ്യണമെന്നൊരു ഉൾവിളി ഉണ്ടായി. ദുൽഖർ സൽമാനൊപ്പം കമ്മട്ടിപ്പാടത്തിൽ തുടക്കം കുറിച്ച അമാൽഡ ഇപ്പോൾ മമ്മൂട്ടിയോടൊപ്പം സ്ക്രീൻ പങ്കിടാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ്. മമ്മൂട്ടി കൊടുമൺ പോറ്റിയായി മാറുന്നതിനു സാക്ഷ്യം വഹിച്ചതിന്റെ വിസ്മയവും ചിത്രം മെഗാ ഹിറ്റാകുന്നതിന്റെ സന്തോഷവും പങ്കുവച്ചുകൊണ്ട് അമാൽഡ ലിസ് മനോരമ ഓൺലൈനിലെത്തുന്നു.

അപ്രതീക്ഷിതമായി തേടിവന്ന ഭ്രമയുഗം 

സംവിധായകൻ രാഹുൽ സദാശിവനാണ് എന്നെ ഈ കഥാപാത്രം ചെയ്യാൻ വിളിച്ചത്. രാഹുലിന്റെ അടുത്തുപോയി കഥ കേട്ടപ്പോൾത്തന്നെ ഞാൻ കണക്ട്ഡ് ആയി. ഇത്തരമൊരു കഥാപാത്രം ചെയ്യണമെന്ന് മോഹിച്ചിട്ടുണ്ട്. പക്ഷേ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് എന്നെത്തേടി ഈ സിനിമ വന്നത്. ഇത്തരം കഥാപാത്രമൊക്കെ ചെയ്യുമ്പോൾ ആദ്യം ഒരു ലുക്ക് ടെസ്റ്റ് ഒക്കെ ചെയ്യാറുണ്ട്. പക്ഷേ ഇതിൽ അതൊന്നും ചെയ്തില്ല. എന്നെ വിളിച്ചു, ഞാൻ പോയി കഥ കേട്ടു. പിന്നെ വർക്ക് തുടങ്ങുകയായിരുന്നു. 

കോസ്റ്റ്യൂം തിരഞ്ഞെടുക്കാൻ ചോയ്‌സ് ഉണ്ടായിരുന്നു 

ഭ്രമയുഗത്തിലെ എന്റെ കഥാപാത്രത്തിനു വേണ്ടി കുറെ കോസ്റ്റ്യൂം ട്രയൽ നടത്തി. എനിക്കു വേണമെങ്കിൽ ഒരു ചെറിയ മേൽക്കച്ച ധരിക്കാമായിരുന്നു അതിനൊന്നും തടസ്സമില്ല. അമാൽഡയ്ക്ക് ഇഷ്ടമുള്ളതുപോലെ ചെയ്യാം എന്ന് രാഹുൽ പറഞ്ഞിരുന്നു. അത് എന്റെ ചോയ്‌സ് ആയിരുന്നു. ഇങ്ങനെ ഒരു കാലഘട്ടത്തിലെ കഥാപാത്രം ചെയ്യുമ്പോൾ ഈ കോസ്റ്റ്യൂം ആണ് ശരി എന്ന് ട്രയൽസ് കഴിഞ്ഞപ്പോൾ എല്ലാവർക്കും ബോധ്യമായിരുന്നു. ആഭരണങ്ങളൊക്കെ ഉണ്ടാക്കിയെടുത്തതാണ്. ഒഡ്യാണം, കാലിലെ തള, കയ്യിലെ ആഭരണം, മോതിരങ്ങൾ, നഖം അങ്ങനെ ഒരുപാട് ഉണ്ട്. 

amalda-bramayugam

എല്ലാം നല്ല രസമായിരുന്നു കാണാൻ. മേക്കപ്പ് ടെസ്റ്റ് ചെയ്‌തിരുന്നു. മുടി ഇതിനു വേണ്ടി പറഞ്ഞ് ഉണ്ടാക്കി. അങ്ങനെ കുറെ പണിയെടുത്താണ് ഈ ലുക്ക് സെറ്റ് ചെയ്തത്. രാഹുൽ ആദ്യം തന്നെ എന്നോട് ലുക്കിനെക്കുറിച്ച് പറഞ്ഞിരുന്നു. ഇതൊരു പ്രത്യേക തരത്തിലുള്ള കഥാപാത്രമാണെന്ന് മനസ്സിലായി. രാഹുൽ ആ കഥാപാത്രത്തെ മുഴുവൻ ഡിസൈൻ ചെയ്തിരുന്നു. വന്യതയും ലാസ്യവും എല്ലാം കൂടിക്കലർന്ന കഥാപാത്രമാണ്. അതിന്റെ ലുക്കും ഭാവവും എല്ലാം രാഹുലിന്റെ മനസ്സിലുണ്ട്. ഡിസൈനും സ്കെച്ചും എല്ലാം തയാറായിരുന്നു. ഞാൻ അതിലേക്ക് എത്തപ്പെടുകയായിരുന്നു.

amalda-liz-32

നിമിഷനേരത്തിൽ മമ്മൂട്ടി കൊടുമൺ പോറ്റി ആയി 

മമ്മൂക്ക കൊടുമൺ പോറ്റി എന്ന കഥാപാത്രത്തിലേക്കു പൂർണമായും ഇഴുകിച്ചേർന്നിരുന്നു. ഈ കഥ കേട്ടപ്പോൾ ചെയ്യാമെന്നു സമ്മതിക്കുക, ഇതുപോലെ കഥാപാത്രത്തെ ഏറ്റെടുക്കുക എന്നൊക്കെ പറഞ്ഞാൽ അധികമാരും ചെയ്യാത്തതാണ്. മമ്മൂക്ക അദ്ദേഹത്തിന്റെ മനസ്സ് മുഴുവൻ കൊടുമൺ പോറ്റിക്കു നൽകുകയായിരുന്നു. ഏതൊരു ആർടിസ്റ്റിന്റെയും ആഗ്രഹം ആയിരിക്കും മമ്മൂക്കയൊടൊപ്പം അഭിനയിക്കാൻ അവസരം കിട്ടുക എന്നുള്ളത്. ഈ സിനിമയുടെ ഭാഗമായതു തന്നെ വലിയൊരു ഭാഗ്യമാണ്. 

amalda-liz-33
amalda-liz-21

അദ്ദേഹം ഇത്തരത്തിൽ ഒരു കഥാപാത്രമായി നിൽക്കുമ്പോൾ കൂടെപ്പോയി നിൽക്കുക എന്നത് ചിന്തിക്കാൻ പോലും വയ്യ. അദ്ദേഹത്തിന്റെ അടുത്തു ചെന്ന് നിന്നപ്പോൾ ഉള്ളൊന്നു കിടുങ്ങി. മമ്മൂക്ക ഭയങ്കര കൂൾ ആയിരുന്നു. ആക്‌ഷൻ പറയുന്നത് വരെ അദ്ദേഹം കോമഡി പറഞ്ഞു നിൽക്കും. അപ്പോഴേക്കും നമ്മളും കൂൾ ആകും. ആക്‌ഷൻ പറഞ്ഞു കഴിഞ്ഞാൽ ആൾ ആകെ മാറി. അദ്ദേഹം ഒരു സെക്കൻഡു കൊണ്ട് കൊടുമൺ പോറ്റിയായി മാറുന്നത് നേരിട്ട് കണ്ടു വിസ്മയിച്ച് പോയി. ഒപ്പം നിൽക്കുന്ന നമ്മളും കഥാപാത്രമായി മാറാതെ വേറെ നിവൃത്തിയില്ല. അദ്ദേഹത്തിന്റെ മുഖത്തു നോക്കുമ്പോൾ നമ്മളും ആ കഥാപാത്രമാണെന്ന് സ്വയം തോന്നും.

ഭ്രമയുഗം സിനിമയിൽ മമ്മൂട്ടി
ഭ്രമയുഗം സിനിമയിൽ മമ്മൂട്ടി

കൊടുമൺ പോറ്റി ഞെട്ടിച്ചു 

എന്റെ ഭാഗം അഭിനയിച്ചു വന്നെങ്കിലും സിനിമ കണ്ടിരുന്നില്ല. റിലീസ് ചെയ്തപ്പോൾ സുഹൃത്തുക്കളോടൊപ്പമാണ് തിയറ്ററിൽ പോയത്. എക്സൈറ്റ്മെന്റ് കാരണം പടം ശരിക്കു കാണാൻ പറ്റിയില്ല. മമ്മൂക്കയുടെ കഥാപാത്രത്തെ കണ്ട ഷോക്കിൽ ആയിരുന്നു ഞാൻ. അദ്ദേഹം എത്രത്തോളം ആ കഥാപാത്രമായി മാറി എന്ന് അടുത്തുനിന്നു കണ്ട ആളാണ് ഞാൻ. എന്നിട്ടുപോലും സ്‌ക്രീനിൽ അദ്ദേഹത്തെ കൊടുമൺ പോറ്റിയായി കണ്ടപ്പോൾ കിടുങ്ങിപ്പോയി. ആ അമ്പരപ്പിൽ ഇരുന്നത് കാരണം സിനിമ മുഴുവൻ ആസ്വദിക്കാൻ പറ്റിയില്ല. സിനിമ തീർന്നിട്ടും ഞാനൊരു മായാലോകത്ത് അകപ്പെട്ട ഫീൽ ആയിരുന്നു. ഇനി മനഃസമാധാനത്തോടെ ഒന്നുകൂടി തിയറ്ററിൽ പോയി ആസ്വദിച്ച് സിനിമ കാണണം.

amalda

ചെറുപ്പം മുതലുണ്ട് അഭിനയമോഹം 

അഭിനയം തന്നെ പിന്തുടരാനാണ് ആഗ്രഹം. എൻജിനീയറിങ് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് മിസ് കേരളയിൽ സിലക്‌ഷൻ കിട്ടിയത്. അന്ന് തൊട്ട് മോഡലിങ് ചെയ്യുമായിരുന്നു. ഒരു നടി ആകണം എന്നായിരുന്നു ആഗ്രഹം. വളരെ കുഞ്ഞിലേ തോന്നിയ ആഗ്രഹമാണ്. വീട്ടുകാർക്കു വേണ്ടി എൻജിനീയറിങ് പഠിച്ചു. ഞാൻ ടിവിയിൽ അവതാരകയായിരുന്ന സമയത്ത് മമ്മൂക്കയോട് സംസാരിക്കാൻ അവസരം ലഭിച്ചു, അഭിനയമാണ് എന്റെ ലക്ഷ്യം എന്നു പറഞ്ഞപ്പോൾ, നല്ല സിനിമകൾ ചെയ്‌താൽ മതി എന്ന് പറഞ്ഞിരുന്നു. ഇപ്പോൾ അദ്ദേഹത്തോടൊപ്പം നല്ലൊരു പടം തന്നെ ചെയ്യാൻ കഴിഞ്ഞതും ഒരു നിമിത്തമാണ്. 

amalda-liz-3
amalda-liz-221

പ്രതീക്ഷിക്കാത്ത പ്രതികരണങ്ങൾ 

സിനിമ കണ്ടതിനു ശേഷം ഭയങ്കര പ്രതികരണമാണ് ലഭിക്കുന്നത്. സുഹൃത്തുക്കൾക്കൊക്കെ ഇഷ്ടപ്പെട്ടു. ഇത്രയും ഹിറ്റ് ആകുമെന്ന് പ്രതീക്ഷിച്ചില്ല. വലിയ സന്തോഷമാണ്.

amalda-liz
rahul
ഭ്രമയുഗം സംവിധായകൻ രാഹുൽ സദാശിവനൊപ്പം

നല്ല സിനിമകളുടെ ഭാഗമാകണം 

കഴിഞ്ഞ വർഷം സുലേഖ മൻസിൽ ചെയ്തു. അതിനു മുമ്പ് ഒറ്റ് ചെയ്തു. ഇപ്പോൾ‌ ഭ്രമയുഗം. തമിഴിൽ വിഷ്ണുവർധന്റെ ഒരു സിനിമയാണ് ഇനി ഇറങ്ങാനിരിക്കുന്നത്. സ്‌പെയിനിൽ ആയിരുന്നു ചിത്രീകരണം. മലയാളത്തിൽ ചില സിനിമകളുടെ ചർച്ചകൾ നടക്കുന്നുണ്ട്. എനിക്ക് ചെയ്യാൻ കഴിയുന്ന നല്ല കഥാപാത്രങ്ങൾ ചെയ്യണം എന്നാണ് ആഗ്രഹം. അതിനായി കാത്തിരിക്കുകയാണ്.

English Summary:

Exclusive chat with Amalda Liz

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com