ADVERTISEMENT

പനജി∙ഒരു സിനിമയെടുക്കാൻ കുറഞ്ഞതു 2 വർഷം വേണമെന്നു വെട്രിമാരൻ. കഥയുടെ ലോകത്തു ജീവിക്കാനാണു എനിക്ക് ഈ സമയം. ആടുകളവും കാക്കമുട്ടയും വിസാരണയും അസുരനും ഒരുക്കിയ സംവിധായകൻ‍ പറഞ്ഞു. വിസാരണ ചലച്ചിത്രമേളകളിലേക്ക് എന്ന തരത്തിൽ തന്നെ എടുത്ത ചിത്രമാണ്. ആദ്യം തിയറ്ററിൽ റിലീസ് ചെയ്യാൻ മടിച്ചെങ്കിലും വെനീസ് മേളയിൽ കഥാകൃത്ത് ചന്ദ്രകുമാറിനെ പ്രേക്ഷകർ വാരിപ്പുണർന്നതായിരുന്നു ചിത്രം റിലീസ് ചെയ്യാനുളള  ഏറ്റവും വലിയ പ്രചോദനം വെട്രിമാരൻ പറഞ്ഞു. സംവിധായകൻ‍ നിതേഷ് തിവാരിയുമായി ചേർന്നുളള മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു  അദ്ദേഹം.  

 

പനജി∙സംവിധാനം സ്വയം പഠിച്ചതാണെന്നും  ഒരിക്കലും സംവിധായകനാകുമെന്നു  പ്രതീക്ഷിച്ചിരുന്നില്ലെന്നും ദംഗൽ സംവിധായകൻ നിതേഷ് തിവാരി. ചിച്ചോർ എന്ന ഹിറ്റിലൂടെ വീണ്ടും ബോളിവുഡിന്റെ  പ്രിയ സംവിധായകനായി മാറിയ നിതേഷ് തിവാരി സിനിമയോടുളള അടങ്ങാത്ത അഭിനിവേശത്തിന്റെ കഥയും പങ്കു വച്ചു.ദംഗലിന്റെ കഥ ആലോചിക്കുമ്പോൾ ഗീതയുടെയും ബബിതയുടെയും കഥയാണു ആദ്യം മനസ്സിലുണ്ടായിരുന്നത്. എന്നാൽ അവരെ നേരിൽ കണ്ടപ്പോളാണു പിതാവിന്റെ കഥ കൂടിയാണു ആ ചിത്രമെന്ന ബോധ്യമുണ്ടായത്. ആമിർ ഖാനോടു കഥ പറഞ്ഞതാണു ജീവിതത്തിൽ മറക്കാനാവാത്ത സംഭവം. ഏറ്റവും ടെൻഷൻ അനുഭവിച്ച സന്ദർഭവും അതായിരുന്നു.എന്നാൽ പല രംഗങ്ങളും കേട്ട് ആമിർ കരഞ്ഞു. അപ്പോൾ തന്നെ പടം ചെയ്യാമെന്നു സമ്മതിച്ചു. 

 

പനജി∙രാജ്യാന്തര ചലച്ചിത്രമേളയിൽ ഇന്ത്യൻ പനോരമയിൽ മൽസര വിഭാഗത്തിലേക്കു ലഭിച്ച സിനിമകളിൽ റിയലിസ്റ്റിക് ചിത്രങ്ങളുടെ നിലവാരം കുറഞ്ഞു വരുന്നതായി‍ പനോരമ ജൂറി ചെയർമാൻ സംവിധായകൻ പ്രിയദർശൻ. 314 സിനിമകളാണു ജൂറി കണ്ടത്. മിടുക്കരായ ഒട്ടേറെ സംവിധായകരുണ്ട്. എന്നാൽ കഥ നന്നാവുമ്പോൾ ചിത്രത്തിന്റെ നിലവാരം കുറയുന്നതായും തിരിച്ചും സംഭവിക്കുന്നതായാണു കാണുന്നത്. എന്നാൽ ചിത്രങ്ങളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു വലിയ വിവാദങ്ങളുണ്ടാകാത്തതിൽ ഏറെ സന്തോഷമുണ്ടെന്നും പ്രിയൻ പറഞ്ഞു. തിരക്കഥ, ക്യാമറ, പ്രൊഡക്‌ഷൻ ഡിസൈൻ എന്നിവയാണു നവാഗതരായ സംവിധായകർ ശ്രദ്ധിക്കേണ്ട 3 പ്രധാന ഘടകങ്ങൾ.  യുവാക്കളിൽ പ്രതിഭകളുണ്ടെങ്കിലും പരിചയവും പരിശീലനവും  ആവശ്യമാണെന്നും  പ്രിയൻ പറഞ്ഞു.  ഇന്ത്യൻ പനോരമയിലുൾപ്പെട്ട  ചിത്രങ്ങളുടെ പ്രദർശനം ഇന്നലെ ആരംഭിച്ചു. അഭിഷേക് ഷാ സംവിധാനം ചെയ്ത ദേശീയ പുരസ്കാരം നേടിയ ഹെല്ലാരോ (ഗുജറാത്തി) ചിത്രമാണു ഫീച്ചർ വിഭാഗത്തിൽ ആദ്യം പ്രദർശിപ്പിച്ചത്. നോൺ ഫീച്ചർ സെക്‌ഷനിൽ കശ്മീരി ചിത്രം നൂറേയായിരുന്നു  ആദ്യ ചിത്രം. 26 ചിത്രങ്ങളാണു പനോരമയിലുളളത്. ഖാസി, പണിയ, ഇരുള എന്നീ  ഭാഷകളിലെ  ചിത്രങ്ങളും ഇത്തവണയുണ്ട്. മനോജ് കാന സംവിധാനം ചെയ്ത കെഞ്ചിറ ഇന്നലെ പ്രദർശിപ്പിച്ചു. വയനാട്ടിലെ പണിയ വിഭാഗത്തിൽപ്പെട്ട ആളുകളുടെ കഥ പറഞ്ഞ കെഞ്ചിറ മികച്ച അഭിപ്രായം നേടി. മലയാളത്തിൽ നിന്നു ഉയരെ, ജെല്ലിക്കെട്ട്, കോളാമ്പി എന്നിവയും പനോരമയിൽ പ്രദർശിപ്പിക്കും. നോൺ ഫീച്ചർ വിഭാഗത്തിൽ  ശബ്ദിക്കുന്ന കലപ്പ (ജയരാജ്), ഇരവിലും പകലിലും ഒടിയൻ (നൊവിൻ വാസുദേവ്) എന്നിവയുമുണ്ട്. 

 

പനജി∙തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലെ ഉരുട്ടിക്കൊല കേസ് പ്രമേയമാക്കി ആനന്ദ് മഹാദേവൻ സംവിധാനം ചെയ്ത മറാഠി ചിത്രം മായിഖട്ട് ക്രൈം നമ്പർ 103/2005  ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിച്ചു. കൊല്ലപ്പെട്ട ഉദയകുമാറിന്റെ അമ്മ പ്രഭാവതിയുടെ നിയമ പോരാട്ടത്തിന്റെ കഥയാണു സിനിമ. മുൻപു സിംഗപൂർ സൗത്ത് ഏഷ്യൻ രാജ്യാന്തര മേളയിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com