ADVERTISEMENT

സിനിമയിൽ സെഞ്ചുറി തികയ്ക്കുമ്പോൾ സ്ക്രീനിൽ ജയസൂര്യ തനിച്ചാണ്. സിനിമയുടെ ആദ്യാവസാനം സ്ക്രീനിൽ നിറഞ്ഞ് ഒരേയൊരു കഥാപാത്രം മാത്രം. പരീക്ഷണത്തിന്റെ പുതിയ മുഖം. ഏറെക്കാലം സ്വപ്നമായി കൊണ്ടുനടന്ന ആശയമാണു ‘സണ്ണി’ എന്ന ചിത്രത്തിലൂടെ യാഥാർഥ്യമാകുന്നതെന്ന് സംവിധായകൻ രഞ്ജിത് ശങ്കർ. 

 

‘‘വൺ മാൻ വൺ സ്പേസ് എന്ന രീതിയിലുള്ള ചിത്രങ്ങൾ ലോകസിനിമയിൽ മുൻപും ഉണ്ടായിട്ടുണ്ട്. അധികവും ത്രില്ലറുകളാണെന്നു മാത്രം. ഇത്തരമൊരു ചിത്രം ചെയ്യണമെന്ന ആഗ്രഹം വർഷങ്ങളായി മനസ്സിലുണ്ട്. എന്നാൽ, പറ്റിയ കഥ കയ്യിലുണ്ടായിരുന്നില്ല. പേരിനൊരു സിനിമ എന്നതിനപ്പുറം പ്രസക്തമായ, പുതുമയുള്ള, എല്ലാവരാലും സ്വീകരിക്കപ്പെടുന്ന ഒരു ചിത്രമെന്നതായിരുന്നു ആഗ്രഹം. സ്ക്രിപ്റ്റിൽ പൂർണ വിശ്വാസമുണ്ടായിരുന്നെങ്കിലും സ്ക്രീനിൽ വർക്ക് ഔട്ട് ആകുമോ എന്ന ആശങ്ക അപ്പോഴുമുണ്ടായിരുന്നു. ആദ്യം മനസ്സിലെത്തിയതു ജയസൂര്യ തന്നെയാണ്. പുതിയൊരു നടനെ കൺവിൻസ് ചെയ്യിക്കുന്നതിനെക്കാൾ, നല്ല സൗഹൃദമുള്ള ജയനെ പറഞ്ഞു ബോധ്യപ്പെടുത്തുക തന്നെയായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം എളുപ്പം. ജയസൂര്യയുടെ നൂറാമത്തെ ചിത്രം എന്ന കൗതുകം കൂടി ഒത്തുവന്നതോടെ മുന്നോട്ടുപോകാൻ തീരുമാനിക്കുകയായിരുന്നു. നൂറാമത്തെ ചിത്രം 100 മിനിറ്റ് എന്ന പ്രത്യേകതയുമുണ്ട്’’ – രഞ്ജിത് ശങ്കർ പറയുന്നു.

 

‘‘ലോകസാഹചര്യവുമായി ചേർന്നുനിൽക്കുന്ന, ഈ കാലത്തെ പ്രതിനിധീകരിക്കുന്ന കഥയാണു സണ്ണിയുടേത്. ഒറ്റപ്പെട്ടുപോകുന്ന, ജീവിതത്തിൽ പരാജയപ്പെട്ടുപോയ ഒരു സാധാരണ മനുഷ്യന്റെ കഥ. അതുകൊണ്ടുതന്നെ ഇപ്പോൾ ഈ സിനിമ ചെയ്തില്ലെങ്കിൽ പിന്നെയെപ്പോൾ എന്ന തോന്നലാണ് എനിക്കും ജയസൂര്യയ്ക്കും ഉണ്ടായത്. സംഗീതകാരനാണു സണ്ണി. ജീവിതത്തിൽ എങ്ങുമെത്താതെ പോയ മധ്യവയസ്കൻ. ഇതുപോലെയുള്ള ആയിരക്കണക്കിനു പേരുടെ ജീവിതം സണ്ണിയിലൂടെ കണ്ടെടുക്കാൻ പ്രേക്ഷകർക്കാവുമെന്നതിനാൽ നന്നായി സ്വീകരിക്കപ്പെടുമെന്നാണു പ്രതീക്ഷ.’’

 

സണ്ണിയുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തുന്ന ചില കഥാപാത്രങ്ങൾ ശബ്ദങ്ങളിലൂടെയും അവ്യക്തമായ കാഴ്ചകളിലൂടെയും സ്ക്രീനിലെത്തുമെന്നും സംവിധായകൻ പറയുന്നു. ജയസൂര്യയും രഞ്ജിത് ശങ്കറും ചേർന്നാണു ചിത്രം നിർമിക്കുന്നത്. മധു നീലകണ്ഠനാണു ഛായാഗ്രഹണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com