ADVERTISEMENT

കൊച്ചി∙ തിയേറ്ററുകളിൽ നക്ഷത്രങ്ങൾ മിന്നുന്ന നല്ല നാളുകൾക്കായുള്ള കാത്തിരിപ്പുകൾ അവസാനിക്കുകയാണെന്ന് സൂചന. പുതുവർഷം പിറന്ന് ആദ്യമാസങ്ങളിൽ തന്നെ തിയറ്ററുകൾ തുറന്നു പ്രവർത്തിക്കും എന്ന പ്രതീക്ഷകൾക്ക് ജീവൻ വച്ചു തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനുമായി സംവിധായകൻ സത്യൻ അന്തിക്കാട് നടത്തിയ കൂടിക്കാഴ്ച ഇതിനു വേഗം പകർന്നതിന്റെ സൂചനകൾ പുറത്തു വരുന്നുണ്ട്. കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ച് തിയറ്ററുകൾ തുറക്കുന്നതിനെക്കുറിച്ച് ആലോചന പുരോഗമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചതായി സത്യൻ അന്തിക്കാട് പറയുന്നു. കഴിഞ്ഞ മാസം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചലച്ചിത്ര സംഘടനകളുടെ ഓൺലൈൻ യോഗം വിളിച്ചിരുന്നു. എന്നാൽ, തദ്ദേശ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടവുമുള്ളതിനാൽ പ്രഖ്യാപനങ്ങളുണ്ടായില്ല. തിരഞ്ഞെടുപ്പു പൂർത്തിയായതോടെ സർക്കാരിനു മുന്നിൽ ഇനി സാങ്കേതിക തടസങ്ങളില്ല എന്നത് പുതിയ പ്രഖ്യാപനത്തിനമുണ്ടാകുമെന്ന പ്രതീക്ഷ നൽകുന്നു.

 

പൊങ്കൽ റിലീസ് മുന്നിൽ കണ്ട് തമിഴിൽ ഒരുങ്ങിയ മാസ്റ്റേഴ്സിന്റെ റിലീസ് തീയതി കഴിഞ്ഞ ദിവസം നടൻ വിജയ് പ്രഖ്യാപിച്ചിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു റിലീസ് തീയതിയുടെ പ്രഖ്യാപനം. പത്തു മാസമായി പെട്ടിയിൽ ഇരുന്നു പോയ നൂറിലേറെ തമിഴ് ചിത്രങ്ങൾക്കു പ്രതീക്ഷ പകരുന്നതാണ് ഈ പ്രഖ്യാപനം. സമാന സാഹചര്യമാണ് കേരളത്തിലും. തിയറ്റർ അടച്ചതിനാൽ റിലീസ് കാത്ത് കഴിയുന്നത് നിരവധി സൂപ്പർസ്റ്റാർ ചിത്രങ്ങൾ ഉൾപ്പടെ 60ൽ പരം സിനിമകൾ. തൃശൂരിൽ മുഖ്യമന്ത്രി എത്തിയപ്പോൾ ലഭിച്ച അവസരം കണക്കിലെടുത്ത് വ്യക്തി എന്ന നിലയിൽ മുഖ്യമന്ത്രിയോട് ഈ ആവശ്യം ഉന്നയിക്കുകയായിരുന്നെന്ന് സത്യൻ അന്തിക്കാട് മനോരമ ഓൺലൈനോടു പറഞ്ഞു.

 

കോവിഡ് ലോക്ഡൗണിനെ തുടർന്നു സൂപ്പർ താരങ്ങളുടെതുൾപ്പെടെ ഒട്ടേറെ ബിഗ് ബജറ്റ് ചലച്ചിത്രങ്ങൾ റിലീസ് ചെയ്യാനാകാതെ വൻ പ്രതിസന്ധിയിലാണു മലയാള ചലച്ചിത്ര ലോകം. 10 മാസമായിട്ടും, കേരളത്തിലെ തിയറ്ററുകൾ തുറക്കാൻ നടപടിയില്ല. ലോക്ഡൗൺ പിൻവലിക്കുകയും ഒട്ടെല്ലാ വ്യവസായ മേഖലകളും പല ഘട്ടങ്ങളായി പ്രവർത്തനം പുനരാരംഭിക്കുകയും ചെയ്തു. ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് ആശ്വാസം നൽകി ബാറുകൾ പോലും തുറന്നു കഴിഞ്ഞു. എന്നാൽ, കേരളത്തിലെ തിയറ്ററുകൾക്കു മാത്രം ഇനിയും ശാപമോക്ഷം ലഭിച്ചിട്ടില്ല. സർക്കാരിനു കോടികളുടെ റവന്യൂ വരുമാനം നൽകുന്ന തിയറ്ററുകൾ പതിനായിരങ്ങൾക്കാണു നേരിട്ടും അല്ലാതെയും തൊഴിൽ നൽകുന്നത്. തിയേറ്ററുകൾ സജീവമാകുന്നതോടെ അനുബന്ധ ബിസിനസുകൾ ചെയ്തു ജീവിക്കുന്നവർക്കും ഉപജീവനത്തിന് വഴിയൊരുങ്ങും.. 

 

കോവിഡ് ഇരുൾ വീഴ്ത്തിയ സിനിമ തിയറ്ററുകളിൽ വെളിച്ചം നിറയ്ക്കാൻ തെലങ്കാന, അസം, ബംഗാൾ, തമിഴ്നാട് സർക്കാരുകൾ പാക്കേജുകൾ പ്രഖ്യാപിച്ചിരുന്നു. ഒട്ടേറെ സംസ്ഥാനങ്ങളിൽ തിയറ്ററുകൾ തുറക്കുകയും ചെയ്തു. എന്നാൽ, കേരളത്തിലെ തിയറ്ററുകൾ തുറക്കുന്നതു സംബന്ധിച്ചു സർക്കാർ അനുമതിക്കു കാത്തിരിക്കുകയാണു ചലച്ചിത്ര മേഖല. സാമ്പത്തിക പാക്കേജ് ഉൾപ്പെടെയുള്ള അനുകൂല പ്രഖ്യാപനങ്ങളും മേഖല പ്രതീക്ഷിക്കുന്നു. 

 

തകർന്നടിഞ്ഞ ചലച്ചിത്ര വ്യവസായത്തിനു പിന്തുണ നൽകുകയെന്ന ലക്ഷ്യത്തോടെയാണു പല സംസ്ഥാനങ്ങളും ആനുകൂല്യ പാക്കേജുകൾ പ്രഖ്യാപിച്ചത്. ആന്ധ്രപ്രദേശിലെ 1100 തിയറ്ററുകൾക്കു പലിശരഹിത വായ്പയാണു സർക്കാർ പ്രഖ്യാപിച്ചത്. കൂടാതെ, കോവിഡ് ലോക്ഡൗൺ കാലമായ ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലെ വൈദ്യുതി ഫിക്സഡ് ചാർജും ഒഴിവാക്കി. വൈദ്യുതി ചാർജ് ഗഡുക്കളായി അടയ്ക്കാനും സാവകാശം നൽകി. സമാനമായ ഇളവുകളാണു തെലങ്കാന സർക്കാരും പ്രഖ്യാപിച്ചത്. അതേസമയം, സാമ്പത്തിക സഹായ പാക്കേജ് പ്രഖ്യാപിക്കണമെന്ന് അഭ്യർഥിച്ചു കേരള ഫിലിം ചേംബർ വീണ്ടും മുഖ്യമന്ത്രിക്കു നിവേദനം നൽകിയിരുന്നു. 

 

ജിഎസ്ടിക്കു പുറമേയുള്ള വിനോദ നികുതി ഒഴിവാക്കണമെന്നാണു കേരളത്തിലെ ചലച്ചിത്ര മേഖല ആവശ്യപ്പെടുന്നത്. ‘ഇരട്ട’ നികുതി ഒഴിവാക്കിയാൽ ടിക്കറ്റ് നിരക്കുകൾ കുറയുമെന്നതിനാൽ കാണികൾക്കും ഗുണകരമാകും. വൈദ്യുതി ഫിക്സഡ് ചാർജ് പൂർണമായി ഒഴിവാക്കുക, വൈദ്യുതി ചാർജ് ഗഡുക്കളായി അടയ്ക്കാൻ അനുവദിക്കുക, കോവിഡ് കാലത്തിനു ശേഷം റിലീസ് ചെയ്യുന്ന ചിത്രങ്ങൾക്കു 10 ലക്ഷം രൂപ വീതം സബ്സിഡി നൽകുക തുടങ്ങിയവയാണു പ്രധാന ആവശ്യങ്ങൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com