ADVERTISEMENT

ട്വിറ്ററിൽ വാക്പോരുമായി വീണ്ടും നടി കങ്കണയും പഞ്ചാബി താരം ദിൽജിത്തും. ഡൽഹിയിലെ കർഷക സമരത്തിനു അകമഴിഞ്ഞ പിന്തുണ നൽകിയ ദിൽജിത് ഈ സമയത്തും അവധി ആഘോഷിക്കാൻ വിദേശത്തു പോയത് ശരിയായില്ലെന്നാണ് കങ്കണ പറയുന്നത്.

 

വിദേശത്ത് അവധി ആഘോഷിക്കുന്ന ദിൽജിത്തിന്റെ ചിത്രങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചായിരുന്നു കങ്കണയുടെ ആക്രമണം. ‘കൊള്ളാം സഹോദരാ, ഈ ആളുകളെയൊക്കെ ഓരോ കാര്യങ്ങൾ പറഞ്ഞ് തെരുവിലിരുത്തിയിട്ട് ‘ലോക്കൽ വിപ്ലവകാരി’ വിദേശത്ത് അവധി ആഘോഷിക്കുന്നു. ഇതാണ് ശരിയായ ലോക്കൽ വിപ്ലവം.’–കങ്കണ കുറിച്ചു.

 

താമസിയാതെ തന്നെ ദിൽജിത്തിന്റെ മറുപടിയെത്തി. കങ്കണയുടെ ധാരണകളൊക്കെ തെറ്റാണെന്നും കൃഷിക്കാർ കൊച്ചുകുട്ടികളല്ലെന്നും ദിൽജിത് പറയുന്നു. ‘പഞ്ചാബ് മുഴുവൻ കർഷകർക്കൊപ്പമാണ്. ദയവ് ചെയ്ത് ഞാൻ എന്തു ചെയ്യുന്നുവെന്ന് ദിവസവും നോക്കി നടക്കാതിരിക്കുക. നിങ്ങളിൽ നിന്നും ഒരുപാട് ഉത്തരങ്ങൾ ഞങ്ങൾ കാത്തിരിക്കുന്നു. അതൊരിക്കലും ഞങ്ങൾ മറക്കില്ല.’–ദിൽജിത് പറഞ്ഞു.

 

എന്നാൽ കാലം എല്ലാം തെളിയിക്കും എന്നായിരുന്നു ദിൽജിത്തിന്റെ പ്രസ്താവനയ്ക്കു കങ്കണയുടെ മറുപടി. ‘കർഷകരുടെ ആവശ്യങ്ങൾക്കു വേണ്ടി ആരാണ് പോരാടുന്നതെന്ന് കാലം തെളിയിക്കും. നൂറ് കള്ളങ്ങൾക്കു ഒരു സത്യത്തെ മറച്ചുവയ്ക്കാനാകില്ല. ഹൃദയം തുറന്ന് സ്നേഹം നൽകുന്ന ഒരാളെ വെറുക്കാൻ ആർക്കും സാധിക്കില്ല. പഞ്ചാബികൾ എനിക്കെതിരാണെന്നാണോ നിങ്ങൾ കരുതുന്നത്. ഇങ്ങനെ വലിയ സ്വപ്നങ്ങളൊന്നും കാണരുതേ, അതിനുള്ള കരുത്ത് നിന്റെ ഹൃദയത്തിന് ഉണ്ടാകണമെന്നില്ല.’–കങ്കണ പറഞ്ഞു.

 

ഇതിനും ദിൽജിത്തിനു മറുപടി ഉണ്ടായിരുന്നു. ‘കർഷകരുമായി നിങ്ങൾക്ക് എന്താണ് പ്രശ്നമെന്ന് എനിക്കറിയില്ല. പഞ്ചാബ് മുഴുവൻ കർഷകർക്കു പിന്തുണയുമായി ഒപ്പമുണ്ട്. നിങ്ങൾ ട്വിറ്ററിലും നിങ്ങളുടെ തന്നെ മിഥ്യാബോധത്തിലുമാണ് ജീവിക്കുന്നത്. മാത്രമല്ല ഇവിടെ ആരും നിങ്ങളെ ഓർത്ത് ആകുലപ്പെടുന്നില്ല.’–ദിൽജിത് വ്യക്തമാക്കി.

 

കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർക്ക് എല്ലാ പിന്തുണയുമായി ആദ്യമെത്തിയ സിനിമാതാരങ്ങളിലൊരാളാണ് ദിൽജിത്. കൊടും തണുപ്പിൽ സമരം ചെയ്യുന്നവർക്ക് കമ്പിളി പുതപ്പും സാമ്പത്തിക സഹായമായി  ഒരുകോടി രൂപയും ദിൽജിത് നൽകിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com