ADVERTISEMENT

തന്റെ കഥ അഭ്രപാളിയിൽ നിറയുന്നതു കാണാൻ ആടുജീവിതം ടി-ഷർട്ട്  ധരിച്ചുകൊണ്ട് യഥാർഥ നജീബ് എത്തും. ആടുജീവിതം  ടി-ഷർട്ട്  ധരിച്ച നജീബിന്റെ ചിത്രം ബെന്യാമിൻ ആണ് പങ്കുവച്ചത്.  ഒന്നും ആവശ്യപ്പെടാത്ത നജീബ് കഴിഞ്ഞ ദിവസം പറഞ്ഞ ഒരേ ഒരാഗ്രഹമാണ് പടത്തിന്റെ റിലീസ് ദിവസം തനിക്കും സുഹൃത്തുക്കൾക്കും ധരിക്കാൻ ആടുജീവിതം  ടി-ഷർട്ട്  എത്തിക്കണമെന്നുള്ളത് എന്ന് ബെന്യാമിൻ കുറിച്ചു.  ഇന്നലെ തന്നെ  ടി-ഷർട്ട്  എത്തിച്ചുകൊടുക്കുകയും രാത്രി തന്നെ നജീബും സുഹൃത്തുക്കളും  ടി-ഷർട്ട്  ധരിച്ചുകൊണ്ടുള്ള ചിത്രം അയച്ചു തന്നുവെന്നും ബെന്യാമിൻ പറയുന്നു.  ചിത്രം തിയറ്ററിൽ എത്തുന്ന ദിവസം നജീബിന്റെ പുഞ്ചിരിക്കുന്ന മുഖം കാണുന്നത് തന്നെയാണ് ഏറ്റവും വലിയ സന്തോഷമെന്നും ഏവരും സിനിമ കണ്ട് അഭിപ്രായങ്ങൾ പങ്കുവക്കണമെന്നും ബെന്യാമിൻ കുറിച്ചു.     

‘‘അങ്ങനെ ഒന്നും ആവശ്യപ്പെടുന്ന ആളല്ല നജീബ്. പക്ഷേ കഴിഞ്ഞ ദിവസം ഒരു ആഗ്രഹം പറഞ്ഞു. പടത്തിന്റെ റിലീസ് ദിവസം ഇടാൻ ഞങ്ങൾക്ക് ഒരു സെറ്റ് ടി-ഷേർട്ട് വേണം. ഇന്നലെ അതെത്തിച്ചു. രാത്രി തന്നെ ഫോട്ടോ എടുത്ത് അയക്കുകയും ചെയ്തു. ആ പുഞ്ചിരിക്കുന്ന മുഖം തന്നെയാണ് ഈ ദിവസത്തിന്റെ പ്രത്യേകത. ഇന്ന് ഞങ്ങൾ ഒന്നിച്ച് സിനിമ കാണും. ലോകമെമ്പാടും ഏതാണ്ട് രണ്ടായിരത്തോളം സ്ക്രീനുകളിൽ സിനിമ എത്തുകയാണ്. നിങ്ങളുടെ കാഴ്ചയും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു.’’ –ബെന്യാമിൻ സമൂഹമാധ്യമത്തിൽ കുറിച്ചു.

മരുഭൂമിയിൽ താൻ അതിജീവിച്ച ജീവിതം തീയറ്ററിലെത്തുന്നത് കാണാൻ നജീബ്  കാത്തിരിക്കാൻ തുടങ്ങിയിട്ടു നാളേറെയായി.  എന്നാൽ സിനിമ പുറത്തിറങ്ങുന്നതിന് രണ്ടുദിവസം മുൻപ് ശനിയാഴ്ച നജീവബിന്റെ മകൻ സഫീറിന്റെ ഒന്നര വയസ്സുകാരിയായ മകൾ  സഫാമറിയം വിടപറഞ്ഞത് നജീബിനെ ആകെ തകർത്തുകളഞ്ഞു.  നജീബിന്റെ ദുരിതപർവം തിയറ്ററിൽപ്പോയി കാണാൻ കാത്തിരുന്ന കുടുംബത്തിന്റെ ആഹ്ലാദം കുഞ്ഞു സഫയുടെ വേർപാടോടെ നിലച്ചു പോയി.  

സംവിധായകൻ ബ്ലെസിയുടെ സ്നേഹപൂർണമായ നിർബന്ധത്തിനു വഴങ്ങി വ്യാഴാഴ്ച എറണാകുളത്തെ തിയറ്ററിൽ ആടുജീവിതം കാണാനെത്താമെന്നു നജീബ് സമ്മതിച്ചിട്ടുണ്ട്.  സുഹൃത്തുക്കൾക്കൊപ്പം തിയറ്ററിൽ സിനിമകാണാൻ എത്തുമ്പോൾ ധരിക്കാനാണ് ആടുജീവിതം എന്നെഴുതിയ ടി-ഷർട്ട് നജീബ് ചോദിച്ചു വാങ്ങിയത്.

English Summary:

Benyamin about Najeeb

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com