ADVERTISEMENT

സിനിമാ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ആടുജീവിതം റിലീസ് ചെയ്യുമ്പോൾ പൃഥ്വിരാജിന് വൈകാരികമായ വിജയാശംസയുമായി ഭാര്യ സുപ്രിയ മേനോൻ.  ആടുജീവിതത്തിനൊപ്പം പൃഥ്വിരാജ് കടന്നുപോയ പതിനാറു വർഷത്തെ എങ്ങനെ വിശേഷിപ്പിക്കണമെന്നറിയില്ലെന്ന് സുപ്രിയ മേനോൻ കുറിച്ചു.  മരുഭൂമിയിൽ അലയുന്ന നജീബിന്റെ ശരീരത്തിലേക്ക് കൂടുമാറാൻ ഭ്രാന്തമായ ഉപവാസങ്ങളിലൂടെ കടന്നുപോകുമ്പോൾ സ്വന്തം ഭർത്താവ് വിശപ്പുകൊണ്ട് ക്ഷീണിതനാവുകയും ശരീരഭാരം കുറയുകയും ചെയ്യുന്നത് നേരിട്ട് കണ്ട വിഷമവും സുപ്രിയ പങ്കുവച്ചിട്ടുണ്ട്. ഈ ഒരു സിനിമയ്ക്ക് വേണ്ടി മറ്റു ഭാഷകളിലെ നിരവധി അവസരങ്ങൾ ഉപേക്ഷിക്കുകയും ഒരു മനുഷ്യന്റെ ദുരിതജീവിതം സ്‌ക്രീനിലെത്തിക്കാനുള്ള അതികഠിനമായ പരിശ്രമങ്ങളിലൂടെ കടന്നുപോവുകയും ചെയ്ത പൃഥ്വിരാജ് എന്നെന്നും തന്റെ കണ്ണിൽ ‘ഗോട്ട്’ ആയിരുന്നു എന്ന് സുപ്രിയ പറയുന്നു.  മരുഭൂമിയിൽ നടന്ന ആടുജീവിതത്തിന്റെ ഷൂട്ടിങ്ങിനിടെ ശരീരഭാരം കുറച്ച് ക്ഷീണിതനായിരിക്കുന്ന പൃഥ്വിരാജിനെ സുപ്രിയയും മകൾ അലംകൃതയും സന്ദർശിച്ചപ്പോഴെടുത്ത ചിത്രങ്ങൾക്കൊപ്പമായിരുന്നു  സുപ്രിയമേനോന്റെ വികാരഭരിതമായ കുറിപ്പ്. സുപ്രിയയുടെ കുറിപ്പിന് പൃഥ്വിരാജ് സ്നേഹം പങ്കുവച്ചിട്ടുണ്ട്. 

‘‘നാളെ അവസാനിക്കാൻ പോകുന്ന പതിനാറ് വർഷത്തെ യാത്രയെ നിങ്ങൾ എങ്ങനെയാണ് വിശേഷിപ്പിക്കുക?  2006 നവംബർ മുതൽ പൃഥ്വിയെ എനിക്കറിയാം. 2011 മുതൽ അദ്ദേഹത്തെ വിവാഹം കഴിച്ച് ഒപ്പമുണ്ട്.  ഇതിനിടയിൽ നിരവധി സിനിമകളിലൂടെ അദ്ദേഹം യാത്രചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ ഇതിനു മുമ്പൊരിക്കലും അദ്ദേഹത്തെ ഇങ്ങനെ കണ്ടിട്ടില്ല. ഭ്രാന്തമായ ഉപവാസ ദിനങ്ങളിലൂടെ കടന്നുപോകുന്ന നിങ്ങളെ ഞാൻ കണ്ടിട്ടുണ്ട്, നിങ്ങൾ നിരന്തരം വിശന്നിരിക്കുന്നതിനും നിങ്ങളുടെ ഭാരം കുറയുന്നതിനും ഞാൻ സാക്ഷിയാണ്.  

നിങ്ങൾ വളരെ ക്ഷീണിതനും ബലഹീനനും ആയിരുന്നു. കോവിഡ് കാലത്ത് ലോകം മുഴുവൻ ഒരുമിച്ചിരിക്കുമ്പോൾ നമ്മൾ വേർപിരിഞ്ഞിരുന്നു. മരുഭൂമിയിലെ ക്യാംപിൽ വിലയേറിയ നിമിഷങ്ങളിൽ നമ്മൾ നെറ്റ് കോളിലൂടെ സംസാരിച്ചു.  ഈ ഒരു സിനിമ കാരണം മറ്റ് ഭാഷകളിൽ ലഭിക്കേണ്ടിയിരുന്ന നിരവധി അവസരങ്ങൾ നിങ്ങൾ ഉപേക്ഷിച്ചു. ഈ സിനിമയിൽ മാത്രം നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചു.  ബുദ്ധിമുട്ടുകൾക്കിടയിലും നിങ്ങൾ കലയിൽ മാത്രം ശ്രദ്ധിച്ചു. കലയ്ക്കും നിങ്ങൾക്കായി നിലകൊള്ളുന്ന എല്ലാത്തിനും വേണ്ടി നിങ്ങൾ തിരഞ്ഞെടുത്ത യാത്രയാണിത്.  

മനസ്സും ശരീരവും ആത്മാവും ഒരുപോലെ സമർപ്പിച്ച് ഒരു മനുഷ്യന്റെ ജീവിതയാത്ര ആത്മാവ് ഉൾക്കൊണ്ട് സ്‌ക്രീനിലെത്തിക്കാൻ ബ്ലെസ്സി എന്ന മനുഷ്യനോടും മറ്റുള്ളവരോടും ഒപ്പം നിങ്ങൾ നിലകൊണ്ടു. നാളെ (മാർച്ച് 28) നിങ്ങളുടെ എല്ലാ പരിശ്രമങ്ങളും ഫലപ്രാപ്തിയിലെത്തുമ്പോൾ എനിക്ക് ഒന്നേ പറയാനുള്ളൂ, നിങ്ങൾ കാണിച്ച ആത്മസമർപ്പണം സമാനതകളില്ലാത്തതാണ്.  ഈ മനോഹരമായ കലാസൃഷ്ടിക്ക് എന്റെയും നിങ്ങളെ സ്നേഹിച്ച് ഒപ്പം നിൽക്കുന്ന എല്ലാവരുടെയും സ്നേഹവും ആശംസയും നേരുന്നു.  നിങ്ങൾ എന്നും എപ്പോഴും എന്റെ കണ്ണിൽ ഗോട്ട് (G.O.A.T) ആണ്.’’– സുപ്രിയ മേനോൻ കുറിച്ചു.

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം തിയറ്ററിൽ എത്തുകയാണ്. പൃഥ്വിരാജിന്റെ കഥാപാത്രമായ നജീബിന്റെ മരൂഭൂമിയിലെ ദുരിത ജീവിതം വെളിവാക്കുന്ന ചിത്രത്തിന്റെ റിലീസ് ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ഏറെ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്.  പതിനഞ്ചു വർഷത്തിന് മുൻപ് തുടങ്ങിയ സിനിമാചർച്ച 2008 ൽ പ്രാരംഭ വർക്കുകൾ ആരംഭിച്ചെങ്കിലും വർഷങ്ങളുടെ തയാറെടുപ്പുകൾക്കൊടുവിൽ 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഏറ്റവുമധികം നാളുകൾ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വർഷം ജൂലൈ 14നാണ് പൂർത്തിയായത്. ജോർദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യ പങ്കും ഷൂട്ട് ചെയ്തത്.  പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം.  ബെന്യാമിന്റെ തന്നെ വാക്കുകൾ കടമെടുത്താൽ "നജീബേ, തീക്കാറ്റും വെയിൽ നാളവും നിന്നെ കടന്നു പോകും. നീ അവയ്ക്ക് മുന്നിൽ കീഴടങ്ങരുത്. തളരുകയുമരുത്" അത് തന്നെയാണ് പൃഥ്വിരാജ് എന്ന സിനിമയെ ആഴത്തിൽ സ്നേഹിക്കുന്ന താരത്തോട് സിനിമാപ്രേമികൾക്കും പറയാനുള്ളത്

English Summary:

Supriya Menon through the memories of Aadujeevitham and the journey of Prithviraj Sukumaran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com