ADVERTISEMENT

വിഷു–ഈദ് റിലീസ് ആയി മൂന്ന് സിനിമകളാണ് മലയാളത്തിൽ നിന്നും തിയറ്ററുകളിലെത്തിയത്. സിനിമയ്ക്കുള്ളിലെ സിനിമയുടെയും സൗഹൃദത്തിന്റെ കഥ പറയുന്ന വിനീത് ശ്രീനിവാസൻ ചിത്രം വർഷങ്ങൾക്കു ശേഷം, ഫഹദ് ഫാസിലിന്റെ കോമഡി–ആക്‌ഷൻ ചിത്രം ‘ആവേശം’, ഉണ്ണി മുകുന്ദന്റെ ത്രില്ലർ ചിത്രം ‘ജയ് ഗണേശ്’ എന്നീ മൂന്ന് സിനിമകൾക്കും മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.

കൂട്ടുകെട്ടിന്റെ രസക്കൂട്ട്; ‘വർഷങ്ങൾക്കു ശേഷം’ റിവ്യു

‘സിനിമയ്ക്കുള്ളിലെ സിനിമ’യുടെ കഥ പറയുന്ന മലയാള സിനിമകളെല്ലാം പ്രേക്ഷകർ കൈനീട്ടി സ്വീകരിച്ച ചരിത്രമേയുള്ളൂ. രണ്ടു കൂട്ടുകാരുടെ, ഹൃദയത്തിൽ തട്ടുന്ന കഥ ഒരൽപം നന്മയിൽ ചാലിച്ച് വിനീത് ശ്രീനിവാസൻ ‘വർഷങ്ങൾക്കുശേഷ’ത്തിലൂടെ പറയുകയാണ്. തന്റെ സേഫ് സോണായ ‘ഫീൽഗുഡ്’ മേഖലയിൽ വിനീതിന്റെ കയ്യടക്കം. രണ്ടാംപകുതിയിൽ പ്രേക്ഷകർ ചിരിച്ചുമറിയുന്ന ഡയലോഗുകളും കൗണ്ടറുകളുമൊക്കെ വാരി വിതറുന്നു. അങ്ങനെ ആദ്യാവസാനം പ്രേക്ഷകരെ രസിപ്പിച്ചു കൂടെക്കൂട്ടാൻ ചിത്രത്തിനു കഴിയുന്നു. ഹൃദയംതൊടുന്ന സംഗീതത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന സിനിമ കൂടിയാണ് ‘വർഷങ്ങൾക്കുശേഷം’.

varshangalkku-shesham-malayalam-movie-released-in-uk

സിനിമയിൽ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത ‘ധ്യാൻ ശ്രീനിവാസൻ–പ്രണവ് മോഹൻലാൽ’ കൂട്ടുകെട്ടിന്റെ രസതന്ത്രമാണ് വിനീത് ശ്രീനിവാസൻ ‘വർഷങ്ങൾക്കു ശേഷ’ത്തിൽ ഉപയോഗിക്കുന്നത്. ഈ സിനിമ പൂർണമായും മുതലായത് നിവിൻ പോളിക്കാണ്. സോഷ്യൽ മീഡിയയിൽ ഇതുവരെ കേട്ട വിമർശനങ്ങൾക്കെല്ലാം മുഖമടച്ച് തിരിച്ചുകൊടുക്കാനുള്ള അവസരം നിവിൻ പോളിക്കു വിനീത് കൊടുത്തിട്ടുണ്ട്. ആദ്യാവസാനം ഓരോ സീനും എനർജി പാക്ക്ഡ് ആണ്. ‘കൾട്ട്’ എന്നെഴുതിയ കോട്ടിട്ടു സ്ക്രീനിലേക്ക് കയറി വരുന്ന നിവിൻ പോളിയുടെ അഴിഞ്ഞാട്ടം തിയറ്ററിനെ ഇളക്കിമറിക്കുന്നുണ്ട്. ചുമ്മാ വന്നുകയറി, ‘ആന കരിമ്പിൻകാട്ടിൽ കയറിയതുപോലെ’ ഗംഭീര ആറാട്ട് നടത്തി പ്രേക്ഷകരെ ഇളക്കിമറിച്ച് കയ്യടി വാങ്ങിപ്പോവുകയാണ് നിവിൻ പോളി. ഒന്നൊന്നര തിരിച്ചുവരവ്. 

റിവ്യു പൂർണമായും വായിക്കാം:

ആവേശം, ആഘോഷം, അഴിഞ്ഞാട്ടം! റിവ്യു

ആദ്യാവസാനം ആവേശം നിറയുന്ന ഒരു ഫുൾ എൻർജി പടം. അതാണ് ആവേശം. യുവാക്കളുടെ വൈബിൽ അവരുടെ എനർജി ലെവലുമായി യോജിക്കും വിധം ഒരുക്കിയിരിക്കുന്ന സിനിമ. ബെംഗളൂരിൽ പഠനത്തിനായി എത്തിയ കുറച്ചു വിദ്യാർഥികൾ രംഗ എന്ന ഗ്യാങ്സ്റ്ററെ പരിചയപ്പെടുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് കഥാപശ്ചാത്തലം. കോമഡിയും ആക്ഷനും ഇട കലർത്തി അവതരിപ്പിച്ചിരിക്കുന്ന സിനിമ തിയറ്ററിൽ തീർക്കുന്നതും വലിയ ആവേശം. 

ഫഹദ് ഫാസിൽ
ഫഹദ് ഫാസിൽ

ഫഹദ് ഫാസിൽ – Re-introducing FaFa എന്ന ടാഗ് ലൈൻ അതേപടി ശരി വയ്ക്കും പ്രകടനം. സൈക്കോ ഷമ്മിയെ വെല്ലുന്ന സൈക്കോയ്ക്കും അപ്പുറമായ രംഗ. ആദ്യ ഷോട്ട് മുതൽ അവസാന ഷോട്ട് വരെ ഒരേ എനർജി. അങ്ങേയറ്റം ഹൈപ്പർ ആയ ഇയാൾ അടുത്ത നിമിഷം എന്തു ചെയ്യുമെന്നുള്ള ആകാംക്ഷയാണ് പ്രേക്ഷകനെ നയിക്കുന്നത്. ഫൈറ്റ് സീനുകളിലെ മെയ്‌വഴക്കം അസാധ്യം. ലൗഡ് ആയുള്ള ഡയലോഗ് ഡെലിവറിയും മാസ് മാനറിസങ്ങളും കഥാപാത്രത്തിനു പൂർണമായും യോജിക്കുന്നത്. 

റിവ്യു പൂർണമായും വായിക്കാം:

അദ്ഭുതമനുഷ്യന്റെ കഥയല്ല, ഇത് റിയൽ സൂപ്പര്‍ സ്റ്റാർ; ‘ജയ് ഗണേഷ്’ റിവ്യു

അമാനുഷികതയുടെ ചമയങ്ങളണിഞ്ഞ അദ്ഭുതമനുഷ്യന്റെ കഥയല്ല ഇത്. അനുഭവങ്ങളില്‍നിന്നു ജീവിതം പഠിച്ച്, അസാധ്യമായ പലതിനേയും സാധ്യമാക്കിയെടുത്ത റിയല്‍ സൂപ്പര്‍ സ്റ്റാറിന്റെ കഥയാണ്. അതുകൊണ്ടുതന്നെ സസ്‌പെന്‍സും ത്രില്ലറും ആവോളമുണ്ട്. ഒപ്പം വൈകാരികതയുടെ ആര്‍ദ്രഭാവങ്ങളണിഞ്ഞ കുറേ നല്ല നിമിഷങ്ങളും. തരക്കേടില്ലാത്ത കാഴ്ചാനുഭവമായി മാറുകയാണ് ഉണ്ണി മുകുന്ദന്‍ - രഞ്ജിത് ശങ്കര്‍ ചിത്രം ജയ് ഗണേഷ്. സ്ഥിരം കാണുന്ന സൂപ്പര്‍ഹീറോ കഥാപാത്രമാണ് ‘ജയ് ഗണേഷ്’ എന്ന മുന്‍വിധിയോടെ ചിത്രം കാണാതിരിക്കുക എന്നതാണ് മുഖ്യം.

ടീസറിൽ നിന്നും
ടീസറിൽ നിന്നും

ഗണേഷെന്ന സാധാരണക്കാരനായ യുവാവ്. ഒരു അപകടത്തില്‍ കാലുകള്‍ തളര്‍ന്ന അയാള്‍ തന്റെ ജീവിതം മുന്നോട്ടു നീക്കുന്നത് ഒറ്റപ്പെടൽ തീര്‍ത്ത പ്രതിസന്ധികളെ അതീജീവിച്ചാണ്. ഗ്രാഫിക്‌സ് ഡിസൈനറായ ഗണേഷിന് കംപ്യൂട്ടര്‍ സാങ്കേതിക വിദ്യയിലും അസാമാന്യമായ പാടവമുണ്ട്. ആ മികവ് പല കേസുകള്‍ക്കും സഹായകരമായ ചരിത്രമുണ്ട്. അങ്ങനെ ഒരിക്കല്‍ കൊച്ചി നഗരത്തെ നിശ്ചലമാക്കിയ ഒരു സംഭവത്തിന് ഗണേഷിന് സാക്ഷിയാകേണ്ടി വരുന്നു. തുടര്‍ന്നു നടക്കുന്ന അന്വേഷണത്തില്‍ തന്റെ സാങ്കേതിക പരിജ്ഞാനം ഗണേഷ് കൃത്യമായി ഉപയോഗിക്കുന്നു. ഇതിനിടയില്‍ ഗണേഷ് എഴുതിക്കൊണ്ടിരിക്കുന്ന അനിമേഷന്‍ കഥയാണ് ജയ് ഗണേഷ്. കുട്ടികള്‍ക്കിടയില്‍ സ്റ്റാറായ ജയ്ഗണേഷിന്റെ സൂപ്പര്‍ഹീറോ ഭാവം പതിയെ ഗണേഷും അണിയുന്നു. അതോടെ അയാള്‍ക്കുണ്ടാകുന്ന തടസ്സങ്ങള്‍, പ്രതിസന്ധികള്‍, പോരാട്ടങ്ങള്‍, നിരാശകളൊക്കെ ചേര്‍ത്തുവച്ചാല്‍ ജയ് ഗണേഷെന്ന ചലച്ചിത്രാനുഭവമായി മാറുന്നു.

റിവ്യു പൂർണമായും വായിക്കാം:

English Summary:

Vishu Release Movies: Review

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com