ADVERTISEMENT

‘ആടുജീവിതം’ സിനിമയിൽ പ്രേക്ഷകർ ശ്രദ്ധിക്കാതെ പോയ ചില രംഗങ്ങൾ ഓർത്തെടുത്ത് പൃഥ്വിരാജ്. നജീബ് എന്ന കഥാപാത്രത്തിലേക്കുള്ള പ്രവേശനത്തിന്റെ പൂർണത വെളിപ്പെടുത്തുന്ന ചില രംഗങ്ങളെക്കുറിച്ചാണ് പൃഥ്വി തുറന്നു പറഞ്ഞത്. മൂന്ന് വർഷങ്ങൾക്കു ശേഷം ഹക്കീമിനെ നജീബ് കണ്ടുമുട്ടുന്ന രംഗത്തിലെ തന്റെ പ്രകടനവുമായി ബന്ധപ്പെടുത്തിയായിരുന്നു പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത്. ‘ആടുജീവിതം’ സിനിമയുടെ വിജയാഘോഷ വേളയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.

‘‘ഓരോ സിനിമയിലും നമ്മളൊരു കഥാപാത്രത്തിന്റെ അവസാന പ്രകടനത്തിലേക്കു വരുമ്പോൾ അഭിനേതാക്കളുടെ വ്യാഖ്യാനം എന്നൊരു ഭാഗം ഉണ്ടാകുമല്ലോ. ഞാൻ സംവിധാനം ചെയ്ത സിനിമകളിലും അതിന്റെ ഫൈനൽ പ്രോസസ് എന്റെ അഭിനേതാക്കളുടേതാണ്. അഭിനയിക്കുന്ന നടനിലും നടിയിലുമാണ് ഒരു കഥാപാത്രത്തിന്റെ അഭിനയ പൂർണത. ഒരു സംവിധായകനെന്ന നിലയിൽ ഇതു മുഴുവൻ എന്റെ കൺട്രോളിലാണ് എന്നു വിശ്വസിച്ചാൽ നമ്മൾ മണ്ടനാകുകയേയുളളൂ.

അങ്ങനെയൊരു പ്രോസസിന്റെ ഭാഗമായി വന്ന ചിന്തയാണ് ഒരിക്കൽ ഞാൻ ബ്ലെസി ചേട്ടനുമായി പങ്കുവച്ചത്. നജീബ് മരുഭൂമിയിൽ വന്നുപെട്ടപ്പോഴുണ്ടാകുന്ന മാനസിക സമ്മർദമുണ്ട്. ഉള്ളിലുള്ള ദേഷ്യം പറഞ്ഞുതീർക്കുന്നതു കഴിഞ്ഞാൽ പിന്നെ ഇയാൾ ഭാഷ ഉപയോഗിക്കുന്നുണ്ടാകില്ല. അവിെട മലയാളം സംസാരിക്കാനാരുമില്ല, ഇയാൾ പറഞ്ഞാൽ അത് മനസ്സിലാകുന്ന ആരുമില്ല.

ആടുകളോടോ ഒട്ടകങ്ങളോടോ ഇയാൾക്കൊരു ബന്ധം ഉണ്ടെങ്കിലും ദിവസേന ഇവറ്റകളുമായി വർത്തമാനം പറയുന്നൊന്നും ഉണ്ടാകില്ല. അങ്ങനെ വരുമ്പോൾ ഭാഷ ഉപയോഗിക്കുന്നതിന്റെ, ബ്രെയ്നിലെ മസിൽ മെമ്മറി പതുക്കെ പതുക്കെ കുറഞ്ഞു വരും.

മൂന്ന് വർഷങ്ങൾക്കു ശേഷം ഇയാൾ ഹക്കീമിനെ കണ്ടുമുട്ടുന്ന സമയത്ത് പെട്ടെന്നു സംസാരിക്കാൻ ശ്രമിക്കുമ്പോൾ ഇയാൾക്ക് ഭാഷ കിട്ടുന്നില്ല എന്നത് പെർഫോമൻസിൽ കൊണ്ടുവരണമെന്ന് എനിക്കു തോന്നിയിരുന്നു. ബ്ലെസി ചേട്ടനോട് ഇതു പറഞ്ഞപ്പോൾ ഭയങ്കര സന്തോഷം. ഇത് ഞാൻ ഹക്കീമിനെ കണ്ടുമുട്ടുന്ന സീനിൽ മാത്രമല്ല, മറ്റൊരു സീനിലും ചെയ്തിട്ടുണ്ട്.

ഇത് ഞാൻ ടേക്കിൽ ചെയ്തതാണ്, ബ്ലെസി ചേട്ടന് ഓർമ കാണും. ഹക്കീം ഒരു കത്തു വച്ചിട്ട് പോകുന്ന രംഗമുണ്ട്. ഞാൻ ഓടിപ്പോയി ആ കത്ത് എടുക്കുന്നുണ്ട്. ആദ്യം ഞാൻ ആ കത്തെടുത്തിട്ട് വായിക്കാന്‍ കുറച്ച് അധികനേരം ശ്രമിക്കും. എനിക്ക് വാക്കുകൾ പിടികിട്ടുന്നില്ല. കുറച്ച് സമയം പേപ്പറിൽ ഇങ്ങനെ നോക്കുമ്പോഴാണ് കത്ത് തിരിച്ചാണു പിടിച്ചിരിക്കുന്നതെന്ന് ഇയാൾക്ക് മനസ്സിലാകുന്നതു തന്നെ. 

ഭാഷ തിരിച്ചറിയാനും സംസാരിക്കാനുമുള്ള േശഷി ഇതിനോടകം ഇയാൾക്ക് നഷ്ടപ്പെട്ടിട്ടുണ്ടാകുമല്ലോ എന്ന ഡീറ്റെയ്‌ലിങ് കൊണ്ടുവരാനാണ് ഞാൻ ഇതിലൂടെ ശ്രമിച്ചത്. കുറച്ച് ആളുകൾ ഇത് സ്പോട്ട് ചെയ്ത് പറഞ്ഞു, പക്ഷേ അങ്ങനെ വലിയൊരു ചർച്ചയായില്ല.’’–പൃഥ്വിരാജിന്റെ വാക്കുകൾ.

English Summary:

Prithviraj Sukumaran about Aadujeevitham movie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com